റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

...man’s mental constitution is a blank piece of paper, on which society and culture write their text

Erich Fromm

സ്ത്രീകൾക്ക് നേരെ ഒരു മറയും ഇല്ലാതെ കേരളത്തിന്റെ തീവ്ര വലതുപക്ഷം തെറി വിളി നടത്തുന്ന സമയത്താണ് റ്റിസി മറിയം തോമസിന്റെ " മലയാളിയുടെ മനോലോകം" എന്ന പുസ്തകം വായിച്ചത് എന്നത് യാദൃശ്ചികത മാത്രമാണ്. ഇന്നായിരുന്നേൽ ഈ പുസ്തകത്തിന് 'മലയാളിയുടെ ആണുങ്ങളുടെ മനോരോഗം' എന്നൊരു പേരായിരുന്നു നല്ലതെന്ന്‌ തോന്നുന്നു.

കുട്ടികൾക്ക് വലിയ താല്പര്യമുള്ള " ഈ ബുൾ ജെറ്റ്' എന്ന യൂട്യൂബർമാരെ നിയമം ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തപ്പോൾ 'കേരളം നിന്ന് കത്തും' എന്ന് അവരുടെ ഫാൻസായ കുട്ടികൾ വളരെ ഗൗരവത്തിൽ ചാനലുകൾക്ക് മുന്നിൽ പറഞ്ഞത് നമ്മളിൽ പലരും ചിരിയോടെയാണ് നേരിട്ടത്. കുട്ടികൾ വളരെ ഗൗരവത്തോടെ, വൈകാരികമായി തങ്ങളുടെ മാതൃകാ ബിംബങ്ങളായി ചിലരെ കാണുമ്പോൾ മുതിർന്നവർക്ക് അത് പലപ്പോഴും ഏറെ അതിശയം ഉളവാക്കുന്ന ഒന്നാണ്. മേൽപ്പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്, ഈ അതിരുകടന്ന ആരാധനയുടെ മനഃശാസ്ത്രം നമ്മുടെ സമൂഹം അങ്ങേയറ്റം ഗൗരവത്തോടെ പരിശോധിക്കേണ്ട ഒന്നാണ് എന്നത് സംശയ രഹിതമായ കാര്യമാണ്. ഇതുമാത്രവുമല്ല പുതിയ കാലത്തിന്റേതായ പലവിധ പ്രതിസന്ധികളും മലയാളി അവന്റെ സാമൂഹിക ജീവിതത്തിൽ നേരിടുന്നുണ്ട്.

സമീപ കാലത്ത് നമ്മുടെ വാർത്തകളിൽ കൂടുതലായി ഇടം പിടിച്ച ഒന്നായിരുന്നു പ്രണയ നൈരാശ്യം മൂലം പുരുഷന്മാർ നടത്തുന്ന കൊലകളും അതോടൊപ്പം കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകളും. വ്യക്തിപരമായ അനുഭവത്തിൽ തന്നെയും ഗുരുതരമായ മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ചുറ്റും കൂടുന്നതായും തോന്നിയിട്ടുണ്ട്. ഇതിനു രണ്ട് സാധ്യതകളാണ് ഉള്ളത് ഒന്ന് കേരളത്തിൽ മാനസിക ആരോഗ്യ പ്രശ്നമുള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്, അല്ലെങ്കിൽ ഇതിൽ പുതുതായി ഒന്നുമില്ല മറിച്ചു ഈ പ്രശ്നം സമീപകാലത്തു നമ്മുടെ ശ്രദ്ധിയിലേക്ക് വന്നു എന്ന് മാത്രം. വസ്തുത ഇതിൽ ഏതായാലും മാനസിക ആരോഗ്യ പ്രശ്നമെന്നത് കേരളം ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട ഒന്നാണ് എന്നത് തീർച്ചയാണ്. അങ്ങനെ ആലോചിക്കുമ്പോൾ നമ്മുടെ മുന്നിലെത്തുന്ന ആദ്യത്തെ ചോദ്യം, മലയാളിക്ക് സവിശേഷമായ എന്തെങ്കിലും മാനസിക ആരോഗ്യ പ്രശ്നമുണ്ടോ ? ഈ ആലോചനയാണ് കേരള സവ്വകലാശാലയിലെ സൈക്കോളജി വിഭാഗം അദ്ധ്യാപിക റ്റിസി മറിയം തോമസ് എഴുതിയ "മലയാളിയുടെ മനോലോകം" എന്ന പുസ്തകത്തിലേക്ക് എത്തിക്കുന്നത്.

നവ മലയാളിയുടെ ആത്മ സംഘർഷങ്ങൾ

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലൂടെയുള്ള വളർച്ച ലോകത്തിലെ എല്ലാ മനുഷ്യരുടെയും സ്വകാര്യ-സാമൂഹിക ജീവിതത്തെ മാറ്റിയെടുത്തത് പോലെ തന്നെ മലയാളിയുടെയും ജീവിതത്തെ കാര്യമായി മാറ്റിയെടുത്തിട്ടുണ്ട്. അതിൻ്റെ വെല്ലുവിളികൾ മനുഷ്യരുടെ സ്നേഹത്തിലും സൗഹൃദത്തിലും ലൈംഗിക ചിന്തയിലും എല്ലാം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം മലയാളി സാമൂഹിക ജീവിതത്തിന്റെ ഭാഗമായ സദാചാര ബോധവും കൂടി ചേരുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ആ സങ്കീർണ്ണതയെ മനഃശാസ്ത്രത്തിന്റെ കണ്ണിലൂടെ പരിശോധിക്കാനാണ് റ്റിസി മറിയം തോമസ് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. പുസ്തകത്തിന്റെ ബ്ലർബിൽ പ്രസിദ്ധ സൈക്കോ അനലിസ്റ്റ് സുധീർ കക്കർ പറയും പോലെ " മനഃശാസ്ത്രത്തിലെ അവഗാഹവും തെളിമയാർന്ന വിശദീകരണങ്ങളും ഒരുമിപ്പിച്ചു സുപ്രധാന ചില സാമൂഹിക വിഷയങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് റ്റി.സി മറിയം തോമസ്".

മൂന്ന് വിഭാഗങ്ങളിലായി 18 ലേഖനങ്ങൾ അടങ്ങിയ പുസ്തകം ഇന്റർനെറ്റ് ഉപയോഗം, ഫാൻസ്‌, ശരീരം, പ്രണയം, ലൈംഗികത, സദാചാരം തുടങ്ങി പരസ്പരം കണ്ണിചേർക്കാവുന്ന വ്യത്യസ്ത പ്രമേയങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. സെമി-അക്കാദമിക് സ്വഭാവം കൊണ്ട് സ്വാഭാവികമായി വന്നു ചേർന്നേക്കാവുന്ന ലേഖനങ്ങളുടെ ദാർഢ്യത്തെ വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശദീകരണം കൊണ്ട് മൃദുപെടുത്തുന്നത് കൂടുതൽ വായനാ സുഖം നൽകുന്നുണ്ട്. പ്രത്യേകിച്ചും എഴുത്തുകാരിയുടെ ബാംഗ്ലൂരിലെ ട്രാൻസ് ജെൻഡർ സമൂഹവുമായുള്ള സൗഹൃദത്തെ അടിസ്ഥാനമാക്കി എഴുതിയ ലേഖനം ഒരു കൂട്ടം മനുഷ്യരുടെ അത്രമേൽ പരിചിതമല്ലാത്ത സാമൂഹിക ജീവിതത്തിന്റെ സംഘർഷങ്ങളെ കൃത്യമായി അടയപ്പെടുത്തി.

ട്രാൻസ്‌ ജെണ്ടർ സമൂഹം സജീവമായ ബോംബയിൽ ഒരു പതിറ്റാണ്ട് ജീവിച്ചിട്ടും ഈയുള്ളവന് അറിയാതെ പോയ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിലേക്കാണ് ഒരു ഗവേഷകയുടെ താല്പര്യത്തോടെ റ്റിസി കയറി ചെന്നത്. ജൻഡർ അഫെർമേഷൻ സർജ്ജറികളും, അതിന്റെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും, സർജറിയുടെ ചിലവ് താങ്ങാൻ ആകാതെ ഇപ്പോഴും പ്രാകൃതമായ ദായമ്മ സമ്പ്രദയത്തിനു ശരീരത്തെ എറിഞ്ഞു കൊടുക്കുന്നവരും, ജന്മവീട് വിട്ടിറങ്ങിപോകേണ്ടി വരുന്ന ട്രാൻസ്ജൻഡറുകൾക്ക് കുടുംബമായി തീരുന്ന ഘരാനകളും തുടങ്ങി ട്രാൻസ് മനുഷ്യരുടെ അധികം ആരും ചർച്ചയ്ക്ക് എടുക്കാത്ത പലവിധ പ്രശ്നങ്ങളേയും എഴുത്തുകാരി പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആഗ്രഹിക്കുന്ന ശരീരം സമ്പാദിക്കാനും സൂക്ഷിക്കാനും ട്രാൻസ് മനുഷ്യർക്ക് സാമൂഹ്യ പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട് എന്ന് അനന്യയുടെ മരണത്തെ മുൻനിർത്തി പറയാനും ലേഖിക മറക്കുന്നില്ല.

പുസ്തകത്തിൽ എഴുത്തുകാരി വിശദീകരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ആശയം ആധുനിക കാലത്ത് മനുഷ്യരുടെ ഓൺലൈൻ-ഓഫ്‌ലൈൻ വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ്. നമുക്ക് നേരിൽ കാണാതെയും ഒരിക്കൽ പോലും നേരിട്ട് സംസ്കരിക്കാതെയും ആഴത്തിലുള്ള സൗഹൃദം മനുഷ്യർ തമ്മിൽ സാധ്യമാകുന്ന ഒരു കാലമാണിത്. ഓൺലൈനിലൂടെ രൂപത്തിലും പെരുമാറ്റത്തിലും എല്ലാം നമുക്ക് പരിചയമുള്ള ഒരു വ്യക്തി പലപ്പോഴും ഓഫ്‌ലൈനിൽ നിന്നും വ്യത്യസ്തനായ ഒരാളായിരിക്കും. ഈ വ്യത്യാസം തമ്മിലുള്ള അകലം കൂടുമ്പോൾ അതിന്റെതായ ആത്മസംഘർഷങ്ങളിൽ വ്യക്തികളും പെട്ട് പോകുന്നുണ്ട്. പലതരം ആപ്പുകൾ ഉപയോഗിച്ച് മുഖ്യധാരാ സൗന്ദര്യ സങ്കൽപ്പത്തിന് അനുസരിച്ചു ഓൺലൈൻ ലോകത്ത് തന്നെ അവതരിപ്പിക്കുന്ന ഒരു വ്യക്തിക്ക് താൻ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന അറിവ് നൽകുന്ന മാനസിക പിരിമുറുക്കം ചെറുതാകില്ലല്ലോ.

All about love by Bell Hooks
All about love by Bell Hooks

“ പ്രണയത്തിനുത്തരവാദി നമ്മൾ അല്ലാതെ പിന്നെ ആര് ?” എന്ന തലക്കെട്ടോടെയുള്ള ലേഖനം പ്രണയവും സ്വകാര്യതയും ലൈംഗികതയും സംബന്ധിച്ച ഗൗരവമുള്ള ചില ആലോചനകൾ പങ്കു വയ്ക്കുന്നുണ്ട്. ലേഖിക സൂചിപ്പിക്കും പോലെ " ചെറുപ്പകാലത്ത് നേരിട്ട കഠിനമായ സ്നേഹനിരാസങ്ങളോ ഇച്ഛഭംഗങ്ങളോ കടുത്ത നിയന്ത്രണങ്ങളോ ഒക്കെ.." മുതിർന്നു കഴിയുമ്പോൾ നമ്മുടെ സ്നേഹത്തെയും പ്രണയത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടാകും. ബെൽ ഹൂക്സ് ന്റെ "all about love " എന്ന പുസ്തകത്തിനകത്ത് ചെറുപ്പകാലത് തൻ്റെ കുടുംബത്തിൽ നിന്നും നേരിട്ട സ്നേഹരാഹിത്യം തന്റെ ലവ് ലൈഫിനെ എങ്ങനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് വിശദീകരിക്കുന്നുണ്ട്. സമാനമായ അഭിപ്രായമാണ് റ്റിസിയും തന്റെ പുസ്തകത്തിൽ പങ്ക് വയ്ക്കുന്നത്.

വിവാഹിതരുടെ പ്രണയങ്ങളിൽ സ്വാഭാവികമായി വന്നു ചേർന്നേക്കാവുന്ന മലയാളികളുടെ ധാർമിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനെ കേവലം സദാചാരത്തോടു കണ്ണിചേർത്ത് തിരസ്ക്കരിക്കാനാണ് ലേഖിക ശ്രമിക്കുന്നത്. വിവാഹാനന്തര പ്രണയത്തിലെ സംഘർഷങ്ങൾ കേവലം സദാചാരബോധത്തിന്റെ മാത്രം പ്രശ്നം ആണോ ? അതിനപ്പുറത്തേക്ക് സൈദ്ധാന്തികമായി അതിനെ ആഴത്തിൽ പരിശോധിക്കാൻ എഴുത്തുകാരി തുനിയുന്നില്ല എന്നത് ഒരു പരിമിതിയായി തോന്നി.

വാർത്താവിനിമയസാങ്കേതിക വിദ്യയുടെ വളർച്ചയും ഡേറ്റിങ് ആപ്പുകളും സോഷ്യൽ മീഡിയകളും എല്ലാം കൂടി തീർക്കുന്ന പുതിയ കാലത്തെ പ്രണയത്തിന്റെ വഴികളെയും മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി അതിൽ സജീവമായ പ്രവർത്തിക്കുന്ന മുതലാളിത്തത്തിന്റെ ഉപഭോഗയുക്തിയും കേരളീയ പശ്ചാത്തലത്തിൽ പരിശോധിക്കപെടാവുന്ന ഒന്നാണ്. ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ ഇവ ഇല്ല്യോസിന്റെ പുതിയകാലത്തെ ഓൺലൈൻ പ്രണയങ്ങളെയും ബന്ധങ്ങളെയും കുറിച്ചു രസകരമായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. പുതിയകാലത്ത് പങ്കാളികളെ മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ എന്നപോലെ എളുപ്പത്തിൽ കൂടുതൽ എണ്ണത്തിൽ ലഭ്യമാക്കാൻ സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാൽ തന്നെ എല്ലാ പങ്കാളികൾക്കും ഒരു ഡിസ്പോസിബിൾ സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ പുതിയ അവസരങ്ങൾ വരുമ്പോൾ എളുപ്പത്തിൽ ആളുകളെ നിരാകരിക്കാനുള്ള സാധ്യത പുതിയ കാലത്തെ ഓൺലൈൻ പ്രണയത്തിന്റെ-സൗഹൃദത്തിന്റെ പ്രത്യേകതയാണ്, ഈ അസ്ഥിരതയാണ് ആധുനിക-ഓൺലൈൻ പ്രണയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി/ പ്രത്യേകത.

പ്രത്യേകത എന്ന് പറയാൻ കാരണം ഒരു സൗഹൃദമോ/ പ്രണയമോ ടോക്സിക് ആകുന്നു എന്ന് തിരിച്ചറിയുമ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ചു എളുപ്പത്തിൽ അതിനു തിരസ്കരിക്കാൻ പുതിയ കാലത്തു കഴിയുന്നത് ഈയൊരു സാദ്ധ്യത ഉള്ളത്കൊണ്ട് കൂടിയാണ്. ഇതിനെ ഇന്റർനെറ്റ് പെനിട്രേഷൻ അങ്ങേയറ്റം കൂടിയ ഒരു സമൂഹം എന്ന നിലയിൽ നാം കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. അത്തരം പരിഗണനകളോടു കൂടി പുസ്തകത്തിലെ പല ലേഖനങ്ങളേയും കൃത്യമായ ഗവേഷണങ്ങളിലൂടെ വിപുലപ്പെടുത്താവുന്നതാണ്.

മലയാളികളുടെ സാമൂഹ്യ ജീവിതത്തിലെ സ്ത്രീവിരുദ്ധതയെയും കപട സദാചാരത്തെയും കുറിച്ച് ഗൗരവമുള്ള ആലോചനകൾ നടത്തുന്ന ഒന്നിലധികം ലേഖനങ്ങൾ പുസ്തകത്തിലുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം വലതാണുങ്ങളുടെ സ്ത്രീവിരുദ്ധ പിത്തലാട്ടത്തിനു വേദികൾ കൊടുക്കുമ്പോൾ മലയാളിയുടെ സാമൂഹ്യ ജീവിതത്തിലെ ഈ പിന്തിരിപ്പൻ മേൽക്കോയ്‌മയെ നാം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ പോലും കൃത്യമായി ഉൾപ്പെടുത്താത്ത ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിന്റെ കാരണങ്ങളിൽ ഒന്നായി ലേഖിക പറയുന്നത്. ഫലത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇടത് ആധുനികതയ്ക്ക് മേൽകൈ ഉള്ളപ്പോഴും അതിൻ്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിൽ ഇപ്പോഴും വലത് സാമ്പദ്രായികതയ്ക്ക് ഭീകരമാം വിധം ഹെജിമണി ഉള്ളതായി കാണാം. രാഷ്ട്രീയ ആധുനികതയുടെ ശക്തമായ പ്രയോഗം കൊണ്ട് സാംസ്‌കാരിക-സാമൂഹിക ജീവിതത്തിൽ നിലനിൽക്കുന്ന വലതു ജീർണ്ണതകളെ പൊളിച്ചെഴുതാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ മലയാളി വലതാണുങ്ങളുടെ മനോരോഗത്തിന്റെ ഇരയായി ഇനിയും ഒരുപാട് ആര്യമാർക്ക് മാറേണ്ടിവരും.

തലക്കെട്ട് കൊണ്ട് കൗതുകത്തോടെ വായിച്ചതായിരുന്നു "ഇവിടെ (ഈ ലേഖനത്തിൽ) മൂത്രമൊഴിക്കരുത്" എന്ന ലേഖനം. പുറമെ വളരെ നിരാസമെന്നു തോന്നുന്ന എന്നാൽ അങ്ങേയറ്റം ഗൗരവമുള്ള മൂത്രവിസർജ്ജനം എന്ന ജീവശാസ്ത്രപരമായ ആവശ്യത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹ്യ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് ലേഖിക. ടോയിലറ്റ് എന്നത് ഒരു വലിയ രാഷ്ട്രീയ വിഷയമായ നമ്മുടെ രാജ്യത്ത് പൗരന്മാരുടെ ആവശ്യത്തിന് അനുസരിച്ചു പൊതു ഇടങ്ങളിൽ ശുചിത്വമുള്ള ടോയിലറ്റ് സംവിധാനങ്ങൾ ഇല്ലാത്തതും അതുകൊണ്ട് പ്രത്യേകിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങളും പൊതു ഇടങ്ങളിൽ മൂത്രമൊഴിക്കുന്നത് സ്വാഭാവികമാക്കിയ ആണുങ്ങളുടെ ശീലവും എല്ലാം ലേഖനത്തിൽ പരിശോധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും തൊഴിൽ ആവശ്യത്തിനായി ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂർക്കും തിരിച്ചും ബസ്സിൽ 7-8 മണിക്കൂർ യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളത് തന്നെയാണ്.

സിനിമ സംബന്ധിയായ രണ്ടു ലേഖനങ്ങളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. സൂക്ഷമതലത്തിൽ സിനിമയിൽ "പൊ.ക' തിരയുന്നത് വ്യക്തിപരമായി ഇഷ്ടമുള്ള ഒന്നല്ലെങ്കിലും ബ്രോ ഡാഡി, 12th മാൻ എന്നീ സിനിമയെക്കുറിച്ചുള്ള വിശകലനങ്ങൾ രസകരമായി തോന്നി. എന്നാൽ പ്രതിസന്ധിയുടെ ഒരു ഘട്ടത്തിൽ ജീവിതത്തിൽ അതിജീവിതയോടൊപ്പം ഉറച്ചു നില്ക്കാൻ നിലപാട് എടുത്ത പൃഥിരാജിന്റെ നിലപാടിനെ അയാൾ സംവിധാനം ചെയ്ത സിനിമയിലെ സൂക്ഷ്മ തലത്തിലെ സ്ത്രീ വിരുദ്ധതയെ മുൻനിർത്തി പരിശോധിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. അത് കലാകാരനും കലാസൃഷ്ടിയും തമ്മിൽ നിലനിൽക്കുന്ന വൈരുദ്ധ്യാത്മക ബന്ധത്തെ റദ്ദ് ചെയ്യുന്ന സമീപനമാകും. പിന്തിരിപ്പനായ ഒരു മനുഷ്യന് പുരോഗമന ഉള്ളടക്കമുള്ള കലാസൃഷ്ടി സാധ്യമാകുമെങ്കിൽ തിരിച്ചു കഴിയേണ്ടതല്ലേ?

പുസ്തകത്തിന്റെ മൂന്നാം ഭാഗത്ത് കൊടുത്ത ഫിക്ഷനൽ സ്വഭാവമുള്ള കുറിപ്പുകൾ എഴുത്തുകാരിയുടെ ആ മേഖലയിലുള്ള ശേഷിയെ അടയാളപ്പെടുത്തുന്നത് തന്നെയായിരുന്നു. പക്ഷേ അതീ പുസ്തകത്തിന്റെ പൊതു സ്വഭാവത്തിന് ചേരുന്ന ഒന്നായി തോന്നിയില്ല. എഡിറ്റർ അതിന് കത്തിവച്ചില്ല എന്നത് അതിശയകരമായി തോന്നി.

‘മലയാളിയുടെ മനോലോക'ത്തിലെ സമ്പദ് വ്യവസ്ഥ

പുസ്തകത്തിൽ എഴുത്തുകാരി തന്നെ തന്റെ സഹോദരി തന്നെ " ലിംഗം സ്‌പെഷലിസ്റ്റ്" എന്ന് വിളിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. വിവിധ വിഷയങ്ങളെ എഴുത്തുകാരി വിശകലനത്തിനായി പരിഗണിക്കുമ്പോൾ എടുക്കുന്ന സൈദ്ധാന്തിക ചട്ടക്കൂട് ലിംഗദ്വന്ദത്തിനകത്ത് ചുരുങ്ങുപോകുന്നതായി തോന്നിയിട്ടുണ്ട്. ആ വിശകലന ഉപകരണം മോശമാണ് എന്നല്ല, പക്ഷേ വിഷയത്തിന്റെ സങ്കീർണ്ണതയെ ഉൾകൊള്ളാൻ അതിനപ്പുറത്തേക്കുള്ള മാതൃകകൾ ചില പ്രേമയങ്ങളെങ്കിലും ആവശ്യപ്പെടുന്നുണ്ട്. ഇതിനേക്കാൾ പ്രധാന പ്രശ്നം മലയാളിയുടെ മനോലോകത്തെ പരിശോധനയ്ക്ക് എടുക്കുമ്പോൾ മലയാളിയുടെതായ സവിശേഷ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തെ ലേഖിക പരിഗണിക്കുന്നേയില്ല. ബാങ്കോർ സർവ്വകലാശാലയിലെ സോഷ്യോളജി പ്രൊഫസർ ഡേവിഡ് മാത്യൂസ് എഴുതിയ Capitalism and Mental Heath എന്ന ലേഖനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതികളിൽ ഉണ്ടാകുന്ന മാറ്റം എങ്ങനെ ഒരു ജനതയുടെ മാനസിക ആരോഗ്യ നിലയെ പ്രതികൂലമായി ബാധിക്കുന്നു എന്നത് ബ്രിട്ടനിലെ സമീപ കാലത്തെ സാമ്പത്തിക അസമത്വവും രാഷ്ട്രീയവും വച്ച് വിശദീകരിക്കുന്നുണ്ട്.

ഏറക്കുറെ മധ്യവർഗ്ഗ വൽക്കരിക്കപ്പെട്ട മലയാളിയുടെ ആഗ്രഹങ്ങൾ (ആസ്പിരേഷൻസ്) ഇന്ത്യയിലെ മറ്റ് സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്. ആ ആഗ്രഹങ്ങൾ നിർണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും നിലവിലെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയ്ക്ക് കാര്യമായ പങ്കുണ്ട്. മുതലാളിത്തത്തിന്റെ നിയോലിബറൽ യുക്തി മനുഷ്യരുടെ വളർച്ചയെയും വിജയത്തെയും എല്ലാം വ്യക്തി കേന്ദ്രീകൃതമായാണ് പരിശോധിക്കുന്നത്. " നീ നന്നായി പഠിക്കാത്തതും അധ്വാനിക്കാത്തതും കൊണ്ടാണ് നിനക്കു ജോലി കിട്ടാത്തത്", നമ്മൾ നിത്യേന കേൾക്കുന്ന ഇത്തരം ലളിതയുക്തി വർത്തമാനങ്ങളുടെ സൈദ്ധാന്തിക അടിത്തറ നിലവിലെ വ്യവസ്ഥയിലെ വ്യക്തിയുടെ കേന്ദ്ര സ്ഥാനമാണ്. ഇതാണ് മുതലാളിത്തത്തിലെ കൂടിയ മാനസിക സംഘർഷങ്ങളുടെ കാരണങ്ങളിൽ ഒന്ന്. വ്യവസ്ഥയുടേതായ ഈ പ്രശ്നം മലയാളിയുടെ മനോലോകത്തിനുമുണ്ട്. എന്നാൽ ആ നിലയിൽ എഴുത്തുകാരി രാഷ്ട്രീയ വ്യവസ്ഥയെ തൻ്റെ വിശകലത്തിൽ ഉൾപ്പെടുത്തുന്നില്ല. ഖസാക്കിന്റെ ഇതിഹാസം വായിച്ചു എൻ.എസ് മാധവൻ 'ഖസാക്കിലെ സമ്പദ് വ്യവസ്ഥ' എന്താണ് എന്ന് ചോദിച്ചതുപോലെ " മലയാളിയുടെ മനോലോക'ത്തിലെ സമ്പദ് വ്യവസ്ഥ എന്താണ് എന്ന് റ്റിസി മറിയം തോമസിനോടും നമുക്ക് ചോദിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in