
നിക്ഷേപകരുടെ വലിയ സാന്നിദ്ധ്യവും റീട്ടെയ്ൽ രംഗത്തെ മികച്ച പ്രകടനവും കൊണ്ട് 2025ലെ ആദ്യ പകുതിയിൽ (H1) 36000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം (127 മില്യൺ ഡോളർ) നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. രണ്ടാം പാതത്തിൽ (Q2) 4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ (575 മില്യൺ ഡോളർ) നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്. 952 കോടി രൂപയുടെ (108 മില്യൺ ഡോളർ) നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്സിനുണ്ട്. 7.6ശതമാനം വളർച്ചയോടെ 418 മില്യൺ ഡോളറാണ് EBITDA മാർജിൻ. യുഎഇയിൽ 9.4 ശതമാനം വളർച്ചയും, സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ച ലുലുവിനുണ്ട്.
867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ഡിവിഡന്‍റ് പ്രഖ്യാപിച്ചു
നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക.
ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. 2025ലെ ആദ്യ പകുതിയിൽ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയിൽ നാല് പുതിയ സ്റ്റോറുകളും ഉൾപ്പടെ 11 സ്റ്റോറുകൾ ഈ വർഷം തന്നെ തുറന്ന് കഴിഞ്ഞു. 9 പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.
ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 1 മില്യൺ പുതിയ അംഗങ്ങളോടെ 7.3 മില്യൺ പേർ ഹാപ്പിനെസ് പ്രോഗ്രാമിൽ അംഗങ്ങളായി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.