Film News

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊച്ചി സെന്‍റ് തെരേസാസ് വനിതാ കോളേജിലെ വിദ്യാർഥിനികൾക്ക് മുന്നിൽ പ്രചോദിപ്പിക്കുന്ന പ്രസംഗവുമായി നടൻ നിവിൻ പോളി. കോളേജിൽ തന്‍റെ പുതിയ ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' പ്രൊമോഷനുമായി എത്തിയപ്പോഴായിരുന്നു നിവിന്‍റെ പ്രസംഗം. അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികൾ എന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. എന്നാൽ, പെൺകുട്ടികൾക്ക് ഓടിയെത്താൻ പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാൻ പറ്റാത്ത തടസ്സങ്ങളുമില്ലെന്ന് നിവിൻ പോളി പറഞ്ഞു. നിവിന്‍റെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ എതിരേറ്റത്.

മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു. 'ആൽക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയിൽ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്. ഞാൻ രണ്ടും കൽപിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. ക്യാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാൻ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നിൽക്കാൻ സാധിക്കുന്നു', നിവിൻ പോളി പറഞ്ഞു.

'സ്‌റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല. അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്', നടൻ അഭിപ്രായപ്പെട്ടു.

'ജീവിതത്തിൽ പല സാഹചര്യങ്ങൾ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താൽ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും. അങ്ങനെ സംശയമുണ്ടാവുമ്പോൾ നിങ്ങൾ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്‍റെ ജീവിതത്തിൽനിന്ന് ഞാൻ പഠിച്ച കാര്യമാണ് അത്', നിവിൻ പറഞ്ഞു.

'ഒരു ക്ലാസിലെ മികച്ച വിദ്യാർഥിക്ക് മികച്ച അധ്യാപകർ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാർഥികളുടേയും മികച്ച ഗുരുക്കന്മാരാകാൻ നിങ്ങൾക്ക് സാധിക്കണം. മുമ്പോട്ടുവരാൻ ധൈര്യമില്ലാത്തവർക്ക് പിന്തുണയും പ്രചോദനവും നൽകാൻ അധ്യാപകർക്ക് കഴിയണം', അധ്യാപകരോട് നിവിൻ അഭ്യർഥിച്ചു.

'ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോവുന്നത്. ജീവിതത്തിൽ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക', നിവിൻ വിദ്യാർഥികളോട് പറഞ്ഞു.

'അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ. ചില കാര്യങ്ങൾ ചെയ്യരുത്, ചിലയിടങ്ങളിൽ പോവാൻ പാടില്ല, ചില വസ്ത്രങ്ങൾ ഇടാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും താമസിക്കുന്ന ഹോസ്റ്റലുകളിൽനിന്നും നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്‌നത്തിനും വേണ്ടി പ്രവർത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാൻ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക', നിവിൻ കൂട്ടിച്ചേർത്തു.

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടുകളോളം എവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

കൊല്ലം തൂക്ക് ലോഡിംങ് പുതുമുഖങ്ങൾക്ക് ഒപ്പം ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

'മറ്റുള്ളവർ സംശയിച്ചപ്പോൾ എന്റെ കഴിവിനെ വിശ്വസിച്ച് കൂടെ നിന്ന വ്യക്തി, യഷിന് നന്ദി'; 'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിൽ ഗീതു മോഹൻദാസ്

SCROLL FOR NEXT