
ചലച്ചിത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി സംവിധായകൻ വെട്രിമാരന്‍. വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന 'ബാഡ് ഗേള്‍' എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരൻ്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിക്കുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ഇതെന്നാണ് വെട്രിമാരന്‍ അറിയിച്ചിരിക്കുന്നത്. ബാഡ് ഗേളും' അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'മാനുഷി'യും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തർക്കങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വെട്രിമാരൻ പറയുന്നത്.
'നിര്‍മ്മാതാവായതിനാല്‍ ഞാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിനുമേലുള്ള അധിക സമ്മര്‍ദമാകും ഇത്. 'മാനുഷി' ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.
'ബാഡ് ഗേളിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അതിനെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായി. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായതാണ്. അതുകൊണ്ട് തന്നെ നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.' വെട്രിമാരൻ പറഞ്ഞു.