
ലോകത്ത് ഏറ്റവും കൂടുതല്‍ പേർ ഓണമാഘോഷിക്കുന്നത് കേരളത്തില്‍ മാത്രമല്ല, യുഎഇയില്‍ കൂടിയാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. യുഎഇയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വിവിധ രാജ്യക്കാർ ചേർന്നാണ് ഓണം ആഘോഷിക്കുന്നത്. 'ഒരോണം, ഒരാത്മാവ്, ഒരു കുടുംബം' എന്ന പ്രമേയത്തിലാണ് ഇന്ത്യന്‍ ഉടമസ്ഥതയിലുളള ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ ഓഷ്യന്‍ ഓണാഘോഷം സംഘടിപ്പിച്ചത്. 18 രാജ്യങ്ങളില്‍ നിന്നുളളവർ ആഘോഷത്തിന്‍റെ ഭാഗമായി. എമിറാത്തികള്‍ ഉള്‍പ്പടെ ഓരോ രാജ്യക്കാരും അവരവരുടെ തനത് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരുന്നു ഓണാഘോഷത്തിലേക്ക് എത്തിയത്.
ഒരു സ്ഥാപനത്തിലെ വിവിധ രാജ്യക്കാരെ ഒരുമിച്ച് ഓണാഘോഷത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് സി.എ.ഒ ഡോ. സത്യ മേനോൻ പറഞ്ഞു. ഓരോ രാജ്യക്കാരും അവരവരുടെ തനത് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് എത്തിയതായിരുന്നു ഇത്തവണത്തെ പ്രത്യേകത.മാവേലിയും ചെണ്ടമേളവും വടംവലിയും വ്യത്യസ്ത ദേശീയതകളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞവർഷവും ഓണം ആഘോഷിച്ചു, ഇത്തവണ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരുടെ പാരമ്പര്യവും ഓണാഘോഷത്തിലേക്ക് എത്തിയത് കൂടുതല്‍ ഹൃദ്യമായെന്ന് ഈജിപ്തുകാരനായ ആദിൽ കെനാനി പറഞ്ഞു. ഓണാഘോഷം ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ലബനനിൽ നിന്നുള്ള മനാൽ താഹ പറഞ്ഞു. ഒരുമിച്ച് നില്‍ക്കുകയെന്നുളളതാണ് ശക്തി, ഒരുമിച്ച് മുന്നേറുമ്പോള്‍ വളർച്ചയും വിജയവും നിറഞ്ഞ ഒരു സംസ്കാരം സൃഷ്ടിക്കുന്നുവെന്ന് ഓരോ അവസരവും നമ്മെ ഓർമിപ്പിക്കുന്നുവെന്നും ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ അസീസ് പറഞ്ഞു. യു.എ.ഇ, ഈജിപ്ത്, അൾജീരിയ, കാനഡ, ഇന്ത്യ, സൗദി അറേബ്യ, ലെബനൻ, നേപ്പാൾ, ഫിലിപ്പീൻസ്, സുഡാൻ, സ്വീഡൻ, സിറിയ, ടുണീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തു.