
ദുൽഖർ സൽമാനോട് ലോകയുടെ കഥ പറഞ്ഞതിന് ശേഷമാണ് ഈ ഫ്രാഞ്ചൈസിയിൽ 5 സിനിമകൾ വേണം എന്ന തീരുമാനം ഉറപ്പിക്കുന്നത് എന്ന് സംവിധായകൻ ഡൊമിനിക് അരുണും ഛായാഗ്രാഹകൻ നിമിഷ് രവിയും. കിങ് ഓഫ് കൊത്തയുടെ സെറ്റിൽ വെച്ചാണ് നിമിഷ് ലോകയുടെ ഐഡിയ ദുൽഖറുമായി ഷെയർ ചെയ്യുന്നത്. അദ്ദേഹം കേൾക്കാം എന്ന് പറഞ്ഞതിന് ശേഷം പിന്നെ ആരോടും തങ്ങൾ കഥ പറഞ്ഞിട്ടില്ലെന്നും നിമിഷ്, ഡൊമിനിക് അരുൺ എന്നിവർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
നിമിഷ് രവി, ഡൊമിനിക് അരുൺ എന്നിവരുടെ വാക്കുകൾ
ഞങ്ങൾ ഒരുപാട് പ്രൊഡക്ഷൻ ഹൗസുകളിലേക്ക് ഈ സിനിമയും കൊണ്ട് പോയി. എല്ലാവർക്കും പല പല ഡിമാൻഡുകൾ ആയിരുന്നു. ആ പ്രോസസ് ഒരു വഴിക്ക് നടക്കുമ്പോൾ ഞാൻ ആ സമയം കിങ് ഓഫ് കൊത്ത ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ദുൽഖർ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ദുൽഖറിനോട് ഇങ്ങനെ ഒരു പരിപാടിയുണ്ട് എന്ന് പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ദുൽഖർ ചോദിച്ചു, നിങ്ങൾ എന്തിനാണ് ഇത്രയും നല്ല പരിപാടികൾ മറ്റുള്ളവർക്ക് കൊടുക്കുന്നത്, നമുക്ക് തന്നൂടേ എന്ന്. അതിന് ശേഷം ഞങ്ങൾ വേറെ ആരോടും ഇത് പോയി പറഞ്ഞിട്ടില്ല.
ദുൽഖറിനോട് നരേറ്റ് ചെയ്തതും ഭയങ്കര രസമായിരുന്നു. തുടക്കത്തിൽ കുറച്ച് സ്ലോ ആയി ഇന്റർവെൽ എത്തിയപ്പോഴാണ് കുറച്ച് വലുതാകുന്നത്. അത് കേട്ടപ്പോൾ പുള്ളിക്ക് സമാധാനമായി. അപ്പോഴാണ് മമ്മൂക്ക അവിടേക്ക് വരുന്നത്. എന്നിട്ട് പറഞ്ഞു, എനിക്ക് എന്റെ മകന്റെ കൂടെ ഭക്ഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന്. അങ്ങനെ ആ ദിവസം പോയി. പിന്നെ അടുത്ത ദിവസം ബാക്കി കൂടി പറഞ്ഞു. അപ്പോൾ തന്നെ പുള്ളി ഓക്കെയാണ് എന്ന് പറഞ്ഞിരുന്നു. ദുൽഖറുമായുള്ള മീറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഈ ഫ്രാൻഞ്ചൈസിയിൽ 5 സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത്. പ്ലേസ് ചെയ്യുന്നെങ്കിൽ അതിനെല്ലാം കൃത്യമായ കഥ വേണം എന്ന് പറയുന്നത് അദ്ദേഹമാണ്.