മലയാളത്തിൽ പുതിയൊരു സൂപ്പർഹീറോ; 'കോസ്മിക് സാംസൺ' ട്രെയ്‌ലർ

മലയാളത്തിൽ പുതിയൊരു സൂപ്പർഹീറോ; 'കോസ്മിക് സാംസൺ' ട്രെയ്‌ലർ
Published on: 

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസൺ’ ട്രെയിലർ പുറത്ത്. യാഥാർഥ്യത്തിനും ഭാവനയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് കൗതുകരമായ ഒരു കഥാ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം തന്നെ മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ബിനോ ടി. എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.

സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന, സിനിമ മോഹവുമായി നടക്കുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ യാഥാർഥ്യത്തിന്റെ പതിവ് കാഴ്ചപ്പാടുകൾക്കപ്പുറമുള്ള വിചിത്രവും വിസ്മയകരവുമായ സാഹചര്യങ്ങളിലേക്ക് സാംസൺ എത്തിപ്പെടുന്നു. ഫാന്റസിയും ആക്ഷനും മിസ്റ്ററിയും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം, ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് അസാധാരണമായ ലോകം കടന്നുവരുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നൽകിയിരുന്ന കൗതുകത്തിന് കൂടുതൽ ആഴം നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ.

സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും സാംസണിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങളെയും കുറിച്ച് കൂടുതൽ സൂചനകൾ നൽകിക്കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കുകയാണ് ട്രെയ്‌ലർ.