‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു
Published on

മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രമായ ‘ഒറിജിനൽ’ലെ രണ്ടാമത്തെ ഗാനം ‘ബിഗ് ബാങ്’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ നായകനായെത്തുന്ന ശ്രീനാഥ് ഭാസി തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മ്യൂസിക് ഡയറക്ടർ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീതശൈലിയും ശ്രീനാഥ് ഭാസിയുടെ ശബ്ദവും ഒന്നിക്കുന്ന ഈ പാട്ട്, ചിത്രത്തിലെ നായക കഥാപാത്രമായ റിജിന്റെ ലോകത്തെയാണ് പരിചയപ്പെടുത്തുന്നത്. ‘എ ഡേ ഇൻ റിജിൻസ് ലൈഫ്’ എന്ന ടൈറ്റിലോടുകൂടി ആരംഭിക്കുന്ന വീഡിയോ ഗാനം റിജിന്റെ ഒരു ദിവസത്തെ അലസമായ ജീവിതത്തിലൂടെയും സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളിലൂടെയും കടന്നുപോകുന്നു. സുഹൃത്തുക്കളുടെ കളിയാക്കലുകളും തമാശകളും ഉൾപ്പെടെയുള്ള ദൈനംദിന അനുഭവങ്ങൾക്കൊപ്പം കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശാനും ഈ ഗാനത്തിന് സാധിക്കുന്നുണ്ട്.

ഇലക്ട്രോണിക് കിളി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുത്തുവും ജോ ആന്റണിയും ചേർന്നാണ്. വിജയ് ആനന്ദാണ് മ്യൂസിക് പ്രൊഡ്യൂസർ. ഹാസ്യരംഗങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വ്യത്യസ്ത സംഗീതശൈലികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇലക്ട്രോണിക് കിളിയുടെ പരീക്ഷണം ഇതിലും വ്യക്തമാണ്. ചിത്രത്തിന്റെ ടീസറും ‘മാളേ മല്ലിക്കൊത്തേ’ എന്ന ആദ്യ ഗാനവും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത ലുക്കുകളും ടൈം ട്രാവൽ പ്രമേയവും ടീസറിലൂടെ കൗതുകമുണർത്തിയപ്പോൾ, ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിക്കുന്ന ചിത്രത്തിന്റെ കഥാലോകം കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ പുതിയ ഗാനം.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷദ് നിർവ്വഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അർഷാദ് നാക്കോത്തും രജീഷ് കെ. സൂര്യയും ചേർന്നാണ് കലാസംവിധാനം കൈകാര്യം ചെയ്യുന്നത്.

മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്ന ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലക്കാരനായും പ്രവർത്തിച്ചിരിക്കുന്നത് അഷ്റ മുഹമ്മദാണ്. സച്ചിൻ സുധാകരനും ഹരിഹരൻ എം. (സിങ്ക് സിനിമ) യും സൗണ്ട് ഡിസൈനും, റൊണെക്സ് സേവ്യർ മേക്കപ്പും, സമീറ സനീഷ് വസ്ത്രാലങ്കാരവും, പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫിയും നിർവ്വഹിച്ചിരിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. സ്റ്റോറീസ് സോഷ്യൽ-ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസും പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷനും കൈകാര്യം ചെയ്യുമ്പോൾ തിങ്ക് മ്യൂസിക് ചിത്രത്തിന്റെ സംഗീതാവകാശവും, ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സ് ജി.സി.സി. വിതരണ പങ്കാളിത്തവും സ്വന്തമാക്കിയിട്ടുണ്ട്.

logo
The Cue
www.thecue.in