

സിനിമകളിൽ കാസ്റ്റിങ് സംബന്ധിച്ച രസകരമായ കഥകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. യഥാർത്ഥ ജീവിതത്തിൽ ഹാസ്യബോധമുള്ള വ്യക്തിയാണ് തിലകൻ എന്നും അക്കരണത്താലാണ് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ദാമോദർജി എന്ന കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചത് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കർ എന്ന കഥാപാത്രത്തിലേക്ക് തിലകനെ വിളിക്കാം എന്ന് ആലോചിച്ചിരുന്നു.
എന്നാൽ തിലകൻ അല്ലാതെ മറ്റൊരാൾ ചെയ്താൽ എങ്ങനെയുണ്ടാകും എന്ന ആലോചനയിൽ നിന്നാണ് ആ കഥാപാത്രം ഇന്നസെന്റിലേക്ക് എത്തുന്നത്. അതുപോലെ നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാലായിരുന്നു നാടോടിക്കാറ്റിലെ പവനായി എന്ന വേഷത്തിലേക്ക് ക്യാപ്റ്റൻ രാജുവിനെ പരിഗണിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യങ്ങൾ പറഞ്ഞത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
തിലകൻ ചേട്ടൻ സാധാരണഗതിയിൽ സംസാരിക്കുമ്പോൾ ഏറെ ഹ്യൂമറസാണ്. തിലകൻ ചേട്ടൻ സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ദാമോദർജി ആയാൽ നന്നാകും എന്ന് നമുക്ക് തോന്നുന്നിടത്ത് നിന്ന് അതിന്റെ വിജയം ആരംഭിക്കും. പൊന്മുട്ടയിടുന്ന താറാവിൽ ഇന്നസെന്റാണ് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതൊരു വല്ലാത്ത കാസ്റ്റിങ് ആണ്. ഈ തിരക്കഥ വായിക്കുമ്പോൾ നമുക്ക് തിലകനാണ് മനസ്സിൽ വരിക. അൽപ്പം കുറ്റിത്തലമുടി ഒക്കെയായി. തിലകനെ വിളിക്കാം എന്ന് ആലോചിച്ചിരുന്നു. എന്നാൽ തിലകൻ അല്ലാതെ മറ്റൊരാൾ ചെയ്താൽ എങ്ങനെയുണ്ടാകും എന്ന ആലോചനയിൽ നിന്നാണ് ആ കഥാപാത്രം ഇന്നസെന്റിലേക്ക് എത്തുന്നത്. ഈ കഥ ഇന്നസെന്റിനോട് പറയുമ്പോൾ അദ്ദേഹം ആദ്യം ഒന്ന് ഭയന്നു. എന്നാൽ ആ കഥാപാത്രത്തെ മനോഹരമായി തന്നെ ചെയ്തു.
കാസ്റ്റിങ് തന്നെയാണ് എന്റെ സിനിമകളിലെ ഹ്യൂമറസ് പഞ്ച്. ക്യാപ്റ്റൻ രാജു ധാരാളം സിനിമകളിൽ വില്ലനായി അഭിനയിച്ചത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ നാടോടിക്കാറ്റിലെ പവനായി ആയി തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ആദ്യ രംഗം ഞങ്ങൾക്ക് റീടേക്ക് എടുക്കേണ്ടി വന്നു.
കാരണം ആ സീനിൽ അദ്ദേഹം കുറച്ചുകൂടി കോമിക്കലായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. 'ക്യാപ്റ്റൻ സാധാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'എന്നെ ഒന്ന് വ്യത്യസ്തമായി ചെയ്യാൻ അനുവദിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പട്ടണപ്രവേശത്തിൽ കരമന ജനാർദ്ദനൻ നായരുടെ കഥാപാത്രം ചെയ്യുന്നതൊക്കെ സീരിയസ് ആണ്. ആ സീനിലാണ് കോമഡി.