Film News

'വര്‍ഷങ്ങളായി സുഖമില്ല, ഒരുകുട്ടിയെ പോലെ പരിചരിക്കണം'; അച്ഛനെ പഴയതുപോലെ കാണാന്‍ ആഗ്രഹമെന്ന് നയന്‍താര

അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് വികാരാധീനയായി നടി നയന്‍താര. വര്‍ഷങ്ങളായി അച്ഛന് സുഖമില്ലെന്നും, ഒരുകുട്ടിയെ പോലെ അമ്മ തന്റെ അച്ഛനെ പരിചരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. വിജയ് ടിവിയുടെ സ്വാതന്ത്ര്യദിന പ്രത്യേക അഭിമുഖത്തിലായിരുന്നു നയന്‍താരയുടെ പ്രതികരണം. അസുഖമെല്ലാം മാറി അച്ഛനെ പഴയതുപോലെ കാണാന്‍ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.

പുതിയ ചിത്രം നെട്രികണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു ഒന്നരമണിക്കൂര്‍ നീണ്ട അഭിമുഖം. ജീവിതത്തില്‍ എന്തെങ്കിലും ഒരു സംഭവം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനായിരുന്നു തന്റെ അച്ഛനെ കുറിച്ച് നടി മനസുതുറന്നത്. ഇക്കാര്യങ്ങള്‍ ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ലെന്നും, അതിന് കാരണം ഇത് വളരെ സ്വകാര്യവും ഇമോഷണലുമായ വിഷയമായതിനാലാണെന്നും നയന്‍താര പറഞ്ഞു.

കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും. അതാണ് അച്ഛനെയും അമ്മയെയും കുറിച്ചൊന്നും ഇത് വരെ സംസാരിക്കാത്തതെന്നും നടി. 'അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏത് സിനിമയാണ് ചെയ്യുന്നത് എന്നുപോലും അവര്‍ക്ക് അറിയില്ല. പക്ഷെ ഭാഷ മനസിലായില്ലെങ്കിലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അവര്‍ പോയി കാണും. സിനിമകള്‍ റിലീസ് ആകുമ്പോഴെല്ലാം ഞാന്‍ വിളിച്ച് പറയും.'

'അച്ഛന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട്-പതിമൂന്നു വര്‍ഷങ്ങളായി സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ പോലെ പരിചരിക്കണം. എന്നും പെര്‍ഫെക്ട് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ, മുടക്കമില്ലാതെ, ജോലിക്ക് പോകാന്‍ യൂണിഫോം ധരിച്ചെത്തുന്ന അച്ഛനെയാണ് എനിക്കോര്‍മ്മ. അങ്ങനെയുള്ള ഒരാള്‍ പെട്ടെന്നാണ് രോഗബാധിതനാവുന്നത്. ഞാന്‍ സിനിമയിലെത്തി രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. ഇത്രയും കാലം അമ്മ അച്ഛനെ നോക്കിയത് പോലെ മറ്റാര്‍ക്കും സാധിക്കില്ല. രണ്ട് പേരും ഏകദേശം സമപ്രായക്കാരാണ്.

അസുഖം മാറി, അച്ഛനെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയും, അധ്വാനിക്കാനുള്ള ആര്‍ജ്ജവവും, സമയനിഷ്ഠയുമുണ്ടെങ്കില്‍ അതെല്ലാം അച്ഛനില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ്. എന്നെ ഞാനാക്കിയതില്‍ അച്ഛനും അമ്മക്കും വലിയ പങ്കുണ്ട്', നയന്‍താര പറഞ്ഞു.

സോളമനും ശോശന്നയും ഒരുപാട് പേർ പാടി റിജക്റ്റ് ആയതാണ്; ശ്രീകുമാർ വാക്കിയിൽ

"ജിയോ ബേബിയോട് ആദ്യം ഒരു അകലമുണ്ടായിരുന്നു, സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത് 'പൂക്കി'യാണ് എന്ന്"

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു

യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്,അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി

പ്രീ സെയിൽസ് മാത്രം 6 കോടി, ആദ്യദിനത്തിൽ റെക്കോർഡ് ഇടുമെന്ന് പ്രതീക്ഷ: എച്ച്.എം അസോസിയേറ്റ്സ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹരീന്ദ്രൻ അഭിമുഖം

SCROLL FOR NEXT