ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ
Published on

കൊച്ചി: സിനിമയിലും സമൂഹത്തിലും കൂടുതൽ സംവേദനക്ഷമതയും അവബോധവും വ്യക്തിത്വവും അനിവാര്യമാണെന്ന് ചലച്ചിത്രകാരി അഞ്ജലി മേനോൻ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ' പ്രൊഫ. വേണു രാജാമണി നിയന്ത്രിച്ച ‘കഥപറച്ചിലും സാംസ്കാരിക മാറ്റവും - സ്ക്രീനിലും പുറത്തും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അഞ്ജലി. സിനിമയുടെ സാമൂഹിക ഉത്തരവാദിത്തം, മാറുന്ന പ്രേക്ഷക താൽപ്പര്യങ്ങൾ, ചലച്ചിത്രകാരന്മാർ തങ്ങളുടെ ആന്തരിക ശബ്ദത്തോട് പുലർത്തേണ്ട വിശ്വസ്തത എന്നിവയെക്കുറിച്ച് അഞ്ജലി മേനോൻ വിശദമായി സംസാരിച്ചു.

സർഗ്ഗാത്മക ഇടങ്ങളിലെ സുരക്ഷ, സെൻസർഷിപ്പ്, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആശങ്ക പങ്കുവെച്ച അഞ്ജലി, ഇത്തരം ഇടങ്ങളിൽ മാന്യമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. "സർഗ്ഗാത്മക മേഖല തൊഴിലായി സ്വീകരിച്ച ഒരാൾക്കും അവിടെ സുരക്ഷിതരല്ലെന്ന തോന്നൽ ഉണ്ടാകരുത്," അവർ വ്യക്തമാക്കി. സിനിമയുടെയും സാമൂഹിക പുരോഗതിയുടെയും വളർച്ചയ്ക്ക് സംവേദനക്ഷമതയും സ്വതന്ത്രമായ ആശയപ്രകടനവും അത്യന്താപേക്ഷിതമാണ്. "നിങ്ങളുടെ ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ," എന്ന് യുവതലമുറയിലെ സ്രഷ്ടാക്കളെ അഞ്ജലി മേനോൻ ആഹ്വാനം ചെയ്തു.

ആദ്യദിന ബോക്സ് ഓഫീസ് കണക്കുകളോടുള്ള സിനിമ വ്യവസായത്തിന്റെ അമിതാവേശത്തെ അവർ വിമർശിച്ചു. മികച്ച ഉള്ളടക്കമുള്ള സിനിമകൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് താൽപ്പര്യമുള്ളവ, പതുക്കെയാകും ജനശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു സിനിമയുടെ വിജയം വിധിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് അഞ്ജലി മേനോൻ ചൂണ്ടിക്കാട്ടി.

സിനിമയിലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, അക്രമവാസനകൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിനിമയുടെ മേൽ മാത്രം കെട്ടിവെക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. വികാരങ്ങൾ പുറന്തള്ളാൻ അക്രമരംഗങ്ങൾ സഹായിക്കുമെന്ന വാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഇത്തരം രംഗങ്ങളെ മഹത്വവൽക്കരിക്കുന്നതിലും അക്രമം ഒരു വിനോദമായി നിരന്തരം ഉപയോഗിക്കപ്പെടുന്നതിലും അഞ്ജലി മേനോൻ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, സിനിമയിലെ ധാർമ്മിക കടുംപിടുത്തങ്ങളെ അവർ എതിർത്തു. എല്ലാ സിനിമകളും ധാർമ്മിക പാഠങ്ങൾ നൽകാനുള്ളതാകണമെന്നില്ലെന്നും സിനിമ അടിസ്ഥാനപരമായി ഒരു സർഗ്ഗാത്മക മാധ്യമമാണെന്നും അവർ പറഞ്ഞു. എന്ത് കാണണം എന്നത് തിരഞ്ഞെടുക്കുന്നതിൽ സിനിമ നിർമ്മിക്കുന്നവർക്കും അത് കാണുന്ന പ്രേക്ഷകർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.

തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കവെ, 'ബാംഗ്ലൂർ ഡേയ്സ്' പോലുള്ള ചിത്രങ്ങൾ ഓരോ കാലഘട്ടത്തിലും പുതിയ അർത്ഥങ്ങൾ കൈവരിക്കാറുണ്ടെന്ന് അഞ്ജലി മേനോൻ നിരീക്ഷിച്ചു. പ്രായമാകുന്നതിനനുസരിച്ച് പ്രേക്ഷകർ ബന്ധങ്ങളെ വ്യത്യസ്തമായിട്ടായിരിക്കും വ്യാഖ്യാനിക്കുക. സിനിമയിലെ വൈകാരിക പ്രകടനങ്ങളിൽ സ്ത്രീകൾ കൂടുതൽ വാചാലരാകുന്നുണ്ടെങ്കിലും പുരുഷന്മാർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രവൃത്തികളെയാണ് (Action) ആശ്രയിക്കുന്നതെന്നും അഞ്ജലി മേനോൻ നിരീക്ഷിച്ചു.

സ്ത്രീകൾ ഇപ്പോൾ സ്വതന്ത്രമായി സിനിമകൾ തിരഞ്ഞെടുക്കുന്നതും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതും സ്വാഗതാർഹമായ മാറ്റമാണെന്ന് അഞ്ജലി പറഞ്ഞു. സിനിമയിലെ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കവെ, ഇന്നത്തെ സിനിമകൾ കൂടുതലായും യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും, വൈവിധ്യമാർന്ന പ്രായത്തിലുള്ളവരുടെ കഥകൾ കൂടി സിനിമകളിൽ വരണമെന്നും അഞ്ജലി മേനോൻ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in