Film News

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍. വാക്കുകൾ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വേഫെറര്‍ ഫിലിംസ് അറിയിച്ചു.

“ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. മറ്റെന്തിനേക്കാളും ജനങ്ങള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ഈ സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു”, എന്നാണ് സോഷ്യല്‍ മീഡിയയില്‍ വേഫെറര്‍ ഫിലിംസ് കുറിച്ചിരിക്കുന്നത്.

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് ഡൊമിനിക്കും ശാന്തി ബാലചന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

ലുലു ഗ്രൂപ്പ്‌ ആസ്ഥാനം സന്ദർശിച്ച് ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’: 18 രാജ്യക്കാർ ഒത്തു ചേർന്ന ഓണാഘോഷം ദുബായിൽ

"ലോക ഫ്രാഞ്ചൈസിയിൽ അഞ്ച് സിനിമകൾ വേണമെന്ന് തീരുമാനിക്കുന്നത് ദുൽഖറിനോട് കഥ പറഞ്ഞതിന് ശേഷം"

ബോക്സ് ഓഫീസ് പവർ കാട്ടി 'സൂപ്പർവുമൺ'; മികച്ച കളക്ഷനുമായി 'ലോക'

'സമ്മർദം താങ്ങാനാകുന്നില്ല'; സിനിമാ നിർമ്മാണം നിർത്തുന്നതായി വെട്രിമാരൻ

SCROLL FOR NEXT