നടന് ആന്റണി വര്‍ഗീസ് പെപ്പെ സിനിമ ചെയ്യാനായി അഡ്വാന്‍സ് വാങ്ങിയിട്ട് ചിത്രീകരണത്തിന് തൊട്ട് മുന്‍പ് പിന്മാറിയെന്ന ആരോപണവുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ജൂഡിന്റെ അസോസിയേറ്റ് ചെയ്യാനിരുന്ന സിനിമയ്ക്ക് വേണ്ടി നിര്‍മാതാവിന്റെ കൈയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങി ആന്റണി പെങ്ങളുടെ കല്യാണം നടത്തിയെന്നും പിന്നീട് ചിത്രം തുടങ്ങുന്നതിന് പതിനെട്ടു ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്നും ജൂഡ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആ നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയും തന്റെ മുമ്പില്‍ വന്നു കരഞ്ഞു എന്നാല്‍ പെപ്പെ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്യുകയായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പെപ്പെ ആ കാശ് തിരികെ കൊടുത്തതെന്നും ചിത്രം സംവിധാനം ചെയ്യാനിരുന്ന തന്റെ അസോസിയേറ്റിന് ചീത്തപ്പേര് വരേണ്ട എന്ന് വിചാരിച്ച് ഇതുവരെ പ്രതികരിക്കാതിരുന്നതാണെന്നും ജൂഡ് പറയുന്നു.
'2018 എവെരിവണ്‍ ഈസ് എ ഹീറോ' എന്ന സിനിമായാണ് ജൂഡിന്റേതായി ഇപ്പോള്‍ പുറത്തിറങ്ങിയ സിനിമ. കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ടൊവിനോ തോമസ്, തന്വി റാം, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്, ലാല്‍ നരേന്, ശിവദ, സുധീഷ് തുടങ്ങി നീണ്ട താരനിരയുമായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. മലയാള സിനിമയില്‍ ഇടക്കാലത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ചിത്രം മികച്ച രീതിയില്‍ കളക്ഷനും നേടുകയാണ്.