ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോടു കൺമണി’യുടെ ട്രെയിലർ പുറത്തുവിട്ടു. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികൾക്ക് നേരിടുന്ന പ്രശ്നങ്ങളാണ് ട്രെയ്‌ലറിൽ അവതരിപ്പിക്കുന്നത്. രസകരമായ നർമ്മ മുഹൂർത്തങ്ങളോടൊപ്പം ഗൗരവമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാഴ്ചകൾ സൂചന നൽകുന്നു.അൻപോടു കൺമണി ജനുവരി 24 ന് തിയറ്ററുകളിലെത്തും.
ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. പ്രമുഖ താരങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. രസകരമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്ന ട്രെയ്‌ലർ പോലെ ‘അൻപോടു കൺമണി’ യിലെ ടീസറും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അൻപോടു കൺമണി എന്ന സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയം യഥാർത്ഥത്തിൽ സിനിമയുടെ എഴുത്തുകാരന് സംഭവിച്ചതാണെന്ന് നടൻ അർജുൻ അശോകൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ നവദമ്പതികൾ അനുഭവിക്കുന്ന അവസ്ഥയാണ് സിനിമയിൽ പറഞ്ഞു പോകുന്നത്. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കകം എന്താണ് കുട്ടികൾ ആകാത്തത് എന്ന ചോദ്യം ഉയരും. ആരുടെയെങ്കിലും കുഴപ്പമാണോ എന്ന രീതിയിലായിരിക്കും പിന്നീട് ചോദ്യങ്ങളുണ്ടാകുക. അങ്ങനെ ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമയിലുള്ളത്. സിനിമയുടെ റൈറ്റർക്ക് യഥാർത്ഥത്തിൽ നേരിട്ട പ്രശ്നമാണിത്. അദ്ദേഹം മൂന്നു നാല് വർഷം കൊണ്ട് അനുഭവിച്ചത് നമ്മൾ രണ്ടര മണിക്കൂറിൽ അവതരിപ്പിക്കുകയാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ അശോകൻ പറഞ്ഞു. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍.