Travelogue

ഹിമശൈല സൈകതഭൂമിയിൽ നിന്നും

എത്ര കണ്ടാലും ഇനിയും കാണാന്‍ ബാക്കിയുണ്ട്, എന്ന തോന്നലാണ് വീണ്ടും വീണ്ടും ഹിമാലയസാനുക്കളിലേക്കു യാത്ര പോവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അത്തരം ഓരോ യാത്രയും അപ്രതീക്ഷിതമായ ഒരുപാട് അനുഭവങ്ങളുടെ ഒരാഘോഷം തന്നെ സമ്മാനിക്കുന്നു. എന്ത് സംഭവിക്കും, എങ്ങനായാവും യാത്രയുടെ ഗതി എന്നൊന്നും പ്രവചിക്കാനാവാത്ത ആ അപ്രതീക്ഷിതത്വമാണ് വീണ്ടും ആ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്- വീണ്ടും അവിടേക്കുതന്നെ യാത്ര ചെയ്യാനുള്ള ഊര്‍ജം തരുന്നത്. ഒരു ദീര്‍ഘദൂര യാത്ര ഇന്ത്യയ്ക്കകത്തു നടത്താം എന്ന് എപ്പോള്‍ തീരുമാനിച്ചാലും ആദ്യം മനസ്സിലെത്തുക ഹിമാലയമാണ്. നൈനിത്താള്‍, പിത്തോര്‍ഗഡ് , ശ്രീനഗര്‍, സോനാമാര്‍ഗ്, കാര്‍ഗില്‍, ലേ , ലഡാക്, മേഘാലയ, അരുണാചല്‍, തവാങ്...ഓരോ ഹിമാലയന്‍ യാത്രയും സമ്മാനിച്ചത് ഒരു ജന്മം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ ഉള്ള അനുഭവങ്ങള്‍. അതിനാല്‍ ഇത്തവണയും യാത്രയുടെ ചിന്ത വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഹിമാവാന്‍ തന്നെ.

ഒരാഴ്ച- അതാണ് കൈയില്‍ ഉള്ള സമയം. ഏഴ് ദിവസത്തിനുള്ളില്‍ പോയി വരാന്‍ സാധിക്കുന്ന ഒരിടം- അതാണ് ടാര്‍ഗറ്റ്. കുറെ ഓപ്ഷനുകള്‍ നോക്കി- ഒടുവില്‍ നറുക്കു വീണത് ഡെഹ്‌റാഡൂണ്‍ - മസൂറി ഇരട്ടകള്‍ക്ക്. ഒട്ടും അമാന്തിക്കാതെ ടിക്കറ്റ് ബുക്കിങ് ആദ്യമേ നടത്തി- ടിക്കറ്റ് ബുക്ക് ചെയ്താല്‍ പിന്നെ പോകാതിരിക്കാനാവില്ലല്ലോ! അതാണ് ട്രിക്ക്. പിന്നാലെ അവധിയുടെ മുന്‍കൂര്‍ അപേക്ഷയും നല്‍കി, അതും ഉറപ്പിച്ചു- എല്ലാം സെറ്റ്. കോവിഡിനുമുമ്പേ പോയത് മേഘാലയ, അരുണാചല്‍ പ്രദേശായിരുന്നു. അതിനും മുന്‍പേ കശ്മീര്‍- അതിനാലാണ് ഇത്തവണ ഉത്തരാഖണ്ഡിലേക്കു പ്ലാന്‍ ചെയ്തത്. അനീഷിന്റെ സുഹൃത്തുക്കളുടെ ഒരു നിര തന്നെയുണ്ട് ഉത്തരാഖണ്ഡില്‍- അതുകൊണ്ടു താമസവും യാത്ര സൗകര്യങ്ങള്‍ ഏര്‍പാടാക്കലും മറ്റും അങ്ങനെയും സെറ്റ്. ദേവഭൂമി എന്ന പേരിലും അറിയപ്പെടുന്ന ഉത്തരാഖണ്ഡിന് കുറെയേറെ യാത്ര ഒപ്ഷന്‍സ് സമ്മാനിക്കാനുണ്ട്-അതാണ് ഏറ്റവും വലിയ പ്രശ്‌നം-ഏതു തിരഞ്ഞെടുക്കുമെന്ന പ്രശ്‌നം- ഏതുവേണം , ഏതുവേണ്ട എന്ന് തീരുമാനിക്കാന്‍ വിഷമമാണ് - അത്രയ്ക്കും ടെംപ്റ്റിംഗ് (tempting) ആണ് ഓരോ സ്ഥലവും. യാത്രാ ദിവസങ്ങള്‍ എങ്ങനെയെല്ലാം ചിലവഴിക്കാം എന്ന് നോക്കാന്‍ ഇന്റര്‍നെറ്റ് തിരഞ്ഞപ്പോള്‍ കിട്ടിയ ലിസ്റ്റ് ശരിക്കു പറഞ്ഞാല്‍ എന്നെ തകര്‍ത്തു കളഞ്ഞു.- ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്, നൈനിത്താള്‍, ഹരിദ്വാര്‍, ഋഷികേശ്, കേദാര്‍ നാഥ് , ബദരീനാഥ്, നന്ദദേവി നാഷണല്‍ പാര്‍ക്ക്, ടെഹ്രി, ഡെഹ്‌റാഡൂണ്‍ , മസൂറി അങ്ങനെ ആരെയും കൊതിപ്പിക്കുന്ന സ്ഥലങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്-ആകെ അഞ്ചു ദിവസവും ഇത്രയേറെ സാധ്യതകളും-മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍നോട് കണ്‍ഫ്യൂഷന്‍.

അനീഷിന്റെ ചില സുഹൃത്തുക്കളോടന്വേഷിച്ചപ്പോള്‍ ആദ്യം അവര്‍ നീട്ടിയത് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഒരു നീണ്ട കുറിപ്പടി. ദൈവത്തിലുള്ള വിശ്വാസം പണ്ടേതന്നെ നഷ്ടാപെട്ടതിനാല്‍ ആ ലിസ്റ്റില്‍ ഒരു ത്രില്ലും തോന്നിയില്ല. ഒന്നുകൂടി പരിശ്രമിച്ചപ്പോള്‍ അടുത്തത് കിട്ടി- ട്രെക്കിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് അങ്ങനെ സാമാന്യം ത്രില്ലടിപ്പിക്കുന്ന ഒന്ന്. കണ്ടതും, മനസ്സില്‍ ലഡ്ഡു പൊട്ടി- മറ്റൊന്നും നോക്കിയില്ല; അതുതന്നെ എന്ന് തീര്‍ച്ചയയാക്കി.

ആദ്യത്തെ ഡെസ്റ്റിനേഷന്‍ ഉറപ്പായി- ഋഷികേശ്! ഗംഗയില്‍ ഒരു കിടിലന്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്! അതിനുശേഷം ഡെഹ്‌റാഡൂണ്‍ - മസൂറി . ആളനക്കങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥലങ്ങളില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂട്ടുകാരോട് പറഞ്ഞേല്‍പ്പിച്ചു. അങ്ങനെ മാര്‍ച്ച് തുടക്കത്തില്‍ തന്നെ യാത്രയുടെ ബേസിക് സംഭവങ്ങളെല്ലാം ശരിയാക്കി- പിന്നീടങ്ങോട്ട് ഞങ്ങളുടെ കാത്തിരിപ്പുകളുടെ നാളുകള്‍- ഏപ്രില്‍ 4 നായി ഞങ്ങള്‍ മൂന്ന് പേര്‍ അനീഷ്, രഞ്ജു എന്ന നിരഞ്ചന്‍ പിന്നെ ഞാനും.

അങ്ങനെ ഒരു വെളുപ്പാൻ കാലത്ത് (ഒന്നാം ദിവസം)

അങ്ങനെ ഒരു വെളുപ്പാന്‍ കാലത്ത് രാവിലെ കൊച്ചിയില്‍ നിന്നും ഡല്‍ഹി- അവിടുന്ന് അടുത്ത ഫ്‌ലൈറ്റിനു ഡെറാഡൂണ്‍. ഏതാണ്ട് കൃത്യ സമയത്തു തന്നെ ഞങ്ങള്‍ ഡെറാഡൂണ്‍ എത്തി. നഗരത്തിനു പുറത്താണ് വിമാനത്താവളം. ശരിക്കു പറഞ്ഞാല്‍ ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഡെറാഡൂണ്‍ നഗരത്തിലെത്താന്‍ എടുക്കുന്നതിലും കുറഞ്ഞ സമയം കൊണ്ട് അവിടെ നിന്നും ഋഷികേശില്‍ എത്താം- വെറും ഇരുപതു കിലോമീറ്റര്‍ മാത്രമേയുള്ളൂ എയര്‍പോര്‍ട്ടില്‍ നിന്നും ഋഷികേശിലേക്ക്. നഗരത്തില്‍ മിക്കയിടത്തും ഓണ്‍ലൈന്‍ ടാക്‌സി സൗകര്യങ്ങള്‍ ലഭ്യമാണ്. ഋഷികേശ് ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. അതിനാല്‍ ഒരു ഊബര്‍ ബുക്ക് ചെയ്തു നേരെ അങ്ങോട്ടേക്ക് വിട്ടു. കുറച്ചധികം ദിവസങ്ങള്‍ എടുത്ത് പതുക്കെ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ വളരെ ഇക്കണോമിക്കല്‍ ആയ പല ഓപ്ഷന്‍സും ലഭ്യമാണ്. ബസ്സുകള്‍, ഷെയര്‍ ടാക്‌സി സൗകര്യങ്ങള്‍ മുതലായവ ഇവിടങ്ങളില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഈ യാത്രയില്‍ ഞങ്ങളുടെ പ്രധാന പരിമിതി സമയം ആയിരുന്നു-അതിനാല്‍ പ്രൈവറ്റ് ടാക്‌സിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. ഏതാണ്ട് അര- മുക്കാല്‍ മണിക്കൂറുകള്‍ കൊണ്ട് ഞങ്ങള്‍ ഋഷികേശില്‍ എത്തി.

ഞങ്ങളുടെ ഒരു സുഹൃത്ത് നേരത്തെ തന്നെ അവിടെ ഒരു സ്ഥലം ഏര്‍പ്പാടാക്കിയിരുന്നു- പക്ഷെ അവിടെ എത്തിയപ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്ക് അത്ര ഇഷടമായില്ല- നഗരത്തിനു നടുവില്‍ പ്രത്യേകിച്ച് ഒന്നും തന്നെ കാണണോ, ചെയ്യാനോ ഒന്നും ഇല്ലാത്ത ഒരു ഇടം. ആകെയുള്ള നാലഞ്ചു ദിവസങ്ങളില്‍ ഒരു രാത്രി ഒരു തൃപ്തിയും തോന്നാത്ത ഒരിടത്തു താമസക്കണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. മനസ്സിനിണങ്ങിയ ഒരു സ്ഥലത്തേക്ക് ചേക്കേറുകതന്നെ എന്ന് ഉറപ്പിച്ചു ഗൂഗിളില്‍ ഒരു തപ്പു തപ്പി.

ഋഷികേശില്‍ താമസസ്ഥലലങ്ങള്‍ക്കു ഒരു ക്ഷാമവുമില്ല. ഋഷികേശ്- റാംജൂല- തപോവന്‍ റൂട്ടില്‍ , രാംജൂലയില്‍ നിന്നും ഒരൊന്നൊന്നര കിലോമീറ്റര്‍ മാറി ' സ്വിസ് കോട്ടജ് ആന്‍ഡ് സ്പാ ബൈ സാല്‍വസ്' എന്ന ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തു. വേഗം തന്നെ അങ്ങോട്ട് മാറി. വൃത്തിയുള്ളതും, വിശാലമായ കാഴ്ചകളിലേക്ക് തുറന്നു വച്ച ബാല്‍ക്കണി ഉള്ളതുമായ ഒരു മുറിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. വളരെ ലളിതമായ ഒരു താമസസ്ഥലമായിരുന്നു അത്. റാംജൂല കഴിഞ്ഞു ഒരു ഒന്നര കിലോമീറ്റര്‍ കഴിഞ്ഞു വലതുവശത്തു മുകളിലേക്ക് കുത്തനെ കയറിപ്പോകുന്ന ഇടുങ്ങിയ ഒരു റോഡിലാണ് ഈ കോട്ടജ്. അവിടം വരെ കാര്‍ പോകാത്തതിനാല്‍ താഴെ റോഡില്‍ ഇറങ്ങി ഞങ്ങള്‍ നടന്നു കയറി. യാത്രകള്‍ക്ക് പൊതുവെ കുറച്ചു ലഗ്ഗേജ് മാത്രം എടുക്കുന്ന ശീലമുള്ളതിനാല്‍ ഞങ്ങളുടെ കൈയ്യില്‍ ചെറിയ ഓരോ ബാഗ് പാക്കുകളെ ഉണ്ടായിരുന്നുള്ളു. അതിനാല്‍ നടരാജ് മോട്ടോഴ്‌സില്‍ അഭയം പ്രാപിച്ചപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഇടുങ്ങിയ ഒരു കോണ്‍ക്രീറ്റ് റോഡ്- വളഞ്ഞുപുളഞ്ഞു ബ്ലൈന്‍ഡ് കര്‍വുകള്‍ നിറഞ്ഞ ആ വഴിയില്‍ ഗൂഗിള്‍ മാപ്പും, വായിലെ നാവും സമാസമം ഉപയോഗിച്ച് ഞങ്ങള്‍ സല്‍വാസിന്റെ കോട്ടജില്‍ എത്തി. ഒറ്റ നോട്ടത്തില്‍ ഒരു മള്‍ട്ടി ലയര്‍ പസില്‍ (multi-layer puzzle) പോലെ തോന്നിച്ചു അവിടം-അവിടവിടെയായി ഇടനാഴികള്‍- അതില്‍ നിന്നും മുകളിലേകതാഴേക്കും പടവുകള്‍-ഓരോ പടവും അവസാനിക്കുന്നത് ഓരോ വാതിലികളുടെ മുന്നില്‍- ഇരുളും, വെളിച്ചവും അവിടമാകെ ഒളിച്ചു കളിക്കുന്നു.പ്രാവുകളുടെ കുറുകലും , അടക്കിപ്പിടിച്ച ചില സംസാരങ്ങളും അവിടവിടെ നിന്നായി കേള്‍ക്കാം- ശബ്ദങ്ങള്‍ കേള്‍ക്കുന്നതല്ലാതെ ആരെയും എങ്ങും കാണാനില്ല. ഞങ്ങള്‍ വന്നപ്പോള്‍ ആകെ റിസെപ്ഷനില്‍ ഒരാളെ കണ്ടു- അയാള്‍ ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ മുറിയിലേക്ക് നയിച്ചു- പിന്നെ എങ്ങോട്ടെന്നില്ലാതെ അപ്ര്യത്യക്ഷനായി. ഞങ്ങളുടെ മുറിയ്ക്കു പുറത്തേക്കു തുറക്കുന്ന ഒരുവാതിലും, ഒരു ചെറു ബാല്കണിയും ഉണ്ടായിരുന്നു. ഗംഗയെയും, അതിനിരുവശവുമായി ഉയര്‍ന്നു നില്‍ക്കുന്ന ശിവാലിക് മലനിരകളെയും അഭിമുഖീകരിച്ചു ഒരു ബാല്‍ക്കണി. അല്‍പനേരം ആ മനോഹരമായ ദൃശ്യം ആസ്വദിച്ചു ഞങ്ങള്‍ അവിടെ വിശ്രമിച്ചു. പിന്നെ രാംജൂലായിലേക്കു നടന്നു.

ഋഷീകേശ് അത്യാവശ്യം ജനനിബിഡമായ ഒരു typical ഉത്തരേന്ത്യന്‍ ചെറു നഗരമാണ്. പൊടി നിറഞ്ഞ കുണ്ടും കുഴിയുമുള്ള ഇടുങ്ങിയ റോഡുകള്‍, ഈച്ചയാര്‍ക്കുന്ന കടകള്‍, കാലികളും (ഗോമാത), തെരുവ് നായകളും കറങ്ങി നടക്കുന്ന കവലകള്‍... ആദ്യ കാഴ്ചകളില്‍ നമ്മളെ impress ചെയ്യുന്ന ഒന്നും തന്നെയില്ല. മറിച്ച് മനം മടുപ്പിക്കുന്ന ദൃശ്യങ്ങളാണവ. Gateway to Garwal Himalayas എന്നൊരു വിശേഷണമുണ്ട് ഋഷീകേശിന്. ചാര്‍ധാം യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്. ബദരീനാഥ്. കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ഇടങ്ങളാണ് ഈ യാത്രയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹിമാലയത്തിന്റെ തുടര്‍ മലനിരകളായ ശിവാലിക് പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു താഴ്‌വാരമാണ് ഋഷീകേശ്. ഗംഗാ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ചെറു പട്ടണം ലോകത്തിന്റെ യോഗാ തലസ്ഥാനം എന്നും അറിയപ്പെടുന്നു. അത് ശരി വെക്കുന്ന വിധം എവിടെ തിരിഞ്ഞാലും യോഗാ പരിപാടികളുടെയും യോഗാ സെന്ററുകളുടേയും പരസ്യങ്ങള്‍ കാണാം. രസമെന്താണെന്ന് വെച്ചാല്‍ പരസ്യ മോഡലുകള്‍ മിക്കതും വെള്ളക്കാരായ സ്ത്രീകളാണ്- തൊലി വെളുത്ത പെണ്ണുങ്ങള്‍ യോഗയുടെയും, യോഗികളുടേയും ബലഹീനതയോ ! യോഗയുടെ ഒരു യോഗമേ !

പ്രശസ്ത Western Music Band ആയ ബീറ്റില്‍സ് 1968 ല്‍ ഇവിടെ വരികയും, ഇവിടുത്തെ അനുഭവങ്ങള്‍ ഉള്‍ച്ചേര്‍ത്ത് 'White Album' എന്നൊരു കൃതി സൃഷ്ടിക്കുകയും ചെയ്തു. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ഏറെ ആരാധകരുള്ള ബീറ്റില്‍സിലൂടെ ഋഷീകേശിന്റെ പേര് അവിടങ്ങളിലെല്ലാമെത്തി. അത് ഋഷീകേശ് ടൂറിസത്തെ ശക്തിപ്പെടുത്തി.

രാംജൂലയില്‍ പോയി ഗംഗാ ആരതി കാണാം എന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങോട്ട് പോയത്. ഗംഗാ തീരത്തെ ക്ഷേത്ര പടവുകളില്‍ എന്നും നടക്കുന്ന ഒരു ചടങ്ങാണ് ഗംഗാ ആരതി. സിനിമകളിലൊക്കെ അതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു സാധാരണ മതപരമായ ചടങ്ങ് എന്നതില്‍ കവിഞ്ഞൊരു ആകാംക്ഷയൊന്നും ഇല്ലായിരുന്നു. എങ്കിലും വളരെയേറെ ജനങ്ങള്‍ പങ്കെടുക്കാനെത്തുന്ന ഇത്തരം പരിപാടികളില്‍ ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ഒരു പരിച്ഛേദം കാണാനാവുമെന്ന ഉറപ്പുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ ഗംഗാ ആരതി വിട്ടുകളയാന്‍ തോന്നിയില്ല.

ഋഷീകേശില്‍നിന്ന് തപോവന്‍ ഭാഗത്തേക്കും തിരിച്ചും ഇടതടവില്ലാതെ ഓടുന്ന ചെറു റിക്ഷകളുണ്ട്. ഷെയര്‍-ഓട്ടോകളാണിവ. മിക്കതും ഇലക്ട്രിക്ക് റിക്ഷകള്‍. മെയിന്‍ റോഡിലേക്കിറങ്ങിയപ്പോള്‍ ചില റിക്ഷക്കാര്‍ സവാരിവേണോ എന്നന്വേഷിച്ചു ഞങ്ങളുടെ അടുത്തെത്തി - പക്ഷെ അവര്‍ ചോദിച്ച കാശു കേട്ട് ഞങ്ങള്‍ അന്തം വിട്ടു. കഷ്ടിച്ചു ഒരു കിലോമീറ്റര്‍ പോകാന്‍ ആളൊന്നുക്ക് നൂറു രൂപ! 'കുട്ടിമാമാ ഞാന്‍ ഞെട്ടിമാമാ'. ഞെട്ടല്‍ ഒട്ടും ഉള്ളിലടക്കാതെ മൊത്തമായും അവരുടെ മുന്നില്‍ പ്രകാശിപ്പിച്ചു....പച്ച മലയാളത്തില്‍! ഓട്ടോ മോഹം വിട്ട് നടരാജ് മോട്ടോര്‍സില്‍ റാംജൂലയിലേക്ക്. കുറച്ചു ദൂരം നടന്നപ്പോള്‍ വേറൊരു ടുക് ടുക് റിക്ഷ ഞങ്ങളുടെ അടുത്തെത്തി... ഒരാള്‍ക്ക് ഇരുപത് രൂപ. അപ്പോഴേക്കും എത്തേണ്ടിടത്തേക്ക് കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എങ്കിലും ആ കുട്ടി റിക്ഷയില്‍ കയറാനുള്ള പൂതി മനസ്സില്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ അതങ്ങ് നിവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രാംജൂല പാലം വരെ ടുക് ടുകില്‍... മെയിന്‍ റോഡില്‍ നിന്നും താഴേക്കിറങ്ങുന്ന പടവുകള്‍- അതിലൂടെ ഒഴുകിയിറങ്ങുന്ന- ജനക്കൂട്ടം - വഴിയുടെ ഇരുവശവും വഴിയോര വാണിഭക്കാര്‍ -ആ കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു ഞങ്ങളും റാംജൂലയിലേക്ക് നടന്നു. ഋഷീകേശില്‍ ഗംഗയുടെ കുറുകെ നിര്‍മിച്ചിട്ടുള്ള ഒരു ഇരുമ്പ് പാലമാണ് റാംജൂല. കാല്‍നട യാത്രക്കാരുടെ ബാഹുല്യം കാരണം തന്നെ ആ പാലം ഇടക്കിടെ ഇളകുന്നുണ്ട്. പോരാത്തതിന് ചെവിക്കല്ല് പൊട്ടിക്കുന്ന ഹോണുമായി പലതരം ബൈക്കുകളും-ആകെക്കൂടിയൊരു കോലാഹലം. ഇതിനൊക്കെ പുറമെ തെരുവുനായകളും, ഗോമാതാക്കളും.

ഇതൊക്കെയാണെങ്കിലും ശിവാലിക് മലനിരകളുടെ താഴ്‌വാരത്തിലൂടെ സാന്ദ്രനീലമായി ഒഴുകുന്ന ഗംഗയുടെ ദൃശ്യഭംഗി മറ്റെല്ലാം ബഹളങ്ങളെയും മായ്ച്ചു കളയുവാന്‍ മാത്രം കഴിവുള്ളതാണ്. അതിന്റെ അപാരമായ ഒരു വിശാലതയും, ശാന്തതയും എല്ലാം ശബ്ദങ്ങളെയും neutralise /ആഗീകരണം ചെയ്യുന്നതായി എനിക്ക് തോന്നി. രാംജൂല പാലം കടന്നു വലതുവശത്താണ് ഗംഗാ ആരതി നടക്കുന്ന ഘാട്ട്. ചോദിച്ചും പറഞ്ഞും ജനക്കൂട്ടത്തോടൊപ്പം ഞങ്ങളും അങ്ങോട്ട് നീങ്ങി.

പല ഭാഷകള്‍ വേഷങ്ങള്‍ - പല ദേശക്കാര്‍ - ഇവിടുത്തെ വലിയ ഒരു പ്രത്യേകതയായി തോന്നിയത് മതത്തിന്റെ പേരിലുള്ള കച്ചവടവും, പിടിച്ചു പറിയും ഒട്ടും അനുഭവപ്പെട്ടില്ല എന്നതു തന്നെയാണ് - ആ പൂജ ചെയ്യാം, ഈ പൂജ ചെയ്യാം എന്നൊന്നും പറഞ്ഞ് ആരും സമീപിച്ചില്ല- വഴിയോരക്കച്ചവടക്കാരും കൈകൊട്ടി വിളിക്കുകയോ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. അത്യാവശ്യം വൃത്തിഹീനമായ തെരുവിലൂടെ കാവി വസ്ത്രധാരികളായ സന്യാസിമാരും, വിദേശികളും സ്വദേശികളും ആയ തീര്‍ത്ഥാടകരും, ഞങ്ങളെപ്പോലുള്ള സഞ്ചാരികളും ഗംഗാ ആരതി ദര്‍ശിക്കുവാനായി പതുക്കെ നടന്നു നീങ്ങിക്കൊണ്ടേയിരുന്നു. കുറച്ചകലെ നിന്നായി മനോഹരമായ ഭക്തിഗീതാലപനം കേള്‍ക്കാം. വൃന്ദവാദ്യങ്ങളുടെ അകമ്പടിയോടെ ഒരു സംഘം ഗായകര്‍ ഭജനകള്‍ പാടുകയാണ്. ആ ഭജന്‍ പാടുന്നിടത്താണ് ഗംഗാ ആരതി നടക്കുന്നതെന്ന് മനസ്സിലായി-അങ്ങോട്ടെക്കുള്ള ചെറുവഴിക്കിരുവശവും നിറയെ കടകളാണ്. പൂജാ സാമഗ്രികള്‍, പലതരം വസ്ത്രങ്ങള്‍ ഭക്ഷണസാധനങ്ങള്‍, ഭക്തി സംബന്ധമായ സാധനങ്ങള്‍ ഇവയെല്ലാം വില്‍ക്കുന്ന കടകള്‍, ശബ്ദായമാനമായ, വര്‍ണ്ണാഭമായ ഒരു ലോകം. ഒരല്പ ദൂരം കൂടി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വലതുവശത്തായി ഒരു ഘാട്ട് ദൃശ്യമായി. ഗംഗയിലേക്ക് ഇറങ്ങുന്ന പടവുകള്‍ ഉള്ള ഇടങ്ങളാണ് ഘാട്ടുകള്‍. അവിടെ ഒരു കവാടവും അതിനുതാഴെ വിശാലമായ പടവുകളുമുണ്ട്. കവാടത്തിന് അഭിമുഖമായി ഗംഗയില്‍ സാമാന്യം വലിയ ഒരു ശിവ പ്രതിമയുമുണ്ട്. ഒരുപാട് ആളുകള്‍ അവിടെ ഇരിക്കുകയും, നില്‍ക്കുകയും ചെയ്യുന്നു. ഘാട്ടിനഭിമുഖമായ ശിവപ്രതിമയ്ക്ക് സമീപത്തായി ഒരു വലിയ പ്ലാറ്റ്‌ഫോം ഉണ്ട് അതിലും നിറയെ ആളുകള്‍. ഭജന്‍സിന്റെ താളം മുറുകിത്തുടങ്ങി. ആരതി ഉഴിയുവാനായി കാവി വസ്ത്രധാരികളായ കുറേപേര്‍ വിളക്കുകള്‍ ഒരുക്കി തുടങ്ങി. ഞങ്ങള്‍ക്കഭിമുഖമായി ഗംഗയുടെ മറ്റേക്കരയ്ക്കുമപ്പുറമുള്ള മലനിരകള്‍ക്കിടയിലേക്ക് സൂര്യന്‍ തന്റെ അസ്തമനപ്രയാണം തുടങ്ങി. ചെമ്പൊന്നിന്‍ നിറം പൂണ്ട ആകാശത്തിന് കീഴെ, മരതകനിറം നിറഞ്ഞ ഗംഗയുടെ നിറം സാവധാനം മഞ്ഞയും കാവിയും കലര്‍ന്ന ഒന്നായി മാറി. - ആയിരങ്ങള്‍ സാക്ഷിയായി ഗംഗാ ആരതി ആരംഭിച്ചു. വാദ്യഘോഷങ്ങളുടെയും, ഗാനങ്ങളുടെയും അകമ്പടിയോടെ താളാത്മകമായ ചലനങ്ങളോടെ, ദീപനാളങ്ങള്‍ നൃത്തം ചെയ്തു തുടങ്ങി. എല്ലാ ശബ്ദങ്ങളും. നാദങ്ങളും, വാദ്യഘോഷങ്ങളും അഗാധമായ ഒരു വിശാലതയിലേയ്ക്ക് അലിഞ്ഞു തീരുന്നു. വലിയ ആള്‍ക്കൂട്ടത്തിനിടയിലും മനസ്സറിഞ്ഞ് അനുഭവിക്കാവുന്ന ഒരേകാന്തത! പ്രകൃതിയുടെ അനന്തസുന്ദരമായ അഗാധത ചൂഴ്ന്നു നില്‍ക്കുന്ന ഒരു പ്രത്യേക അനുഭൂതി - അല്പനേരം ഗംഗാ ആരതി ആസ്വദിച്ചശേഷം ഞങ്ങള്‍ അവിടെ നിന്നും മുന്നോട്ട് നടന്നു. അധികം ആള്‍ക്കൂട്ടങ്ങള്‍ ഇല്ലാത്ത ഒരു ഒഴിഞ്ഞ ഘാട്ടിലേക്ക് -അവിടെ കല്പടവുകളിറങ്ങി ഗംഗയിലേക്ക് കാലെടുത്ത് വച്ചു. മഞ്ഞുമലകള്‍ക്കിടയിലൂടെ ഒഴുകി ഇറങ്ങിവരുന്ന സ്‌നിഗ്ധ ലാവണ്യം - ഗംഗ ! സഹസ്രാബ്ദങ്ങളായി ജനസഞ്ചയങ്ങള്‍ക്ക് ഉയിരും തണലുമായി നിശ്ശബ്ദമായി ഒഴുകി നീങ്ങുന്ന സജല ഗാംഭീര്യം.

അതിലൂടെ ഒഴുകി വരുന്ന പൂജാ പാത്രങ്ങള്‍, പൂവുകള്‍, ചെറുദീപങ്ങള്‍ - അകലെ നിന്നും ഉയരുന്ന ഭജന്‍ സംഗീതം, മാസ്മരികമായ ഒരു സന്ധ്യ! എത്രനേരം അങ്ങനെ അവിടെ ഇരുന്നു എന്നറിയില്ല രഞ്ജു ആ കാഴ്ചകളൊക്കെ ഫോണിലേത് ഒപ്പിയെടുക്കുകയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തം കാഴ്ചകള്‍ !

സന്ധ്യമയങ്ങി - ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. ഘാട്ടിന്റെ എതിര്‍വശത്തായി കെട്ടിടങ്ങളുടെ നീണ്ട നിരകള്‍ - പലതും താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന ആശ്രമങ്ങളോ, വിശ്രമമന്ദിരങ്ങളോ ഒക്കെയാണ്. നിഴലുകള്‍ നീണ്ടു തുടങ്ങി. വിജനമായ ഗലികളിലൂടെയും, പിന്നെ ജനനിബിഡമായ വഴികളിലൂടെയും ഒക്കെ സഞ്ചരിച്ച് ഞങ്ങള്‍ തിരിച്ച് താമസസ്ഥലത്തെത്തി. ചൂടുവെള്ളത്തില്‍ ഒരു കുളി- സുഭക്ഷമായ നോര്‍ത്ത് ഇന്‍ഡ്യന്‍ അത്താഴം - ബാല്‍ക്കണിയിലെ ഏകാന്തതയില്‍ പൂര്‍ണ്ണചന്ദ്രനു താഴെ തിളങ്ങി ഒഴുകുന്ന ഗംഗയിലേക്ക് കണ്ണും നട്ട് സമയബോധമില്ലാതെയുള്ള സ്വയം മറന്ന ഒരു ഇരിപ്പ്--യാത്രയിലെ ആദ്യദിവസം പൂര്‍ത്തിയാവുകയാണ്. ഇനിയും ഒരുപാട് കാഴ്ചകള്‍ ഒരുക്കി വച്ച് ദേവഭൂമി ഞങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ഓളക്കൈയ്യിൽ ഊഞ്ഞാലാടി (രണ്ടാം ദിവസം)

ഋഷികേശിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഏറ്റവും പ്രധാന ആകര്‍ഷണം ഗംഗയിലുള്ള White water rafting ആയിരുന്നു. അനീഷിന്റെ സുഹൃത്തും സഹപാഠിയുമായ (Officers' Training Academy) Col.സുരേഷ് ഞങ്ങളെ ഒരു white water rafting team ആയി പരിചയപ്പെടുത്തിയിരുന്നു. ഋഷികേശ് - ജോഷി മഠ് റൂട്ടില്‍ ഏതാണ്ട് 15 കി.മി. അകലെ ശിവപുരി എന്ന സ്ഥലത്താണ് ഈ പരിപാടി നടക്കുന്നത്. രാവിലെ ഊബര്‍ കിട്ടുമെന്ന് കരുതി. ഒന്നു രണ്ട് റൈഡുകള്‍ ബുക്ക് ആയെങ്കിലും ഡ്രൈവര്‍മാര്‍ ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്തു. കഴുത്തറുപ്പന്‍ ടാക്‌സി ചാര്‍ജ്ജ് കാരണം ആ ഓപ്ഷന്‍ ഞങ്ങള്‍ ശ്രമിച്ചതേയില്ല. രാവിലെ തന്നെ മുറിയില്‍ നിന്നും check out ചെയ്തു - ബാഗുമെടുത്ത് നേര്‍ത്ത മലന്തണുപ്പിലൂടെ അടുത്തുള്ള ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ടാക്‌സിക്കാര്‍ ആ വഴിയില്‍ ബസ്സ് യാത്ര ദുര്‍ഘടമാണ് എന്നൊക്കെ പറഞ്ഞ് പരമാവധി ഞങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അനീഷ് അതൊന്നും വകവയ്ക്കാന്‍ ഒട്ടും തയ്യാറായിരുന്നില്ല- നമ്മളുടെ യാത്രകളിലും ജീവിതത്തിലും തീരുമാനങ്ങള്‍ എടുക്കുവാന്‍ ഒരിക്കലും മറ്റുള്ളവരെ അനുവദിക്കരുത് എന്ന് അവന് നിര്‍ബന്ധമാണ്. ഇന്‍ഫര്‍മേഷന്‍ എല്ലായിടത്തുനിന്നും സ്വീകരിക്കണം. എന്നാല്‍ തീരുമാനങ്ങള്‍ അത് മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കരുത് - അവന്‍ അക്കാര്യത്തില്‍ എപ്പോഴും വളരെ ക്ലിയര്‍ ആണ്. ചിലപ്പോഴെക്കെ ആ കാര്‍ക്കശ്യം അരോചകം ആയി തോന്നുമെങ്കിലും മിക്കപ്പോഴും അവന്റെ ചിന്തകള്‍ ആണ് ശരി എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. ഇത്തവണയും അത് തെറ്റിയില്ല. ഒരല്പനേരം കാത്ത് നിന്നപ്പോഴേക്കും ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ് വന്നു - ഒരു മിനി ബസ് ! അതില്‍ സുഖമായി ഇരിക്കാന്‍ സീറ്റും കിട്ടി. തദ്ദേശീയരായ കുറച്ച് യാത്രക്കാരും, ഞങ്ങളെപ്പോലെ കുറച്ച് സഞ്ചാരികളുമായി പൊടി നിറഞ്ഞ നിരത്തിലൂടെ ബസ്സ് മുന്നോട്ട് നീങ്ങി.

എതാണ്ട് ഒരു 20 മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് ഇറങ്ങേണ്ട ഇടമെത്തി. അവിടെ നിറയെ ജീപ്പുകളും ട്രക്കറുകളും /SUV കളും-മിക്കതിന്റെയും മുകളില്‍ റാഫ്റ്റുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഈ പരിപാടി നടത്തുന്ന ഏജന്‍സികളുടെ ഷോപ്പ് ഒരല്പ സമയത്തെ തിരച്ചിലിനുശേഷം കണ്ടു പിടിച്ചു. സുരേഷ് എല്ലാം പറഞ്ഞു ഏര്‍പ്പാടാക്കിയിരുന്നു. മൂന്നുപേരെ ഉള്ളുവെങ്കിലും റാഫിറ്റിംഗ് തുടങ്ങാം എന്ന് അവര്‍ പറഞ്ഞു. സാധാരണ 8 പേര്‍ ഒക്കെയാണ് ഒരു ടീമായി റാഫ്റ്റിംഗ് നടത്തുന്നത്. ഏതാണ്ട് ഒരു 16 കി.മീ. ദൂരമാണ് റാഫ്്‌റിംഗിലൂടെ കവര്‍ ചെയ്യുന്നത് എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. റാണ എന്നായിരുന്നു അയാളുടെ പേര്. ഒപ്പമുള്ള ആളുടെ പേര് പ്രിയംശു. ഒരാള്‍ക്ക് 500 രൂപ നിരക്കിലാണ് അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്. കൂടാതെ റാഫ്ടിംഗ് അനുഭവങ്ങള്‍ Go Pro ക്യാമറയില്‍ പകര്‍ത്തമെങ്കില്‍ അതിന് 1200 രൂപ വേറെയും ഋഷികേശ് റാഫിംഗിന്റെ പല വീഡിയോകളും കണ്ടതില്‍ നിന്നും Go pro option എടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലായി. ഏതുനിമിഷവും റാഫ്ടില്‍ നിന്നും മറിഞ്ഞ് വെള്ളത്തില്‍ വീഴാം എന്നതിനാല്‍ നമ്മുടെ മൊബൈലോ, ക്യാമറയോ ഒന്നും ഇതില്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് ജീവിതത്തിലെ ആദ്യ റാഫ്റ്റിംഗ് അനുഭവം പകര്‍ത്താന്‍ ഒരു go pro ക്യാമറ സപ്പോര്‍ട്ട് ഞങ്ങള്‍ ഒപ്റ്റ് ചെയ്തു. ശിവപുരിയില്‍ നിന്നും ഒരു 15 കി.മീറ്ററോളം മുകളിലേക്ക് ഞങ്ങള്‍ ഒരു SUV യില്‍ സഞ്ചരിച്ചു. റാഫ്റ്റും തുഴകളും വാട്ടര്‍ പ്രൂഫ് ബോഗും ഒക്കെ ആയി എല്ലാ തയ്യാറെടുപ്പുകളോടുകൂടെയുള്ള യാത്ര. ഏതാണ്ട് 15 കി.മീ. കഴിഞ്ഞപ്പോള്‍ പുഴവക്കിലായി വണ്ടി നിര്‍ത്തി. റോഡില്‍ നിന്നും താഴെയാണ് പുഴ- എല്ലാ സാമഗ്രികളുമായി, ഫ്‌ളോട്ടിംഗ് ജാക്കറ്റും ഹെല്‍മെറ്റും ഒക്കെ ധരിച്ച് ഞങ്ങള്‍ പുഴയിലേക്കിറങ്ങി.

അനീഷും രഞ്ജുവും സാമാന്യം നന്നായി നീന്തും. എന്റെ കാര്യമാണ് പരുങ്ങലില്‍-നീന്താനറിയില്ലെങ്കിലും വെള്ളത്തില്‍ ചാടാനുള്ള ആവേശത്തിന് കുറവൊന്നും ഇല്ലാത്തതിനാല്‍ റാഫ്റ്റിംഗിന് വേണ്ട മിനിമം യോഗ്യത എനിക്കും ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്ന് പേരും, രണ്ട് ഇന്‍സ്ട്രക്ടര്‍മാരും റാഫ്റ്റില്‍ കയറി. എല്ലാവരുടെയും കയ്യില്‍ തുഴയുണ്ട്. എങ്ങനെ തുഴയണം, എങ്ങനെ റാഫ്റ്റ് മാനേജ് ചെയ്യണം, തെറിച്ച് വീണാല്‍ എന്തുചെയ്യണം മുതലായ നിര്‍ദ്ദേശങ്ങളൊക്കെ റാണ നല്‍കി.

നദിയില്‍ ആഴമുള്ള, ഒഴുക്ക് കുറഞ്ഞ ഇടങ്ങളും, ആഴം കുറഞ്ഞ കല്ലുകളെും പാറകളും ഉള്ള ഒഴുക്ക് കൂടിയ ഇടങ്ങളും ഉണ്ട്. ആഴമേറിയ, ഒഴുക്ക് കുറഞ്ഞ ഇടങ്ങളില്‍ നമുക്ക് നീന്താനിറങ്ങാം. ആഴം കൂടിയ rapid falls എന്നു വിളികുന്ന ഇടങ്ങളില്‍ ശ്രദ്ധിച്ച് തുഴഞ്ഞ് മുന്നേറണം. കാലുകള്‍ ഒരു പ്രത്യേകരീതിയില്‍ ലോക്ക് ചെയ്ത് ഉറപ്പിച്ച് വെച്ചില്ലെങ്കില്‍ വെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ നമ്മള്‍ തെറിച്ച് പുറത്തേക്ക് വീഴാം. അതിനാല്‍ അത്യാവശ്യം ശ്രദ്ധയോടെ തന്നെ ഈ വിനോദത്തില്‍ ഏര്‍പ്പെടണം.

ഹിമാലയത്തിലെ മഞ്ഞു പാളികള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങി വരുന്ന മരതക നിറമുള്ള തെളിഞ്ഞ ഗംഗാജലം- പറഞ്ഞറിയിക്കാനാവാത്ത ഒരുതരം തണുപ്പാണ് വെള്ളത്തിന്. ഇടയ്ക്ക് മലഞ്ചരിവുകളെയും, പുഴയിലെ ഓളങ്ങളെയും തഴുകി കടന്ന് വരുന്ന തണുത്ത കാറ്റ്- ഒരേ സമയം ശാന്തവും, രൗദ്രവുമായി പകര്‍ന്നാട്ടം നടത്തുന്ന പുഴ-ഇരുവശത്തും ആകാശംമുട്ടെ ഉയരത്തില്‍ ശിവാലിക് മലനിരകള്‍, ഇതൊക്കെ ആസ്വദിച്ച് ഞങ്ങള്‍ റാഫ്റ്റിംഗ് തുടങ്ങി ആഴമേറിയ, ശാന്തമായ ഒരിടത്ത് വച്ചായിരുന്നു തുടക്കം. ഒരു നാലഞ്ച് മിനിറ്റുകൊണ്ട് തുഴയലിന്റെ സാങ്കേതികതകള്‍ അത്യാവശ്യം മനസ്സിലാക്കി- അപ്പോഴെക്കും ആദ്യത്തെ റാപ്പിഡ് ഫോള്‍ എത്തി- Three Blind Mice എന്നാണ് അതിന്റെ പേര്. വളരെ ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലകള്‍ പോലുള്ള ഓളങ്ങള്‍- പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വന്യമായ ഒരു ഭാവത്തില്‍ ആര്‍ത്തലച്ച് ഒഴുകുന്ന പുഴ - അതില്‍ കൂടെയാണ് പിന്നീട് ഞങ്ങളുടെ റാഫ്റ്റ് ഒഴുകിയത്. റാണയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുഴഞ്ഞും, ബാലന്‍സ് ചെയ്തും ഞങ്ങള്‍ ഒന്നിന് പുറകെ ഒന്നായി Rapid falls കടന്നു.- ഞങ്ങളെ എടുത്തുയര്‍ത്തി അമ്മാനമാടുന്ന ഉഗ്രഭാവമുള്ള ആ നിരകള്‍ റാഫിഡ് ഫാള്‍ കഴിഞ്ഞശേഷം ശാന്തരായ അലകളൊടുങ്ങി നിശ്ശബ്ദമായൊഴുകുന്ന കാഴ്ച/ അനുഭവം അവിശ്വസനീയം തന്നെയായിരുന്നു. ഒരല്പ നമിഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളെ ഭയപ്പെടുത്തി, വിറപ്പിച്ച്, വിവശരാക്കിയ അതേ അലകള്‍ നിമിഷാര്‍ത്ഥംകൊണ്ട് ശാന്തരായി ഞങ്ങളെ തഴുകി ആശ്വസിപ്പിച്ചു. ആഴമേറിയ ശാന്തമായ ഇടങ്ങളില്‍ വെള്ളത്തിലേക്ക് ചാടി നീന്തി തുടിക്കുന്നത് സേഫ് ആണെന്ന് റാണ പറഞ്ഞു- കേള്‍ക്കേണ്ട താമസം രഞ്ജുവും അനീഷും ഒറ്റച്ചാട്ടം. തണുത്ത വെള്ളത്തില്‍ വിറച്ചുകൊണ്ട് ഒരു നീരാട്ട് /അത്രയ്ക്ക് ആവേശം ഇല്ലാതിരുന്ന ഞാന്‍ റാഫ്‌ററില്‍ തന്നെയിരുന്നു തുഴച്ചില്‍ ആസ്വദിച്ചു. അല്പദൂരം അവര്‍ രണ്ട്‌പേരും റാഫ്റ്റിനൊപ്പം നീന്തി നീങ്ങി അപ്പോഴെക്കുംഅടുത്ത റാപ്പിട് ഫാള്‍ ആയി. റാണയും സഹായിയും രണ്ടു നീന്തല്‍ക്കാരെയും തിരിച്ച് റാഫ്റ്റില്‍ കയറാന്‍ സഹായിച്ചു.

ഒന്നിനുപുറകെ ഒന്നായി വീണ്ടും റാഫിഡ് ഫാളുകളായിരുന്നു ഉണ്ടായിരുന്നത്. ക്രോസ്സ് ഫയര്‍ എന്നായിരുന്നു ആ ഫോളുകള്‍ അറിയപ്പെട്ടത്. ഒഴുക്കിന്റെ ശക്തിയിലും, തിരകളുടെ ചുഴറ്റി എറിയലിലും ഏതു നിമിഷവും റാഫ്റ്റില്‍ നിന്ന് താഴെ പോവാം എന്ന് തോന്നി - എന്നാല്‍ ആ റാപ്പിഡ് ഫോളും മനോഹരമായിത്തന്നെ ഞങഅങള്‍ തുഴഞ്ഞ് മുന്നേറി.

'Cross fine’ Fire' തുഴച്ചില്‍ തീരുമ്പോഴേക്കും വെള്ളത്തിനോട് എന്തെങ്കിലും ഭയം ഉണ്ടെങ്കില്‍ അതും കൂടി മാറി എന്ന ആത്മവിശ്വാസം കിട്ടി.

മൂന്നാമത്തെ റാപിഡ് ഫാളായ 'ശിവപുരിക്ക്' മുമ്പേ ഒഴുക്കിനൊപ്പം ഉയര്‍ന്നു താഴ്ന്ന് നീന്താവുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അനീഷും രഞ്ജുവും വീണ്ടും വെള്ളത്തില്‍ ചാടി. അവിടെ ബീച്ചിന് സമാനമായ കരയുണ്ടായിരുന്നു ഒരു വശത്ത്. -ആ കരയില്‍ MA (Indian Military Academy) യിലെ വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിന് തയ്യാറെടുക്കുന്നുണ്ടായിരുന്നു.

ആദ്യത്തെ രണ്ട് റാപിഡുകളെക്കാളും ചടുലമായിരുന്നു ശിവ്പുരി റാപിഡ്. പതഞ്ഞ് മലക്കം മറിഞ്ഞ് ഉയര്‍ന്ന് പൊങ്ങുന്ന ഗംഗയിലെ തിരമാലകള്‍ - അതില്‍ ഒരു ചെറു പൊങ്ങുതടി പോലെ ഞങ്ങളുടെ റാഫ്റ്റ്- ജീവിതത്തിന്റെ കാല്പനികതയും, ക്ഷണികതയും ഒരേ സമയം അനുഭവിക്കാന്‍ പറ്റുന്ന ചില നിമിഷങ്ങള്‍ - അതാണ് ഋഷികേശിലെ റാഫ്റ്റിംഗ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്.

റാഫ്റ്റിംഗ് തീരുമ്പോഴേക്കും സമയം രാവിലെ 10 മണി. അവിടെ അടുത്ത് തന്നെ BRO (Boarder Road Organization) ന്റെ ഋഷികേശ് മേഘലയുടെ ചുമതല വഹിക്കുന്ന Col. സുരേഷിന്റെ ഓഫീസിലേക്ക് ഞങ്ങള്‍ പോയി OTA യില്‍ അനീഷിന്റെ സഹപാഠിയായിരുന്നു Col. Suresh. അദ്ദേഹമായിരുന്നു ഋഷീകേശിലെ ഞങ്ങളുടെ താമസ സൗകര്യങ്ങള്‍ ഒക്കെ ഒരുക്കാന്‍ സഹായിച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ സുഹൃത്തുക്കളുടെ കണ്ടുമുട്ടല്‍ ഒരുപാട് ഓര്‍മ്മകളുടെ പങ്കുവയ്ക്കലില്‍ അവസാനിച്ചു. സുരേഷുമായുള്ള സംസാരത്തിനിടയിലാണ് ബദരീനാഥ് യാത്ര എന്ന ആശയം മുളപൊട്ടിയത്. ശിവപുരിയില്‍ നിന്നും ഏതാണ്ട് 7-8 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ബദരിനാഥ് എത്തും എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ദേവപ്രയാഗ്- കര്‍ണ്ണപ്രയാഗ് - ജോഷിമഠ് അങ്ങനെ അങ്ങനെ കാണാനുള്ള കാഴ്ച്ചുകളുടെ ഒരു വലിയ ലിസ്റ്റ് സുരേഷ് ഞങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ആ വിവരണം ഞങ്ങളുടെ അടുത്ത ലക്ഷ്യമേത് എന്ന ചോദ്യത്തിന് ഉത്തരം തന്നു. Pipalkoti ലെ officer accomodationല്‍ Col. Suresh തന്നെ വിളിച്ച് പറഞ്ഞ് ഏര്‍പ്പാടാക്കി. മേജര്‍ അയന എന്ന വനിതാ ഓഫീസര്‍ ആയിരുന്നു അവിടുത്തെ പ്രധാന ഉദ്യോഗസ്ഥ. അവരുടെ contact number ഉം തന്ന് പരിചയമുള്ള ഒരു taxi യും ഏര്‍പ്പാടാക്കി സുരേഷ് ഞങ്ങളുടെ ബദരിനാഥ് യാത്രയ്ക്ക് എരിവേറ്റി. ഏതാണ്ട് 270 കിലോമിറ്റര്‍ ദൂരം ഉണ്ട് ഋഷികേശ് മുതല്‍ ബദരിനാഥ് വരെ. ബദരിനാഥില്‍ നിന്ന് ഒരു മൂന്നു നാല് കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ആ ഭാഗത്തുള്ള ഇന്ത്യയുടെ അവസാന ഗ്രാമമായ 'മാന'യില്‍ എത്താം. മൊത്തത്തില്‍ ആലോചിച്ചിട്ട് തുള്ളിച്ചാടാന്‍ തോന്നി.

പൊതുവേ ഹിമാലയന്‍ യാത്രകളിലൊക്കയും ഞാന്‍ ശ്രദ്ധിച്ചു. ഒരുകാര്യം ഇവിടുത്തെ കഴുത്തറപ്പന്‍ ടാക്സി ചാർജാണ്. ബദരിനാഥ് പോയി തിരിച്ച് വരാന്‍ എല്ലാ പേശലുകള്‍ക്കും ശേഷം 13000 രൂപയാണ് ഞങ്ങള്‍ക്ക് ചെലവിടേണ്ടി വരിക എന്ന് മനസ്സിലായി. ഏതാണ്ട് 550 കി.മി ക്കാണ് ഇത്രയും ചെലവ്. ഒരു മാരുതി സ്വിഫ്റ്റ് ഡിസയര്‍ വണ്ടിയുടെ ചിലവാണിത്. കൂടുതല്‍ മുന്തിയ ഇനം ടാക്‌സിക്ക് ചാര്‍ജ്ജ് വീണ്ടും കൂടും. സമയക്കുറവുകാരണം ഇതിനു മുമ്പും ഇത്തരം ചൂഷണങ്ങള്‍ക്ക് അറിഞ്ഞോണ്ട് നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. കുറേക്കൂടി സമയമെടുത്ത് യാത്ര ചെയ്യുകയാണങ്കില്‍ ചുരുങ്ങിയ ചിലവില്‍ ഋഷീകേശില്‍ നിന്നും ബസ്സില്‍ ബദരിനാഥ് വരെ പോകാം.

ശിവ്പുരി Officer’s Messഇല്‍ നിന്ന് breakfast ഉം കഴിച്ച് ഞങ്ങള്‍ ബദരിനാഥിന് പുറപ്പെട്ടു. ബദരിനാഥ് സീസണ്‍ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. April 20- ന് ശേഷമാവും ക്ഷേത്രം തുറക്കുക എന്ന് അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ആ റൂട്ടില്‍ താരതമ്യേന തിരക്ക് കുറവായിരുന്നു. ബദരിനാഥിലേക്കുള്ള വഴിയിലെ ആദ്യത്തെ ഞങ്ങളുടെ stop ദേവപ്രയാഗിലായിരുന്നു. ഇവിടെ നിന്നാണ് ഗംഗ തുടങ്ങുന്നത്. അളകനന്ദയും, ഭാഗീരഥിയും ഒരുമിച്ച് ചേര്‍ന്ന് ഗംഗയായി മാറുന്ന ഇടം- അതാണ് ദേവപ്രയാഗ്. ഇടുങ്ങിയ ശിവാലിക് താഴ്‌വരയിലൂടെ കുതിച്ച് പതഞ്ഞൊഴുകന്ന രണ്ട് ചെറുനദികള്‍ ഒന്നായി പരന്നൊഴുകുന്ന ഒരു മായക്കാഴ്ച്ച.ഒരു എണ്ണഛായ ചിത്രത്തിന്റെ പ്രതീതി ഉളവാക്കുന്ന ഭുപ്രകൃതി. ദേവപ്രയാഗിലേക്ക് ഞങ്ങള്‍ ഇറങ്ങിയില്ല. മറിച്ച് ഒരു വിഹഗ വീക്ഷണമാണ് നടത്തിയത്. ഇരു നദിയുടെയും സംഗമസ്ഥാനത്ത് ഒരു ചെറു ക്ഷേത്രം ഉണ്ട്.കുറേ ആളുകള്‍ അവിടെ പൂജയും, മന്ത്രവുമൊക്കെയായി കൂടിയിരിക്കുന്നു. മറ്റ് കുറേപേര്‍ ഗംഗ സ്‌നാനം നടത്തുന്നു.

പഞ്ച പ്രയാഗ് എന്നറിയപ്പെടുന്ന അഞ്ച് നദീ സംഗമംങ്ങളില്‍ അവസാനത്തെതാണ് ദേവപ്രയാഗ്. ടിബറ്റിന് അടുത്തുള്ള സതോപന്ധ് ഗ്ലേസിയറില്‍ നിന്നും ആണ് അളകനന്ദ ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 4402 മീറ്റര്‍ ഉയരത്തിലുള്ള , ത്രികോണാകൃതിയിലുള്ള ഒരു തടാകമാണ് സതോപന്ഡ്.

ധൗളിഗംഗ അളകനന്ദയുമായി സംഗമിക്കുന്ന ഇടം വിഷ്ണുപ്രയാഗ് എന്നും, നന്ദാകിനീ നദി അളകനന്ദയുമായി ചേരുന്ന ഇടം നന്ദപ്രയാഗ് എന്നും, പിണ്ടാര്‍ നദീ സംഗമിക്കുന്ന ഇടം കര്‍ണ്ണപ്രയാഗ് എന്നും, മന്ദാകിനി സംഗമം രുദ്രപ്രയാഗ് എന്നും, ഭാഗീരധി സംഗമം ദേവപ്രയാഗ് എന്നും അറിയപ്പെടുന്നു. ഇതില്‍ ഭാഗീരഥി ഗംഗോത്രിയുടെ അടുത്തുനിന്നും, മന്ദാകിനി കേദാര്‍ നാഥിന് അടുത്ത് നിന്നും ഉത്ഭവിച്ച് അളകനന്ദയിലേക്ക് ഒഴുകി എത്തുന്നു ചോരബാരി ഗ്ലേസിയറില്‍ നിന്നും ഉത്ഭവിക്കുന്നു മന്ദാകിനി ഏതാണ്ട് 80 കി.മി ഒഴുകിയാണ് അളകനന്ദയില്‍ ചേരുന്നത്. ധൗളിഗംഗയാവട്ടെ ചൈനീസ് അതിര്‍ത്തിയിലുള്ള നിതിപാസിന് സമീപത്ത് ഉത്ഭവിച്ച് 50കി.മി ഒഴുകി ഇറങ്ങിയാണ് അളകനന്ദയുമായി ചേരുന്നത്.

കുമാഊണ്‍ മലനിരകളിലെ പിണ്ടാരി ഗ്ലേസിയറില്‍ നിന്നും തുടങ്ങി 105 കി.മി ഒഴുകിയാണ് പിണ്ടര്‍ നന്ദി അളകനന്ദയില്‍ ചേരുന്നത്. നന്ദാദേവി മലനിരകളില്‍ നിന്നും ഒഴുകിയിറങ്ങി നന്ദാകിനി നന്ദി നന്ദപ്രയാഗില്‍ അളകനന്ദയുമായി സംഗമിക്കുമ്പോഴേക്ക് 55 കി.മി ദൂരം പിന്നിടുന്നു.ഗംഗോത്രിയില്‍ നിന്ന് ഏതാണ്ട് 18 കി.മി അകലെയുളള ഗോമുഖ് എന്നയിടത്തുനിന്നുമാണ് ഭാഗീരഥി ഉതിഭവിക്കുന്നത്. ടെഹാരി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത് ഭാഗീരഥി നന്ദിയാണ്. കൈവഴികളുടെകൂടെ ദൈര്‍ഘ്യം കണക്കിലെടുത്താല്‍ 456 കി.മിയാണ് ഭാഗീരഥിയുടെ നീളം. അളകനന്ദയുടെതാവട്ടെ 644 ഉം. ഈ രണ്ട് നന്ദികളും ഒന്നായിചേര്‍ന്നാണ് ഗംഗ തുടങ്ങുന്നത് - ദേവപ്രയാഗില്‍ വച്ച്.

ടെഹരി ഡാം ആദ്യം ഞങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. 260 മീറ്റര്‍ ഉയരമുള്ള ഈ ഡാം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാമാണ്. ലോകത്തിലെ 12-ാ മത്തെ ഉയരം കൂടിയതും. ദേവപ്രയാഗില്‍ നിന്നും പ്രധാനമായും മൂന്ന് റൂട്ട്കളുണ്ട് ടെഹരി ഡാമിലേക്ക്. 60 കി.മി ദൂരമുണ്ട് ഏതാണ്ട് അവിടേക്ക്. സമയപരിമിതിമൂലം ടെഹരിയെ മറ്റൊരു യാത്രക്കായി മാറ്റിവെച്ച് ഞങ്ങള്‍ ബദരിനാഥിലേക്കുള്ള പ്രയാണം തുടര്‍ന്നു.

അളകനന്ദാ തീരഭൂവിൽ

ദേവപ്രയാഗില്‍ നിന്നും വീണ്ടും ഹിമവാന്റെ ദിശയിലേക്ക്. ഭൂപ്രകൃതിയും, റോഡുകളുടെ അവസ്ഥയും പതിയെ മാറിത്തുടങ്ങി. ഹിമാലയന്‍ മലനിരകള്‍ പൊതുവെ വളരെ എളുപ്പം ഇടിഞ്ഞ് വീഴുന്ന തരത്തിലുള്ളവയാണ്. ഓരോ കിലോമിറ്ററിലും രണ്ടും മൂന്നും മണ്ണ് മാന്തി യന്ത്രങ്ങളും മണ്ണ് മാറ്റാനുള്ള വലിയ ടിപ്പറുകളും ഒക്കെ കാണാം. അളകനന്ദ നദിക്ക് സമാന്തരമായമാണ് ഞങ്ങളുടെ റോഡ്. കുറച്ച് ദുരം വളരെ നല്ല റോഡ്- അതുകഴിയുമ്പോഴേക്കും മലയിടിച്ചിലും, മണ്ണിടിച്ചലും കാരണം ആകെ താറുമാറായ റോഡ്- ഇതാണ് അവസ്ഥ. ഈ യാത്രയില്‍ കാറുകളുടെ ഇരട്ടി റോഡ് പണി വാഹനങ്ങള്‍ ഞങ്ങള്‍ കണ്ടു. അത്രയും കഠിനമാണ് ഇവിടെക്കൂടിയുള്ള യാത്ര.

റോഡില്‍ മുന്നില്‍ ഒരഞ്ചാറ് വളവുകള്‍ക്കപ്പുറം ഉള്ള റോഡ് നമ്മളവിടെ എത്തുമ്പോഴേക്കും മണ്ണിടിച്ചിലില്‍ തകര്‍ന്ന് താഴെ പോകാന്‍ മതി-അത്രമാത്രം പ്രവചനാതീതമായ അവസ്ഥ. പലതരം നിറങ്ങളുള്ള മലകള്‍- ചാരനിറം, കാവിനിറം, ഇളം മഞ്ഞനിറം- കല്ലിന്റെയും മണ്ണിന്റെയും നിറങ്ങളിലെ വൈവിധ്യം മലകളിലും പ്രതിഫലിക്കുന്നു. ഓരോവളവും,തിരിവും കഴിയുന്തോറും മഞ്ഞുമൂടിയ ശിഖരങ്ങളുള്ള വലിയ മലനിരകള്‍ ദൃശ്യമായിത്തുടങ്ങി.

റോഡിന്റെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മോശമായിത്തുടങ്ങി. മുന്‍പ് ചെറുപ്പത്തില്‍ കളിച്ചിരുന്ന Need for Speed ലെ ഭൂപ്രകൃതികളെ ഓര്‍മ്മിപ്പിക്കുന്ന ചുറ്റുപാടുകള്‍. ശ്രദ്ധ ഒരല്‍പ്പം പാളിയാല്‍ വണ്ടി റോഡരികിലെ കിഴുക്കാം തൂക്കായ ഗര്‍ത്തത്തിലേക്ക് പതിക്കും. റോഡിന്റെ തുറസ്സായ വശത്ത് വളരെ താഴെയായി അളകനന്ദ ഒഴുകുന്നുണ്ട്.കര്‍ണ്ണപ്രയാഗും, രുദ്രപ്രയാഗും ഒക്കെ കടന്നു-അതൊക്കെ കാണാനായി പോകാന്‍ വലിയ ത്രില്ലെന്നും തോന്നിയില്ല-അതുകൊണ്ട് വഴിയോരക്കാഴ്ച്ചകളുടെ സൗന്ദര്യത്തില്‍ ശ്രദ്ധയൂന്നി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ദേവപ്രയാഗ് കഴിഞ്ഞാല്‍ പിന്നത്തെ ഒരു പ്രധാന ജനവാസകേന്ദ്രം ശ്രീനഗറാണ്. കാറിയിരുന്ന് ഇനി 'ശ്രീനഗര്‍ എത്തിയാല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താം' എന്ന് എന്തോ ഞാന്‍ അനീഷിനോട് പറഞ്ഞു. രഞ്ജു ആകെ confused ആയ മട്ടില്‍ എന്നെ തുറിച്ചു നോക്കി. ബദരിനാഥിലേക്കുള്ള ദിശയിലാണോ ശ്രീനഗര്‍! ഭൂമിശാസ്ത്രത്തിലുള്ള അവന്റെ മൊത്തം confidence എന്റെ ഒറ്റ ഡയലോഗില്‍ അലിഞ്ഞുപോയി. അവന്റെ അന്തം വിട്ട look ന്റെ കാരണം ആദ്യം എനിക്ക് കത്തിയില്ല- പിന്നെയാണ് കാശ്മീരിലെ ശ്രീനഗറിന്റെ കാര്യം എനിക്ക് ഓര്‍മ്മവന്നത്. അവനറിയുന്ന , അവന്‍ നേരിട്ട് കണ്ട് -അനുഭവിച്ച ശ്രീനഗര്‍ കശ്മീരിലെ ശ്രീനഗറാണ്. ബദരീനാഥിലേക്കുള്ള വഴിയില്‍ ശ്രീനഗറില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാമെന്ന എന്റെ ഡയലോഗ് കേട്ട് അവന്‍ അന്തം വിട്ടില്ലങ്കിലല്ല അത്ഭുതമുള്ളു! ' മോനേ, അത് വേ'-ഇത് 'റെ' 'എന്ന് പറഞ്ഞ് ഞാനവനെ ആശ്വസിപ്പിച്ചു.

പൊടിപിടിച്ച വൃത്തിഹീനമായ കവലകളും, ചെറുപട്ടണങ്ങളും താണ്ടി ഞങ്ങള്‍ ശ്രീ നഗറിലെത്തി പേരില്‍ മാത്രമേ കശ്മീരിലെ ശ്രീനഗറുമായി ഈ സ്ഥലത്തിന് സാമ്യമുള്ള കശ്മീരിന്റെ സൗന്ദര്യം മൊത്തമായി ആവാഹിച്ച് തെളിഞ്ഞ് ചിരിക്കുന്ന ആ ശ്രീനഗര്‍ എവിടെ പൊടിപിടിച്ച റോഡുകളും, ഓടമണമുള്ള ഗലികളും നിറഞ്ഞ ഈ ശ്രീനഗറെവിടെ!

ഹോട്ടലുകളുടെ അവസ്ഥകണ്ടാല്‍ പച്ചവെള്ളം കുടിക്കാന്‍ തോന്നില്ല. ചുറ്റുപാടും രോഗങ്ങള്‍ നമുക്ക് നേരെ ചാടിവീഴാന്‍ നില്‍ക്കുന്ന ഒരു ഫീലിംഗ്. ശ്രീനഗര്‍ എന്ന ചെറുപട്ടണത്തില്‍ അത്യാവശ്യം വൃത്തിയുള്ള ഒരു ഭക്ഷണശാല കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി. കുറച്ചുനേരത്തെ തിരച്ചിലിനുശേഷം ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു. ഈച്ചകളുടെ എണ്ണത്തിലുള്ള ബാഹുല്ല്യം അവിടെ താരതമ്യേന കുറവായിരുന്ന എന്നതായിരുന്നു അവിടം തിരഞ്ഞടുക്കാനുള്ള ഒരേ ഒരു കാരണം.

രഞ്ജു എന്ന കാര്‍ണിവോറിനെ മുന്നില്‍ കണ്ട് അനീഷ് ഏതോ ഒരു ചിക്കന്‍ വിഭവും, പിന്നെ ഒരു veg കറിയും കുറച്ച് North Indian പറാത്തയും order ചെയ്തു. ഓര്‍ഡര്‍ കൊടുത്തശേഷം സത്യം പറഞ്ഞാല്‍ വേണ്ടിയിരുന്നില്ല എന്നുതോന്നി. കേരളത്തിലേതുപോലെ സുലഭമായി മത്സ്യമാംസാദികള്‍ ഭക്ഷിക്കുന്ന ഒരു ജനതയല്ല ഉത്തരാഘണ്ഡിലേത്- അതുകൊണ്ട് തന്നെ ചിക്കന്‍ പഴകിയതാവുമോ എന്ന സംശയം ഞങ്ങളെ ഗ്രസിച്ചു. പിന്നെ വരുന്നതുവരട്ടെ എന്നും വച്ച് തട്ടിവിട്ടു. വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഇരട്ടി വിലയാണ് non veg ന് ആ നാട്ടില്‍ എന്ന് ബില്ല് വന്നപ്പോള്‍ മനസ്സിലായി. അതോടെ തിരിച്ചു വരുന്നതുവരെ വെജിറ്റേറിയനാകാം എന്ന് ഞങ്ങള്‍ മൂന്നുപേരും ഐക്യകണ്‌ഠേന തീരുമാനിച്ചു. army accomodation മാത്രം Non veg കഴിക്കാം എന്നൊരു exception clause ഉം വെച്ചു.

ശ്രീനഗറില്‍ നിന്നും വീണ്ടും തകര്‍ന്ന റോഡുകളും, തകരാന്‍ വെമ്പിനില്‍ക്കുന്ന റോഡുകളും, ഇടിഞ്ഞ് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന പര്‍വ്വതങ്ങളും, ഒക്കെ താണ്ടി രാത്രിയോടെ ഞങ്ങള്‍ പീപല്‍ക്കോട്ടിയില്‍ എത്തി. മേജര്‍ അയന ഞങ്ങള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി അവിടെ കാത്തു നില്‍പുണ്ടായിരുന്നു. മനോഹരമായിരുന്നു അവിടുത്തെ officers accodamation! ഗംഭീര സ്വാദുള്ള ഭക്ഷണവും. പിറ്റേ ദിവസം പുലര്‍ച്ച 6.30ന് തന്നെ ബദരിനാഥിലേക്ക് തിരിക്കേണ്ടതിനാല്‍ മഞ്ഞുപുതച്ച് തണുത്തുറഞ്ഞ ആ രാവിന്റെ സൗന്ദര്യങ്ങളിലേക്ക് ഒരുപാട് ശ്രദ്ധകൊടുക്കാതെ പുതപ്പിന്റെ സുരക്ഷിതത്വത്തിനുള്ളിലേക്ക് ഞങ്ങള്‍ വിടവാങ്ങി, തെളിഞ്ഞ നീലാകാശത്ത് വിടര്‍ന്ന ചന്ദ്രബിബം ഞങ്ങളെ നോക്കികണ്ണിമുക്കി.

മാറുന്ന വഴികൾ മായക്കാഴ്ചകൾ ( മൂന്നാം ദിവസം)

പര്‍വ്വത പ്രദേശങ്ങളിലെ പുലരികള്‍ക്ക് ഒരു ഉന്മേഷമുണ്ട്- മടിപിടിച്ച് സുഖിച്ചുറങ്ങാന്‍ എത്ര കൊതിച്ചാലും നടക്കില്ല- സുഖമുള്ള തണുപ്പില്‍ നിന്നും, തെളിഞ്ഞ പുലരി തൊട്ടുവിളിച്ച് എണീപ്പിക്കും - ഉണര്‍ന്നാല്‍ തിരിച്ച് ഉറക്കത്തിലേക്ക് വഴുതാനാവാത്തത്രയും ഉന്മേഷം തരും പുലരിയിലെ സൂര്യകിരണങ്ങള്‍- അതുകൊണ്ടാവണം ഒരിക്കലും ഉദയം കാണാത്ത ഞാന്‍ എല്ലാ ഹിമാലയസന്ദര്‍ശനങ്ങളിലും മറ്റൊരു ഞാനാവുന്നത്. ഉണര്‍ന്നു കഴിഞ്ഞാല്‍ എത്രശ്രമിച്ചാലും തിരിച്ച് ഉറക്കത്തിലേക്ക് പിന്‍തിരിയാന്‍ വിടാത്ത ഒരു ഊര്‍ജ്ജസ്വലത ഹിമാലയന്‍ പ്രഭാതങ്ങള്‍ നല്‍ക്കും. 6 മണിക്ക് ഉണര്‍ന്ന് ആറരയ്ക്ക് തന്നെ ഞങ്ങള്‍ ബദരിനാഥിലേക്ക് പോവാന്‍ തയ്യാറായി. അപ്പോഴേക്കും ചായയുമായി officers mess ലെ ഒരു ജീവനക്കാരന്‍ എത്തി.

അങ്ങനെ ഉത്തരാഘണ്ഡിലെ ഞങ്ങളുടെ മൂന്നാം ദിവസം ആരംഭിച്ചു. പീപല്‍ കോട്ടിയില്‍ നിന്നും ബദരിനാഥിലേക്ക് ഏതാണ്ട് 70 കി.മി ദൂരം താണ്ടാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍ എടുക്കും. പോകുന്ന വഴിയില്‍ ജോഷിമഠിലുള്ള ഒരു Army Officers Messല്‍ ഞങ്ങള്‍ക്കുള്ള breakfast സൗകര്യം മെജര്‍ അയന ഏര്‍പ്പാടാക്കിയിരുന്നു.

പീപല്‍കോട്ടിയില്‍ നിന്നു തന്നെ മഞ്ഞണിഞ്ഞ ഹിമാവാന്റെ ദര്‍ശനം ലഭിക്കും. തവിട്ട് നിറമുള്ള മലനിരകളുടെ മേല്‍ ഭാഗത്ത് തൂവെള്ള നിറത്തില്‍ മഞ്ഞ് മേലാപ്പ് ! പ്രഭാതത്തിലെ സൂര്യരശ്മികള്‍ അതിന്റെ പ്രഭയേറ്റുന്നു. വിദൂരതയില്‍ തെളിയുന്ന ആ മനോഹര ദൃശ്യം വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒരു അനുഭവം സമ്മാനിക്കുന്നു. പ്രകൃതിയുടെ ഔന്നിത്യവും, ലാളിത്യവും അനിര്‍വചനീയമാണ്. തുളച്ച് കയറുന്ന തണുപ്പിലും ത്രസിപ്പിക്കുന്ന ഊര്‍ജ്ജം നല്‍കുന്ന പുലര്‍കാല കാഴ്ച്ചകള്‍. ഡെറാഡൂണിലേക്കും മസൂറിയിലേക്കും, ആണ് യാത്ര എന്ന ധാരണയില്‍ വളരെ ലാഘവത്തോടെ ഒരു റൈഡര്‍സ് ജാക്കറ്റ് ഉം രണ്ട് മൂന്ന് ഹൂഡി ടി-ഷര്‍ട്ട്കളും, ബാഗി പാന്റെുകളും മാത്രം ബാഗില്‍ കരുതിയ രഞ്ജു! അവന്‍ ശരിക്കും പെട്ടു എന്ന് മനസ്സിലാക്കാന്‍ തുടങ്ങിയതും ആ പ്രഭാതത്തിലായിരുന്നു.

ചമോലി ജില്ലയിലെ ഒരു പ്രധാന ജനവാസകേന്ദ്രമാണ് ജോഷിമഠ്. ജോഷിമഠില്‍ നിന്നും 45 കി.മി. സഞ്ചരിച്ചാല്‍ ബദരിനാഥ് എത്തും. പൂക്കളുടെ താഴവരയും ഔലിയിലെ മഞ്ഞും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വിശ്രമസ്ഥാനമാണിത്. 2022 ലാണ് ജോഷിമഠ് വാര്‍ത്തകളില്‍ ഇടം നേടുന്നത് - വീടുകളിലും കെട്ടിടങ്ങളും വിള്ളല്‍ വീഴുന്നു എന്നതാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത് -പിന്നീടാണ് ഭൂമി/ മണ്ണ് സ്വയം താഴ്ന്ന് തുടങ്ങുന്ന ഒരു പ്രതിഭാസമാണ് അവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നത്. ഭൂകമ്പസാധ്യതാ പ്രദേശമായ ജോഷിമഠില്‍ നിന്നും സുഖമുള്ള വാര്‍ത്തകളല്ല കേള്‍ക്കുന്നത്- ജന നിബിഡമാണ് ഈ ചെറുപട്ടണം - അവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി എന്നാണ് പത്രവാര്‍ത്തകള്‍. എന്നാല്‍ ആ നാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുടെ യാതൊരു സൂചനയും ലഭിച്ചില്ല.

ജോഷിമഠിലെ Officers' Mess ല്‍ നിന്നും ചൂടുള്ള ആലുപറാത്തയും ഇഞ്ചിയിട്ട മസാല ചായയും കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അളകനന്ദയുടെ ഓരം പറ്റിഹിമവല്‍ നിരകളുടെ ഇടയിലൂടെ ഒരു യാത്ര! അടുക്കുന്തോറും അകലുന്ന തോന്നലുളവാക്കുന്ന മഞ്ഞുമുടിയ പര്‍വ്വത ശിഖരങ്ങള്‍, ഒഴുകി ഇറങ്ങുന്ന മണല്‍ക്കൂനകള്‍ അടുക്കി വച്ചതുപോലെ ഉയര്‍ന്നുപൊങ്ങുന്ന പര്‍വ്വതങ്ങള്‍, ഹിമാവൃതമായ പര്‍വ്വതങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്ന അരുവികള്‍, കോണിഫെറസ് മരങ്ങള്‍ തിങ്ങിയ താഴ്‌വാരങ്ങള്‍ ,നീലയും പച്ചയും വെള്ളയുമായി ഇടയ്ക്കിടെ നിറം മാറുന്ന അളകനന്ദ! ക്ഷണികമായ മനുഷ്യ ജന്മത്തെ അനു നിമിഷം ഓര്‍മ്മിപ്പിക്കുന്ന തകര്‍ന്നു തരിപ്പിടമാണ് പര്‍വ്വത പാതകള്‍- ഓരോ ഹിമാലയന്‍ യാത്രകയിലും അനുഭവിക്കുന്ന വര്‍ണ്ണനാതീതമായ ചില ചിന്തകള്‍- ശങ്കര്‍മഹാദേവനും യേശുദാസും, സോനുനിഗമും, ഒക്കെ ഹരം ചേര്‍ത്ത നാദമാധുരിയുടെ അകമ്പടിയോടെ ബദരിനാഥിലേക്ക്. ജോഷിമഠ് -ബദരിനാഥ് പാത താരതമ്യേന തിരക്ക് കുറഞ്ഞതായിരുന്നു. ബദരിനാഥ് തീര്‍ഥാടന സീസണ്‍ തുടങ്ങാന്‍ ഒന്നു രണ്ട് ആഴ്ച്ചകള്‍ ബാക്കിയുള്ളതുകൊണ്ട് തന്നെ കടുത്ത ട്രാഫിക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ക്ക് പോകാന്‍ പറ്റി. എങ്കിലും റോഡ് കണ്ടീഷന്‍ വളരെ മോശമായതിനാല്‍ വലിയ വേഗത്തിലോന്നും ആ വഴി യാത്ര പറ്റില്ല. കാല്‍ നടയായി ബദരിനാഥിലേക്ക് പോവുന്ന കാവിവസ്ത്രധാരികളെ റോഡില്‍ അവിടവിടെയായി കണ്ടു. ദിവസങ്ങളോളം സഞ്ചരിച്ച് അമ്പലം തുറക്കുന്ന സമയമാവുമ്പോഴെക്കും അവര്‍ ബദരിനാഥിലെത്തും വഴിയിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഒക്കെ ഭക്ഷണം ലഭിക്കും, വഴിയോരങ്ങളില്‍ ഉറങ്ങും- അങ്ങനെ പതുക്കെ പതുക്കെ അവര്‍ ആ ദുര്‍ഘടപാതകളൊക്കെ താണ്ടി ബദരിനാഥിലെത്തും. ബദരിനാഥലേക്കുള്ള പാതയ്ക്ക് സമാന്തരമായി മറ്റോരു പാത പണിയുന്നത് കണ്ടു. മണ്ണിടിച്ചല്‍ കുറഞ്ഞ ഒരിടത്തുകൂടി, പ്രധാനമായും ഭൂഗര്‍ഭ ടണലുകളാല്‍ ബന്ധിക്കപ്പെട്ട് ആണ് ആ പാതയുടെ നിര്‍മ്മാണം.ഹിമാവൃതമായ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് തണുപ്പിന്റെ പുതപ്പ് പുതച്ച് ശാന്തമായി മേവുന്ന ബദരിനാഥ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീര്‍ഥാടന കേന്ദ്രമാണ്. ദശലക്ഷങ്ങളാണ് ഓരോ വര്‍ഷവും ഇവിടെ വന്നെത്തുന്നത്. അതുകൊണ്ട്തന്നെ ഇവിടേക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കുക എന്നത് ഒരു പ്രധാന കാര്യമാണ്. കൂടാതെ ചൈനയുടെ ബോര്‍ഡറിനു അടുത്തുള്ള ഒരു മുഖ്യസ്ഥലം എന്ന നിലയില്‍ തന്ത്ര പ്രധാനവും ആണ് ഇവിടം. ദുര്‍ഘടങ്ങള്‍ പലതും താണ്ടി ഞങ്ങള്‍ ബദരിനാഥലേക്ക് അടുത്തുകൊണ്ടിരുന്നു. പുറം കാഴ്ച്ചകളില്‍ കണ്ണുംനട്ടിരുന്നതിനാല്‍ വാഹനം പതുക്കെയാവുന്നത് ഞാനാദ്യം ശ്രദ്ധിച്ചില്ല. ബദരിനാഥില്‍ നിന്നും 11 കി.മി ഇപ്പുറം ഹനുമാന്‍ചെട്ടി എന്ന സ്ഥലമായിരുന്നു അത്. അവിടുത്തെ ചെക്ക് പോസ്റ്റില്‍ പോലീസ് ഞങ്ങളുടെ വാഹനം തടഞ്ഞു. യാത്രികരുടെ പേരും മറ്റ് വിവരങ്ങളു രേഖപ്പെടുത്താനാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ മലയിടിച്ചലില്‍ ബദരിനാഥിലേക്കുള്ള റോഡ് തകര്‍ന്നു എന്നും, അതു ശരിയാക്കാനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ് എന്നും, പാത ഗതാഗത യോഗ്യമായാല്‍ മാത്രമേ മുന്നോട്ട് കടത്തി വിടൂ എന്നും, അവിടുത്തെ പോലിസുകാര്‍ പറഞ്ഞു.

ഞങ്ങളുടെ വണ്ടി കുടാതെ BRO യുടെ ഒന്ന് രണ്ട് വാഹനങ്ങളും അവിടെ കിടപ്പുണ്ടായിരുന്നു.അപ്പോഴെക്കും സമയം ഏതാണ്ട് 10 മണി. അനീഷ് BRO യുടെ in charge ആയ മേജര്‍ അയനയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവിടെ റോഡ് നന്നാക്കല്‍ പുരോഗമിക്കുകയാണ് എന്നും, എന്നാല്‍ കൃത്യമായി എപ്പോള്‍ റോഡ് ശരിയാവുമെന്ന് പറയാനാവില്ല. എന്നും മേജര്‍ അയന അറിയിച്ചു - ചിലപ്പോള്‍ ഒക്കെ ശരിയാവാന്‍ ഉച്ച തിരിഞ്ഞേക്കാം - മറ്റു ചിലപ്പോള്‍ അതിലും വൈകും. ഞങ്ങള്‍ ഇതി കര്‍ത്തവ്യാമൂഢരായി പരസ്പരം നോക്കി നിന്നു- കുറച്ചു നേരം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ് ഫോട്ടോകളൊക്കെ എടുത്ത് സമയം പോക്കി - അങ്ങനെ അനന്തമായി കാത്തു നില്‍ക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല- ബദരിനാഥും കഴിഞ്ഞുള്ള 'മന' ഗ്രാമമാണ് ഞങ്ങളുടെ ലക്ഷ്യം - ബദരിനാഥ് കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നു കിലോമീറ്ററോളം വാഹനം പോകും - അതു കഴിഞ്ഞ ഒന്നര കിലോ മീറ്റര്‍ നടന്നാണ് അങ്ങോട്ട് പോകേണ്ടത് - High altitude ല്‍ കയറ്റിറക്കങ്ങള്‍ നിറഞ്ഞ പാതയിലൂടെ നടക്കുക ശ്രമകരമാണ്- അതിന് സാധാരണയിലും കൂടുതല്‍ സമയമെടുക്കും - കാത്തിരുന്ന് സമയം വൈകുന്തോറും അങ്ങോട്ടുള്ള യാത്ര ദുര്‍ഘടമാവും എന്നൊക്കെ ചിന്തിച്ച് ഞാന്‍ പറഞ്ഞു - തല്‍ക്കാലം ബദരിനാഥ്- മന-റൂട്ട് മാറ്റിപ്പിടിച്ച് പകരം 'ഓലി' യിലേക്ക് പോകാം എന്ന്. ഈ ഏപ്രില്‍ മാസത്തിലും സുലഭമായി മഞ്ഞ് കാണാന്‍ കിട്ടുന്ന സ്ഥലമാണ് 'ഓലി'എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. രഞ്ജുവിന് കുറച്ച് നേരം കൂടി കാത്ത് നിന്ന് ബദരിനാഥ് തന്നെ പിടിക്കാനായിരുന്നു താല്പര്യം - എന്നാല്‍ ഒരു ഉറപ്പില്ലാതെ എത്ര നേരം അവിടെ അങ്ങനെ തുടരും എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ 'ഓലി' യിലേക്കുള്ള detour ന് അവന്‍ സമ്മതിച്ചു. അര്‍ദ്ധ മനസ്സോടെ അനീഷും അത് ശരിവച്ചു. അങ്ങനെ വന്ന വഴി ഏതാണ്ട് ഒരു 40 kms തിരിച്ച് സഞ്ചരിച്ച് ഞങ്ങള്‍ ഓലിയിലേക്ക് തിരിച്ചു.

മഞ്ഞും മധുമാരിയും

ഓലി അടുക്കുന്തോറും ഭൂപ്രകൃതി ആകെ മാറി - നിറയെ പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ്‌വരകള്‍ പച്ച പുതച്ച പര്‍വ്വതങ്ങള്‍ - മുകളില്‍ മഞ്ഞുറഞ്ഞ് കൂടിയിരിക്കുന്നു- അരുവികള്‍ - വയലുകള്‍ - ചെറുഗ്രാമങ്ങള്‍ - ആകെ മൊത്തം ഒരു സ്വിറ്റ്‌സര്‍ലാന്റ് ഛായ. ഗഡ്‌വാള്‍ പര്‍വ്വത പ്രദേശത്തെ സ്‌കീയിംഗ് കേന്ദ്രമാണ് ഓലി. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ ski-resotആണിത്. ശീത കാലത്ത് ആ പ്രദേശമാകെ മഞ്ഞ് മൂടിക്കിടക്കും - ആയിരക്കണക്കിന് സഞ്ചാരികള്‍ ആ സമയം അങ്ങോട്ട് ഒഴുകിയെത്തും. ഇവിടെ നിന്നും ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പര്‍വ്വതമായ നന്ദാദേവിയുടെ കാഴ്ച്ച അതിമനോഹരമാണ്. മഞ്ഞുകാലത്ത് ആ കാഴ്ച്ചക്ക് മനോഹാരിത വീണ്ടും കൂടും. ഓക്ക് മരങ്ങളും, പൈന്‍ മരങ്ങളും അങ്ങോട്ടുള്ള റോഡിന്റെ ഇരു വശവും തലയുയര്‍ത്തി നില്‍ക്കുന്നു.സമുദ്ര നിരപ്പില്‍ നിന്നും 2800 മീറ്ററിലേറെ ഉയരത്തിലാണ് ഓലി സ്ഥിതി ചെയ്യുന്നത്. ജൂണിനും ഒക്‌ടോബറിനും ഇടയിലുള്ള സമയത്ത് ഇവിടുത്തെ താഴ്‌വാരമാകെ വിവിധ വര്‍ണ്ണങ്ങളുള്ള പൂക്കളാല്‍ നിറയും - ഡിസംബര്‍ - മാര്‍ച്ച് സമയത്ത് മഞ്ഞ് പുതച്ച് വെളുത്ത ആ താഴ്‌വര സ്‌കീയിംഗില്‍ ഏര്‍പ്പെടുന്നവരുടെ പറുദീസയാവും - സ്‌കീയിംഗും, ട്രക്കിംഗും, കുതിര സവാരിയും Rope way journey യും ഒക്കെ ഓലിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ഹനുമാന്‍ ചട്ടിയില്‍ നിന്നും ഏതാണ്ട് ഒരൊന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഓലിയില്‍ എത്തി. കാറില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ടൂറിസ്റ്റ് ഗൈഡുമാരുടെ ഒരു സംഘം തന്നെ ഞങ്ങളെ പൊതിഞ്ഞു. Gypsy ride/ Horse ride/ Treking / Adventure ride...എന്നൊക്കെ പറഞ്ഞ് അവര്‍ ഞങ്ങളെ പല രീതിയില്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

HIgh altitude (ഏതാണ്ട് 2800 mtrs) ഉയരത്തില്‍ മൂന്നും നാലു കി.മീ ട്രക്ക് ചെയ്താലാണ് മഞ്ഞ് കാണാനും, അനുഭവിക്കാനും പറ്റുന്ന സ്ഥലത്ത് എത്താനാവുക എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. Trekking അല്ലാതെ മറ്റൊരു വഴി rope-way യാണ്. 500/- അതിന്റെ ഫീസ് . rope-way യില്‍ പോയശേഷം വീണ്ടും trek ചെയ്യണം - അല്ലെങ്കില്‍ കുതിരപ്പുറത്ത് യാത്ര ചെയ്യണം. സമയപരിമിതയും, ട്രക്കിങിന്റെ ആയാസവും (അത് പ്രധാനമായും എനിക്കാണ് ബാധകം) ഒക്കെ കണക്കിലെടുത്ത് കുതിര സവാരി ഞങ്ങള്‍ തീര്‍ച്ചയാക്കി - കുറച്ച് നേരത്തെ വിലപേശലുകള്‍ക്ക് ശേഷം ഒരാള്‍ക്ക് 600/- നിരക്കില്‍ അതും സെറ്റാക്കി.

റോപ്പ്‌വേയിലെ യാത്ര ഒരു സ്വപ്നം പോലെ മനോഹരമാണ്. കാലിനടിയിലൂടെ പിറകിലേക്ക് ഒഴുകി നീങ്ങുന്ന പച്ച വിരിച്ച താഴ്‌വാരം- കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹിമവാന്‍, അനുനിമിഷം അരികിലേക്ക് ഓടിയെത്തുന്നു തണുത്ത കാറ്റ് - ഇതുവരെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പലതരം ഗന്ധങ്ങള്‍ - എല്ലാം ചേര്‍ന്ന് ഒരു മായിക പ്രപഞ്ചം. മുന്‍പും rope-way യില്‍ യാത്ര ചെയ്തിട്ടുണ്ട് - എന്നാല്‍ അന്നൊന്നും അനുഭവിക്കാത്ത ഒരാനന്ദം ഈ യാത്രയ്ക്കുണ്ടായിരുന്നു. വിശാലമായ പ്രകൃതിയിലൂടെ ഒരു ചെറുപറക്കല്‍ അനുഭവം.

അങ്ങനെ പറന്ന് പറന്ന് റോപ്പ്‌വേയുടെ മറ്റേ അകത്തുള്ള ലാന്‍ഡിംഗ് പോയിന്റില്‍ എത്തി. ഞങ്ങള്‍പ്പം തന്നെ കുതിരസവാരി റെഡിയാക്കിയ ഏജന്റും ഉണ്ടയിരുന്നു. പോകുന്ന വഴിയില്‍ ഒരു ചെറിയ തട്ടുകടയില്‍ നിന്നും മൂന്നു സമോസയും ഒരു കുപ്പി പെപ്‌സിയും ഒക്കെ വാങ്ങി ഞങ്ങള്‍ കുതിര സവാരിക്ക് റെഡിയായി.

റാണി,ധന്നോ,ശിക്കു-ഇവരായിരുന്നു ഞങ്ങളെ വഹിക്കാന്‍ തയ്യാറായി വന്നവര്‍. റാണി അത്യാവശ്യം നല്ല മിടുക്കുള്ള ഒരു കുതിരയായിരുന്നു. ശരിക്കും ഒരു ലീഡര്‍!-ശ്രദ്ധയോടെയായിരുന്നു അവളുടെ ഓരോ ചുവടു വെപ്പും. എന്റെ ധന്നോ ഒരു സംശയരോഗിയായിരുന്നു. റാണിയെ പിന്‍ തുടരുമ്പോഴും ഈ യാത്ര അത്രശരിയല്ലല്ലോ എന്ന സംശയത്തോടെയായിരുന്നു അവളുടെ പോക്ക്-വീഴുമോ, വീഴുമോ എന്ന് ശങ്കിച്ച് -ഒന്നു രണ്ട് തവണ അവളുടെ കാല്‍ ഇടറുകയും ചെയ്തു. ശിക്കുവായിരുന്നു കൂട്ടത്തില്‍ ചെറുത്. അവന്‍ അല്പം പതുക്കെയാണ് നടന്നിരുന്നത്. അതുകാരണം കുതിരക്കാരന്‍ 'ഭര്‍ര്‍ര്‍' 'ത്ഡര്‍ര്‍ര്‍' എന്നൊക്കെ ചില ശബ്ദങ്ങള്‍ മുഴക്കി അവന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ദേഷ്യം വന്ന് ഓരോ അടിയും കൊടുക്കും. അതിനിടയിലെപ്പൊഴോ, അടിയുടെ ശക്തി കൂടിയതിനാലാവണം, ശിക്കു പെട്ടന്ന് മുന്നോട്ടാഞ്ഞ് ധന്നോയെ മറികടക്കാന്‍ ശ്രമിച്ചു-എന്നാല്‍ അവരുടെ രണ്ടുപേരുടെയും ഇടയില്‍ ഉണ്ടായിരുന്ന മരത്തെ ആ പ്രയത്‌നത്തിനിടെ അവന്‍ ശ്രദ്ധിച്ചില്ല-അതോടെ ശിക്കുവിനെ ധന്നോയുമായി ബന്ധിപ്പിച്ചിരുന്ന കയര്‍ മരത്തില്‍ കുരുങ്ങി- മരത്തിനിരുവശവുമായി അവര്‍ രണ്ടു പേരും-മുന്നിലെ റാണി ഇതൊന്നുമറിയാതെ കയര്‍ മുന്നോട്ടാഞ്ഞുവലിച്ചു.- രണ്ടുവശത്തുനിന്നും ഉണ്ടായ ശക്തമായ വലികള്‍ക്കിടയില്‍ പെട്ട് ഞാന്‍ താഴേക്കും! വേരുകളും, കുറ്റികളും കല്ലുകളും, ചെളിയും ഒക്കെ നിറഞ്ഞ നിലത്തേക്ക്-താഴെ ലാന്റ് ചെയ്യുന്നതിനും ഒരു ഞൊടിയിട മുന്‍പേ ഞാന്‍ നിലം സ്‌കാന്‍ ചെയ്തു- കുറ്റിയും കല്ലുമില്ലാത്തിടത്തേക്ക് പരമാവധി വീഴാന്‍ ശ്രമിച്ചു-ആശ്രമം ഫലം കണ്ടു. മുന്നില്‍ റാണിയുടെ പുറത്ത് സഞ്ചരിക്കുകയായിരുന്ന അനീഷിന് മൊത്തം സീന്‍മിസ്സായി- പിന്നില്‍ നിന്നും മൊത്തം കണ്ട രഞ്ജു ആകെ ഞെട്ടി-അക്ഷരാര്‍ദ്ധത്തില്‍ അന്തം വിട്ടു. അവന്‍ നോക്കുമ്പോള്‍ ഞൊടിയിടയില്‍ കുതിരപ്പുറത്തുനിന്നും അമ്മ കൂഴച്ചക്ക പോലെ 'ഠിം' ! പിന്നെ വീഴ്ചകള്‍ സാധാരണ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗമായ എന്നെ സംബന്ധിച്ച് അതൊരു പുതുമയേ ആയിരുന്നില്ല. വീണ് വീണ് നല്ല തഴക്കവും പരിചയവും ഉള്ളതിനാല്‍ 'ഈ വീഴ്ച്ചയൊക്കെ എന്ത് ! നിസ്സാരം!' എന്ന മട്ടില്‍ ഞാന്‍ മൂട്ടിലെ ചെളിയും തട്ടി എഴുന്നേറ്റു.

ആദ്യഭാഗം മൊത്തം മിസ്സായി ക്ലൈമാക്‌സ് മാത്രം കണ്ട അനീഷിന് ഒന്നും മനസ്സിലായില്ല- താഴെ നിന്ന് ഉരുണ്ട് പിരണ്ട് എണീറ്റ് 'ഏയ് കുഴപ്പമൊന്നുമില്ല..... I am okay...ഇതൊക്കെ എന്ത്-' എന്നൊക്കെ ഡയലോഗ് അടിക്കുന്ന എന്നെ കണ്ട്, ഏതോ സിനിമയില്‍ ഇന്നസെന്റ് അടിച്ച് 'ദിപ്പം ന്താ ണ്ടായേ?' എന്ന ചോദ്യവുമായി അനീഷ് സ്ഥംഭിച്ച് നിന്നു. ഞാന്‍ വീണത് കണ്ട് ടെന്‍ഷന്‍ ആയ കുതിരക്കാരന്‍ എനിക്കു ചുറ്റും ഓടി നടന്ന് 'മേം സാബ്-ആപ്പ് ടീക് തോ ഹേനാ?-' എന്ന് നിലവിളിച്ചോണ്ടിരുന്നു.- ഇടയ്ക്ക് പോയി എല്ലാ കുഴപ്പത്തിനും കാരണക്കാരനായ ശിക്കുവിന് രണ്ട് തൊഴിയും കൊടുത്തു-

അതുകൊണ്ട് രഞ്ജു ഉടനെ കുതിരക്കാരനോട് കയര്‍ത്തു. 'താന്‍ സൈ്വര്യം കൊടുക്കാതെ ഉപദ്രവിച്ചോണ്ടായിരിക്കും അങ്ങനെ ചെയ്തതെന്ന് അവന്‍ കുതിരക്കാരനോട് പറഞ്ഞു.' അതോടെ അയാളുടെ ഷോ തീര്‍ന്നു.

പാവം ധന്നോ- അവള്‍കാരണമാണ് ഞാന്‍ വീണതെന്ന കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല - ഒരല്പം അകലേക്ക് മാറി ഒറ്റയ്ക്ക് നിന്നു.

കുറച്ച് നേരം അങ്ങനെ പോയി-അവിടെ ചുമ്മാ നില്‍ക്കാനല്ലല്ലോ ഇത്രയും ദൂരം താണ്ടി ഞങ്ങള്‍ വന്നത്- ഞാന്‍ വീണ്ടും കുതിരപ്പുറത്ത് വലിഞ്ഞ് കയറി-അങ്ങനെ ഞങ്ങള്‍ മുന്നോട്ട്. വെളിച്ചവും ഇരുളും ഒളിച്ചുകളിക്കുന്ന, വന്യമായ നിശബ്ദത ചൂഴ്ന്ന് നില്‍ക്കുന്ന ആ കാട്ടിലൂടെ കുറേനേരം കൂടി ഞങ്ങള്‍ സഞ്ചരിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

പാവം രഞ്ജു- മൂന്നാറുപോലുള്ള തണുപ്പ് ആയിരിക്കും. മസൂറിയിലെന്നും പറഞ്ഞ് ഒരു റൈഡേര്‍സ് ജാക്കറ്റും, ഹൂഡി ഷര്‍ട്ടും ആയി ഓലിയില്‍ എത്തിപ്പെട്ട തന്നെയോര്‍ത്ത് സ്വയം പ്രാകുന്നുണ്ടായിരുന്നു. എന്റെ വീഴ്ചയും അവനില്‍ ഭയം നിറച്ചു-ഒരല്പം നിശബ്ദമായി ആയിരുന്നു വീഴ്ച്ചയ്ക്ക് ശേഷമുള്ള ഞങ്ങളുടെ യാത്ര- കുതിര കുടമണിശബ്ദവും, കുളമ്പടി ശബ്ദവും, പിന്നെ കുതിരക്കാരന്റെ 'ഭര്‍ര്‍ര്‍' വിളിയും മാത്രം-തണുത്ത കാറ്റ് വീശിത്തുടങ്ങി. പെട്ടന്ന് ഇരുള്‍മാറി വലിയ തുറസ്സായ ഒരു വെളിമ്പ്രദേശത്ത് എത്തി അധികം ദൂരയല്ലാതെ മഞ്ഞ് പാളികള്‍ സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങുന്നു!. മഞ്ഞാസ്വദിച്ച് അതില്‍ കളിച്ച് നടക്കുന്ന കുറച്ച് പേര്‍-ഞങ്ങള്‍ക്കും മുമ്പേ അവിടെയെത്തിയ യാത്രക്കാര്‍.

ആ തുറന്ന താഴ്‌വരയില്‍ നിന്നും ചുറ്റും നോക്കി നന്ദാദേവി, കാമത്, ഭംഗിരി മല നിരകള്‍ ഞങ്ങളുടെ നാലുവശത്തു നിന്നും ഉയര്‍ന്നു പൊങ്ങി ആകാശം തൊട്ടു നില്‍ക്കുന്നു. മുഴുവനും മഞ്ഞുമൂടിയ ഹിമശിഖിരങ്ങള്‍ - അവയെ പുണന്ന് ഒഴുകി നീങ്ങുന്ന മേഘപടലങ്ങള്‍-നീലാകാശം ഇടയ്ക്കിടെ തെളിഞ്ഞ് കാണാം. കൈയ്യില്‍ കരുതിയ സമൂസയും, കോളയും, വെള്ളവും ഒക്കെ കുടിച്ച് ഉന്മേഷം വീണ്ടെടുത്ത് ഞങ്ങള്‍ മഞ്ഞിലേക്ക് നടന്നു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3000 മീറ്റര്‍ ഉയരത്തിലാണ് ഇവിടം. അതുകൊണ്ട് തന്നെ അല്പം നടക്കുമ്പോഴേക്കും തന്നെ അണയ്ക്കും-പതുക്കെ പതുക്കെ ഞങ്ങള്‍ നടന്നുകയറി. മഞ്ഞ് പുതച്ച താഴ്‌വരയിലെ ചിലയിടങ്ങളില്‍ സഞ്ചാരികളില്‍ ചിലര്‍ സ്‌കീയിംഗ് പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ചെറിയ കുട്ടികളടങ്ങുന്ന ഒരു സംഘം ചിരിച്ചുല്ലസിച്ച് ഞങ്ങളെ കടന്നു പോയി. പ്രായമായ ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ഞങ്ങളെ കടന്ന് പോകുന്നേരമാണ് എന്തോ എന്റെ മൂക്കിന്‍ തുമ്പില്‍ വീണത്-നോക്കുമ്പോള്‍ ഒരു മഞ്ഞ് പരല്‍! ആകാശത്ത് ഞങ്ങളുടെ നേരെ ഒരു കാര്‍മേഘം ഒഴുകി വരുന്നുണ്ടായിരുന്നു. ഒരു മഞ്ഞ് വീഴ്ച്ചയോ മഴയോ പ്രതീക്ഷിക്കാമെന്ന് അനീഷ് പ്രവചിച്ചു. അവനുമൊത്തുള്ള വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് വെച്ച് എനിക്ക് ആ പ്രവചനം അച്ചട്ടായിരിക്കുമെന്ന് ഉറപ്പായിരുന്നു.

വന്നാല്‍ വന്നിടത്തുവെച്ച് കാണാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ മഞ്ഞുവാരിക്കളിക്കാന്‍ തുടങ്ങി -ഒട്ടും ഭാരമില്ലാത്ത പരലു പരലുപോലെത്തെ മഞ്ഞ്- ആ മഞ്ഞ് കൈയ്യിലെടുത്താലും അധികം തണുപ്പ് തോന്നില്ല. രഞ്ജു മഞ്ഞ് വാരി ഞങ്ങളെ എറിഞ്ഞു. കുറച്ചുനേരം അങ്ങനെ ആ വിശാലമായ ഓലിതാഴ്‌വരയില്‍ ഞങ്ങള്‍ ആസ്വദിച്ച് സമയം ചെലവഴിച്ചു. ഇടയ്ക്ക് വീശുന്ന തണുത്ത കാറ്റ് അല്പം അസ്വസ്ഥത സൃഷ്ടിച്ചു. അപ്പോഴേക്കും ഒരു മാസ്‌ക്കും, ഷോളും ഒക്കെക്കൊണ്ട് രഞ്ജു തണുപ്പിന് താല്കാലിക പരിഹാരം ഉണ്ടാക്കി-കളഞ്ഞ് കിട്ടിയ ഒരു ഗ്ലൗസും ആശ്വാസത്തിന് എത്തി. അല്പനേരം കഴിയുമ്പോഴേക്കും മഞ്ഞുപരലുകള്‍ ഇടതടമില്ലാതെ പൊഴിയാന്‍ തുടങ്ങി. അവ മുടിയിഴകളിലും ഉടുപ്പിലും ഒക്കെ ഒട്ടി നിന്നു. ഞങ്ങളുടെ മുടിയിഴകളില്‍ തങ്ങി നിന്ന മഞ്ഞു പരലുകള്‍ കണ്ടാല്‍ ആരോ മനോഹരമായി അണിയിച്ചൊരുക്കിയതാണന്നേ തോന്നൂ. എന്നാല്‍ ഒന്ന് തൊട്ടു നോക്കാമെന്നു വച്ചാലോ? തൊടുമ്പോഴേക്കും അവ കൈച്ചൂട് തട്ടി ഉരുകിമായും.

ഞങ്ങള്‍ തിരിച്ച് നടക്കാന്‍ തീരുമാനിച്ചു. തവിട്ട് നിറമുള്ള മണ്ണ് നിറഞ്ഞ താഴ്‌വാരം-അവിടവിടെയായി മഞ്ഞ് വീണ് വെളുത്ത പ്രതലങ്ങള്‍-കാര്‍മേഘവും വെണ്‍ മേഘവും നിറഞ്ഞ നീലാകാശം, മഴത്തുള്ളികള്‍ പോലെ പൊഴിയുന്ന, വെണ്‍മഞ്ഞ് പരലുകള്‍ -ഒപ്പം തണുപ്പു പുതപ്പിക്കാനെത്തുന്ന കാറ്റ്, അകലെ നിന്നും കേള്‍ക്കുന്ന കുതിരക്കുടമണി ശബ്ദങ്ങള്‍-മനസ്സില്‍ ഒരിക്കലും മായാത്തത്രയും ആഴത്തില്‍ പതിഞ്ഞ ഒരനുഭവമായി ഓലി.

തിരിച്ച് കുതിരകളെ തളച്ചിരുന്നയിടത്ത് എത്തുമ്പോഴേക്കും ഒരുവിധം എല്ലാ സഞ്ചാരികളും കാടിറങ്ങി കഴിഞ്ഞിരുന്നു. ഞങ്ങളുടെ കുതിരക്കാരന്‍ വേഗം പോവാന്‍ തിരക്ക് കൂട്ടി. മഞ്ഞ് വീഴ്ച്ച കൂടിയാല്‍ കാട്ടിനകത്ത് വഴിയില്‍ വീണ്ടും വഴുക്കല്‍ കൂടുമെന്നും ഇറക്കം കൂടുതല്‍ ദുര്‍ഘടമാവുമെന്നും അയാള്‍ പറഞ്ഞു.

ഇറക്കത്തില്‍ കുതിരപ്പുറത്ത് പിന്നോക്കം ആഞ്ഞാണ് ഇരിക്കേണ്ടത്. നേര്‍ത്ത വഴിത്താരയിലൂടെ കാടിന്റെ ഇരുട്ടിലേക്ക് ഊളിയിട്ട് ഞങ്ങളുടെ കുതിരകള്‍ മടക്കയാത്ര തുടങ്ങി-ചുറ്റും പൊഴിയുന്ന മഞ്ഞും, സിരകളിലേക്ക് തണുപ്പ് കേറുന്ന കാറ്റും, ഇടയ്ക്കിടെ തെളിയുന്ന സൂര്യന്റെ വെയില്‍ക്കിരണങ്ങളും-സ്വപ്നസമാനമായ ഒരു അനുഭവം.

തിരികെ റോപ്പ്‌വേയുടെ അടുത്തെത്തുമ്പോഴേക്കും പിന്നിലെ കാടുകള്‍ക്കുള്ളില്‍ ഇരുള്‍ വീണുകഴിഞ്ഞിരുന്നു. ഓലിയിലെ മനംമടുപ്പിച്ച ഒരേ ഒരു അനുഭവം വൃത്തി ഹീനമായ ടോയ്‌ലറ്റുകള്‍ ആയിരുന്നു. അതൊഴിച്ചാല്‍ അതിമനോഹരമായ, ഒരു ആയുഷ്‌കാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച നിമിഷങ്ങളായിരുന്നു ഓലിയിലേത്.

റോപ്പ്‌വേയില്‍ തിരിച്ച് കാര്‍പാര്‍ക്ക് ചെയ്ത ഇടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ വീണ്ടും എന്ന് ഇവിടേക്ക് വരാനാവും എന്ന് ഉള്ളിലെ സഞ്ചാരി എന്നോട് ചോദിച്ച് കൊണ്ടായിരുന്നു. ഓലിയില്‍ നിന്ന് തിരിച്ച് ജോഷിമ്ം വഴി, പീപല്‍കോട്ടിലേക്ക്-ഹിമവാന്റെ പര്‍വ്വതനിരകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് താഴേക്ക് ഒഴുകുന്ന അളകനന്ദയ്ക്ക് സമാന്തരമായി കുറേമുകളിലൂടെ ഞങ്ങളും, സഞ്ചരിച്ച താഴ്‌വരകളും മലയിടുക്കുകയും പിന്നിട്ട് താഴേക്ക്-പീപല്‍ കോട്ടിയിലേക്ക്. ഓഫീസേഴ്‌സ് മെസ്സിലെത്തുമ്പോഴക്കും നേരം ഇരുട്ടിയിരുന്നു. ഭക്ഷണവും കഴിച്ച് കമ്പിളിപ്പുതപ്പിനുള്ളിലേക്ക് ദീര്‍ഘയാത്രയ്ക്കുശേഷം ഒരു സുഖ നിദ്രയിലേക്ക്.

മടുത്ത് മടുത്ത് മടുത്ത് ( നാലാം ദിവസം )

യാത്രചെയ്താലും, ചെയ്താലും തീരാത്തത്രയും ദൂരേക്ക് നീണ്ടുകിടക്കുന്ന റോഡുകളിലൂടെ ഒരു പകല്‍ മുഴുവന്‍ നീണ്ടയാത്ര-അതായിരുന്നു നാലാം ദിവസം ഞങ്ങള്‍ക്ക് സമ്മാനിച്ചത്. തിരിച്ച് പോകുമ്പോള്‍ ഉച്ചഭക്ഷണത്തിനായി സുരേഷിന്റെ താവളത്തില്‍ അല്പസമയം ചെലവഴിച്ചു. അവിടെ നിന്നും നേരെ ഡെറാഡൂണിലേക്ക്. ഡെറാഡൂണ്‍ വളരെ തിരക്ക് പിടിച്ച, പൊടിനിറഞ്ഞ ഒരു പട്ടണമാണ്. അവിടെ നിന്നും മുസൂറിയിലേക്ക് റോഡ് മാര്‍ഗ്ഗമാണ് പോകേണ്ടത്-മുസൂറിയില്‍ നിന്നും വീണ്ടും നാലഞ്ച് കിലോമീറ്റര്‍ കുത്തനെയുള്ള ഇടുങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചു വേണം ലാന്‍ഡൂറിലെത്താന്‍.

ഡെറാഡൂണ്‍-മുസൂറി-33 കിലോമീറ്റര്‍ ആണ് ദൂരം. ഒന്നൊന്നരമണിക്കൂറുകൊണ്ട് എത്താനുള്ളത്രയുള്ളൂ യൂബര്‍ വഴി ഒരു കാബ് ബുക്ക് ചെയ്തു. ഡ്രൈവര്‍ ഡെറാഡൂണ്‍ ബസ്റ്റാന്റിനടുത്ത് ഞങ്ങള്‍ കാത്ത് നിന്നയിടത്ത് എത്തി. എന്നാല്‍ യൂബറിന് പോയാല്‍ നഷ്ടമാണെന്നും അതേ നിരക്കില്‍ യൂബര്‍ ക്യാന്‍സല്‍ ചെയ്ത് പോകാമെന്നും പുള്ളി പറഞ്ഞു. ഞങ്ങള്‍ക്ക് നഷ്ടമൊന്നും ഇല്ലാത്തതിനാല്‍ അങ്ങനെയാവാമെന്ന് സമ്മതിച്ചു. ആദ്യം ബസ്സില്‍ പോകാമെന്നാണ് കരുതിയത്. എന്നാല്‍ ബസ്സ് ഒരുപാട് കഴിഞ്ഞേ വരികയുള്ളൂ എന്നാണ് ഡിപ്പോയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണ് കാറില്‍ പോവാന്‍ മാറിച്ചിന്തിച്ചത്.

ഞങ്ങളുടെ ഡ്രൈവര്‍ ഒരു സിഖ്കാരനായിരുന്നു. പ്രായമായ ഒരു സിംഗ്. താടിയും പഗഡിയുമൊക്കെയുള്ള ഒരു typical സിംഗ്. അത്യാവശ്യം നല്ല പ്രായമുണ്ടായിരുന്നു അയാള്‍ക്ക്. ഡെറാഡൂണ്‍ ടൗണില്‍ നിന്നും മസൂറിയിലേക്കുള്ള മെയിന്‍ റോഡില്‍ തിരക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അയാള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ടൗണില്‍ നിന്നും ഒരു ഷോര്‍ട്ട് കട്ട് എടുത്ത് മെയിന്‍ റോഡിലേക്ക് കയറാന്‍ അയാള്‍ തീരുമാനിച്ചു. അല്പദൂരം ചെന്നപ്പോള്‍ തന്നെ തന്റെ തീരുമാനം പാളിയെന്ന് പുള്ളിക്ക് മനസ്സിലായി. അയാള്‍ എടുത്ത ഷോര്‍ട്ട് കട്ടില്‍ കട്ട ബ്ലോക്ക്-പണി പാലും വെള്ളത്തില്‍ കിട്ടി. നിരങ്ങി നിരങ്ങി ഒരു മുക്കാല്‍ മണിക്കൂറോളം എടുത്തു മെയിന്‍ റോഡെത്താന്‍-അവിടുന്നങ്ങോട്ടും നല്ല തിരക്ക്. താനീ ട്രിപ്പ് എടുക്കരുതായിരുന്നു വെന്നും, ചെയ്തത് അബദ്ധമായെന്നും ഇടയ്ക്കിടയ്ക്ക് അയാള്‍ സ്വയം പഴിച്ചുകൊണ്ടിരുന്നു. അത് വല്ലാത്തൊരു വെറുപ്പിക്കലായിരുന്നു.

ഒടുവില്‍ രാത്രിയോടെ മുസോറിയിലെത്തി-അവിടുന്ന് ലാന്‍ഡോറിലേക്ക് കുത്തനെയുള്ള കയറ്റം-അതും ഇടുങ്ങിയ റോഡിലൂടെ-ഇയാള് ഞങ്ങളെ പെരുവഴിയിലാക്കുമോ എന്ന് ഞാന്‍ ശരിക്കും ശങ്കിച്ചു-അത്ര ഗംഭീരമായിരുന്നു വണ്ടിയുടെ പെര്‍ഫോര്‍മന്‍സ്-മുക്കിയും മൂളിയും ഞരങ്ങിയും അങ്ങനെ ആ പാവം വണ്ടി കയറ്റങ്ങള്‍ വലിഞ്ഞ് കയറി- ഒരിടത്ത് നല്ല കയറ്റത്തില്‍ വളവില്‍ അത് സ്റ്റോപ്പായി-അനീഷ് ഒടുവില്‍ പുറത്തിറങ്ങി തള്ളി സഹായിച്ചു. ഒന്നും പറയണ്ട-വല്ലാത്ത ദുരിതമായിപ്പോയി നാലാം ദിവസം-എല്ലാത്തിലുമുപരി എനിക്ക് വയറില്‍ വല്ലാത്ത അസ്വസത്ഥതയും-ഫുഡ് പോയിസണ്‍ ആയോ എന്ന സംശയം. ഒരു വിധം ഞങ്ങള്‍ ലാന്‍ഡോറില്‍ ഞങ്ങള്‍ക്കായി ബുക്ക് ചെയ്ത ഗസ്റ്റ് ഹൗസില്‍ എത്തി. DRDO യുടെ ഗസ്റ്റ് ഹൗസ് ആയിരുന്നു അത്. അനീഷിന്റെ മറ്റൊരു batch mate ആയിരുന്ന col. ഗൗരവ് താക്കൂര്‍ ആയിരുന്നു അവിടം സജസ്റ്റ് ചെയ്തത്. വളരെ വൃത്തിയുള്ള, ഭംഗിയുള്ള ഒരിടമായിരുന്നു അത്. എന്നാല്‍ അന്ന് രാത്രി അവിടെയെത്തുമ്പോള്‍ അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍-ആകെ ഒരു തരം വട്ടുപിടിച്ച പോലെയായിരുന്നു മനസ്സ്-ഭയങ്കരക്ഷീണവും തോന്നി.

എന്തെങ്കിലും കഴിച്ചിട്ട് എങ്ങനെയെങ്കിലും ഒന്നുകിടക്കണം എന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു DRDO Guest House ല്‍ നല്ലഭക്ഷണം കഴിച്ച്, ചൂട് വെള്ളവും കുടിച്ച്-ഒരു കുളി കൂടി കഴിഞ്ഞതോടെ എല്ലാം സെറ്റ്! സന്തോഷത്തോടെ-സമാധാനത്തോടെ ഉറക്കത്തിലേക്ക്.

മധുരം സൗമ്യം ശാന്തം - ലാൻഡോർ ( അഞ്ചാം ദിവസം )

ലാന്‍ഡോര്‍ ഒരു ചെറുസ്ഥലമാണ്. നീണ്ടുനടന്നാല്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്നത്രയും ചെറിയ ഒരു സ്ഥലം. ഒരു കന്റോണ്‍മെന്റ് ടൗണാണിത്. സമുദ്രനിരപ്പില്‍ നിന്നും 7500 അടി ഉയരത്തിലാണ് ഇവിടം മസൂരിയുടെ ശിരസ്സിലെ കൊച്ചുകിരീടം എന്ന വിളിപ്പേരും ഇവിടത്തിനുണ്ട്-അലസമായ, ശാന്തമായ ഒരു കൊച്ചു സ്ഥലം. മസൂറിയില്‍ നിന്നും മാള്‍ റോഡ് വഴി 3-4 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇവടേക്ക് വരേണ്ടത്. കാല്‍നടയാത്രയ്ക്കാണ് ഇവിടം ഏറ്റവും അനുയോജ്യം.1800 കളുടെ തുടക്കത്തില്‍ ബ്രീട്ടീഷ് ആര്‍മി പരിക്കേറ്റ അവരുടെ പട്ടാളക്കാരുടെ ചികിത്സാര്‍ഥം ഒരു സാനിറ്റോറിയം നിര്‍മ്മിക്കുന്നതോടെയാണ് ഇവിടം ശ്രദ്ധയാകര്‍ഷിക്കുന്നത്. നിരവധി ബ്രിട്ടിഷ് സൈനികര്‍ ഇവിടെ വീടുകള്‍ നിര്‍മ്മച്ച് താമസിച്ചിരുന്നു ഒരു കാലത്ത്. ഇവിടെ പലയിടങ്ങളിലും അക്കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല.

നിയമവിലക്കുകള്‍ ഉള്ള ഇടമായതിനാല്‍ ഇവിടെ അധികം പുതിയ കെട്ടിട നിര്‍മാണങ്ങള്‍ നടത്താന്‍ അനുമതിയില്ല-അതിനാല്‍ തന്നെ ഒരു നൂറ്റാണ്ടിലധികം പഴക്കമേറിയതാണ് ഇവിടുത്തെ മിക്ക കെട്ടിടങ്ങളും. ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്ന കാലത്ത് ഇവിടെ ആകെ 24 വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഗൂഗിള്‍ എന്നോട് പറഞ്ഞു.

"Char Dukkan Aur Chaubees makkan, bas itna hi hai hamara Landour " എന്നൊരു ചൊല്ലുതന്നെയുണ്ട്.

ഞങ്ങള്‍ താമസിച്ച DRDO Guest House ന് തൊട്ടടുത്തായി ഒരു മനോഹരമായ കെട്ടിടം കണ്ടു-

Kellogg’s Memorial Church and Landour Language School എന്നായിരുന്നു. അതിന്റെ പേര്. പച്ചനിറമുള്ള ആര്‍ച്ച് ജാലകങ്ങളുള്ള ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ച ഒരു പുരാതന ബംഗ്ലാവ് പോലുള്ള ചര്‍ച്ച്. 1903 ല്‍ പണിത ആ പള്ളി, ലാന്‍ഡോറിന്റെ വികസനത്തിനായി വളരെയേറെ പരിശ്രമിച്ച ഡോ.സാമുവല്‍ കെല്ലോഗ് എന്ന അമേരിക്കന്‍ വൈദീകന്റെ സ്മരണ ഉയര്‍ത്തി ഇന്നും ലാംന്‍ഡോറിന്റെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്നു. ബ്രിട്ടിഷ് ആര്‍മ്മിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഹിന്ദി പഠിക്കാനായി നിര്‍മ്മിച്ച ഹിന്ദിപാഠശാലയും ഈ പള്ളിയോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഡോ.സാമുവല്‍ കെല്ലോഗ് ഒരു ഹിന്ദി ഗ്രാമര്‍ പുസ്തകം ഇംഗ്ലീഷില്‍ രചിച്ചിരുന്നു. ഇന്നും ഇവിടെ ഹിന്ദി, സംസ്‌കൃതം, ഉറുദു, പഞ്ചാബി, ഗഡ്‌വാളി ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട് ലോകത്തിന്റെ പലഭാഗത്തുനിന്നും ഇവിടെ ഇപ്പോഴും പഠിതാക്കള്‍ എത്തുന്നു.

രാവിലെ Guest house ല്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ആദ്യം മനസ്സിനെ ആകര്‍ഷിച്ചത് വിജനമായ റോഡരികില്‍, ദേവദാരു മരങ്ങളുടെ നിരകള്‍ക്ക് മുന്നിലായി ശാന്തഗംഭീരം തലയുയര്‍ത്തി നില്‍ക്കുന്ന Kellog Church ആയിരുന്നു. അതിനെ ചുറ്റി ഒരു ചെറുമതിലും ഒരു കൊച്ചു ഗേറ്റും ഉണ്ടായിരുന്നു. ഗേറ്റ് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയിരുന്നു. ഈദും,ശനിയാഴ്ച്ചയും, ഞായറാഴ്ചയും ഒത്തുവന്ന മൂന്നു ദിവസങ്ങളായതിനാലാവണം അന്ന് അവിടെ പഠിതാക്കളേയോ, മറ്റുള്ളവരേയോ കാണാഞ്ഞത്. എന്നാല്‍ ആ കോംപൗണ്ടിനകത്ത് ഒരാള്‍ പള്ളിയുടെ പടിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം ചെറുപുഞ്ചി കൈമാറി-പ്രഭാതത്തിലെ ആദ്യ അഭിവാദ്യം.

തലേദിവസം രാത്രി ഇതേ വഴിയിലൂടെയാണ് ഞങ്ങള്‍ Guest House ലേക്ക് എത്തിയത്-എന്നാല്‍ ക്ഷീണവും,മടുപ്പും,മോശമായ ആരോഗ്യ സ്ഥിതിയും ഒക്കെച്ചേര്‍ന്ന് ആകെ മനംമടുത്ത അവസ്ഥയായിരുന്നതിനാല്‍ ചുറ്റുപാടൊന്നും ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല. Kellog's Church ന് മുന്നില്‍ നിന്നാണ് കണ്ണുകള്‍ കാതങ്ങള്‍ക്കപ്പുറം പരന്നു കിടക്കുന്ന ഹിമവാന്റെ പര്‍വ്വത ശൃംഗങ്ങളില്‍ ഉടക്കിയത്-പുലര്‍കാല സൂര്യ കിരണങ്ങളേറ്റ് അവയുടെ ഹിമശിഖരങ്ങള്‍ വെട്ടിത്തിളങ്ങുന്നു. മുകളില്‍ നിന്ന് ആരോ വെള്ളി കോരി ഒഴിച്ചതുപോലെ. എനിക്കു ചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന കടും പച്ച നിറമുള്ള പലതരം കോണിഫറസ് മരങ്ങള്‍ക്കും, ദേവദാരു മരങ്ങള്‍ക്കും ഒക്കെ ഇടയിലൂടെ നോക്കിയാലേ ആ മലനിരകള്‍ കാണുമായിരുന്നുള്ളൂ. എത്രനേരം അങ്ങനെ നിന്നുവെന്ന് ഓര്‍മ്മയില്ല.

വിശപ്പു തട്ടി വിളിച്ചപ്പോള്‍ Guest House ലെ ഡൈനിംഗ് ഹാളിലേക്ക് നടന്നു. വൃത്തിയുള്ള ഭക്ഷണശാല. സമാധാനമായി, ഹൈജീനിക് ആയ ഭക്ഷണം കഴിക്കാമെന്ന് നമ്മളെ ആശ്വസിപ്പിക്കുന്ന അന്തരീക്ഷം. തലേന്നത്തെ വയര്‍പ്രശ്‌നം കാരണം ഭക്ഷണത്തിനോട് അല്പം വിരക്തി തോന്നിയിരുന്നു- എങ്കിലും ദിവസത്തിന്റെ മുഴുവന്‍ തുടക്കമായ പ്രാതല്‍ ഒഴിവാക്കരുത് എന്നതു കൊണ്ട് കുറച്ചു ഭക്ഷണം കഴിച്ചു. അനീഷിനും അപ്പോഴേക്കും കുറച്ചു പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. യാത്രകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എപ്പോഴും പ്രതീക്ഷിക്കാം- അവ വന്നു കഴിഞ്ഞാല്‍ മൊത്തം പ്ലാനുകളും തെറ്റും. എന്നാല്‍ കീഴടങ്ങാന്‍ ഞങ്ങളും തയ്യാറല്ലായിരുന്നു.

അതിനാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതും പ്രത്യേകിച്ച് ലക്ഷ്യങ്ങളന്നുമില്ലാതെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. തലേ ദിവസത്തെ അനുഭവത്തില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലായിരുന്നു- ലാന്‍ഡോര്‍ വാഹനങ്ങളില്‍ കറങ്ങി കാണേണ്ട ഒരിടമല്ല-ഒന്നാമത്തെ കാരണം വളരെ ഇടുങ്ങിയ റോഡുകളായതിനാല്‍ രണ്ടുവണ്ടികള്‍ മുഖാമുഖം കടന്നു പോവുകതന്നെ ദുഷ്‌കരമാണ്-അതിനാല്‍ എങ്ങും എപ്പോഴും ട്രാഫിക് ജാം ആണ്. രണ്ടാമത്തെ കാരണം വാഹനത്തിനകത്തിരുന്നാല്‍ ഒരിക്കലും ലാന്‍ഡോറിനെ അനുഭവിക്കാനാവില്ല. ഉയര്‍ന്നു താഴ്ന്ന്,വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴികളിലൂടെ നടക്കുമ്പോള്‍, ഓടിവന്ന് നമ്മളെ പൊതിയുന്ന തണുത്ത കാറ്റാണ് ലാന്‍ഡോര്‍; മരങ്ങളുടെ ഇടയിലൂടെ ഒളിച്ച് കളിച്ച് നമ്മളെ തമാശയാക്കുന്ന സൂര്യകിരണങ്ങളാണ് ലാന്‍ഡോര്‍; പൈന്‍മരക്കാടുകള്‍ നിറഞ്ഞ മലഞ്ചെരുവുകളില്‍ വീടുകളില്‍ നിന്നുയരുന്ന ഫ്രഷായ ബ്രെഡ് ബേക്ക് ചെയ്യുന്ന മണമാണ് ലാന്‍ഡോര്‍; നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ബ്രിട്ടീഷ് കാലത്തെ ശവക്കല്ലറകള്‍ നിലകൊള്ളുന്ന താഴ്‌വാരത്തിലെ ഏകാന്തതയാണ് ലാന്‍ഡോര്‍, അങ്ങനെ പഞ്ചേന്ദ്രിയങ്ങളാല്‍ അറിയേണ്ട അനുഭവമാണ് ലാന്‍ഡോര്‍-അതിനാല്‍ അത് നടന്നു തന്നെ കാണണം.

ഓരോ കവലകളിലും കൃത്യമായ ദിശാവിവരങ്ങളും, സ്ഥലവിവരങ്ങളും അടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വഴി തെറ്റിയാലും ഒരു പ്രശ്‌നവുമില്ല-പുതിയ വഴികള്‍ പുതിയ അനുഭവങ്ങളും ഒരുക്കി കാത്തിരിക്കുന്നുണ്ട് അവിടെ. റോഡുകളില്‍ അവിടവിടെയായി ഇരിക്കാന്‍ പടവുകളും, വിശ്രമസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഞങ്ങള്‍ ലക്ഷ്യമില്ലാതെ ചരടുപൊട്ടിയ പട്ടംപോലെ വഴികള്‍ ഞങ്ങളെ നയിക്കുന്ന ഇടങ്ങളുടെ അങ്ങനെ നടന്നു.-ഇടയ്ക്ക് തളര്‍ച്ച തോന്നുമ്പോള്‍ റോഡ് വക്കില്‍ മരങ്ങളുടെ തണലിത്തിരുന്ന് വിശ്രമിച്ചു.- ആ യാത്രയില്‍ ആദ്യം ഒരു പുരാതന ശ്മശാനത്തിലൂടെ ഞങ്ങള്‍ നടന്നു. ബ്രിട്ടീഷ് ഭരണസമയത്ത് നിര്‍മ്മിക്കപ്പെട്ടതാണത്- കലാഭംഗി തുളുമ്പുന്ന മനോഹരമായ ശവക്കല്ലറകള്‍ കാറ്റാടി മരങ്ങളും, പൈന്‍മരങ്ങളും,ദേവദാരു മരുങ്ങളും തണലിട്ട ആ വന്യതയ്ക്കും, വിജനതയ്ക്കും കീഴെ ഒരായിരം കഥകളെ ഒളിച്ച് വച്ച് നിശബ്ദമായി നിലകൊള്ളുന്നു. 'എത്രഫോട്ടോസ് എടുത്താലും മതിയാവില്ല-അത്രയും സുന്ദരമാണിവിടം...'എന്നും പറഞ്ഞ് രഞ്ജു കല്ലുകള്‍ക്കിടയിലൂടെ നടന്ന് കുന്നിറങ്ങി, കാടിനുള്ളിലെവിടെയോ മറഞ്ഞു. ചുറ്റുപാടും ഉറങ്ങുന്നവരുടെ വിശേഷങ്ങള്‍ ഫലകങ്ങളിലൂടെ വായിച്ചറിഞ്ഞ് അവരുടെ കഥകളെന്താവാം എന്നു ചിന്തിച്ച് ഞാന്‍ അവിടെയൊക്കെ ചുറ്റി നടന്നു. പേരറിയാത്ത ഒരുപാട് കിളികളും അവയുടെ പാട്ടും പല വര്‍ണ്ണങ്ങളില്‍ പറന്നുയരുന്ന പൂമ്പാറ്റകളും ഒക്കെ കേട്ടും കണ്ടും സന്തോഷിച്ച് അനീഷ് ഒരു കലുങ്കില്‍ ഇരുന്നു. പ്രകൃതിയുടെ വിശാലതയില്‍ അലിഞ്ഞില്ലാതായ മൂന്ന് ആത്മാക്കള്‍.

കുറേനേരം അങ്ങനെ കഴിഞ്ഞു. വീണ്ടും നടത്തം തുടര്‍ന്നു. വഴിയില്‍ ആകെ രണ്ടോ, മൂന്നോ വീടുകള്‍ മാത്രമേ കണ്ടുള്ളൂ. പഴയ വിക്‌ടോറിയന്‍ ശൈലിയില്‍ പണിത ഒരു വീട് ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ആ വീടിന്റെ മുന്‍ഭാഗം ബുദ്ധവിഹാരങ്ങളെ അനുസ്മരിപ്പിച്ചു. ഭംഗിയായി ഒരുക്കിയ ഒരു ചെറുപൂന്തോട്ടം-അവിടേക്കുള്ള വഴിയില്‍ ഒതുക്കത്തില്‍ വെട്ടിനിര്‍ത്തിയ പച്ചപ്പുല്‍ച്ചെടികളും, ഇലച്ചെടികളും ലാളിത്യം അഴകേറുന്ന ഒരു രമ്യഹര്‍മ്മ്യം എന്ന് മനസ്സ് പറഞ്ഞു. നടന്ന് ലക്ഷ്യമില്ലാതെയായിരുന്നുവെങ്കിലും എത്തിച്ചേര്‍ന്നത് ലാന്‍ഡൂറിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്‌പോട്ടിലായിരുന്നു-ചാര്‍മകാന്‍ എന്നറിയപ്പെടുന്ന ഇടത്ത്. അത് ഭക്ഷണശാലകളും, ബേയ്ക്ക് ഹൗസുകളും, കോഫി ഷോപ്പുകളും ഒക്കെ നിറഞ്ഞ ഒരു കൊച്ച് കവലയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു Hang-out place എന്ന് വിളിക്കാവുന്ന ഒരിടം. അവിടെ അല്പനേരം ചിലവിട്ട്, മേപ്പിള്‍ സിറപ്പൊഴിച്ച പാന്‍ കേക്കും ഓംലറ്റും ഒക്കെ കഴിച്ച് ഞങ്ങള്‍ ക്ഷീണം മാറ്റി.

അവിടെ എത്തുമ്പോഴേക്കും സഞ്ചാരികളുടെ ബാഹുല്യം ശരിക്കും കൂടി. ട്രാഫിക് ജാമും തുടങ്ങി. അവിടെയെത്തുമ്പൊഴാണ് അനീഷ് പറഞ്ഞത് ലോക പ്രശ്‌സ്ത എഴുത്തുകാരനായ റസ്‌കിന്‍ ബോണ്ടിന്റെ വീട് അതിനടുത്തെവിടെയോ ആണെന്ന്. കൂടാതെ പ്രസിദ്ധമായ മാള്‍റോഡും അതിനടുത്ത് എങ്ങോ തന്നെയാണെന്ന്. ആദ്യം മാള്‍റോഡില്‍ കറങ്ങാന്‍ തീരുമാനിച്ചു. ചാര്‍ഭൂകാനില്‍ നിന്നും വളഞ്ഞ് പുളഞ്ഞ് ഇറക്കമിറങ്ങി പോകുന്ന റോഡുവഴി മാള്‍ റോഡിലേക്ക്. ഇറക്കം ഇറങ്ങുമ്പോഴേ മനസ്സ് മന്ത്രിച്ചു.

'അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്-പക്ഷേ പുറത്ത് പറയുന്നത് മോശമല്ലേ-നടക്കാനൊന്നും വയ്യേന്ന്!. പ്രത്യേകിച്ചും ഞാന്‍ ഉരുണ്ട് ഉരുണ്ട് വരുന്നതിന്റെ പ്രധാനകാരണം വ്യായാമം ചെയ്യാനുള്ള എന്റെ മടിയാണെന്ന് ഒരു മയവും ഇല്ലാതെ എന്നോട് പറയുന്ന ആ അച്ഛനോടും മകനോടും-അതുകൊണ്ട് വാശിയുടെ പുറത്തുള്ള ആവേശത്തോടെ മാള്‍ റോഡിലേക്ക് വച്ചു പിടിച്ചു. കുറച്ച് ദൂരം ഇറക്കമിറങ്ങി ചെല്ലുമ്പോഴേക്കും ഇരുവശത്തും കടകള്‍ നിറഞ്ഞ മാള്‍റോഡിലേക്ക് എത്തി-ചെരുപ്പുണ്ടാക്കുന്ന കടകള്‍, പുരാവസ്തുക്കള്‍ വില്ക്കുന്ന കടകള്‍-പിന്നെ തുണി-പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍, പലചരക്ക്....അങ്ങനെ പലപലസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍.

മാള്‍റോഡ് കാഴ്ച്ചകളേക്കാള്‍ എന്നെ ആകര്‍ഷിച്ചതിന് മാള്‍ റോഡ് ഗന്ധങ്ങളായിരുന്നു. രാവിലെ തെരുവ് ഉണര്‍ന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ. സമോവറുകളില്‍ തിളയ്ക്കുന്ന മസാല ചായ മണ്‍കപ്പുകളിലേക്ക് പകരുമ്പോഴുള്ള ശബ്ദവും,ഗന്ധവും-കുറച്ചപ്പുറത്ത് തിളച്ച എണ്ണയില്‍ പൂരി വറുത്തെടുക്കുമ്പോഴത്തെ മൊരിയന്‍ ഗന്ധം-മുന്നോട്ട് നടക്കുമ്പോള്‍ ഒരു വളവു തിരിയുമ്പോഴേക്ക് അത്യാവശ്യം ഭംഗിയുള്ള ഒരു കൊച്ച് കോഫി ഷോപ് അവിടെ ഫ്രഷായി കാപ്പിയും, ചിക്കറിയും വറുത്ത് പൊടിച്ചെടുക്കുന്ന ഗന്ധം-അവിടെ നിന്നുതന്നെ കൊതിപിടിപ്പിക്കുന്ന മറ്റൊരു ഗന്ധം-വിറക് കത്തിച്ച് പ്രവര്‍ത്തിക്കുന്ന നാടന്‍ ഓവനില്‍ ബെയ്ക്ക് ചെയ്‌തെടുക്കുന്ന പലതരം ബ്രഡുകളുടെ മണം...

അങ്ങനെ നാസാരന്ധ്രങ്ങളുടെ കഴിവു മുഴുവന്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്ന, മണങ്ങളുടെ ഒരു അത്ഭുത ലോകം-മിക്ക കടകളും തുറന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ. വിവിധ തരം വസ്ത്രങ്ങള്‍ പുതപ്പുകള്‍, തണുപ്പുകാലത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളും, വസ്തുക്കളും ഒക്കെ വില്‍ക്കുന്ന നിരവധി കടകളുണ്ട് ഇവിടെ. തണുപ്പുകാല വസ്ത്രങ്ങളും, സാധനങ്ങളും ഒക്കെ ഡിസ്‌കൗണ്ടില്‍ വില്‍ക്കപ്പെടും എന്ന് മനസ്സിലായി ഇവിടെ ഇനി വേനല്‍ക്കാലമാണ്-എന്നുവച്ച് നമ്മുടെ നാട്ടിലെ വേനല്‍ച്ചൂട് ഒന്നും ഇവിടെ ഉണ്ടാവില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ ഇവിടെ വളരെ സുഖമുള്ള കാലാവസ്ഥയാണ്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ കഠിനമായ ചൂടില്‍ നിന്നും രക്ഷപെടാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകുന്നത്. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാലത്തും ലാന്‍ഡോര്‍ സന്ദര്‍ശിക്കാന്‍ ഒരുപാട് പേര്‍ എത്താറുണ്ട്. മഞ്ഞുവീണ് വെളുത്തു, തണുത്ത താഴ്‌വരകള്‍ നിറഞ്ഞ ലാന്‍ഡോര്‍ എത്രമനോഹരിയായിരിക്കുമെന്ന് ഞാന്‍ ഊഹിക്കാന്‍ ശ്രമിച്ചു.

മാള്‍റോഡിലൂടെ കുറേനേരം ചുറ്റിയടിച്ച് മടുത്തപ്പോള്‍ ഞങ്ങള്‍ തിരിച്ച് പോവാന്‍ തീരുമാനിച്ചു-പോവുന്ന പോക്കില്‍ പറ്റുമെങ്കില്‍ റസ്‌കിന്‍ ബോണ്ടിന്റെ വീടും കാണാമെന്ന് കരുതി. ഇറങ്ങിയ ഇറക്കമെല്ലാം പതുക്കെ തിരിച്ച് കയറി ഞങ്ങള്‍, അത്ര എളുപ്പമായിരുന്നില്ല ആ തിരിച്ച് യാത്ര എന്ന് പറയേണ്ടതില്ലല്ലോ! കുറച്ച് സമയം എടുത്തെങ്കിലും ഞങ്ങള്‍ തിരിച്ച് ലാന്‍ഡോറിന്റെ മുകള്‍ ഭാഗത്തേക്ക് എത്തി.

അവിടെ ഭംഗിയുള്ള ഒരു ടിബറ്റന്‍ ഹോട്ടലിന്റെ മുന്നിലേക്കാണ് ഗൂഗിള്‍ ഞങ്ങളെ നയിച്ചത്. ടിബറ്റന്‍ ഹോട്ടലാണോ റസ്‌കിന്‍ ബോണ്ടിന്റെ വീട്! അവിടെ റിസപ്ഷനില്‍ പോയി സംശയ നിവൃത്തി വരുത്താന്‍ തീരുമാനിച്ചു. ചോദിച്ചപ്പോള്‍ കാര്യം മനസ്സിലായി-ഗൂഗിള്‍ പറ്റിച്ചതല്ല ആഹോട്ടലിന്റെ പിന്നിലാണ് റസ്‌കിന്‍ ബോണ്ടിന്റെ വീട്. ഇടുങ്ങിയ കല്‍ഗോവണി കയറിവേണം അങ്ങോട്ടെത്താന്‍. സംശയിച്ച് സംശയിച്ച് ഞങ്ങള്‍ ആ ഗോവണി കയറി. ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ അങ്ങോട്ട് ചെന്ന് ഹെഡ് ചെയ്ത് സംസാരിക്കും എന്നതായിരുന്നു എന്നെ അലട്ടിയ എറ്റവും വലിയ പ്രശ്‌നം. റസ്‌കിന്‍ ബോണ്ടിന്റെ പല കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. 'Night train at Deoli' പോലുള്ള കഥകള്‍ എന്റെ കൗമാരകാലത്തെ പ്രിയപ്പെട്ട കഥകളായിരുന്നു. പിന്നീട് കഥയുടെ രുചികള്‍ മാറി-എങ്കിലും പലപ്പോഴും വീണ്ടും റസ്‌കിന്‍ ബോണ്ട് കഥകളെയും എഴുത്തിനെയും ഒക്കെ വായന വഴിയില്‍ കണ്ടുമുട്ടിയിട്ടുണ്ട്.

വരുന്നേടത്ത് വച്ച് കാണാമെന്ന് വിചാരിച്ച്, രണ്ടും കല്പിച്ച് കോളിംഗ് ബെല്ല് അടിച്ചു, കുറേ നേരം കാത്തു നിന്നിട്ടും അരും വന്നില്ല. വീണ്ടും രണ്ട് തവണ കൂടെ ബെല്ല് അടിച്ചിട്ടും മറുപടിയില്ലാത്തതിനാല്‍ നിരാശയോടെ ഞങ്ങള്‍ മടങ്ങി. കറക്കമൊക്കെ കഴിഞ്ഞ് ഉച്ചതിരിഞ്ഞ് ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. കുറച്ചു നേരം വിശ്രമിച്ചു.

യാത്രയുടെ അഞ്ചാം ദിവസം അവസാനിക്കാറിയിരുന്നു. കാര്യമായ ഷോപ്പിംഗ് ഒന്നും നടത്തിയിരുന്നില്ല-എന്തെങ്കിലുമൊക്കെവാങ്ങാന്‍ കൈ തരിച്ച് തുടങ്ങി. ഒരു സ്‌പെഷ്യല്‍ സുവനീറൊന്നും ഇല്ല ലാന്‍ഡോറില്‍ നിന്നും വാങ്ങാന്‍.ലാന്‍ഡോര്‍ റോപ്പ് വേയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചില ഫ്രിഡ്ജ് മാഗ്നറ്റുകള്‍ മാത്രമേ ലാന്‍ഡോര്‍ സെപെഷ്യല്‍ എന്ന തരത്തില്‍ അവിടുത്തെ കടകളില്‍ കണ്ടുള്ളൂ. ബാക്കിയൊക്കെ വിനോദസഞ്ചാര സ്ഥലങ്ങളില്‍ സ്ഥിരം കാണുന്ന കുറേ ചവറ് സാധനങ്ങള്‍-അതു കൊണ്ടായിരുന്നു ഒന്നും വാങ്ങാതിരുന്നത്. എങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങിയില്ലെങ്കില്‍ ഒരു സുഖമില്ല എന്നൊരു തോന്നല്‍ പിറ്റേദിവസം (അതായത് യാത്രയുടെ ആറാം ദിവസം) കടകള്‍ തുറന്ന ശേഷമുള്ള സമയം ഒന്നുകൂടെ മാള്‍ റോഡ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചു. വൈകുന്നേരം കുറച്ച് ദൂരം നടക്കാന്‍ പോയി. മലഞ്ചെരിവില്‍ സൂര്യ അസ്തമിക്കുന്നതും, നീലാകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും ഉദിച്ചുയരുന്നതും ഒക്കെ കണ്ട് കണ്‍ കുളര്‍ത്ത്, മനം കളിര്‍ത്ത് ഒരു ദിനം കൂടി കടന്നു പോയി.

ഒരു രാത്രി കൂടി വിടവാങ്ങവേ( ആറാം ദിവസം )

യാത്ര തീരാറാവുന്നു. ഇനി ഏതാനും കുറച്ച് മണിക്കൂറുകള്‍ മാത്രം-'കേട്ടഗാനങ്ങള്‍ മധുരം-കേള്‍ക്കാനുള്ളവ അതിലും മധുരതരം' എന്ന വരികള്‍ അനര്‍ത്ഥമാക്കുന്ന ഒരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. ആറാം ദിവസത്തിലേക്ക് ഉറക്കം ഉണരുമ്പോള്‍ ലാന്‍ഡോര്‍ നടത്തം മാത്രമേ അജണ്ടയിലുണ്ടായിരുന്നുള്ളൂ. തണുപ്പിനെ വകഞ്ഞുമാറ്റി, മഞ്ഞുമലകള്‍ക്ക് മുകളിലൂടെ സൂര്യ രശ്മികള്‍ തലനീട്ടിത്തുടങ്ങി-മലമുകളിലെ പ്രഭാതങ്ങള്‍ എന്നും ആവേശം ജ്വലിപ്പിക്കുന്നവയാണ് ഉണര്‍ന്നു കഴിഞ്ഞാല്‍ മടിപിടിച്ച് പുതപ്പിനുള്ളിലേക്ക് വലിയാന്‍ ആവില്ല.-അതിനാല്‍ രാവിലെ ഉണര്‍ന്ന്, ഉന്മേഷം കൂട്ടാന്‍ ഒരോ ചായയും കുടിച്ച് പുറത്തേക്ക് നടക്കാന്‍ പോവാന്‍ റെഡിയാവുമ്പോഴാണ് ആ കോലാഹലം കേട്ടത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുകയാണെന്നാണ് ആദ്യം കരുതിയത്. എന്തൊക്കെയോ പൊട്ടിപൊളിയുന്ന ശബ്ദം-ശിരിക്കും ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി കെട്ടിടം പൊളിയുന്നതല്ല-പൊളിക്കുന്നതാണ്-തുള്ളിച്ചാടി പൊളിക്കുന്നതാണ്-ഒരു പറ്റം വാനരന്മാര്‍.

അവര്‍ ഞങ്ങളുടെ Guest House ന്റെ മേല്‍ക്കൂരമേല്‍ ചാടിക്കളിച്ച് നടക്കുകയാണ്-ഭയങ്കര ബഹളം വാതിലുകളും,ജനലുകളും ഭദ്രമായി താഴിട്ട് പൂട്ടി ഞങ്ങള്‍ പുറത്തേക്കിറങ്ങി. യാത്ര തുടങ്ങി നാലഞ്ച് ദിവസമായെങ്കിലും ഒരു ഷോപ്പിംഗ് ഇതുവരെ നടത്തിയിരുന്നില്ല. എന്തെങ്കിലുമൊക്കെ വാങ്ങിക്കൂട്ടാന്‍ കൈ തരിച്ചിട്ട് വയ്യ. അതുകൊണ്ട് തന്നെ എന്റെ മനസ്സിലെ ലക്ഷ്യം മാള്‍ റോഡ് ആയിരുന്നു. തലേദിവസം അവിടേക്ക് പോയെങ്കിലും കൂടുതല്‍ explore ചെയ്യാന്‍ സമയം കിട്ടിയില്ല. അതുകൊണ്ട് വിശദമായ വിശാലമായ ഒരു നടത്തം തന്നെ മനസ്സില്‍ പ്ലാന്‍ ചെയ്തു. മനസ്സിന് ഉണര്‍വ്വേകുന്ന കാലാവസ്ഥ-പലതരം നിറങ്ങളും, മണങ്ങളും നിറഞ്ഞ ചെറിയ റോഡുകള്‍ ഗലികള്‍ പലതരം പ്രവര്‍ത്തികളിലേര്‍പ്പെട്ട മനുഷ്യര്‍. തെരുവ് ഉണര്‍ന്നു തുടങ്ങുന്നതേയുള്ളൂ. അധികം ട്രാഫിക് ഇല്ല- ലാന്‍ഡോറിലും ഒരു ചെറിയ റോപ്പ്‌വേ സംവിധാനമുണ്ട്-പ്രധാനമായും ടൂറിസ്റ്റുകളെ ഉന്നം വെച്ചുള്ളതാണ് അത്. മാള്‍റോഡില്‍ തന്നെയാണ് അത്. ഔലിയെ തട്ടിച്ചുനോക്കിയാല്‍ വളരെ ചെറിയ ഒരു റോപ്പ്‌വേ-ഏതാണ്ട് നമ്മുടെ മലമ്പുഴയിലേതുപോലെ. അതിലെ ആകാശയാത്ര അത്രയ്ക്ക് കൗതുകകരമായി തോന്നിയില്ല-അതുകൊണ്ട് ആ ഭാഗത്തേക്ക് പോയില്ല. ഞങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിച്ച പലചെറു പട്ടണങ്ങളേക്കാളും വൃത്തിയും,വെടിപ്പുമുള്ളതായി തോന്നി ഇവിടം അതുകൊണ്ട് തന്നെ ഇടയ്ക്ക് അവിടെ ഒരു ഹോട്ടലില്‍ കയറി കുറച്ച് ലഘുഭക്ഷണം കഴിച്ചു.

മാള്‍റോഡിന് മധ്യത്തിലായി ഭംഗിയുള്ള ഒരു കൃസ്ത്യന്‍ പള്ളിയുണ്ട്. കുര്‍ളിച്ചൗക്കിനടുത്ത്, മാള്‍റോഡിന്റെ തിരക്കുകള്‍ക്ക് നടുക്ക് ശാന്ത ഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കരിങ്കല്‍ കെട്ടിടം. The Christ Church എന്നാണതിന്റെ പേര്. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പള്ളിയാണത്. അന്ന് ഈസ്റ്റര്‍ ആയതിനാലാവണം അത്യാവശ്യം തിരക്കുണ്ടായിരുന്നു അവിടെ. എന്നാലും വിശാലമായ മുറ്റവും, പുറത്ത് മതിലിനടുത്തായി സജ്ജീകരിച്ചിരിക്കുന്ന ഇരുപ്പിടങ്ങളും ഒരുപാട് പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വയായിരുന്നു. അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ നടത്തി, കുറച്ചുനേരം ആ പള്ളിമുറ്റത്ത് ചിലവഴിച്ചശേഷം ഞങ്ങള്‍ തിരിച്ച് പുറപ്പെട്ടു. ഇത്തവണ ഒരു ടാക്‌സിയില്‍ Guest House ലേക്ക്.

അങ്ങനെ ഞങ്ങളുടെ ഈ കൊച്ചുയാത്രയിലെ അവസാന ദിവസവും അവസാനിക്കുകയാണ്. പിറ്റേന്ന് തിരിച്ച് കൊച്ചിയിലേക്ക്.

ഈ യാത്രയുടെ അനുഭവങ്ങളും ഓര്‍മ്മയുടെ ഭാണ്ഡകെട്ടിലേക്ക് പൊതിഞ്ഞ് എടുത്ത് യാത്രകള്‍ക്കായി മനസ്സിനെ സ്വപ്നം കാണാന്‍ പറത്തിവിട്ട് പതുക്കെ ഉറക്കത്തിലേക്ക്....

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT