എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ
Published on: 

യുഎഇയിലെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിന്‍റെ നാലാം പതിപ്പിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ അബുദാബി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംഘടിപ്പിച്ച പുരസ്കാരത്തിൽ 'ടാലന്‍റ് എംപവർമെന്‍റ് പയനിയേഴ്സ്' വിഭാഗത്തിലാണ് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള ആശുപത്രി നേട്ടം കൈവരിച്ചത്. ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.

നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യ, ജീവനക്കാരുടെ ക്ഷേമം, പ്രതിഭകളുടെ വളർച്ച തുടങ്ങിയ മേഖലകളിലെ മികവാണ് ഇത്തവണ പരിഗണിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 33,000ത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. 14,000ത്തിലധികം ജീവനക്കാരുള്ള ബുർജീൽ ഹോൾഡിങ്സ് ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഭാവിയിലേക്ക് സജ്ജരായ ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കാനുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധത ഈ നേട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലിനിക്കൽ, നഴ്സിങ്, അലൈഡ് ഹെൽത്ത്, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് വിഭാഗങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായ പരിശീലനവും തൊഴിൽപരമായ വളർച്ചയ്ക്കുള്ള അവസരങ്ങളും ബുർജീൽ നൽകുന്നുണ്ട്.എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ബുർജീൽ ഗ്രൂപ്പിന് ലഭിക്കുന്ന തുടർച്ചയായ അംഗീകാരമാണിത്. 2024ൽ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്ക് വിഭാഗത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ഒന്നാം സ്ഥാനവും ബുർജീൽ ഹോസ്പിറ്റൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ വർഷവും എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി ഉൾപ്പെടെ ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.