മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബ്രോമാൻസ്'. സുഹൃത്തിന്റെ തിരോധാനവും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കുടുംബ പശ്ചാത്തലത്തില്‍ എത്തിയ കോമഡി ചിത്രം ജോ ആന്റ് ജോയിലൂടെയാണ് അരുൺ ഡി ജോസ് അഥവാ എ.ഡി.ജെ എന്ന സംവിധായകൻ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ തന്നെ താരമൂല്യമില്ലാത്ത അഭിനേതാക്കളെക്കൊണ്ട് ഹിറ്റടിക്കുക നിസ്സാര കാര്യമല്ല. പക്ഷേ, നസ്‌ലനും മാത്യുവും ഒപ്പം നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ മികച്ച വിജയമാണ് നേടിയത്.
എ.ഡി.ജെ രണ്ടാമത്തെ സംവിധാന സംരംഭമായ 18+ ലേക്ക് കടക്കുമ്പോഴും കൗമാരക്കാരുടെ ജീവിതം തന്നെയാണ് സ്ക്രീനിൽ എത്തിച്ചത്. നസ്ലെനും മാത്യുവും മീനാക്ഷിയും സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബോയും അനുവിനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് കോമഡി ഡ്രാമയായിരുന്നു 18+ ജേർണി ഓഫ് ലവ്. കൗമാരക്കാരുടെ ഒളിച്ചോട്ടത്തെയും അതിനു പിന്നിലെ പൊല്ലാപ്പുകളെയും രസകരമായി സമീപിക്കുമ്പോഴും, വെറും റോം കോമിൽ മാത്രം ഒതുക്കാതെ വടക്കൻ കേരളത്തിലെ ജാതി പ്രശനങ്ങളെയും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. പുരോഗമന സമൂഹത്തിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി സ്പിരിറ്റിനെ 18+ കൃത്യമായി എക്സ്പോസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ഈ രണ്ട് സിനിമകളുടെ വിജയ ഫോർമുലയും എക്സ്പീരിയൻസുമായാണ് എ.ഡി.ജെ തൻ്റെ പുതിയ ചിത്രമായ ബ്രോമൻസിലേക്ക് എത്തുന്നത്. യുവാക്കളുടെ ജീവിതവും അവിടെയുണ്ടാകുന്ന വഴിത്തിരിവുകളുമായാണ് ബ്രോമാൻസിലും പ്രമേയമാകുന്നത്. സിനിമയുടെതായി കുറച്ചു ദിവസം മുൻപെത്തിയ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്‌ലറും പുതുമയുള്ളതാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുന്നത് എ.ഡി.ജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്.