മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെ സ്വതന്ത്ര ചലച്ചിത്രമേളയായ ഐ.ഇ. എഫ്.എഫ്.കെ മെയ് 10 ന് തുടക്കം കുറിക്കുന്നു. കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള കൃഷ്ണമേനോൻ മ്യൂസിയം തിയറ്ററിൽ മെയ് 10, 11, 12 തിയതികളിലായാണ് മേള നടക്കുന്നത്. റഹ്മാൻ ബ്രദേഴ്സിന്റെ 'ഭൂതം' ആണ് ഉദ്ഘാടന ചിത്രം. ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, മെനു, ജോൺ, ഭൂമിയുടെ ഉപ്പ് തുടങ്ങി 18 പുതിയ മലയാള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. സുധ പത്മജ ഫ്രാൻസിസ് സംവിധാനം ചെയ്ത ജിഞ്ചർ ബിസ്ക്കറ്റ് ആണ് സമാപന ചിത്രം. ദീപേഷ് സംവിധാനം ചെയ്‌ത ജൈവം, ബിധിൻബാലിന്റെ പരലോകം, ഭൂതം, ജിഞ്ചർ ബിസ്ക്കറ്റ് എന്നീ സിനിമകളുടെ വേൾഡ് പ്രീമിയറാണ് ചലച്ചിത്രമേളയിൽ നടക്കുന്നത്.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് പി.കെ.സുരേന്ദ്രന്റെ സംഭാഷണങ്ങളുടെ പുസ്തകം മെയ് 11 ന് അഞ്ചുമണിക്ക് എഴുത്തുകാരൻ എം.നന്ദകുമാർ പ്രകാശനം ചെയ്യും. ചലച്ചിത്രമേളകൾ ഇങ്ങനെ മതിയോ?, മലയാളസിനിമയിലെ ജോൺ വഴി, സ്വതന്ത്ര സിനിമയുടെ വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ മൂന്ന് ദിവസങ്ങളിലായി വൈകീട്ട്‌ അഞ്ച് മണിക്ക് ഓപ്പൺ ഫോറം നടക്കും.

പ്രശസ്ത ഛായാഗ്രാഹകനായ സണ്ണി ജോസഫ് സംവിധാനം ചെയ്‌ത ഭൂമിയുടെ ഉപ്പ്, ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ ആദ്യ ഫിക്ഷൻ സിനിമ വാക്കിങ് ഓവർ വാട്ടർ എന്നീ ചിത്രങ്ങൾ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഐ.എഫ്.എഫ്.കെ.യിൽ പ്രദർശിപ്പിച്ച റിനോഷൻ കെ.സംവിധാനം ചെയ്ത ഫൈഫ് ഫസ്റ്റ് ഡേറ്റ്‌സ്, വിഗ്നേഷ് പി.ശശിധരൻ സംവിധാനം ചെയ്ത ഷഹറസാദ്, അമൽ പ്രസി സംവിധാനം ചെയ്ത ബാക്കി വന്നവർ, ബാബുസേനൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ആനന്ദ് മോണാലിസ മരണവുംകാത്ത് എന്നീ സിനിമകളും പ്രദർശിപ്പിക്കും.

വിഖ്യാത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ, ജയരാജ് പുതുമഠം സംവിധാനം ചെയ്ത കലാമണ്ഡലം ക്ഷേമാവതി, ബിന്ദു സാജനും അഭിജിത്ത് നാരായണനും ചേർന്ന് സംവിധാനം ചെയ്ത സ്വാമി ആനന്ദതീർഥൻ: നിഷേധിയുടെ ആത്മശക്തി, ഇറ്റാലിയൻ പുരോഹിതൻ പീറ്റർ കൈറോണിയുടെ ജീവിതത്തെ ആസ്പദമാക്കി അർജുൻ സംവിധാനം ചെയ്ത വിമോചന സംഭാഷണങ്ങൾ എന്നീ ബയോഗ്രഫിക്കൽ സിനിമകളും പ്രദർശിപ്പിക്കും. ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ക്രിസ്റ്റൻ ജോസഫിന്റെ മെനു, പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച റെബിൻ രാജിന്റെ മില്ലിപീഡ്, ഭരണകൂട ഭീകരതയ്ക്കിരയാവുന്ന യൂട്യൂബറുടെ കഥ പറയുന്ന സജീവൻ അന്തിക്കാടിന്റെ ലാ ടൊമാറ്റിന, നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച മുഹമ്മദ് സാദിഖ് സംവിധാനം ചെയ്‌ത ദി സ്റ്റിയറിങ് എന്നീ സിനിമകളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഓരോ സിനിമകൾക്ക് ശേഷവും സംവിധായകരും അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖം ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in