രാജ്യത്തെ പിടിച്ചു കുലുക്കിയ ആക്രമണമായിരുന്നു ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണം. രാജ്യത്തെ നടുക്കിയ ആക്രമണത്തിന് ശേഷം വളരെ വൈകിയാണ് നടൻ ആമിർ ഖാൻ ആക്രമണത്തെ അപലപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയത്. സോഷ്യൽ മീഡിയ വഴി എല്ലാ താരങ്ങളും ആക്രമണത്തെ അപലപിച്ച സാഹചര്യത്തിലും ആമിർ ഖാൻ പ്രസ്താവന വൈകിച്ചത് വലിയ ചർച്ച സൃഷ്ടിക്കുകയും ആമിർ ഖാൻ പ്രൊഡക്ഷൻസിനെതിരെ ബോയ്കോട്ട് ഹാഷ്ടാഗുകൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ട് തന്റെ പ്രസ്താവന വൈകി എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് ആമിർ ഖാൻ. എല്ലാ ഇന്ത്യക്കാരെപ്പോലെ പഹൽഗാമിൽ നടന്ന ആക്രമണം തനിക്കുള്ളിലും രോഷവും വേദനയും സൃഷ്ടിച്ചുവെന്നും എന്നാൽ സോഷ്യൽ മീഡിയയിൽ താൻ ഇല്ലാത്തത് കാരണമാണ് പ്രതികരണം വൈകിയതെന്നും ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.
ആമിർ ഖാൻ പറഞ്ഞത്:
പഹൽഗാമിൽ സംഭവിച്ച തീവ്രവാദി ആക്രമണം ഹീനമായ ഒരു പ്രവർത്തിയാണ്. ഇതിൽ നിന്നും അവരുടെ ഭീരുത്വമാണ് വെളിവാകുന്നത്. ഭീരുക്കളാണ് ഇത് ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് നുഴഞ്ഞ് കയറിയ തീവ്രവാദികൾ സാധാരണക്കാരായ മനുഷ്യരുടെയും കുടുംബത്തിനും നേരെയാണ് വെടിയുതിർത്തത്. അവിടെ ഞാനോ നിങ്ങളോ ഒക്കെ ഉണ്ടാകാമായിരുന്നു. അതും അവരുടെ മതം ചോദിച്ച ശേഷമാണ് അത് ചെയ്തത്. എന്താണ് ഇതിന്റെയൊക്കെ അർത്ഥം. ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ ആളുകൾ അപ്പോൾ തന്നെ അവരുടെ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. പക്ഷേ ഞാൻ സോഷ്യൽ മീഡിയയിൽ ഉള്ള ആളല്ല. എന്നാൽ ഞാനൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് അവിടെ വച്ച് ഈ സംഭവത്തെക്കുറിച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ പ്രതികരണം അറിയിച്ചിരുന്നു.ഈ ആക്രമണം നമ്മുടെ രാജ്യത്തിന് നേരെ മാത്രമല്ല നമ്മുടെ നാടിന്റെ ഐക്യത്തിന് നേരെ കൂടി നടന്ന ആക്രമണമാണ്. അവർ നടത്തിയ ആ ഹീനമായ പ്രവർത്തിക്ക് തക്കതായ മറുപടി അവർക്ക് ഇപ്പോൾ കിട്ടിക്കഴിഞ്ഞിരിക്കുന്നു.
എല്ലാ ഇന്ത്യക്കാരെയും പോലെ എന്റെ ഉള്ളിലും ആ ആക്രമണം ദേഷ്യവും വേദനയും ഉണ്ടാക്കി. കുറേ ദിവസത്തോളം ഞാൻ വിഷാദത്തിൽ ആയിരുന്നു. ദിവസങ്ങളോളം ഞാൻ വീടിന് പുറത്തേക്ക് പോലും ഇറങ്ങിയില്ല. എന്റെ ദേശസ്നേഹം നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് എന്റെ ജോലിയിലാണ്. രംഗ് ദേ ബസന്തി (2006), ലഗാൻ (2001), സർഫരോഷ് (1999) തുടങ്ങിയ സിനിമകളെല്ലാം നോക്കൂ. ഏറ്റവും കൂടുതൽ രാജ്യസ്നേഹം പ്രതിഫലിക്കുന്ന സിനിമകൾ ഞാൻ ആണ് ഇവിടെ ചെയ്തിട്ടുള്ളത്.
സിത്താരേ സമീൻ പർ ആണ് അടുത്തതായി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന പുതിയ ആമിർ ഖാൻ ചിത്രം. ചിത്രം ജൂൺ 20 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്.