

ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ അറുപതിലധികം സൂപ്പര്‍ കാറുകളും ബൈക്കുകളും അണിനിരത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ, ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് കാണികളുടെ മനംകവരുന്നു. 25,000 ചതുരശ്ര അടിയില്‍ തയ്യാറാകികിയിരിക്കുന്ന പ്രദര്‍ശനം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേക പ്രദര്‍ശനം കൊണ്ടുകൂടി ശ്രദ്ധനേടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ആഘോഷമായി മാറുന്ന മേള, ആധുനിക സൂപ്പര്‍ കാറുകളുടെ കരുത്തും ക്ലാസിക് കാറുകളുടെ പ്രൗഢിയും ഒരുപോലെ പ്രദര്‍ശിപ്പിച്ചാണ് വിസ്മയമൊരുക്കുന്നത്.
പഴയകാലത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന അപൂര്‍വ്വമായ ക്ലാസിക് കാറുകളുടെ ശേഖരം മേളയുടെ പ്രത്യേകതയാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങളെ അടുത്തറിയാനും അവയുടെ ഫീച്ചറുകള്‍ മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള പ്രത്യേക സൗകര്യം ഇവിടെയുണ്ട്. ഞായറാഴ്ച നടക്കുന്ന കേരളത്തിലെ ആദ്യത്തെ 'ലൈവ് ഡ്രിഫ്റ്റ് ഷോ' ആണ് മേളയിലെ പ്രധാന ആകര്‍ഷണം. ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ കരുത്തുറ്റ വാഹനങ്ങളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
വെറുമൊരു വാഹന പ്രദര്‍ശനം എന്നതിലുപരി, വിദ്യാര്‍ത്ഥികള്‍ക്കും മോട്ടോര്‍ സ്‌പോര്‍ട്‌സ് താല്‍പ്പര്യമുള്ളവര്‍ക്കും പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന മേളയുടെ ഭാഗമായി ഞായറാഴ്ച 'ഡ്രൈവിങ്ങ് ദി ഷിഫ്റ്റ്: ഇവിസ് ആന്റ് ദി റീ ഇന്നവേഷന്‍ ഓഫ് സസ്‌റ്റൈനബിള്‍ മൊബിലിറ്റി' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കൂടാതെ ഇലക്ട്രിക് വാഹന ഉടമകള്‍ക്കായി കേരളത്തില്‍ ആദ്യ 'ഇവി ഓട്ടോ ക്രോസ്' മത്സരവും അരങ്ങേറും. പരിസ്ഥിതി സൗഹൃദമായ ഭാവി വാഹനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഈ മേള വരും വര്‍ഷങ്ങളിലും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.