Film News

'അന്ന് ഞാൻ കരഞ്ഞ വേദന എനിക്ക് അറിയാം'; വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് നേരിട്ടെത്തി സഹായം നൽകി ജയറാം

ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായം നൽകാൻ നേരിട്ടെത്തി നടന്‍ ജയറാം. അബ്രഹാം ഓസ്ലർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കിയത്. കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് അ‍ഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജയറാം കെെമാറിയത്. ആറ് വർഷങ്ങൾക്ക് മുമ്പ് സമാന അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും അന്ന് ഒറ്റയടിക്ക് ചത്ത് വീണത് തന്റെ ഇരുപത്തിനാലോളം പശുക്കൾ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ആ കുഞ്ഞുങ്ങളുടെ വേദന തനിക്ക് മനസ്സിലാകുമെന്നും സംഭവത്തെക്കുറിച്ച് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കി വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയ 13 കന്നുകാലികൾ ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണു ചത്തത് വാർത്തായിരുന്നു. മാത്യു, സഹോദരങ്ങളായ ജോർജ്, റോസ് മേരി, അമ്മ ഷൈനി എന്നിവരുടെ ഏക ഉപജീവനമാർഗമായിരുന്നു ആ പശുക്കൾ. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കുട്ടികര്‍ഷകര്‍ക്കു സഹായവുമായി ജയറാം എത്തിയത്.

ജയറാം പറഞ്ഞത്:

ഒരു പശുവിൽ നിന്ന് തുടങ്ങി ഏകദേശം ഇരുപത് വർഷത്തോളമായിട്ട് തരക്കേടില്ലാത്തൊരു വലിയ കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ഒരാളാണ് ഞാനും. 2005 ലെയും 2012 ലെയും കേരളാ ​ഗവൺമെന്റിന്റെ രണ്ട് തരത്തിലുള്ള ക്ഷീര കർഷകനുള്ള അവർഡ് നേടിയിട്ടുള്ള ഒരാളുമാണ് ഞാൻ. പശുക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ടും എന്നാൽ നമ്മൾ അതിലൂടെ അനുഭവിക്കുന്ന സന്തോഷവും ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരാളുമാണ് ‍ഞാൻ. ഷൂട്ടിം​ഗ് ഇല്ലാത്ത സമയത്ത് ഭൂരിഭാ​ഗം സമയവും ഞാൻ ചിലവഴിക്കുന്നത് എന്റെ ഫാമിലാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു 6 - 7 വർഷങ്ങൾക്ക് മുമ്പ് ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടായ സമാന അനുഭവം എനിക്കുണ്ടായിട്ടുണ്ട്. എന്റെ ഏകദേശം ഇരുപത്തിനാലോളം പശുക്കളാണ് ഒരു നിമിഷം കൊണ്ട് വയറു വീർത്ത് ഇതേ പോലെ ചത്ത് വീണത്. എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. നമുക്ക് ഇരുന്ന് കരയാൻ അല്ലേ പറ്റുള്ളൂ. നമ്മൾ ഓമനിച്ച് വളർത്തുന്നതില്ലേ? പെട്ടന്ന് അതിന്റെ നാവിൽ നിന്ന് നുര പോലെ വരുന്നു, വയറ് വീർക്കുന്നു, നാല് പിടയല് പിടയുന്നു, അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞാനും വെെഫും ഒരുപാട് കരഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ കുഞ്ഞുങ്ങളുടെ വിഷമം എന്താണ് എന്ന് എനിക്ക് മനസ്സിലാവും. പിന്നീട് നടന്ന പരിശോധനകളിൽ വിഷബാധയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എന്തിൽ നിന്നാണ് വിഷബാധ എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.ആ പത്തിരുപത് പശുക്കളെ ജെസിബിയിൽ കൊണ്ട് വന്ന് കുഴിച്ചു മൂടുമ്പോൾ അവിടിരുന്ന് അന്ന്. അതുകൊണ്ട് ഈ കുഞ്ഞുങ്ങളെ ഒന്ന് നേരിട്ട് കാണണം. ഒന്ന് അവരെ സമാധാനിപ്പിക്കണം എന്ന് തോന്നി, അത്രേയുള്ളൂ. അതിനാണ് ഞാൻ പോകുന്നത്. മാത്രമല്ല കഴിഞ്ഞ ഒരു ഏഴ് വർഷമായിട്ട് കേരള ​ഗവൺമെന്റിന്റെ കേരള ഫീഡ്സിന്റെ ബ്രാന്റ് അംബാസിഡർ കൂടിയാണ് ഞാൻ. കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നൽകുന്നത്. ഈ കുഞ്ഞുങ്ങൾക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ചിഞ്ചു റാണി മാമിനെ എനിക്ക് വിളിക്കുകയും ചെയ്യണം.

ഞായറാഴ്ച വൈകീട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മാത്യുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു; മാരി,വിശ്വാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രതിഭ

സുരേഷ് ഗോപി വീണത് വിദ്യയാക്കരുത്; പ്രജകളല്ല, ജനങ്ങളാണ്

മൂക്കിലൂടെ കയറിയ വെള്ളത്തിൽ അമീബ ഉണ്ടെങ്കിൽ റിസ്ക് ആണ് | Dr. Rajeev Jayadevan Interview

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

SCROLL FOR NEXT