Film News

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

എഴുപത്തിയഞ്ചിന്റെ പടിയിലേക്കെത്തുമ്പോഴേക്കും വിശ്രമഭാവങ്ങൾ തേടിപ്പോകാറുണ്ട് പലരും. വിജയിച്ച പഴയ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും നേട്ടങ്ങളുടെ പട്ടികനിരത്തലുകളുമാണ് സാധാരണ ഇത്തരം അവസരങ്ങളിൽ സംഭവിക്കാറുള്ളത്. എന്നാൽ, ഒരേ അച്ചിൽ വാർത്ത സിനിമകളിലോ മുൻപ് വിജയിച്ച ഫോർമുലകളിലോ ഒതുങ്ങിക്കൂടാത്ത ഒരു മനുഷ്യനുണ്ട്. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ അന്നും ഒരു പുതിയ കഥയ്ക്കും കഥാപാത്രവും സമ്മാനിക്കാൻ സിനിമ പ്രഖ്യാപിച്ച മലയാള സിനിമയുടെ സ്വന്തം 'പ്രജാപതി'.

അഞ്ചര പതിറ്റാണ്ടിലേറെയായി ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുന്ന അദ്ദേഹം, ഓരോ ഘട്ടത്തിലും സ്വയം തിരുത്തിയെഴുതാനും വ്യത്യസ്തമായ അഭിനയവഴികൾ തേടാനുമാണ് ശ്രമിച്ചിട്ടുള്ളത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന വളർച്ചയേക്കാൾ വിസ്മയിപ്പിക്കുന്നതാണ് ആ പദവി കൈവരിച്ച ശേഷവും അദ്ദേഹം തിരഞ്ഞെടുക്കുന്ന തീരുമാനങ്ങൾ. താരപരിവേഷത്തിന്റെ സുരക്ഷിതത്വത്തിൽ നിലയുറപ്പിക്കുന്നതിന് പകരം, പരാജയപ്പെടാൻ സാധ്യതയുള്ളതും വെല്ലുവിളികൾ നിറഞ്ഞതുമായ കഥാപാത്രങ്ങളെ അദ്ദേഹം നിരന്തരം ഏറ്റെടുത്തു.

ന്യൂഡൽഹിയിലെ ജി കെയിലൂടെ പത്രപ്രവർത്തകന്റെ ഗാംഭീര്യവും 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തു, 'പഴശ്ശിരാജ'യിലെ വീരപഴശ്ശി, 'അംബേദ്കർ' തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ചരിത്രപുരുഷന്റെ ആത്മാഭിമാനവും നൊമ്പരങ്ങളും ഒരേപോലെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു വശത്ത് മാസ്സ് കഥാപാത്രങ്ങളിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തുമ്പോഴും, മറു വശത്ത് അങ്ങേയറ്റം സൂക്ഷ്മമായ പ്രകടനങ്ങൾ ആവശ്യപ്പെടുന്ന സിനിമകളെ അദ്ദേഹം ചേർത്തുപിടിച്ചു. 'രാജമാണിക്യം' പോലെ പ്രാദേശിക ഭാഷാശൈലിയുള്ള കഥാപാത്രങ്ങൾ, സാമ്രാജ്യം മുതൽ ഇങ്ങോട്ട് അനേകം സിനിമകളിലൂടെ സ്റ്റൈലിഷ് വേഷങ്ങൾ, 'കാതൽ ദി കോർ', 'പേരംമ്പ്'തുടങ്ങിയ ചിത്രങ്ങളിൽ സങ്കീർണ്ണമായ മാനസികാവസ്ഥയുള്ള വ്യക്തികൾ, തനിയാവർത്തനവും മൃഗയായും സൂര്യമാനസവും നൻപകൽ നേരത്ത് മയക്കവും... അങ്ങനെ നീളുന്ന അനേകം സിനിമകളിൽ തികച്ചും വ്യത്യസ്തമായ പശ്ചാത്തലമുള്ള മനുഷ്യർ എന്നിങ്ങനെ വൈവിധ്യമാർന്ന ഭാവങ്ങൾ അദ്ദേഹം ഏറെ ആയാസത്തിൽ മലയാളികൾക്ക് സമ്മാനിച്ചു.

പ്രേക്ഷകർക്ക് കണ്ടു ശീലിച്ചതല്ലാത്ത ഇരുണ്ട പശ്ചാത്തലമുള്ള കഥാപാത്രങ്ങൾ, സാമൂഹികമായി ഏറെ ചർച്ച ചെയ്യപ്പെട്ട വേഷങ്ങൾ, ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം... അങ്ങനെ ഈ സമീപകാലത്തും അദ്ദേഹം ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങൾ അത്രയും അദ്ദേഹത്തിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. പ്രശസ്തരായ സംവിധായകർക്കൊപ്പവും നവാഗതർക്കൊപ്പവും ഒരുപോലെ പ്രവർത്തിച്ചു. വൻകിട വാണിജ്യ ചിത്രങ്ങൾക്കും വേറിട്ട അഭിനയ ശൈലി ആവശ്യപ്പെടുന്ന ചിത്രങ്ങൾക്കുമിടയിൽ അദ്ദേഹം മാറി മാറി സഞ്ചരിച്ചു.

ശബ്ദഗാംഭീര്യവും ഡയലോഗ് ഡെലിവറിയിലെ കൃത്യതയും മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. മാസ്സ് സീനുകളിൽ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും, വൈകാരിക രംഗങ്ങളിൽ നിശ്ശബ്ദത കൊണ്ട് വികാരം പ്രകടിപ്പിക്കുന്ന രീതിയും അദ്ദേഹത്തിന് വശമാണ്. മമ്മൂട്ടി കരഞ്ഞാൽ മലയാളികൾ കൂടെ കരയും എന്നാണ് പറയാറുള്ളത്. കരയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുതിയ തീരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. 

അതിരാത്രത്തിലെ താരാദാസും, കൗരവറിലെ ആന്റണിയും, മൃഗയയിലെ വാറുണ്ണിയും, അമരത്തിലെ അച്ചൂട്ടിയും, ഇൻസ്പെക്റ്റർ ബലറാമും, ഭാസ്ക്കര പട്ടേലരും, മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും, പൊന്തൻ മാടയും, അറക്കൽ മാധവനുണ്ണിയും, പുട്ട് ഉറുമീസും അങ്ങനെ നീണ്ട് നീണ്ട് ലൂക്ക് ആന്റണിയും, മൈക്കിളപ്പയും, കൊടുമൺ പോറ്റിയും, കുട്ടനും, അമുദവനും എല്ലാം ചെയ്തുവെച്ചിരിക്കുന്നത് ഒരാളാണ് എന്നത് ഏറ്റവും വലിയ അത്ഭുതമാണ്. ഓരോന്നും അത്രമേൽ വ്യത്യസ്തം, ഒന്നിൽ പോലും മമ്മൂട്ടിയെ കാണാനാവാത്ത വിധത്തിൽ വ്യത്യസ്തം. അയാൾ ഇപ്പോഴും തന്നിലെ നടനെ മിനുക്കിക്കൊണ്ടിരിക്കുകയാണ്, ഇനിയും മിനുക്കിയെടുത്തുകൊണ്ടിരിക്കും.

ഉര്‍വ്വശിയും ജോജുവും നേര്‍ക്കുനേര്‍; 'ആശ'യുടെ ട്രെയിലര്‍ പുറത്ത്, ചിത്രം സെപ്റ്റംബര്‍ 11ന് തിയറ്ററുകളില്‍

തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍

ഗൗരി ലങ്കേഷ് ഓർമ്മിക്കപ്പെടുമ്പോൾ

നേപ്പാൾ ദുരന്തം കേരളത്തെ ബാധിച്ചത് എങ്ങനെ? ഡോ.സുനിൽ പി.എസ് അഭിമുഖം

'ലവ് ഇസ് പ്രെഷ്യസ്'; 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്ത്

SCROLL FOR NEXT