Gulf

‘അടിയന്തര ഇടപെടല്‍ അനിവാര്യം’; പ്രവാസി വോട്ടില്‍ സമ്മര്‍ദ്ദം ശക്തമാക്കി എന്‍ആര്‍എ കമ്മീഷന്‍ 

THE CUE

പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി എന്‍ആര്‍ഐ കമ്മീഷന്‍. തൊഴിലെടുക്കുന്ന രാജ്യത്ത് നിന്ന് വോട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കമ്മീഷന്‍ പ്രമേയം പാസാക്കി. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു യോഗം. ഏറെക്കാലമായുള്ള ആവശ്യത്തില്‍ പ്രവാസി മലയാളികളുടെ താല്‍പ്പര്യം പരിഗണിച്ചാണ് അഭ്യര്‍ത്ഥന. എന്‍.ആര്‍.ഐ കമ്മീഷന്‍ അംഗവും പ്രവാസിവോട്ട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരനുമായ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലാണ് പ്രമേയം അവതരിപ്പിച്ചത്. 2014 ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലടക്കം നേരിട്ട കാലതാമസം ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ എന്‍ആര്‍ഐ കമ്മീഷനുകളുമായി ബന്ധപ്പെട്ട് അവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഏവരും ഒറ്റക്കെട്ടായി ഇറങ്ങിയാല്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ഏപ്രിലില്‍ തീരുമാനം എടുക്കാമെന്നാണ് വ്യക്തമാക്കിയത്. വിഷയത്തില്‍ കമ്മീഷന്‍ അഭ്യര്‍ത്ഥന ഉന്നയിക്കണമെന്ന ഡോ. ഷംഷീറിന്റെ ആവശ്യത്തെ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. പ്രവാസിവോട്ട് ആവശ്യം വിപ്ലവാത്മകമാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ നിലപാടെടുത്തു. ഭാരിച്ച യാത്രാ ചിലവ് പരിഗണിച്ച് മിക്കപ്പോഴും പ്രവാസികള്‍ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കുകയാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രവാസി വോട്ട് പുതിയ അനുഭവമാകുമെന്നും ഇത് എത്രയും പെട്ടന്ന് നടപ്പാക്കേണ്ടത് അവരുടെ താല്പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട: ജസ്റ്റിസ് പിഡി രാജന്‍ പറഞ്ഞു.

കമ്മീഷന്‍ പ്രമേയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിയമ മന്ത്രാലയത്തിനും സമര്‍പ്പിക്കും. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ടവകാശം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ 2018ല്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞത് കാരണം ബില്‍ രാജ്യസഭയില്‍ എത്താതെ അസാധുവായി. പിന്നീട് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതില്‍ തീരുമാനം ആയിട്ടില്ല. ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെയും കമ്മീഷന്റെയും പരിഗണനയിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ 2012 ലെ കണക്കുകള്‍ പ്രകാരം 1,00,37,761 പ്രവാസികള്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ 11,000 പേര്‍ മാത്രമേ വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്ന് വ്യക്തമായിരുന്നു.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT