

കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വ്വതകള്‍ ഏറെയുള്ള ഒന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. വ്യക്തി വിരോധത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ ഒന്നാം പ്രതിയായ ഈ കേസില്‍ പിന്നീട് മൂന്ന് മാസത്തിന് ശേഷം നടന്‍ ദിലീപ് അറസ്റ്റിലായി. പി.ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആദ്യഘട്ടത്തിലെ ദുരൂഹതകള്‍ക്കൊടുവില്‍ നടിയെ ക്വട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലീം എന്ന എച്ച്.സലീം, ചാര്‍ലി തോമസ്, മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍, ജി.ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കൊവിഡ് അടക്കമുള്ള പ്രതിബന്ധങ്ങള്‍ക്കിടെ വിചാരണ നീണ്ടത് ഏഴ് വര്‍ഷം. ഏറെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണ. പ്രതിഭാഗം മേല്‍ക്കോടതികളെ സമീപിച്ചതും വാദിഭാഗം കോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതും അടക്കമുള്ള സംഭവങ്ങള്‍ വിചാരണയെ ബാധിച്ചു. ഇതിനിടയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിലെ തെളിവുകളെ ശക്തിപ്പെടുത്തുകയും വിചാരണക്കിടെ തുടരന്വേഷണത്തിലേക്ക് പോവുകയും ചെയ്തു. സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇനി സിനിമ കളക്ടീവിന്റെ രൂപപ്പെടലിന് കാരണമായതും ഹേമ കമ്മിറ്റി രൂപീകരിച്ച് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും അടക്കം ഒട്ടേറെ സംഭവങ്ങള്‍ക്ക് കാരണമായ ഒന്നായിരുന്നു ഈ കേസ്.
കേസിന്റെ നാള്‍വഴികള്‍
2017 ഫെബ്രുവരി 17: നടിയുടെ തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ആക്രമണം നടന്നത്. യാത്രക്കിടെ കാറില്‍ കയറിയ പള്‍സര്‍ സുനിയും സംഘവും നടിയെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഭക്ഷണം എത്തിക്കുന്ന ട്രാവലറിലേക്ക് മാറ്റിയും പീഡനം തുടര്‍ന്നു. രാത്രി നടിയെ കൊച്ചിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. കാക്കനാടുള്ള നടന്‍ ലാലിന്റെ വീട്ടില്‍ നടി അഭയം തേടി. തൃക്കാക്കര എംഎല്‍എ ആയിരുന്ന പി.ടി.തോമസ് ഇവിടെയെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. രാത്രിയില്‍ തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികളില്‍ ഓരോരുത്തരായി പിടിയിലായി. തൃശൂരില്‍ നിന്ന് നടിയുടെ വാഹനം ഓടിച്ച ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി തൊട്ടടുത്ത ദിവസം തന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ ആണ് മുഖ്യപ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഫെബ്രുവരി 18-ാം തിയതി തന്നെ നടിയുടെ രഹസ്യമൊഴി കളമശ്ശേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഫെബ്രുവരി 19ന് വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശിയായ പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായി. ഒളിവില്‍ പോയ പള്‍സര്‍ സുനി അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്ന് തന്നെയാണ് കേസില്‍ പ്രധാന വഴിത്തിരിവായ മറ്റൊരു സംഭവമുണ്ടായത്. കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സിനിമാ പ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയില്‍ ദിലീപും ആക്രമണത്തെ അപലപിച്ച് സംസാരിച്ചു. തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായിട്ടുള്ളതെന്ന് പറഞ്ഞ ദിലീപ് ഈ സംഭവത്തെ ഭയത്തോടെയാണ് നോക്കുന്നതെന്നും പറഞ്ഞു. പരിപാടിയില്‍ പ്രസംഗിച്ച മഞ്ജു വാര്യരുടെ വാക്കുകള്‍ പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദം സൃഷ്ടിച്ചു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ഇതോടെ ദിലീപിന്റെ പേര് ചര്‍ച്ചയിലേക്ക് വരികയും തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.
2017 ഫെബ്രുവരി 23ന് പള്‍സര്‍ സുനിയും വിജീഷും അറസ്റ്റിലായി. എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ ഇവരെ പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25ന് നടി പ്രതികളെ തിരിച്ചറിഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി കൊച്ചി ഗോശ്രീ പാലത്തിന് സമീപം കായലിലും അമ്പലപ്പുഴയിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏപ്രില്‍ 18ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ഒന്നാം പ്രതി സ്ഥാനത്ത്. കേസില്‍ 165 സാക്ഷികള്‍.
ജൂണ്‍ 28ന് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇതിന് പിന്നാലെ ജൂലൈ 2ന് ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജൂലൈ നാലിന് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി വീണ്ടും എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇവരെ പള്‍സര്‍ സുനി വിളിച്ചതായി സുനിയുടെ സഹതടവുകാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
2017 ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. ദിലീപിന് കേസുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. ജൂലൈ 11ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ റിമാന്‍ഡ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന അടക്കം 9 കുറ്റങ്ങളാണ് ദിലീപിന് എതിരെ ചുമത്തിയത്. ഇതിനിടെ താര സംഘടനയായ അമ്മയില്‍ വിഷയം വലിയ ചര്‍ച്ചയാകുകയും ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ദിലീപിനെ കോടതി കസ്റ്റഡിയില്‍ വിടുകയും തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു.
ജൂലൈ 17ന് ആക്രമണ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് കണ്ടെത്തി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് കാര്‍ഡ് കണ്ടെത്തിയത്. ജൂലൈ 25ന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ആലുവയിലെ വീട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യല്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെ നീണ്ടു.
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബര്‍ 3നാണ് ദിലീപിന് ജാമ്യം ലഭിച്ചത്. നവംബര്‍ 22ന് അങ്കമാലി കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അനുസരിച്ച് ദിലീപ് കേസിലെ എട്ടാം പ്രതിയായി. കേസില്‍ ആകെ 12 പ്രതികളും 355 സാക്ഷിമൊഴികളും ഉണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരായ 18 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് 2018 ജനുവരിയില്‍ ആക്രമിക്കപ്പെട്ട നടി ആവശ്യമുന്നയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം. വര്‍ഗീസിനെ കേസിനായി ഹൈക്കോടതി നിയമിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2019 നവംബറില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ കോപ്പി വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ഇത് നടിയും പ്രോസിക്യൂഷനും എതിര്‍ത്തു. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2020 ജനുവരി 30നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. കേസിലെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വിചാരണ പ്രത്യേക കോടതിയുടെ അടച്ചിട്ട മുറിയില്‍ ആരംഭിക്കുകയും ചെയ്തു. നടിയെയാണ് ആദ്യം വിസ്തരിച്ചത്. പ്രതികള്‍ക്കായി 19 അഭിഭാഷകര്‍ ഹാജരായി. വാദത്തിനിടെ നടീനടന്‍മാര്‍ അടക്കം 28 സാക്ഷികള്‍ കൂറുമാറി. അന്ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ, സിദ്ദീഖ്, നിര്‍മാതാവ് രഞ്ജിത്ത്, കാവ്യ മാധവന്‍, നാദിര്‍ഷ തുടങ്ങിയവര്‍ കോടതിയില്‍ മൊഴി മാറ്റി. കൊവിഡ് പ്രതിസന്ധിയില്‍ പിന്നീട് വിചാരണാ നടപടികള്‍ നിലച്ചു. പിന്നീട് പുനരാരംഭിച്ചപ്പോള്‍ വിചാരണക്കോടതിയില്‍ അവിശ്വാസമുണ്ടെന്ന് കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2020 നവംബര്‍ 20ന് ഹര്‍ജി കോടതി തള്ളി.
2021 മാര്‍ച്ച് 1ന് കേസിന്റെ വിചാരണക്കാലാവധി സുപ്രീം കോടതി ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കി. വീണ്ടും വിചാരണ ആരംഭിച്ചപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അടുത്ത അന്വേഷണത്തിലേക്ക് നയിച്ചു. 2021 ഡിസംബര്‍ മാസത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. 2022 ജനുവരി മൂന്നിന് ഈ വെളിപ്പെടുത്തലുകളില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിയെ സമീപിച്ചു. ജനുവരി 4ന് തുടരന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ജനുവരി 21ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. 22ന് ദിലീപ് ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഓഡിയോയില്‍ തന്റെ ശബ്ദമാണെന്ന കാര്യം ദിലീപ് നിഷേധിച്ചില്ല. 2022 ഒക്ടോബറില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കുറ്റപത്രത്തിന്റെ ഭാഗമാക്കുകയും ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കുകയും ചെയ്തു. തെളിവ് നശിപ്പിച്ചുവെന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം.
2023 ഓഗസ്റ്റ് 21നാണ് പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് നടി ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് 2024 മാര്‍ച്ചിലാണ് സമര്‍പ്പിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 17ന് പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2024 ഡിസംബര്‍ 11ന് കേസിലെ അന്തിമ വാദം ആരംഭിച്ചു. ഇതിനിടയില്‍ ജയില്‍ ഡിജിപി സ്ഥാനത്തു നിന്ന് വിരമിച്ച ആര്‍.ശ്രീലേഖ തന്റെ യുട്യൂബ് ചാനല്‍ വീഡിയോയില്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറഞ്ഞത് വിവാദമായി. വിഷയത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 5ന് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നവംബര്‍ 25ന് കേസിലെ വിചാരണ പൂര്‍ത്തിയാകുകയും ഡിസംബര്‍ 8ന് വിധി പറയാന്‍ മാറ്റുകയും ചെയ്തു.