‘ബാച്ച്ലർ പാർട്ടി ഡ്യൂ’വില നസ്ലെനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് നടി ഹൻസിക കൃഷ്ണ. കോളേജ് സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയി ചിരിച്ച് ആസ്വദിച്ച സിനിമയാണ് ‘പ്രേമലു’. അതിലെ നസ്ലെന്റെ വലിയ ആരാധികയാണ് താനെന്നും ഹൻസിക പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹൻസിക കൃഷ്ണ.
'നസ്ലെന്റെ കൂടെ എനിക്ക് നല്ല എക്സ്പീരിയൻസ് ആയിരുന്നു. കോളേജിൽ വന്നശേഷം ഫ്രണ്ട്സിന്റെ കൂടെ ആദ്യം കാണാൻ പോയ സിനിമയാണ് പ്രേമലു. ഞങ്ങൾ എല്ലാവരും ഒരുപാട് എൻജോയ് ചെയ്ത സിനിമയായിരുന്നു അത്. ഓരോ സീനും ചിരിച്ചുചിരിച്ച് ആസ്വദിച്ചാണ് കണ്ടത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ആക്ടർ തന്നെയാണ് നസ്ലെൻ. ഫസ്റ്റ് ഡേ, എന്റെ ആദ്യ സീൻ അന്ന് തന്നെ നസ്ലെനെയാണ് കാണുന്നത്. മുന്നേ കണ്ടിട്ടൊന്നുമില്ല. ഫസ്റ്റ് ടൈം കണ്ടപ്പോൾ തന്നെ ഷേക്ക് ഹാൻഡ് ഒക്കെ തന്നു. ഭയങ്കര ഹാപ്പിയായിരുന്നു. നല്ല ഒരാളാണ്, പാവമാണ് നസ്ലെൻ. വളരെ വെൽ അപ് ആണ്. മോണിറ്ററിൽ സീനുകളൊക്കെ അന്ന് കണ്ടിട്ടുണ്ടായിരുന്നു. അതൊക്കെ സ്ക്രീനിൽ കണ്ടിട്ട് നേരിട്ട് കാണാൻ പറ്റിയതിൽ ഞാൻ വളരെ ഹാപ്പിയായിരുന്നു,' ഹൻസിക പറഞ്ഞു.
അതേസമയം ബാച്ച്ലർ പാർട്ടി ഡ്യൂ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അമല്‍ നീരദിന്റെ തന്നെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നസ്ലെന്, ഷറഫുദ്ദീന്, ചന്തു സലീം കുമാര്‍, രജിഷ വിജയന് തുടങ്ങി നിരവധിപ്പേർ സിനിമയുടെ ഭാഗമായി.