Film News

'സാധാരണക്കാര്‍ക്ക് വേണ്ടിയാണ്‌ വാട്‌സ്ആപ്പ് വഴി ബുക്കിംഗ് തുടങ്ങിയത്'; ബുക്കിംഗ് സൈറ്റുകള്‍ വിലക്കിയ ഗിരിജ തിയ്യേറ്റര്‍ ഉടമ പറയുന്നു

വാട്‌സ് ആപ്പ് വഴി സിനിമ ടിക്കറ്റ് ബുക്കിങ്ങ് സ്വീകരിച്ചതിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റില്‍ നിന്ന് ഒഴിവാക്കിയതായി തിയ്യേറ്റര്‍ ഉടമ. തൃശ്ശൂരിലെ ഗിരിജ തിയേറ്ററിനെയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ബുക്കിംഗ് സൈറ്റില്‍ നിന്ന് ഒഴിവാക്കിയത്. യാതൊരു വിധത്തിലുള്ള മുന്നറിയിപ്പോ സാവകാശമോ തരാതെയുള്ള നടപടി കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് തിയ്യേറ്റര്‍ ഉടമയായ ഡോ. ഗിരിജ ദ ക്യുവിനോട് പറഞ്ഞു.

ഒരുപാട് പ്രതീക്ഷയോടെ പ്രദശിപ്പിക്കാന്‍ കാത്തിരുന്ന സിനിമായാണ് 'ഗോള്‍ഡ്', എന്നാല്‍ ഇന്ന് വെളുപ്പിനോടെ തിയേറ്ററിന്റെ പേര് ബുക്ക് മൈ ഷോയില്‍ നിന്നടക്കം പ്രധാനമായ എല്ലാ ബുക്കിംഗ് ആപ്പുകളില്‍ നിന്നും എടുത്തുമാറ്റി. അഞ്ചു ലക്ഷം രൂപയോളമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അഡ്വാന്‍സ് ആയി കൊടുത്തിട്ടുള്ളതെന്നും അത് ഇനി തിരിച്ചു പിടിക്കണമെങ്കില്‍ തന്റെ തിയറ്ററില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന് ആളുകള്‍ അറിയണം എന്നും ഗിരിജ പറഞ്ഞു.

കോവിഡിനു ശേഷം റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകള്‍ക്കും തിയ്യേറ്ററുകളില്‍ തിരക്ക് കൂടുതലായതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പുകളിലൂടെയാണ് കസ്റ്റമേഴ്‌സ് ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. ബുക്ക് മൈ ഷോയിലെ ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് വളരെ കൂടുതലാണെന്നും താങ്ങാവുന്നതിലുമപ്പുറമാണെന്നുമുള്ള പരാതി പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നപ്പോഴാണ് വാട്‌സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയതെന്ന് ഗിരിജ പറയുന്നു.

വാട്‌സാപ്പ് നമ്പറിലേക്ക് ഗൂഗിള്‍ പേയിലൂടെ നേരിട്ട് പണമടക്കുന്ന ആവശ്യക്കാര്‍ക്ക് ടിക്കറ്റ് അയച്ചു കൊടുക്കുന്നതായിരുന്നു രീതി. ഒരു ടിക്കറ്റിന് 30 രൂപയോളമാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിങ് ചാര്‍ജ്, എന്നാല്‍ എല്ലാവര്‍ക്കും അത് താങ്ങാവുന്ന തുക ആയിരിക്കണമെന്നില്ല. തന്റെ തിയ്യേറ്ററിലെത്തുന്നവര്‍ ഭൂരിഭാഗം പേരും സാധാരണക്കാരായ ആളുകളാണെന്നും കുടുംബസമേതമോ സുഹൃത്തുക്കള്‍ക്കൊപ്പമോ നഷ്ടമില്ലാതെ സിനിമ കാണുന്നതിന് വഴിയൊരുക്കുന്നത്‌ ഇത്രയും വലിയ അപരാതമാണോ എന്നാണ് ഗിരിജ ചോദിക്കുന്നത്.

വളരെ കാലമായി ടെലിഫോണിലൂടെയും ബുക്കിംഗ് സ്വീകരിക്കാറുണ്ട്, അതിലാര്‍ക്കും പ്രശ്‌നമില്ല. പിന്നെന്തിനാണ് നേരിട്ട് ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നത് ഇത്രയും പ്രശ്‌നമായി കാണുന്നത്. ഓരോ തിയേറ്ററിന്റെ സര്‍വീസും മറ്റു കാര്യങ്ങളും നോക്കിയാണ് ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അതുകൊണ്ട് താന്‍ ചെയ്തത് മറ്റു തിയേറ്ററുകള്‍ക്ക് ഭീഷണിയാകുന്നുമില്ല, ഗിരിജ ദ ക്യുവിനോട് പറഞ്ഞു.

തന്റെ നയങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു എങ്കില്‍ അത് മുന്‍പേ അറിയിക്കണ്ടതായിരുന്നു അല്ലാതെ യാതൊരുവിധ മുന്നറിപ്പുകളുമില്ലാതെ ബുക്കിംഗ് സൈറ്റുകളില്‍ നിന്ന് തന്റെ തിയേറ്ററിന്റെ പേര് എടുത്തു മാറ്റുകയായിരുന്നില്ല വേണ്ടതെന്നും ഗിരിജ പറയുന്നു. കുറഞ്ഞ നിരക്കില്‍ ആളുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റ് സ്വന്തമായി തുടങ്ങുന്നതിനുള്ള ആലോചനയിലാണ് താനെന്നും ഗിരിജ കൂട്ടിച്ചേര്‍ത്തു

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT