
പരം സുന്ദരി എന്ന സിനിമയ്‌ക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരിച്ച് രഞ്ജി പണിക്കര്‍. വടക്കേ ഇന്ത്യയിലെ പ്രേക്ഷകരെ മുന്നിൽ കണ്ടൊരുക്കിയ ഫണ്‍ എന്റർടെയ്നറാണ് പരം സുന്ദരി. അതിൽ മലയാളികളെ മോശക്കാരായി ചിത്രീകരിച്ചു എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് രഞ്ജി പണിക്കർ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഞ്ജി പണിക്കരുടെ വാക്കുകൾ:
മലയാളികൾ അല്ല അവരുടെ ടാർഗറ്റ് ഓഡിയൻസ്. അവർ അവരുടെ കാഴ്ചപ്പാടിൽ സിനിമ ചെയ്യുന്നു എന്നേയുള്ളൂ. അവർക്ക് ആവശ്യമായ സിനിമയാണ് അവർ ചെയ്തത്. അതിനപ്പുറം ഏതെങ്കിലും വിധത്തിൽ മലയാളികളെ മോശമാക്കാൻ അല്ല. നമുക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒന്നാമത് അതൊരു ഔട്ട് ആൻഡ് ഔട്ട് ഫൺ സിനിമയാണ്. അതിനപ്പുറത്തേക്കുള്ള ലോജിക്ക് ഒന്നും അവർ ചിന്തിച്ച കാണില്ല.
ചിത്രത്തിലെ മലയാളം ഡയലോഗ്സ് എഴുതിയത് ഒരു മലയാളി തന്നെയാണ്. നമ്മുടെ ഡയലോഗുകളിൽ എന്തെങ്കിലും കറക്ഷൻസ് വേണമെങ്കിൽ അത് നമ്മളോട് ചോദിക്കുകയും ചെയ്യുമായിരുന്നു. അതിൽ അവർക്ക് അബദ്ധം പറ്റിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മൾ ഹിന്ദി പറയുന്നത് അവർ കേൾക്കുമ്പോൾ ഇത്തരത്തിൽ തന്നെയാകും. നമ്മൾ പെർഫെക്റ്റ് ഹിന്ദിയാണ് പറയുന്നത് എന്നാണ് നമ്മുടെ വിചാരം. എന്നാൽ അവർ കേൾക്കുമ്പോൾ നമ്മുടെ ഹിന്ദിക്ക് ഈ തകരാറുകൾ എല്ലാം കാണും. അതിനപ്പുറത്ത് ഒരു റേസിസ്റ്റ് സ്വഭാവമുണ്ടെന്നൊന്നും തോന്നുന്നില്ല.