Film News

'സ്വപ്‌നമാണ് തകര്‍ന്നടിയുന്നത്, ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ', ഇന്ദ്രന്‍സ് ചിത്രത്തിന്റെ സംവിധായകന്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ അട്ടപ്പാടിയില്‍ ഒരുക്കിയ സെറ്റ് നശിച്ചുപോകുമെന്ന് നവാഗത സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ സ്റ്റേഷന്‍ ഫൈവ് എന്ന ചിത്രത്തിനായി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്താണ് 16 കുടിലുകളുടെ സെറ്റ് ഒരുക്കിയിരിക്കുന്നത്. പരിമിതമായ ആളുകളെ വച്ച് ഈ സെറ്റില്‍ ചിത്രീകരണത്തിന് അനുമതി വേണമെന്നാണ് സംവിധായകന്റെ അഭ്യര്‍ത്ഥന

പ്രശാന്ത് കാനത്തൂരിന്റെ കുറിപ്പ്

എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര്‍ത്താന്‍ ഇവര്‍ക്കാവില്ലല്ലോ. ഇക്കഴിഞ്ഞ ദിവസം അട്ടപ്പാടി സെറ്റിന്റെ കുറച്ചു ചിത്രങ്ങള്‍ ഒരു സുഹൃത്ത് അയച്ചു തന്നു. കുടിലിന്റെ മേലെയുള്ള പുല്ലുകള്‍ പാറിപ്പോയി. ചുമരുകള്‍ ദ്രവിക്കാന്‍ തുടങ്ങി. ചായം ഇളകിത്തുടങ്ങി. ഇനി മഴ കൂടി ശക്തമായാല്‍ സെറ്റ് പൂര്‍ണമായും നശിക്കുമെന്നുറപ്പാണ്.

ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തില്‍ കൂടുതല്‍ സമയം എടുത്താണ് സെറ്റ് ഒരുക്കിയത്. ഇനി എട്ടു ദിവസം കൂടി ഷൂട്ട് ചെയ്താല്‍ സെറ്റിലെ ജോലികള്‍ കഴിയും. ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാന്‍ ചെയ്തിരുന്നതാണ്. പരിമിതമായ ആളുകളെ വെച്ച് ഞങ്ങള്‍ സെറ്റിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. മഴയ്ക്ക് മുമ്പെങ്കിലും ഇതിന് സാധിച്ചില്ലെങ്കില്‍ വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെടും. ഒരു ബിഗ് ബജറ്റ് സിനിമയല്ല സ്റ്റേഷന്‍ 5. അതു കൊണ്ടു തന്നെ മറ്റു പലര്‍ക്കും ചെറുതെന്നു തോന്നുന്ന നഷ്ടം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സെറ്റിലെ ജോലിയെങ്കിലും മുഴുമിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക അനുമതി തരണമെന്നാണ് അധികൃതരോടുള്ള അപേക്ഷ. അതിനു സാധിച്ചില്ലെങ്കില്‍ ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നം കൂടിയായിരിക്കും തകര്‍ന്നടിയുക.

ഞങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. സിനിമ സെറ്റുകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ സ്റ്റേഷന്‍ 5 ടീം ശക്തമായി അപലപിക്കുന്നു. ഇത്തരം ആക്രമണം ഖേദകരമാണ്. സിനിമയുടെ മികച്ച പൂര്‍ണതയ്ക്കു വേണ്ടിയാണ് പലപ്പോഴും സെറ്റുകള്‍ ഒരുക്കുന്നത്. നിര്‍മ്മാതാക്കള്‍ സംവിധായകനെ വിശ്വസിച്ചാണ് പണമിറക്കുന്നത്. പരസ്പര വിശ്വാസമാണ് വേണ്ടത്.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT