POPULAR READ

കനയ്യ പറഞ്ഞത് കേട്ടപ്പോള്‍ ഐ.എ.എസുകാര്‍ പേമെന്റ് സീറ്റ് തരപ്പെടുത്തിയെന്ന ആരോപണം ഓര്‍ത്തുപോയി: എം.എം.ലോറന്‍സ്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ലെന്ന ചോദ്യത്തിന് സിപിഐ നേതാവ് കനയ്യ കുമാര്‍ നല്‍കിയ മറുപടിയെ പ്രശംസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്. കനയ്യകുമാര്‍ പറഞ്ഞപ്പോള്‍, മുമ്പ് ചില പേമെന്റ് സീറ്റുകള്‍ ഐഎഎസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓര്‍ത്തുപോയെന്ന് ലോറന്‍സ്.

എന്ത് കൊണ്ട് സ്ഥാനാര്‍ത്ഥിയായില്ല എന്ന ചോദ്യത്തിന് ഇതായിരുന്നു കനയ്യയുടെ മറുപടി ''ഞാന്‍ ഒരു പാര്‍ടിയുടെ കേഡര്‍ മാത്രമാണ്. പാര്‍ടിക്ക് അതിന്റേതായ ഘടനയും, ക്രമവും, അച്ചടക്കവും, സംവിധാനവുമുണ്ട്. എല്ലാ പ്രാവിശ്യവും മല്‍സരിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാനാവില്ല. ഞാന്‍ തന്നെ ലോകസഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മല്‍സരിക്കുക എന്നുവരുന്നത് ശരിയാണോ? പാര്‍ടിയില്‍ മറ്റുള്ളവര്‍ക്കും മല്‍സരിക്കാന്‍ അവസരം ലഭിക്കണം. എന്റെ റോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല; ഞാനൊരു സാധാരണ പാര്‍ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം. ഒരു നേതാവിനെപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു നരേറ്റീവ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം, സമഗ്രമായിരിക്കണം''

മാതൃഭൂമി ദിനപത്രത്തിലെ കനയ്യയുടെ അഭിമുഖം പരാമര്‍ശിച്ചാണ് എം.എം. ലോറന്‍സിന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള അവസരമായും ധനസമ്പാദനത്തിനുള്ള മാര്‍ഗമായും ചിലര്‍ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെയും കാണുന്നുണ്ടെന്നും ലോറന്‍സ്.

എം.എം.ലോറന്‍സിന്റെ ഫേസ്ബുക്ക് കുറിപ്പ്

വ്യക്തികളല്ല, ആശയങ്ങളാണ് പ്രധാനം'

കനയ്യ കുമാറിനെക്കുറിച്ച് കുറച്ചുകാലമായി കേട്ടിരുന്നില്ല. ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ സിപിഐ ദേശീയ നേതാവായ കനയ്യ കുമാറിന്റെ ഒരു അഭിമുഖം ഇന്ന് (26.10.20) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍റെ തലക്കെട്ട് ശ്രദ്ധേയമാണ്: 'വ്യക്തികളല്ല, ആശയങ്ങളാണ് പ്രധാനം'. അഭിമുഖത്തിലെ ഒരു ചോദ്യം, ബിഹാറിലെ തെരഞ്ഞെടുപ്പ് ഒരു ആശയ സമരമാണോ എന്നായിരുന്നു. അതില്‍ കനയ്യ കുമാറിന്‍റെ മറുപടി ശ്രദ്ധേയമാണ്. "തീര്‍ച്ചയായും ഞങ്ങളെ സംബന്ധിച്ച് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്". എന്നും തെരഞ്ഞെടുപ്പുകള്‍ ഒരു ആശയസമരമാണെന്നാണ് കനയ്യ വ്യക്തമാക്കിയത്.

" തെരഞ്ഞെടുപ്പിലെ പങ്കാളിത്തം അധികാരം നേടാന്‍ മാത്രമല്ല, അധികാര ഘടനയെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുവേണ്ടി കൂടിയാണ്. തീര്‍ച്ചയായും ഒരു ആശയ സമരം കൂടിയാണ്. ഞങ്ങള്‍ക്ക് ബിഹാറിനെ മാറ്റി തീര്‍ക്കണം. മണി-മസില്‍ പവര്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതണം. ഇതാണ് ഇടതുപാര്‍ടികളുടെ ഫോക്കസ്. അതേ സമയം, ജനങ്ങള്‍ക്കുവേണ്ടിയുള്ള നയങ്ങള്‍ ആവിഷ്കരിക്കപ്പെടണം. വികസനത്തിന്‍റെ പേരില്‍ കോര്‍പ്പറേറ്റ് കൊള്ളയടി ഞങ്ങള്‍ സമ്മതിക്കില്ല." -കനയ്യകുമാര്‍ തുടർന്നു.

എന്തുകൊണ്ട് താന്‍ സ്ഥാനാര്‍ഥിയായില്ല എന്ന ചോദ്യത്തിന് കനയ്യയുടെ മറുപടി ഇങ്ങനെയാണ്- "ഞാന്‍ ഒരു പാര്‍ടിയുടെ കേഡര്‍ മാത്രമാണ്. പാര്‍ടിക്ക് അതിന്‍റേതായ ഘടനയും, ക്രമവും, അച്ചടക്കവും, സംവിധാനവുമുണ്ട്. എല്ലാ പ്രാവിശ്യവും മല്‍സരിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാനാവില്ല. ഞാന്‍ തന്നെ ലോകസഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മല്‍സരിക്കുക എന്നുവരുന്നത് ശരിയാണോ? പാര്‍ടിയില്‍ മറ്റുള്ളവര്‍ക്കും മല്‍സരിക്കാന്‍ അവസരം ലഭിക്കണം. എന്‍റെ റോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല; ഞാനൊരു സാധാരണ പാര്‍ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം. ഒരു നേതാവിനെപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു നരേറ്റീവ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം, സമഗ്രമായിരിക്കണം. അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. പാര്‍ടി ഘടനയിലും പ്രാവര്‍ത്തികമാകണം. പാര്‍ടി നല്‍കുന്ന നിര്‍ദേശം അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. യോഗങ്ങള്‍ക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക, സൗണ്ട് സിസ്റ്റം ഏര്‍പ്പെടുത്തുക എന്നിവയും പാര്‍ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. അത്തരത്തില്‍ ജനാധിപത്യ ഘടനയും സമഗ്രതയും പാര്‍ടിയിലുണ്ട്. എല്ലാ പ്രാവിശ്യവും ഒരാള്‍തന്നെ മല്‍സരിക്കുക, മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക. അങ്ങനെയെങ്കില്‍ നാം മറ്റുപാര്‍ടികളില്‍നിന്ന് എങ്ങിനെ വ്യത്യസ്തമാകും!?. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ടിക്കറ്റുകള്‍ വില്‍ക്കാറില്ല. ആരാണ് സ്ഥാനാര്‍ഥി എന്നത് ഞങ്ങളുടെ രാഷ്ട്രീയ സംവാദത്തില്‍ ഒരു പ്രസക്തിയുമില്ല. പാര്‍ടിയാണ് പ്രധാനം. നയങ്ങളാണ് പ്രധാനം. മറ്റൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍പര്യമില്ല"- കനയ്യകുമാര്‍ ചൂണ്ടിക്കാട്ടി.

കനയ്യകുമാര്‍ സിപിഐയുടെ ഉജ്വലനായ നേതാവാണ്. ഇന്ത്യയുടെ ഈ ഇരുണ്ട കാലഘട്ടത്തില്‍, നേർവഴി തെളിക്കുന്ന മിടുക്കരായ യുവ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം പറയുന്നത് എല്ലാവര്‍ക്കും ബാധകമാണ്, പിന്തുടരേണ്ടതാണ്. പ്രത്യേകിച്ച് ഇടതുപാര്‍ടികള്‍. അഭിമുഖത്തില്‍ വേറെയും പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തെരഞ്ഞെടുപ്പിലും സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പങ്കുണ്ട്, ഉണ്ടാകുകയും വേണം. അതിൽ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകർ, ചലച്ചിത്രപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കർഷകർ, തൊഴിലാളികള്‍, യുവാക്കര്‍, വിദ്യാര്‍ത്ഥികള്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവരും പങ്കെടുക്കേണ്ടതാണ്. ആരും മാറി നില്‍ക്കേണ്ടതുമില്ല, ആരെയും മാറ്റി നിര്‍ത്തേണ്ടതുമില്ല.

കനയ്യകുമാര്‍ പറഞ്ഞപ്പോൾ, മുമ്പ് ചില പേമെന്‍റ് സീറ്റുകള്‍ ഐഎഎസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓര്‍ത്തുപോയി. അവര്‍ തരംകിട്ടിയപ്പോള്‍ മറുകണ്ടം ചാടിയത് ഞാന്‍ ഓര്‍ക്കുകയാണ്. എല്ലാ ഐഎഎസുകാരെയോ മറ്റുള്ളവരെയോ അല്ല ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയസമരം കൂടിയാണ്. അഭിമുഖത്തിൽ വ്യക്തമാക്കിയത് നൂറുശതമാനം ശരിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന പോരാട്ടത്തിന്‍റെ ഒരു ഭാഗമാണ് തെരഞ്ഞെടുപ്പ് പോരാട്ടം. അതില്‍ രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും ദരിദ്രരും ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം ഇല്ലാത്തവരും തൊഴിലാളികളും തൊഴിലില്ലാത്തവരും എല്ലാവരും പങ്കെടുക്കും. അതിലൂടെ അവരുടെ രാഷ്ട്രീയ പ്രബുദ്ധത ഒരു പരിധിവരെ ഉയര്‍ത്താനും സാധ്യമായേക്കും.

സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള അവസരമായും ധനസമ്പാദനത്തിനുള്ള മാര്‍ഗമായയും ചിലര്‍ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെയും കാണുന്നുണ്ട്.

മാതൃഭൂമി മുഖംപ്രസംഗത്തിന് തൊട്ടുമുകളിലായി റോസ ലക്സംബര്‍ഗിനെ ഉദ്ധരിച്ചിരിക്കുന്നു :- 'എതിരഭിപ്രായത്തിനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യം'!.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT