Sports

ആസാദ് മൈതാനത്ത് കിടന്ന് വാങ്കഡേ സ്വപ്നം കണ്ടവന്‍; യശസ്വി ജയ്സ്വാൾ | Watch

ഒരു ചീറ്റപ്പുലി ഇരയെ പിടിക്കാന്‍ ഓടുന്ന വേഗത. അത് പരമാവധി 120 കിലോമീറ്റര്‍ പെര്‍ അവറാണ്. അതിനേക്കാള്‍ വേഗതയുണ്ട് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിന്. 140 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന സ്റ്റാര്‍ക്കിന്റെ പന്ത്. അതയാള്‍ കൈയ്യില്‍ നിന്ന് റിലീസ് ചെയ്ത് കഴിഞ്ഞാല്‍ 22 വാര അപ്പുറത്തെത്താന്‍ ഒരു സെക്കന്റ് പോലും വേണ്ടി വരില്ല. കണ്ണൊന്ന് രണ്ട് തവണ ചിമ്മിത്തീരുന്ന സമയം അല്ലെങ്കില്‍ രണ്ട് കാമറ ഫ്‌ളാഷ് അടുപ്പിച്ച് അടിച്ചാലെടുക്കുന്ന സമയം അത്രയും മതി. ആ വേഗതയില്‍ ദേഹത്തേക്ക് ഇടിമിന്നല്‍ പോലെ വരുന്ന കൂക്കബുറ ബോള്‍ ടെക്സ്റ്റ് ബുക്ക് സ്‌റ്റൈലില്‍ ബാക്ക് ഫുട്ടില്‍ ഡിഫന്റ് ചെയ്ത് ഒരു 22 വയസ്സുകാരന്‍ പയ്യന്‍ സ്റ്റാര്‍ക്കിനോട് പറയുകയാണ്. എന്തേ... ഇത് പതുക്കെയാണ് വരുന്നത്.

ഓസീസ് മണ്ണില്‍ ഓസീസിനെ വെല്ലുവിളിക്കുന്ന ഈ ഇന്ത്യന്‍ ബാറ്റര്‍. യുപിയിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് പത്താം വയസ്സില്‍ ക്രിക്കറ്ററാകാന്‍ മുംബൈയിലേക്ക് വണ്ടികയറിയ സാധാരണക്കാരന്റെ കഥ. കഥയല്ല അയാള്‍ അനുഭവിച്ച ജീവിതവും പ്രയത്‌നവും അറിഞ്ഞവര്‍ക്ക് അറിയാന്‍ പറ്റും മിച്ചല്‍ സ്റ്റാര്‍ക്കല്ല, ബ്രെറ്റ്‌ലീയും ഷെയ്ന്‍ ബോണ്ടും അക്തറും ഒരുമിച്ച് വന്നാല്‍ പോലും അവന്‍ കുലുങ്ങില്ലെന്ന്. കാരണം യശ്വസി ജെയ്‌സ്‌വാള്‍ തീയില്‍ കുരുത്തവന്‍ തന്നെയാണെന്ന്.

ഒരു ഹാര്‍ഡ് വെയര്‍ കടക്കാരന്റെ ആറ് മക്കളില്‍ നാലാമത്തെ മകനായി ജനിച്ച ജയ്സ്വാള്‍ തന്റെ പത്താം വയസ്സിലാണ് ക്രിക്കറ്ററാകണമെന്ന ആഗ്രഹവുമായി മുംബൈയിലെത്തുന്നത്. വീട്ടില്‍ നിന്ന് മാറി തനിച്ച് മുംബൈ എന്ന മഹാനഗരത്തില്‍. പിതാവിന്റെ കുടുംബ സുഹൃത്തിന്റെ ഒരു ഡയറി ഫാമില്‍ ജോലിക്ക് കൂലിയായി അവിടെ താമസിച്ച് ആസാദ് ഗ്രൗണ്ടില്‍ പരിശീലനം തുടങ്ങി. എന്നാല്‍ പിന്നീട് പരിശീലന സമയത്ത് ഡയറി ഫാമില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. പാതിരാത്രി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ബാറ്റും കിറ്റുമെടുത്ത് ആസാദ് മൈതാനത്തേക്ക് നടന്ന് ചെല്ലുകയായിരുന്നു അവന്‍ ചെയ്തത്. വാങ്കഡെയില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലേക്കിറങ്ങുന്നത് സ്വപ്നം കണ്ട് അതേ ആകാശത്തിന് കീഴെ മറ്റൊരു ഗ്രൗണ്ടില്‍ അവന്‍ കിടന്നു.

പിന്നീട് ആസാദ് മൈതാനത്ത് തന്നെ ക്രിക്കറ്റ് ക്ലബ്ബിന്റെ വലിച്ചുകെട്ടിയ ഒരു ടാര്‍പോളിന്‍ ഷെഡിലായിരുന്നു, മൂന്ന് വര്‍ഷം. വെട്ടമില്ലാത്ത, ടോയ്‌ലറ്റ് സൗകര്യമില്ലാത്ത, ചൂടത്ത് പൊള്ളുന്ന, മഴയത്ത് ചോരുന്ന കൂരയുമൊക്കെയായ ആ ഷെഡില്‍ ജീവിതം. വീട്ടില്‍ നിന്ന് പണം അയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ, രാത്രി പാനി പൂരി വിറ്റും, ഗ്രൗണ്ടിലെ മത്സരങ്ങള്‍ക്കിടയില്‍ ചെറിയ ജോലികള്‍ ചെയ്തും പണം കണ്ടെത്തി. തിരിച്ചുവരാന്‍ വീട്ടുകാരാവശ്യപ്പെട്ടപ്പോളൊക്കെ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, ഇല്ല. ക്രിക്കറ്ററാകാതെ മടക്കമില്ല.

മൂന്ന് വര്‍ഷത്തിന് ശേഷം സാന്താക്രൂസില്‍ ക്രിക്കറ്റ് അക്കാദമി നടത്തിയിരുന്ന ജ്വാല സിംഗ് എന്ന ഒരു പരിശീലകന്‍ അപ്രതീക്ഷിതമായി ആസാദ് ഗ്രൗണ്ടില്‍ ജയ്സ്വാളിന്റെ കളി കാണാനിടയായി. മറ്റുള്ളവര്‍ പറിഞ്ഞ് ജയ്‌സ്വാളിന്റെ ജീവിതം മനസിലാക്കിയ അയാള്‍ ജയ്‌സ്വാളിനെ ഏറ്റെടുത്തു. പരിശീലകനായും രക്ഷിതാവായും. ജ്വാല സിംഗിനൊപ്പമായിരുന്നു പിന്നീട് താമസവും പരിശീലനവുമെല്ലാം.

2015ല്‍ ഗൈല്‍സ് ഷീല്‍ഡ് മത്സരത്തില്‍ 319 റണ്‍സും 13 വിക്കറ്റും നേടി ആ കുട്ടി ഇന്ത്യയിലെ സ്‌കൂള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ട് റെക്കോര്‍ഡിട്ട് വരവറിയിച്ചു. ശേഷം മുംബൈയുടെ അണ്ടര്‍ 16 ടീമിലിടം പിടിച്ചു. 17-ാം വയസ്സില്‍ ജാര്‍ഖണ്ഡിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ 154 പന്തില്‍ 203 റണ്‍സ് നേടി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി തികക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. പിന്നീട് അണ്ടര്‍ 19 ടീമിലേക്ക്. 2020ലെ അണ്ടര്‍19 ടീമില്‍ മികച്ച പ്രകടനം.

2020ലെ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം മാത്രം ബേസ് വിലയിട്ടിരുന്ന അണ്‍ക്യാപ്പ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് വിളിച്ചത് 2.4 കോടി രൂപയ്ക്കാണ്. വലിയ പ്രകടനങ്ങള്‍ കാഴ്ചവെച്ചില്ലെങ്കിലും പിന്നീട് 2023ല്‍ നാല് കോടിക്ക് മുകളില്‍ നല്‍കി ഒരു ഇന്റര്‍നാഷണല്‍ മാച്ച് പോലും കളിക്കാത്ത ജയ്സ്വാളിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. അത് വെറുതെയായിരുന്നില്ല. ആദ്യ ബോള്‍ സിക്‌സ് അടിക്കാന്‍ ചങ്കുറപ്പുള്ള എന്നാല്‍ ടീമിന് വേണ്ടി കളിക്കുന്ന, ഫ്രണ്ട് ഫുട്ടിലും ബാക്ക് ഫുട്ടിലും ടെക്സ്റ്റ്ബുക്ക് ഡിഫന്‍സും അറ്റാക്കും ചെയ്യാന്‍ കഴിയുന്ന ബാറ്ററാണ് ജെയ്‌സ്വാളെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കിട്ടാന്‍ പിന്നീട് അധികം വൈകിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ 171 റണ്‍സ് നേടി തുടങ്ങി. പിന്നീട് ഇംഗ്ലണ്ടിനെതിരെ രണ്ട് ഡബിള്‍ സെഞ്ചുറികള്‍. ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സനെതിരെ ഹാട്രിക് സിക്‌സടിക്കാനുള്ള കരുത്തും ഡബിള്‍ സെഞ്ചുറി സിക്‌സടിച്ച് പൂര്‍ത്തിയാക്കാനുള്ള ധൈര്യവും. ആ ഡെയ്ഞ്ചറസ് കോംബിനേഷന്‍ തന്നെയാണ് പെര്‍ത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കണ്ണില്‍ നോക്കി പന്തിന് സ്പീഡ് പോരാന്ന് പറയുന്ന ജെയ്‌സ്വാളിനെ സ്‌പെഷ്യലാക്കുന്നത്.

വെറും തന്റെ ഏഴ് ടെസ്റ്റ് മത്സരം കൊണ്ട് അതിന്റെ ഇരട്ടിയോളം റെക്കോര്‍ഡുകള്‍ ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ബ്രാഡ്മാനും വിനോദ് കാംബ്‌ളിക്കും ശേഷം ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. വിനോദ് കാംബ്ലിക്കും വിരാട് കോഹ്ലിക്കും ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം. 12 സിക്‌സറുമായി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് വസീം അക്രമിനൊപ്പം പങ്കിട്ടു.

ടെസ്റ്റ് ചരിത്രത്തില്‍ 20 സിക്‌സറുമായി ഒരു സീരീസില്‍ ഏറ്റവും കൂടുതല്‍ സിക്‌സറിച്ച താരം. സുനില്‍ ഗാവസ്‌കറിന് ശേഷം 22-ാം വയസ്സില്‍ ടെസ്റ്റില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം, അങ്ങനെ റെക്കോര്‍ഡുകളുടെ കണക്കു പുസ്തകത്തില്‍ ജയ്‌സ്വാള്‍ പേരെഴുതി തുടങ്ങിയിരുന്നു. ഓസീസ് മണ്ണില്‍ ആദ്യ സീരീസ് പൂര്‍ത്തിയാക്കി കഴിയുമ്പോഴേക്കും ഇനിയും ഒരുപാട് റെക്കോര്‍ഡുകള്‍ അയാളുടെ പേരിലുണ്ടാകുമെന്ന് ഉറപ്പ്.

ഇന്ത്യയുടെ ഭാവി ഓപ്പണറായി ഒരുപാട് കാലം ജയ്‌സ്വാളുണ്ടാകുമെന്ന് അയാള്‍ തെളിയിച്ചു കഴിഞ്ഞു. ടെസ്റ്റിലും ടി20യിലും കളിയുടെ ഗതിയറിഞ്ഞ് കളിക്കാന്‍ പ്രാപ്തിയുള്ളൊരാള്‍. ടി20 കാലത്തെ പുതിയ ബാറ്റര്‍മാര്‍ പലരും ടെസ്റ്റില്‍ പിടിച്ചുനിക്കാന്‍ പാടുപെടാമെന്നിരിക്കെ തന്നെ, വേണ്ടി വന്നാല്‍ ടെസ്റ്റ് ടി20 ആക്കാനും ഇനി ടീമിന് വേണ്ടി ക്ലാസിക് ഡിഫന്‍സുമായി ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ കളിക്കാനും കഴിയുമെന്ന് അവന്‍ തെളിയിച്ചു. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കാന്‍ കെഎല്‍ രാഹുലിനൊപ്പം ജെയ്‌സ്വാളിന് കഴിഞ്ഞു.

അതും ആദ്യ ഇന്നിംഗ്‌സിലെ ഡക്കില്‍ നിന്ന് രണ്ടാം ഇന്നിംഗ്‌സിലെ 171 റണ്‍സിലേക്ക്. ബാറ്റര്‍മാരെല്ലാവും വീഴുമെന്ന് ഓസീസ് ഉറപ്പിച്ചിടത്തു നിന്നായിരുന്നു ഓസീസിന്റെ സകലമാന സ്വപ്നങ്ങളെയും പെര്‍ത്തില്‍ നിന്ന് കുടിയൊഴിപ്പിച്ച് ജയ്‌സ്വാള്‍ റണ്‍സടിച്ചു കൂട്ടിയത്. വെറും മൂന്ന് പേരാണ് ഓസീസ് മണ്ണില്‍ സിക്‌സടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആദ്യത്തേത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്. രണ്ടാമത്തേത് ക്രിസ് ഗെയില്‍, മൂന്നാമന്‍ യശ്വസി ജെയ്‌സ്വാള്‍.

ക്രിക്കറ്റിലെ ലോകോത്തര ബൗളര്‍മാര്‍മാര്‍ക്ക് ജെയ്‌സ്വാള്‍ ഇനിയൊരുപാട് കാലം ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജിമ്മിയെയും സ്റ്റാര്‍ക്കിനെയും ഭയക്കാത്ത ആ ചെക്കന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകും. അയാളെ പൂട്ടാന്‍ വേണ്ടി പ്ലാനുകളുണ്ടാക്കപ്പെടും. അനലിസ്റ്റുകള്‍ കളി സൂക്ഷ്മം കണ്ട് കെണികളൊരുക്കാന്‍ തുടങ്ങും. പക്ഷേ പത്താം വയസ്സില്‍ 100 രൂപ തികച്ചെടുക്കാനില്ലാതെ മുംബൈയിലേക്ക് വണ്ടി കയറി പാനി പൂരി വിറ്റും ടാര്‍പോളിന്‍ ഷെഡില്‍ കിടന്നും അരവയറുമായി ഗ്രൗണ്ടിലേക്കിറങ്ങിയ പയ്യനെ എങ്ങനെ തോല്‍പ്പിക്കാനാണ്.

മുങ്ങിത്താഴേണ്ടിടത്ത് നിന്ന് ക്രിക്കറ്റ് ബാറ്റും പിടിച്ച് ഉയര്‍ത്തെഴുന്നേറ്റ് നിന്നവനെ എങ്ങനെ തളര്‍ത്താനാണ്. പറ്റില്ല, കാരണം ഒന്നേ ഉള്ളൂ. നിങ്ങളെന്തൊക്കെ പദ്ധതികളിട്ടാലും ക്രീസില്‍ അവന് മുന്നില്‍ ഒന്നേയുള്ളൂ. അവന് മുന്നിലേക്ക് വരുന്ന പന്ത്... അത് സ്റ്റാര്‍ക്കിന്റെയാണേലും ആന്‍ഡേഴ്‌സന്റെയാണേലും ജയ്‌സ്വാളിന് സ്പീഡ് പേടിയില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT