

പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള വികസന സങ്കല്‍പങ്ങള്‍, ഇതൊക്കെയായിരുന്നു പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ മാധവ് ഗാഡ്ഗില്‍ നല്‍കിയ സംഭാവനകള്‍. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് ഒരുപക്ഷേ ഗാഡ്ഗിലിന്റേത് ആയിരിക്കും. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി പഠനം നടത്താന്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ തലവന്‍. ആ സമിതി നല്‍കിയ റിപ്പോര്‍ട്ടിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നായിരുന്നു പേര്. എന്നാല്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഒരാള്‍ കൂടിയായി ഈ റിപ്പോര്‍ട്ടിലൂടെ അദ്ദേഹം മാറി. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടി എടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും 2013ല്‍ അദ്ദേഹം പറഞ്ഞത് പ്രവചനം പോലെയായിരുന്നു. ആ ദുരന്തത്തിന് നാലോ അഞ്ചോ വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018ലെ മഹാപ്രളയം ആ പ്രവചനം പോലെ തന്നെയാണ് സംഭവിച്ചതും. പരിസ്ഥിതി സൗഹൃദമായ വികസനത്തിന് അടക്കം ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് വിടവാങ്ങിയിരിക്കുന്നത്.
1942ല്‍ പൂനെയിലാണ് ഗാഡ്ഗില്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫെര്‍ഗൂസന്‍ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ തന്നെ ബിരുദാനന്തര ബിരുദം. പിന്നീട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്കല്‍ ഇക്കോളജിയില്‍ ഗവേഷണം നടത്തി. 1969ല്‍ പിഎച്ച്ഡി നേടിയതിന് ശേഷം ഹാര്‍വാര്‍ഡ് കമ്പ്യൂട്ടിംഗ് സെന്ററില്‍ റിസര്‍ച്ച് ഫെല്ലോ ആയി പ്രവര്‍ത്തിക്കുന്നതിനായുള്ള ഐബിഎം ഫെല്ലോഷിപ്പ് നേടി. സ്റ്റാഫോര്‍ഡ്, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.
1971ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി അഗാര്‍ക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിഫിക് ഓഫീസറായി പ്രവേശിച്ചു. 1973ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശിച്ചു. 2004ല്‍ അദ്ദേഹം അതിന്റെ ചെയര്‍മാനായാണ് വിരമിച്ചത്. 2002ല്‍ ഇന്ത്യയുടെ ജൈവവൈവിധ്യ നിയമത്തിന്റെ കരട് തയ്യാറാക്കി. ഇരുന്നൂറിലേറെ പ്രബന്ധങ്ങളും പത്തോളം പുസ്തകങ്ങളും വിവിധ വിഷയങ്ങളിലായി രചിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും വിവാദവും
ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തില്‍ പഠനം നടത്തുന്നതിനായി രൂപീകരിച്ച സമതി 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിലെ ഏതാനും ചില പരാമര്‍ശങ്ങള്‍ വിവാദമായി മാറി. പശ്ചിമഘട്ടത്തിലെ കാലാവധി അവസാനിച്ച ഡാമുകളും താപനിലയങ്ങളും ഘട്ടം ഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണം, പുതുതായി ഖനനങ്ങള്‍ക്ക് അനുമതി നല്‍കരുത്. 2016ഓടെ നിലവിലുള്ള ഖനനങ്ങള്‍ നിര്‍ത്തണം, സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ വ്യാപകമായി പലതരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടുകയും കര്‍ഷക സംഘടനകള്‍ അടക്കം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്തു.
പരിസ്ഥിതി തീവ്രവാദിയെന്ന പേരില്‍ കേരളത്തില്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. പരിസ്ഥിതി വാദികള്‍ എന്ന് അറിയപ്പെടുന്നവര്‍ വനത്തെയും വന്യജീവികളെയും മാത്രം സംരക്ഷിക്കാന്‍ വാദിക്കുന്നവര്‍ എന്ന പൊതുബോധം നിലനില്‍ക്കുമ്പോളാണ് രാജ്യത്തെ വന്യജീവി സംരക്ഷണ നിയമം ജനവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമുള്ള ആവശ്യവുമായി മാധവ് ഗാഡ്ഗില്‍ രംഗത്തു വരുന്നത്. കാട്ടുപന്നി ശല്യം കേരളത്തില്‍ അടക്കം കര്‍ഷകരെ രൂക്ഷമായി ബാധിച്ചു കൊണ്ടിരിക്കുന്ന സമയം. വന്യജീവി നിയമത്തില്‍ കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ് ഏറ്റവും യുക്തിരഹിതമെന്ന് ഗാഡ്ഗില്‍ പറഞ്ഞു. വന്യജീവി സമ്പത്ത് അടക്കമുള്ള പ്രകൃതി സ്രോതസ്സുകളെ ശരിയായ രീതിയില്‍ പരിപാലിക്കാനുള്ള വ്യവസ്ഥകള്‍ കൊണ്ടുവരണം എന്നായിരുന്നു അദ്ദേഹം 2022ല്‍ ആവശ്യപ്പെട്ടത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയാള്‍ എന്ന നിലയിലാണ് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കേരളത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ പരിസ്ഥിതിയും സുസ്ഥിര വികസനവും സംബന്ധിച്ച് ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശാസ്ത്രജ്ഞന്‍ ആയിരുന്നു അദ്ദേഹം. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്‍.