ഓപ്പണിങ്ങില്‍ അടിച്ച് പറത്താനിറങ്ങുന്ന BEASTS | Watch

ഓപ്പണിങ്ങില്‍ അടിച്ച് പറത്താനിറങ്ങുന്ന BEASTS | Watch
Published on

വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, സഞ്ജു സാംസണ്‍,ഇവര്‍ മൂന്ന് പേര് തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ അവരുടെ അറ്റാക്കിംഗ് ബാറ്റിംഗ് ശൈലി പോലെ തന്നെ മറ്റൊന്നുണ്ട്. കരിയറില്‍ ഇവര്‍ മൂവരും കളിച്ചു തുടങ്ങിയത് മീഡില്‍ ഓഡറിലായിരുന്നു. ഏഴാമനായി ബാറ്റെടുത്തിരുന്ന സേവാഗിനെ നിര്‍ബന്ധിച്ചായിരുന്നു ഗാംഗുലി ഓപ്പണറാക്കിയത്, അന്നതിന് വേണ്ടി ഗാംഗുലി സേവാഗിന് കൊടുത്തത് ഒരു വാക്കായിരുന്നു, ഓപ്പണറായി തിളങ്ങിയില്ലെങ്കിലും അടുത്ത മത്സരത്തില്‍ ടീമിലെടുക്കാതിരിക്കില്ല. പിന്നീട് നടന്നത് ചരിത്രം മാത്രം. ആദ്യ ബോള്‍ ബൗണ്ടറിയിലേക്ക് പായിക്കാന്‍ കരുത്തും ചങ്കുറപ്പുമുള്ള സേവാഗിനെ ഭയക്കാത്ത ബൗളര്‍മാരില്ല. രോഹിത് ശര്‍മയും കരിയറിന്റെ തുടക്കത്തില്‍ മിഡില്‍ ഓര്‍ഡറിലായിരുന്നു. ആ കാലത്ത് ടീമില്‍ അയാള്‍ക്ക് കൃത്യമായ സ്ഥാനം പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണറായിറങ്ങിയ അയാള്‍ സേവാഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു ഫിയര്‍ലസ്സ് ക്രിക്കറ്ററെ നല്‍കി. സേവാഗ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് ഓപ്പണറായ സ്ഥാനം ആഘോഷിച്ചതെങ്കില്‍ രോഹിത്തോ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറികൊണ്ട് റണ്‍മല തീര്‍ത്തു. ഇന്നിതാ സഞ്ജുവിന് കൂടി ഓപ്പണറായി സ്ഥാനക്കയറ്റം. പതിവ് അയാള്‍ തെറ്റിച്ചുമില്ല.

സയന്‍സില്‍ ഷ്രോഡിങ്ങേഴ്‌സ് കാറ്റ് എന്നൊരു പ്രയോഗമുണ്ട്. അടച്ചുപൂട്ടിയിരിക്കുന്ന പെട്ടിക്കുള്ളിലെ പൂച്ച. അത് ജീവനുള്ളതോ അതോ മരിച്ചതോ എന്ന് തിരിച്ചറിയണമെങ്കില്‍ പെട്ടി തുറന്ന് പരിശോധിച്ചാല്‍ മാത്രമേ കഴിയൂ. ക്രിക്കറ്റില്‍, ചില കളിക്കാരുടെ കാര്യമെടുത്താല്‍ പെട്ടിക്കുള്ളിലെ പൂച്ചയെ പോലെയാണ്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, ഐപിഎല്ലിലുമെല്ലാമുള്ള അവരുടെ പ്രകടനം കണ്ട്, ടാലന്റ് കണ്ട് ഒരുപാട് പേര്‍ അതൊരു കരുത്തുള്ള പൂച്ചയാണെന്ന് പറയും പക്ഷേ ഇന്ത്യന്‍ ടീമില്‍ കൃത്യമായ അവസരങ്ങള്‍ കിട്ടാതെ വരുകയും കിട്ടിയവ മുതലെടുക്കാന്‍ പറ്റാതെ വരുകയുമെല്ലാം ചെയ്യുമ്പോള്‍ അതിന് ജീവനില്ലെന്ന് മറ്റ് ചിലര്‍ വിധിക്കും. ഏതാണ് സത്യം, അതാര്‍ക്കും മനസിലാകാതെ കരിയര്‍ പെട്ടിക്കകത്തെ പൂച്ചയെ പോലെ തുടര്‍ന്ന് കൊണ്ടിരിക്കും.

സഞ്ജു സാംസണെന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് മുന്നില്‍ അത്തരമൊരു പെട്ടി തുറന്ന് വെച്ചിട്ട് മാസങ്ങളായിരുന്നു. ഐപിഎല്ലില്‍ ജീവനുള്ള പൂച്ചയായിരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം മുതലെടുക്കാന്‍ പറ്റാത്തയാളെന്ന് അയാള്‍ ചീത്തപ്പേര് കേട്ട് കൊണ്ടിരുന്നു. രോഹിത്തും വിരാട് കോഹ്ലിയും ഒഴിഞ്ഞു വെച്ച സ്ഥാനത്തേക്ക്, ശുഭ്മാന്‍ ഗില്ലും, യശ്വസി ജെയ്‌സ്വാളും, ഋതുരാജ് ഗെയ്ക്‌വാദും, അഭിഷേക് ശര്‍മയും, ഇഷാന്‍ കിഷനുമെല്ലാം തമ്മില്‍ തമ്മില്‍ മത്സരിക്കുന്ന സമയത്ത് പാതി ജീവനുള്ള പൂച്ചയായിരുന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ, അവിടെ പൂച്ചയായിരുന്നിട്ടല്ല പുലിക്കുട്ടിയായിരുന്നിട്ടേ കാര്യമുള്ളു. ക്രിക്കറ്റില്‍ അത് തെളിയിക്കാന്‍ ഒരു ബാറ്റര്‍ക്ക് മുന്നില്‍ ഒരേ ഒരു വഴിയേ ഉള്ളൂ, അതും ട്വന്റി20 ക്രിക്കറ്റില്‍. ഇന്‍സ്വിംഗറോ, ഔട്ട് സ്വിംഗറോ, ബൗണ്‍സറോ, ഫുള്‍ടോസോ, ബൗളറുടെ കൈയ്യില്‍ നിന്ന് വരുന്ന പന്തിനെ ഒരു ബഹുമാനവും കൊടുക്കാതെ അടിച്ച് പറത്തുക. പന്തുകള്‍ എത്ര തവണ ഗാലറി കടക്കുന്നോ, അത്രയും വട്ടം കാണികള്‍ തിരിച്ചറിയും ഇത് വല്ലാത്തൊരു തരം ജീവനുള്ള പൂച്ചയാണെന്ന്.

ഇന്ത്യന്‍ ടീമില്‍ കൃത്യമായ അവസരം ലഭിച്ചിട്ടുള്ള കളിക്കാരനല്ല സഞ്ജു. ഇടക്കിടെ ടീമിലെത്തും, വലിയൊരു ടോട്ടലൊന്നും നേടാത്തത് കൊണ്ട് വീണ്ടും പുറത്തേക്ക് എന്ന് വിധിയെഴുതപ്പെടും. ടീമില്‍ തുടര്‍ച്ചയായി ഒരു ഘട്ടത്തിലും സ്ഥാനം കിട്ടിയില്ല. മിഡില്‍ ഓഡര്‍ പൊസിഷനില്‍ കളിക്കാനിറങ്ങിയപ്പോഴൊന്നും ഒരു സെഞ്ച്വറി എഴുതിച്ചേര്‍ക്കാന്‍ പോലും കഴിഞ്ഞുമില്ല. എന്നാല്‍ ഈ 2024 സഞ്ജുവിന് അങ്ങനെ ആയിരിക്കില്ല എന്ന സൂചന ആദ്യം മുതലേ ആരാധകര്‍ക്ക് ലഭിച്ചിരുന്നു. സൗത്താഫ്രിക്കയില്‍ നടന്ന 2023ലെ ഏകദിന പര്യടനത്തിലെ അവസാന മത്സരത്തില്‍ സഞ്ജുവിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയിരുന്നു. സഞ്ജുവിന്റെ സെഞ്ച്വറിയില്‍ ഇന്ത്യക്ക് വിജയവും സീരീസും. തുടര്‍ന്ന് ഐപിഎല്ലില്‍ മികച്ച പ്രകടനം, ലോകകപ്പിനുള്ളിലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം. സന്നാഹ മത്സരത്തില്‍ പക്ഷേ അടിപതറി. ലോകകപ്പില്‍ കളിച്ചില്ലെങ്കിലും ലോകകപ്പ് നേടുന്ന ഇന്ത്യന്‍ ടീമില്‍ എന്നുമൊരു മലയാളിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മടങ്ങി. കോഹ്ലിയും രോഹിത്തും കളമൊഴിഞ്ഞ സ്ഥാനത്ത് പുതിയ കളിക്കാര്‍ തമ്മില്‍ മത്സരമുണ്ടാകുമെന്ന് ഉറപ്പിച്ച് സിംബാബ്‌വേയിലേക്ക്. മോശമാക്കിയില്ല, അവസരം കിട്ടിയ മാച്ചില്‍ ഒരു അര്‍ധ സെഞ്ച്വറി. പുതിയ കോച്ച് ഗൗതം ഗംഭീര്‍ സ്ഥാനമെടുത്തതോടെ, ശ്രീലങ്കന്‍ സീരീസില്‍ ഓപ്പണറായി വീണ്ടും സ്ഥാനക്കയറ്റം. പക്ഷേ ആദ്യ രണ്ട് കളി ഡക്ക്.

ഓപ്പണറായി അവസരം കിട്ടുക എന്നാല്‍ ലോകത്തിന് മുന്നിലേക്ക് ആ പെട്ടി തുറന്ന് വെയ്ക്കുക എന്ന് തന്നെയാണ് അര്‍ത്ഥം. പൂച്ചയ്ക്ക് ജീവനുണ്ടോ, ഇല്ലയോ എന്ന് പരിശോധിക്കാനുള്ള സമയം. രോഹിത് ശര്‍മ എന്ന സ്‌ഫോടനാത്മകമായ ബാറ്റര്‍ ഐപിഎല്ലില്‍ കരുത്ത് കാണിച്ചിരുന്നപ്പോഴും ഇന്ത്യന്‍ ടീമില്‍ അയാള്‍ ഇതേ ഘട്ടത്തിലായിരുന്നു. ഒരു ജീവന്‍ മരണ പരീക്ഷണം എന്ന പോലെ. ഓപ്പണറായി കിട്ടിയ സ്ഥാനക്കയറ്റമായിരുന്നു അയാള്‍ക്ക് മുന്നില്‍ തുറന്ന് വെക്കപ്പെട്ട പെട്ടി. സഞ്ജുവും തെളിയിക്കേണ്ടത് ആ സമയത്ത് തന്നെയായിരുന്നു. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ കൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം അയാള്‍ വീണ്ടും ടീമിന് പുറത്ത് പോകുമെന്നാണ് പലരും കരുതിയത്. പക്ഷേ അതുണ്ടായില്ല, ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ വീണ്ടും അവസരം.

പിന്നെ, ദിവസങ്ങള്‍ക്കിപ്പുറം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അഞ്ചാം മത്സരത്തില്‍, റിഷാദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് പന്ത് ആകാശത്തുകൂടെ ഗാലറിയിലേക്ക് പറത്തുമ്പോള്‍ അയാളെ അറിയാവുന്നവര്‍ ചെറുതായി സന്തോഷം കൊണ്ട് കരഞ്ഞിരിക്കണം. നാല്‍പത് പന്തില്‍ സെഞ്ചുറി നേടുമ്പോള്‍ ലോകം പാതി തിരിച്ചറിഞ്ഞുവെന്ന് മനസിലാക്കുമ്പോള്‍ അയാള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി പോരാടിക്കൊണ്ടിരുന്നവര്‍ തുള്ളിച്ചാടിയിരിക്കണം. പൂച്ചയ്ക്ക് ജീവനുണ്ടെന്ന് അവിടെ തെളിഞ്ഞു കഴിഞ്ഞിരുന്നു. തുടര്‍ന്ന് സൗത്താഫ്രിക്കയില്‍ ആദ്യ മത്സരത്തില്‍ സെഞ്ചുറി. തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍. എന്നാല്‍ വീണ്ടും രണ്ട് ഡക്കുകള്‍. വിമര്‍ശനങ്ങള്‍, എന്നാല്‍ അവസാന മത്സരത്തില്‍ വീണ്ടും സെഞ്ചുറി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ടി20 സെഞ്ചുറി നേടുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോര്‍ഡ്.

നേരത്തെ പറഞ്ഞതുപോലെ, ടി20യില്‍ ബാറ്റര്‍ ജീവന്‍ തെളിയിക്കുക ഒറ്റവഴിയില്‍ മാത്രമാണ്. വരുന്ന പന്ത് നൂറ്റിനാല്‍പത് കിലോ മീറ്റര്‍ വേഗതിയിലോ, തൊണ്ണൂറ് കിലോമീറ്റര്‍ വേഗതയിലോ ആയിക്കോട്ടെ, ബാറ്റില്‍ തൊട്ടാല്‍ പിന്നെയത് ഗാലറിക്ക് പുറത്താവണം. ആ പവര്‍ അയാള്‍ തെളിയിച്ച് കഴിഞ്ഞു. പേസ് ബൗളര്‍മാരെ അനായാസമായി അയാള്‍ ഗാലറി പറത്തി. സ്റ്റെപ് ഔട്ട് പോലും ചെയ്യാതെ സ്പിന്നേഴ്‌സിനെ അവര്‍ക്ക് തലയ്ക്ക് മുകളിലൂടെ തന്നെ ആകാശത്തേക്ക് പറത്തുമ്പോള്‍ അയാളിലെ കരുത്ത് കണ്ട് നോക്കി നില്‍ക്കാനെ ഫീല്‍ഡേഴ്‌സിന് കഴിയു.

രോഹിത്തിനും സേവാഗിനും ഓപ്പണിംഗ് സ്‌പോട്ട് കൊടുത്തതോടെ സംഭവിച്ചത് വെറുമൊരു പൂച്ചയുടെ ജീവന്‍ പരിശോധിക്കലല്ലായിരുന്നു. മറിച്ച് ഒരു അക്രമകാരിയായ അപകടകാരിയായ മെരുക്കാന്‍ കഴിയാത്ത ഒരു ബീസ്റ്റിനെ തുറന്ന് വിടുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് വീണ്ടും സംഭവിക്കുമ്പോള്‍, ലോകം മുഴുവന്‍ വീണ്ടും കാണുന്നതും അത്തരമൊരു ബീസ്റ്റിനെ തന്നെയാണ്. ഒരുപാട് കാലം കൂട്ടിനകത്തിരിക്കേണ്ടി വന്ന, സ്വരുക്കൂട്ടി വെച്ച കരുത്ത് ലോകത്തിന് മുന്നേ കാണിച്ച് കൊടുക്കാന്‍ കാത്തിരുന്ന ഒരു ബീസ്റ്റിനെ. അത് ലോകത്തിന് മുന്നേ അയാള്‍ കാണിച്ച് കൊടുത്ത് തുടങ്ങി. ഈ മൂന്ന് സെഞ്ചുറികള്‍ അയാള്‍ക്ക് ടീമില്‍ സ്ഥിരസ്ഥാനം നല്‍കുമോ എന്ന് അയാളുടെ കാപ്റ്റന് പോലും ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. പക്ഷേ ചരിത്രം അവര്‍ക്ക് മുന്നിലുണ്ട്, സേവാഗും രോഹിതും ഇന്ത്യന്‍ ക്രിക്കറ്റിന് തന്നതാവര്‍ത്തിക്കാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. മുന്‍പൊരിക്കല്‍ ഗൗതം ഗംഭീര്‍ പറഞ്ഞ പോലെ, സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞില്ലെങ്കില്‍ ആ നഷ്ടം ഇന്ത്യന്‍ ടീമിനാണ്. അതിപ്പോഴെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് വിചാരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in