നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍
Published on

നടിയെ ക്വട്ടേഷന്‍ നല്‍കി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പള്‍സര്‍ സുനിയടക്കം ആറ് പ്രതികള്‍ കുറ്റക്കാര്‍. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കൂട്ടബലാല്‍സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷ 12-ാം തിയതി വിധിക്കും.

കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒൻപതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറുകയും, അതിജീവിതയെ അതിക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നാണ് കേസ്.

2018 മാര്‍ച്ച് എട്ടിനായിരുന്നു കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണ പുരോ​ഗമിക്കവേ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കേ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.

2025 ഏപ്രിൽ ഒൻപതിന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. 2025 ഏപ്രിൽ 11നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. 3215 ദിവസത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പ്രഖ്യാപനം.

Related Stories

No stories found.
logo
The Cue
www.thecue.in