

ആലപ്പുഴയുടെയും കുട്ടനാടിന്റെയും പശ്ചാത്തലത്തിലാണ് 'എ ഡക്ക് ടെയിൽ' നടക്കുന്നത്. അവിടുത്തെ ക്യുസീനിൽ താറാവ് കറിക്ക് വലിയ പ്രാധാന്യമുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് കഥ വികസിക്കുന്നത്.
കുട്ടനാടൻ താറാവ് കറിയും, ക്ഷണിക്കപ്പെടാതെ പോയ ഒരു ഊണിന്റെ നിരാശയും, അതിനുള്ളിലെ സൂക്ഷ്മരാഷ്ട്രീയവും. ചെറിയൊരു സംഭവത്തിൽ നിന്ന് വേറിട്ടൊരു സിനിമാനുഭവം ഒരുക്കുന്ന ഇൻഡിപെൻഡന്റ് ചിത്രം 'എ ഡക്ക് ടെയിൽ' ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയിലെത്തുകയാണ്. കോളേജ് കാലം മുതൽ കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം സംവിധായകൻ അരുൺ വർഗീസ് ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു.
'എ ഡക്ക് ടെയിൽ': ഒരു താറാവ് തുടങ്ങിവെച്ച സിനിമ
ആലപ്പുഴയുടെയും കുട്ടനാടിന്റെയും പശ്ചാത്തലത്തിലാണ് 'എ ഡക്ക് ടെയിൽ' നടക്കുന്നത്. അവിടുത്തെ ക്യുസീനിൽ താറാവ് കറിക്ക് വലിയ പ്രാധാന്യമുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് കഥ വികസിക്കുന്നത്. ഒരാൾ ഒരു താറാവുമായി ഒരു വീട്ടിലേക്ക് വരുന്നതും, ഉച്ചയ്ക്ക് ആ താറാവ് കറി കൂട്ടി ഭക്ഷണം കഴിക്കാം എന്ന് കരുതുന്നതുമാണ് തുടക്കം. ഇത് കാണുന്ന അയൽപക്കത്തെ ഒരു പയ്യൻ തന്നെയും ആ ഊണിന് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അത് നടക്കാതെ വരുമ്പോൾ അവനുണ്ടാകുന്ന നിരാശയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ആ ഒരു താറാവാണ് കഥയ്ക്ക് തുടക്കമിടുന്നത് എന്നതുകൊണ്ടാണ് ' എ ഡക്ക് ടെയിൽ' എന്ന പേരിലേക്ക് എത്തിയത്. പിന്നെ, ഇതിൽ രണ്ട് സമാന്തര കഥകളിലായി നാല് കുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു പ്രധാന കഥാപാത്രത്തെ മാത്രം ചുറ്റിപ്പറ്റി നീങ്ങുന്ന സിനിമയല്ല ഇത്. കുട്ടികൾക്ക് പ്രാധാന്യമുള്ള കഥയായതുകൊണ്ട് നമ്മുടെ പഴയ 'ഡക്ക് ടെയിൽസ്' കാർട്ടൂണിന്റെ ഒരു റെഫെറെൻസും ഈ ടൈറ്റിലിൽ കലർന്നിട്ടുണ്ട്.
കോളേജ് കാലം മുതൽ കണ്ട ഐ.എഫ്.എഫ്.കെ സ്വപ്നം
കോളേജ് കാലം മുതൽ സ്ഥിരമായി ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്ന ഒരാളാണ് ഞാൻ. സിനിമ ചെയ്യണം എന്ന ആഗ്രഹത്തേക്കാൾ, ഒരു സിനിഫൈൽ എന്ന നിലയിൽ സിനിമയോടുള്ള സ്നേഹമാണല്ലോ നമ്മളെ അവിടെ എത്തിക്കുന്നത്. നമ്മുടെ നാട്ടിൽ ലോകസിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു, ബെല്ല ടാറിനെ പോലെയുള്ള വലിയ ഫിലിം മേക്കേഴ്സിനെ അടുത്ത് കാണാൻ പറ്റുന്നു എന്നതൊക്കെ വലിയ നിമിഷങ്ങളാണ്. എന്നെങ്കിലും നമ്മുടെ സിനിമയും ഇവിടെ പ്രദർശിപ്പിക്കപ്പെടണം എന്ന ആഗ്രഹം പണ്ടുമുതലേ മനസ്സിലുണ്ടായിരുന്നു. ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാകുന്നതിൽ വലിയ സന്തോഷവും ആവേശവുമുണ്ട്.
കാസ്റ്റ് ആൻഡ് ക്രൂ
ബാക്കി വന്നവർ' എന്ന സിനിമ കണ്ടിട്ടാണ് സൽമാനുൽ ഫാരിസിനെ സമീപിക്കുന്നത്. പിന്നീട് പുള്ളിയും കൂടി ചേർന്നാണ് ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോയത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് സൽമാനാണ് ചെയ്യുന്നത്. ആലപ്പുഴയിലെ ചമ്പക്കുളം, വെളിയനാട് ഭാഗങ്ങളിലെ സ്കൂളുകളിൽ ഓഡിഷൻ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. പ്രമോദ് വെളിയനാടും സിനിമയിൽ ഒരു പ്രധാന വേഷത്തിലുണ്ട്. അരുൺ ശേഖർ (സിനിമാറ്റോഗ്രാഫി), തംജി താഹ (എഡിറ്റിംഗ്), നീരജ് രമേശ് (സംഗീതം) എന്നിവരാണ് പ്രധാന അണിയറപ്രവർത്തകർ. ഇതൊരു ഇൻഡിപെൻഡന്റ് സിനിമയാണെന്ന് അറിഞ്ഞിട്ടും, കൃത്യമായ പ്രതിഫലം പോലും പ്രതീക്ഷിക്കാതെ നിരവധി മെയിൻസ്ട്രീം ടെക്നീഷ്യന്മാർ ഞങ്ങളെ പിന്തുണച്ചു. തപസ് നായക് (സൗണ്ട് മിക്സിംഗ്), ലിജു പ്രഭാകറിന്റെ സൂപ്പർവിഷനിൽ രോഹിത് (കളറിംഗ്), സിനിക്കൾട്ട് സ്റ്റുഡിയോയിലെ രാകേഷ്, ആനന്ദ്, ജിഷ്ണു (സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്), അബാൻഡ കാർമൽ (പ്രൊഡക്ഷൻ ഡിസൈൻ), സുൽത്താന റസാഖ് (കോസ്റ്റ്യൂംസ്), 'ത്രിലോക' സ്റ്റുഡിയോ (വി.എഫ്.എക്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ജീവിതത്തോട് ചേർന്നുനിൽക്കുന്ന രസകരമായ സിനിമ
നിർമ്മാണത്തിന്റെ സ്കെയിൽ കൊണ്ട് മാത്രമാണ് ഇതൊരു ചെറിയ സിനിമയാകുന്നത്. വളരെ സത്യസന്ധമായി ഒരു കഥ പറയാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. എല്ലാവർക്കും എളുപ്പത്തിൽ ആസ്വദിക്കാനും, തങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി കാണാനും പറ്റുന്ന സിനിമയാണിത്.
ദൈനംദിന ജീവിതത്തിൽ കാണുന്ന ചില മൈക്രോ പൊളിറ്റിക്കൽ ഘടകങ്ങൾ ഇതിലുണ്ട്. ഒരു ഊണിന് ക്ഷണിക്കപ്പെടാതെ പോകുന്നതും, ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ലാസ് ഡിവൈഡുമൊക്കെ കഥയുടെ ഭാഗമായി ചർച്ച ചെയ്യുന്നുണ്ട്. അതേസമയം, പ്രേക്ഷകർക്ക് വളരെ രസകരമായി കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയുമാണിത്. അടുത്ത സുഹൃത്തുക്കൾക്കപ്പുറം വലിയൊരു പ്രേക്ഷകസമൂഹം സിനിമ കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്.