മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ആറാട്ട് ഒക്ടോബര്‍ 14ന്. ഓണം റിലീസായി ആലോചിച്ചിരുന്ന ആറാട്ട് കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ റിലീസ് മാറ്റുകയായിരുന്നു. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയില്‍ പുറത്തുവരുന്ന ബിഗ് ബജറ്റ് എന്റര്‍ടെയിനര്‍ കൂടിയാണ് ആറാട്ട്.
കൊവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും വലിയ മുതല്‍മുടക്കില്‍ ചിത്രീകരിച്ച മലയാള ചിത്രവുമാണ് ആറാട്ട്. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തിയ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. ഏ.ആര്‍ റഹ്മാന്‍ തന്റെ പ്രശസ്തമായ ഒരു ഗാനം ആറാട്ടിനായി റീമിക് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. റഹ്മാന്‍ മോഹന്‍ലാലിനൊപ്പം ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
മോഹന്‍ലാലിനെ കൂടാതെ നെടുമുടി വേണു, സിദ്ദീഖ്, വിജയരാഘവന്‍, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഷീല, നന്ദു, മാളവിക എന്നിവരും ചിത്രത്തിലുണ്ട്. ഏറെ കാലത്തിന് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ആറാട്ട്
മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ആറാട്ടില്‍ ഉള്ളത് . യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗവുമായിരിക്കും ആറാട്ടിലേത്. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.
ബെന്‍സ് കാറില്‍ പുറകിലെ സീറ്റില്‍ നിന്ന് കൂളിംഗ് ഗ്ലാസും ചുവന്ന ഷര്‍ട്ടുമായി എഴുന്നേല്‍ക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പിന്നില്‍ നിന്നുള്ള ഫോട്ടോയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കായി പുറത്തുവന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ് ആറാട്ട്.
വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ഷനും. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.
സീനിയര്‍ അഭിനേതാവായ രവികുമാറാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോളില്‍. വരിക്കാശേരി മനയിലും 12 ദിവസത്തോളം ആറാട്ട് ചിത്രീകരിച്ചിരുന്നു. നരസിംഹം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ഫ്രോഡ്, എന്നീ സിനിമകള്‍ക്ക് ശേഷം വരിക്കാശേരിയില്‍ ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രവുമാണ് ആറാട്ട്.