മോഹൻലാലിനൊപ്പമുള്ള പരസ്യചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമ. ജ്വല്ലറി പരസ്യചിത്രങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ ഒഴിവാക്കി ഒരു പുതിയ തലം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു തങ്ങളുടേത്. അത്തരം ശ്രമങ്ങൾക്ക് അതിന്റേതായ റിസ്കുമുണ്ടെന്ന് പ്രകാശ് വർമ പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ 10–20 വർഷങ്ങളായി കേരളത്തിലെ ജ്വല്ലറികളുടെ പരസ്യങ്ങൾ പലതും ഏത് ബ്രാൻഡിന്റേതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കല്യാണങ്ങൾ, ഗുഡ് ലുക്കിങ് മോഡലുകൾ, ഭയങ്കര വിലകൂടിയ വസ്ത്രങ്ങൾ എന്നിവയാണ് പലപ്പോഴും കാണുന്നത്. ഒരു സെലിബ്രിറ്റി ഭാഗമായതിനാൽ അതിന് ഒരു റീച്ച് ലഭിക്കും. എന്നാൽ അതിനപ്പുറം അത് നമ്മുടെ മനസ്സിൽ നിലനിൽക്കില്ല. അത്തരമൊരു പരസ്യം ഒരുക്കാനുള്ള സാഹചര്യം എന്റെ മുന്നിൽ വരികയും, അവിടെ വലിയൊരു കലാകാരനെ എന്റെ കൈയിൽ ലഭിക്കുകയും ചെയ്യുമ്പോൾ അത് മാക്സിമം ഉപയോഗിക്കണമല്ലോ. സ്റ്റീരിയോടൈപ്പുകൾ ഒഴിവാക്കി ഒരു പുതിയ തലം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തിയത്. അത്തരം ശ്രമങ്ങൾക്ക് ഒപ്പം ധാരാളം റിസ്‌ക്കുമുണ്ട്,’ പ്രകാശ് വർമ പറഞ്ഞു.
മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങളും പ്രകാശ് വർമ വേദിയിൽ പങ്കുവെച്ചു. ആഭരണങ്ങൾ ധരിച്ച ശേഷമുള്ള കഥാപാത്രത്തിന്റെ ശരീരഭാഷയെക്കുറിച്ച് മാത്രമാണ് താൻ മോഹൻലാലിനോട് പറഞ്ഞതെന്നും, പരസ്യത്തിൽ കാണിക്കുന്ന മുദ്രകളെല്ലാം മോഹൻലാൽ സ്വയം അവതരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘പരസ്യ ചിത്രീകരണ സമയത്ത് ഞാൻ മുദ്രകൾ ഒന്നും ലാലേട്ടനോട് പ്രത്യേകമായി പറഞ്ഞ് കൊടുത്തിട്ടില്ല. ഇത് ധരിച്ച ശേഷമുള്ള ശരീരഭാഷയെക്കുറിച്ച് മാത്രമാണ് ഞാൻ പറഞ്ഞത്. ബാക്കിയെല്ലാം അദ്ദേഹം തന്നെയായി കൊണ്ടുവന്നതാണ്. അതെല്ലാം അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. അത് വളരെ ഗ്രേസ്ഫുളായിരിക്കും എന്നെനിക്ക് വിശ്വാസമുണ്ടായിരുന്നു,’ പ്രകാശ് വർമ പറഞ്ഞു.
പരസ്യചിത്ര മേഖലയിലെ തന്റെ അനുഭവങ്ങളും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. ഓരോ പരസ്യത്തെയും ഒരു ലഘുചിത്രമായി കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ മത്സരങ്ങൾക്കിടയിൽ പരസ്യങ്ങൾ കാണാൻ വേണ്ടി മാത്രം പ്രേക്ഷകർ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ശക്തമായ കഥകളുണ്ടെങ്കിൽ ഏത് കാലത്തും പരസ്യങ്ങൾ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.