യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന കേരളോത്സവം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ഡിസംബർ 1,2 തിയതികളില്‍ നടക്കുന്ന കേരളോത്സവത്തില്‍ നർത്തകിയും സിനിമ താരവുമായ മേതിൽ ദേവികയും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും ദുബായിലെ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.
പത്മശ്രീ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളപ്പെരുക്കത്തിനൊപ്പം യുവ ഗായകർ ആര്യദയാൽ, സച്ചിൻവാര്യർ, തുടങ്ങിയവർ ആദ്യ ദിവസവും, സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്‍റിനൊപ്പം സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ രണ്ടാം ദിനവും സംഗീത നിശയൊരുക്കും. കേരളീയ കലാ പൈതൃകം ഓർമ്മിപ്പിക്കുന്ന വേദിയില്‍ കുടമാറ്റവും ആനയും ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെയുളള ഘോഷയാത്രയുമുണ്ടാകും. തെരുവ് നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപ്പം , സൈക്കിൾ യജ്‌ഞം, റിക്കാർഡ് ഡാൻസ്, തുടങ്ങിയ നൃത്ത- നാടൻ - കലാരൂപങ്ങളും കേരളോത്സവത്തിലുണ്ടാകും.
സാഹിത്യ സദസ്സിനോടനുബന്ധിച്ചു എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ് , പ്രശ്നോത്തരികൾ, യു എ ഇ യിലെ ചിത്രകാരന്മാരുടെ തത്സമയ പെയിന്‍റിങും, കേരളത്തിന്‍റെ ചരിത്രവും, പോരാട്ടത്തിന്‍റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനങ്ങളും കേരളത്തിന്‍റെ തനത് നാടൻ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകളും ഇവിടെയുണ്ടാകും.
ദുബായ് മലയാളം മിഷന്‍റെ ഭാഗമായുളള കുട്ടികളുടെ പരിപാടികളും മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രെജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, ഷിഹാബ് പെരിങ്ങോട് , ജിജിത അനിൽകുമാർ , ലിജിന കൃഷ്ണൻ എന്നിവരും, ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് പ്രതിനിധികളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.