പ്രീ സെയിൽസ് മാത്രം 6 കോടി, ആദ്യദിനത്തിൽ റെക്കോർഡ് ഇടുമെന്ന് പ്രതീക്ഷ: എച്ച്.എം അസോസിയേറ്റ്സ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹരീന്ദ്രൻ അഭിമുഖം

പ്രീ സെയിൽസ് മാത്രം 6 കോടി, ആദ്യദിനത്തിൽ റെക്കോർഡ് ഇടുമെന്ന് പ്രതീക്ഷ: എച്ച്.എം അസോസിയേറ്റ്സ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹരീന്ദ്രൻ അഭിമുഖം
Published on

2025 ഓഗസ്റ്റ് 14 ന് രാവിലെ ആറുമണിക്ക് കേരളത്തിലെ തിയറ്ററുകളിൽ മുഴുവൻ 'വിസിൽ പറക്കും'. സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രീ ബുക്കിങ്ങുമായാണ് രജനികാന്ത്-ലോകേഷ് കനകരാജ് ടീമിന്റെ കൂലി നാളെ റിലീസിന് ഒരുങ്ങുന്നത്. ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കൂലിയുടെ ആദ്യ ഷോസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമയുടെ വിശേഷം ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് എച്ച്.എം അസോസിയേറ്റ്സ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹരീന്ദ്രൻ.

പ്രീ ബുക്കിങ്ങിലെ 'കൂലി' തരംഗം

നിലവിൽ പ്രീ ബുക്കിങ്ങിലൂടെ മാത്രം ആറുകോടിയിലധികം രൂപ നേടാനായിട്ടുണ്ട്. കേരളത്തിൽ 550 സ്‌ക്രീനുകളിലായി 30,000 ഷോകളാണ് ആദ്യദിനത്തിൽ പ്രദർശിപ്പിക്കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ വിധി നിർണ്ണയിക്കുന്നത് പ്രേക്ഷകരാണ്. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമല്ല കർണാടകയിലും ആന്ധ്രയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ആവേശമാണ് ഉണ്ടാകുന്നത്. മികച്ച പ്രതികരണം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളും.

രജനി-ലോകി പവർ ഹൗസിന് ഹൈപ്പ് നൽകുന്ന കാരണങ്ങൾ

രജനികാന്ത് എന്ന ഒറ്റ പേര് മതി തിയറ്ററുകളിൽ ആളുകയറാണ്. ഇവിടെ രജനികാന്ത് മാത്രമല്ല ലോകേഷ് കനകരാജ് എന്നൊരു യുഎസ്പി കൂടെയുണ്ട്. അതിനൊപ്പം വലിയൊരു താരനിരയും സൺ പിക്ചേഴ്സ് എന്നൊരു ബാനറും ഒപ്പമുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന കാരണങ്ങളാണ്.

ആദ്യദിന കളക്ഷൻ പ്രതീക്ഷകൾ

ആദ്യദിനത്തിൽ 10 കോടിക്ക് മുകളിൽ കളക്ട് ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. താരതമ്യേന ഒരു തമിഴ് സിനിമയ്ക്ക് നൽകാവുന്ന ഒരു വലിയ തുകയ്ക്ക് തന്നെയാണ് കൂലിയുടെ വിതരണാവകാശം ഞങ്ങൾ സ്വന്തമാക്കിയത്. ആ ചിത്രം അത്രത്തോളം വലിയൊരു തുക ഡിമാൻഡ് ചെയ്യുന്നുണ്ട്.

തിയറ്ററുകാരും ആവേശത്തിൽ

കൂലിയോട് കേരളത്തിലെ തിയറ്ററുകൾ നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. അതിനാൽ തന്നെയാണ് ആദ്യദിനത്തിൽ 550 സ്‌ക്രീനുകളിലായി 30,000 ഷോസ് പ്രദർശിപ്പിക്കാൻ കഴിയുന്നത്.

കൂലി കേരളത്തിൽ റെക്കോർഡുകൾ തിരുത്തുമോ?

കൂലി റെക്കോർഡ് കളക്ഷൻ തന്നെ നേടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ജയിലർ എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഇതുപോലെ ഒരു വലിയ പ്രീ ബുക്കിംഗ് ലഭിച്ചിരുന്നില്ല. എന്നാൽ ആ ചിത്രത്തിന് പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചപ്പോൾ റെക്കോർഡ് കളക്ഷനാണ് കിട്ടിയത്. ഇക്കുറി പ്രീ ബുക്കിങ് തന്നെ അതിഗംഭീരമാണ്. പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷയ്‌ക്കൊത്ത് വന്നാൽ കൂലി കേരളത്തിൽ റെക്കോർഡ് ഇടുമെന്നതിൽ സംശയമില്ല.

കൂലിയുടെ കേരള കണക്ഷൻ

മലയാളത്തിൽ നിന്ന് നമ്മുടെ സ്വന്തം സൗബിൻ ഒരു മികച്ച വേഷം ചെയ്തിട്ടുണ്ട്. അദ്ദേഹം പെർഫോം ചെയ്ത മോണിക്ക എന്ന ഗാനം നാഷണൽ ലെവലിൽ ശ്രദ്ധ നേടി. സൗബിന് പുറമെ റെബ മോണിക്ക ജോൺ എന്ന അഭിനേത്രിയും ഈ സിനിമയിൽ ഒരു മികച്ച വേഷം ചെയ്യുന്നുണ്ട്.

എച്ച്.എമ്മിന്റെ സിനിമകൾ

കേരളത്തിൽ നമ്മുടെ ബാനർ ആദ്യമായി ചെയ്തത് തലൈവൻ തലൈവി എന്ന ചിത്രമാണ്. മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിക്ക് ഒരു ബ്രേക്ക് നൽകിയ സിനിമയാണത്. കേരളത്തിലും ആ ചിത്രം നല്ല രീതിയിൽ ഓടി. കൂലി ഞങ്ങളുടെ രണ്ടാമത്തെ സിനിമയാണ്. ഇപ്പോൾ ധനുഷിന്റെ ഇഡ്ലി കടൈ എന്ന സിനിമയുടെ വിതരണവക്ഷവും ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നല്ല സിനിമകൾ കേരളത്തിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം.

Related Stories

No stories found.
logo
The Cue
www.thecue.in