യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്' പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്. യു.എ.ഇ.യിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. ഉത്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃസേവനങ്ങൾ, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.
യു.എ.ഇ. ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് റാങ്കിങ്. ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്. അദ്ദേഹം സ്ഥാപിച്ച എസ്.ഒ.എൽ പ്രോപ്പെർട്ടീസ് ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേഴ്സ് ആണെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു. അൽ ആദിൽ ട്രേഡിങ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണ് മൂന്നാമത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയിൽ പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ദാതാർ വഹിച്ചത്.
ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകനായ സിറിയൻ പൗരനായ ഗാസ്സാൻ അബൗദ് , ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെ മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്, ഗ്ലോബൽ ഷിപ്പിങ് & ലോജിസ്റ്റിക്സ് കമ്പനിയായ ട്രാൻസ് വേൾഡിൻറെ ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചവർ. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേഴ്സൺ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത. ജംബോ ഗ്രൂപ്പിൻ്റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ: സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.