

ഫീല്‍ ഗുഡ് മൂവിയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നിവിന്‍ പോളി.സർവ്വം മായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും നിവിന്‍ പോളി ദുബായില്‍ പറഞ്ഞു. ഒരു അഭിനേതാവിനെന്ന നിലയില്‍ പല കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു, അഭിനേതാവെന്ന രീതിയില്‍ വളരണമെങ്കില്‍ അത് ആവശ്യവുമായിരുന്നു. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യും. എന്നാല്‍ കുറച്ചുനാള്‍ ഈ രീതിയിലുളള സിനിമകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. അഖില്‍ സത്യനുമായി നേരത്തെ ചർച്ചകള്‍ തുടങ്ങിയിരുന്നു. നന്നായി രസിച്ച് ചെയ്ത സിനിമയാണ് സർവ്വം മായയെന്നും നിവിന്‍ പറഞ്ഞു.
അജുവുമൊത്ത് ജോലി ചെയ്യുകയെന്നുളളത് എപ്പോഴും സന്തോഷമുളള കാര്യമാണ്. ഇരുവരുമൊരുമിച്ച് വരുന്ന സിനിമകളില്‍ നല്ല കെമിസ്ട്രി വർക്കാവാറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് അജുവുമൊത്തൊരു സിനിമ വരുന്നത്. സിനിമയിലുളള സുഹൃത്തെന്നതിനേക്കാള്‍ ഉപരി സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്താണ്, അതും ഒരുമിച്ചുളള രംഗങ്ങളില്‍ ഗുണം ചെയ്തുവെന്നും നിവിന്‍ പറഞ്ഞു.
എല്ലാ അഭിനേതാവിന്‍റെ കരിയറിലും ഉയർച്ച താഴ്ചകളുണ്ടാകും. തന്നെ സംബന്ധിച്ച് കരിയറിന്‍റെ തുടക്കത്തില്‍ നല്ല വിജയങ്ങളുണ്ടായി. പിന്നീട് പരാജയങ്ങളും. വിമർശനങ്ങള്‍ അംഗീകരിച്ചുതന്നെ മുന്നോട്ടുപോകും. ആക്ഷന്‍ ഹീറോ ബിജുവിന്‍റെ രണ്ടാം ഭാഗം ആലോചിച്ചിരുന്നു. ചില ആശയകുഴപ്പങ്ങളുണ്ട്. അത് പരിഹരിക്കപ്പെട്ടാല്‍ രണ്ടാം ഭാഗമുണ്ടാകും. പൊളിറ്റിക്കല്‍ കറക്ട്നസ് എന്നത് ശ്രദ്ധിച്ചുതന്നെ ചെയ്യേണ്ടകാര്യമാണ്. ആരെയും വേദനിപ്പിക്കാത്ത രീതിയിലുളള സാഹചര്യങ്ങളും സംഭാഷണങ്ങളുമെല്ലാം വരട്ടെ.
സർവ്വംമായയിലെ ജനാർദ്ദനന്‍റെ കഥാപാത്രത്തെ കണ്ടാണ് ഹൃദയപൂർവ്വത്തിലെ റോളിലേക്ക് അദ്ദേഹത്തെ സത്യന്‍ അന്തിക്കാട് ക്ഷണിക്കുന്നതെന്ന് അഖില്‍ സത്യന്‍ പറഞ്ഞു. സർവ്വംമായയില്‍ നിവിന്‍ - ജനാർദ്ദനന്‍ കോംബോ നന്നായി വന്നുവെന്നാണ് കരുതുന്നതെന്നും അഖില്‍ പറഞ്ഞു. സിനിമയ്ക്ക് അപ്പുറത്ത് സൗഹൃദം തോന്നുന്ന വ്യക്തിത്വമാണ് നിവിന്‍റേത്. താനെഴുതുന്ന കഥാപാത്രങ്ങള്‍ സാധാരണക്കാരാണ്, അവർക്ക് ഇപ്പോള്‍ നിവിന്‍റെ മുഖമാണ്. അടുത്തവീട്ടിലെ പയ്യന്‍ എന്നുളളത് യഥാർത്ഥ്യമാണന്നും അഖില്‍ പറഞ്ഞു. പൊളിറ്റിക്കല്‍ കറക്ട്നസ് എന്നുളളത് നല്ല കാര്യമാണ്. പക്ഷെ അത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ചട്ടക്കൂടാണ്. കഥാപാത്രങ്ങള്‍ മറ്റുളളവർക്ക് വേണ്ടി സംസാരിക്കുന്ന തരത്തിലേക്ക് മാറും, അത് സിനിമയെ ബാധിക്കുമെന്നും അഖില്‍ സത്യന്‍ പറഞ്ഞു. ചിത്രത്തില്‍ പ്രേത കഥാപാത്രം ചെയ്ത റിയ ഷിബു, നിർമ്മാതാക്കളില്‍ ഒരാളായ രാജീവ്, കണ്ണന്‍ രവി എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.