'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ കുറിച്ചുള്ള വിവാദത്തിൽ തെളിവുകളുമായി നിഷാദ് കോയ ക്യു സ്റ്റുഡിയോയിൽ. മലയാളി ഫ്രം ഇന്ത്യയുടെ നിർമ്മാതാവായും, സംവിധായകനായും താൻ സംസാരിച്ചിട്ടില്ല എന്ന് പറയുന്നത് തന്നെ നുണയാണ് എന്ന് നിഷാദ് കോയ പറയുന്നു. 2023 മാർച്ച് 9- നാണ് താൻ സംവിധായകൻ ഡിജോയ്ക്ക് മെസ്സേജ് അയച്ചത് എന്നും അന്ന് വിളിച്ച് കിട്ടാത്തതിനാൽ ഡിജോയ്ക്ക് താൻ മെസ്സേജ് അയച്ചു എന്നും നിഷാദ് പറഞ്ഞു. ഡിജോയ്ക്ക് അയച്ച മെസ്സേജിന്റെയും അദ്ദേഹത്തിന്റെ മറുപടിയുടെയും സ്ക്രീൻഷോട്ടുകൾ അദ്ദേഹം നിരത്തുന്നു.

മലയാളി ഫ്രം ഇന്ത്യ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിന്റെ കഥ താൻ ചെയ്യാനിരുന്ന സിനിമയാണ് എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വന്നത് ചിത്രത്തിന്റെ റിലീസിന് തൊട്ട് തലേ ദിവസമാണ്. അതിന് മുൻപ് നിഷാദ് കോയ തങ്ങളെ കോൺടാക്റ്റ് ചെയ്തില്ല എന്നാണ് ലിസ്റ്റിൻ സ്റ്റീഫനും, നിവിൻ പോളിയും, ഡിജോ ജോസ് ആന്റണിയും കഴിഞ്ഞ ദിവസം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ആ വാദത്തെ പാടെ പൊളിക്കുകയാണ് നിഷാദ് കോയ.

നിഷാദ് കോയ പറഞ്ഞത്;

മലയാളി ഫ്രം ഇന്ത്യയുടെ നിർമ്മാതാവായും, സംവിധായകനായും ഞാൻ സംസാരിച്ചിട്ടില്ല എന്ന് പറയുന്നത് തന്നെ നുണയാണ്. ഡിജോയെ ഞാൻ വിളിച്ചു, കിട്ടിയില്ല. അപ്പോൾ ഞാൻ മെസേജ് അയച്ചു. 2023 മാർച്ച് 9- നാണ് ഞാൻ മെസ്സേജ് അയച്ചത്. ബോസ് ആൻഡ് കമ്പനിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് അത്. അതിന്റെ തെളിവുകളാണ് ഇത്. അവിടെ തന്നെ ഞാൻ അവരെ കോൺടാക്ട് ചെയ്തിട്ടില്ല എന്ന കള്ളം അവിടെ പൊളിയുകയാണ്. 2021-ൽ ജയസൂര്യയുടെ പിറന്നാളിന് ഞാൻ അനൗൺസ് ചെയ്ത പോസ്റ്റർ ആണ് ഇത്. ഒന്നേകാൽ വർഷത്തെ അധ്വാനമാണ് ഇതെന്ന് അവർ പറയുന്നു. അപ്പോൾ എന്റെ അധ്വാനം ഒന്ന് നോക്കൂ.

ഞാൻ രാജുവിനെ കണ്ടിരുന്നു. നിങ്ങൾ ചെയ്യാൻ പോകുന്ന സിനിമ എന്റെ കഥയുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഒന്ന് തിരിച്ചു വിളിക്കാമോ എന്ന് ചോദിച്ചാണ് ഞാൻ ഡിജോയ്ക്ക് മെസ്സേജ് അയച്ചത്. കഥയിൽ സാമ്യം ഇല്ല. ഇതിലൊരു പാകിസ്താനി ഉണ്ട് എന്നെ ഉള്ളൂ എന്ന് അദ്ദേഹം മറുപടി തന്നു. എങ്കിലും ഞാൻ സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. പിന്നീട് മറുപടി ഒന്നും ഉണ്ടായില്ല.

മെയ് ഒന്നിനാണ് മലയാളീ ഫ്രം ഇന്ത്യ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളാണ് ലഭിച്ചത്. ചിത്രം 2.75 കോടി കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിവസം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in