Gulf

പ്രൗഡം, ഗംഭീരം, എക്‌സ്‌പോ 2020യ്ക്ക് സമാപനം

182 ദിവസങ്ങള്‍, 192 രാജ്യപവലിയനുകള്‍, നേരിട്ടെത്തിയ രണ്ടരക്കോടിയോളമുളള സന്ദര്‍ശക പ്രവാഹം, തൊട്ടതെല്ലാം പൊന്നാക്കിയാണ് എക്‌സ്‌പോ 2020യുടെ ആ വലിയ വാതില്‍ മാര്‍ച്ച് 31ന് അടഞ്ഞത്. അണമുറിയാതെയെത്തിയ സന്ദര്‍ശകപ്രവാഹം മേളയുടെ വിജയത്തെ അടയാളപ്പെടുത്തി. മേളയുടെ സമാപനത്തിന് രണ്ട് ദിവസം മുന്‍പ് വരെയുളള കണക്കുകള്‍ അനുസരിച്ച് രണ്ട് കോടി 30 ലക്ഷം സന്ദര്‍ശനങ്ങളാണ് രേഖപ്പെടുത്തിയിട്ടുളളത്. വിര്‍ച്വലായി എക്‌സ്‌പോ ആസ്വദിച്ചവരെ കൂടാതെയാണിത്.

ഇത് അവസാനമല്ല, പുതിയ തുടക്കമാണെന്ന് പറഞ്ഞുകൊണ്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ വാക്കുകള്‍ ആരംഭിച്ചത്. വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ കെല്‍പുളളവരാണ് തങ്ങളെന്ന് ഞങ്ങളുടെ കുട്ടികള്‍ തെളിയിച്ചു, ആറ് മാസക്കാലം ഇവിടെയെത്തിയ ഓരോരുത്തരുടെയും ഹൃദയത്തെ സ്പര്‍ശിക്കാന്‍ ലോകത്തിന് മുന്നില്‍ നൈപുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ എക്‌സ്‌പോയ്ക്ക് സാധിച്ചു, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ മൂല്യവും ആതിഥ്യമര്യാദയും ഓരോ നിമിഷവും പ്രതിഫലിപ്പിച്ചുകൊണ്ടാണ് എക്‌സ്‌പോ 2020 കടന്നുപോയതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

വൈകീട്ട് ഏഴുമണിയോടെ ആരംഭിച്ച സമാപനചടങ്ങ് വീക്ഷിക്കാന്‍ ദുബായ് ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് വിശിഷ്ട വ്യക്തികളും നേരിട്ടെത്തിയിരുന്നു. ഇന്ത്യന്‍ അഭിമാനം എ ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യസ്മീന സബയുടെ നേതൃത്വത്തില്‍ 40 കുട്ടികളടങ്ങുന്ന ബാന്റിലൂടെ യുഎഇയുടെ ദേശീയ ഗാനം മുഴങ്ങി. പിന്നീട് യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്‌സ്‌പോ 2020 കമ്മീഷണര്‍ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ വേദിയിലേക്കെത്തി. ഒപ്പം ബിഐഇ മേധാവിയും അടുത്തതായി എക്‌സ്‌പോ നടക്കാനിരിക്കുന്ന ജപ്പാനിലെ ഒസാക്കയില്‍ നിന്നുളള പ്രതിനിധികളും. എക്‌സ്‌പോയില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ കൈയ്യടികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. അഭിമാനത്തോടെയാണ് ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. നമ്മുടെ കൊച്ചു രാജ്യത്തിന്റ ചരിത്രത്തില്‍ അവിസ്മരണീയ ഏടായി എക്‌സ്‌പോ 2020 മാറി. എക്‌സ്‌പോ 2020 അവസാനിക്കുന്നത്, എക്‌സ്‌പോയില്‍ നിന്നുള്‍ക്കൊണ്ട പുതിയ പാഠങ്ങളുമായി പുതിയ തുടക്കത്തിലേക്കാണ്, അദ്ദേഹം പറഞ്ഞു. മേള വിജയമാക്കാന്‍ പിന്തുണ നല്‍കിയ ഭരണനേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

മധ്യപൂര്‍വ്വ ദേശങ്ങളില്‍ ഇത്തരത്തിലുളള മഹാമേളങ്ങള്‍ നടക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നായിരുന്നു ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പൊസിഷന്‍സ് പ്രസിഡന്റ് ദിമിത്രി കെര്‍ക്കന്റ്‌സെസിന്റെ നിരീക്ഷണം. ശരിയായ സമയത്താണ് യുഎഇ എക്‌സ്‌പോയ്കക്ക് ആതിഥ്യമരുളിയത്, എക്‌സ്‌പോ അവസാനിക്കുന്നുവെന്നുളളതില്‍ ദുഖമുണ്ട്, പക്ഷെ എല്ലാ മഹത്തായ കാര്യങ്ങള്‍ക്കും അവസാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബിഐഇ പതാക 2025 ല്‍ എക്‌സ്‌പോ നടക്കാനിരിക്കുന്ന ജപ്പാനിലെ ഒസാക്കയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് കൈമാറി.

സെപ്റ്റംബര്‍ 30 ന് നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയ പെണ്‍കുട്ടി നൈനിറ്റാള്‍ സ്വദേശിയായ മിറാ സിംഗ് വേദിയിലെത്തി. എക്‌സ്‌പോയുടെ പ്രതീകമായ പാരമ്പര്യത്തിന്റെ മോതിരം അവള്‍ക്ക് നല്‍കിയ മുത്തശ്ശനോടും ലോകത്തോടും ഇത്തവണ അവള്‍ക്ക് പറയാനുണ്ടായിരുന്നത് എക്‌സ്‌പോ നല്‍കിയ അറിവിനെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമാണ്. പെണ്‍കുട്ടിക്കൊപ്പം മുത്തശ്ശനുപകരം സമാപനചടങ്ങില്‍ കണ്ടത് അല്‍ വാസലിന്റെ ആത്മാവ് എന്ന പ്രതീകാത്മകരൂപത്തെയാണ്. എക്‌സ്‌പോ അവസാനിക്കുന്നു, സങ്കടത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടിയെ അവര്‍ചേര്‍ത്ത് പിടിക്കുമ്പോള്‍ അവരിലേക്ക് മോതിരത്തില്‍ നിന്ന് മഴ പെയ്തിറങ്ങുന്നു. ഒപ്പം അവരെ വലയം ചെയ്ത് സംസ്‌കാരത്തിന്റെ പ്രതീകമായ, എക്‌സ്‌പോ ലോഗോയ്ക്ക് നിദാനമായ മോതിരവും താഴേക്ക്. കൂടെ നോറാ ജോണ്‍സിന്റെ ഗാനവും കൂടിയായപ്പോഴത് കാണികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തമായി. പുതിയ ഉദയത്തിനായി തയ്യാറെടുക്കുകയെന്നുളള സന്ദേശമുള്‍ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. കുട്ടികള്‍, ഭാവിതലമുറകളിലേക്ക് പാരമ്പര്യവും സംസ്‌കാരവും പകര്‍ന്നുനല്‍കുകയെന്നുളളതാണ് ചടങ്ങിലുടനീളം പ്രതിഫലിച്ചത്. എക്‌സ്‌പോയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പതാകങ്ങള്‍ വേദിയില്‍ മിന്നിമറഞ്ഞു. നയനാനന്ദകരമായ കാഴ്ചകളാണ് സമാപനചടങ്ങളിലൂടനീളമുണ്ടായിരുന്നത്. ഗ്രാമി ജേതാവ് യൊയൊ മാ, ക്രിസ്റ്റീന ഒഗിലേറ എന്നിവരുടെ സാന്നിദ്ധ്യവും ഒരുമണിക്കൂര്‍ നീണ്ടുനിന്ന സമാപനചടങ്ങിനെ സമ്പന്നമാക്കി. 56 രാജ്യങ്ങളില്‍ നിന്നുളള 400 പ്രൊഫണലുകള്‍ സമാപനചടങ്ങിന് മാറ്റേകി. അവസാന അഞ്ച് നിനിറ്റില്‍ എക്‌സ്‌പോ വേദിയുടെ ആകാശത്തെ വര്‍ണങ്ങള്‍ നിറച്ചുളള കരിമരുന്ന് പ്രയോഗവും നടന്നു. ഇതോടെ ഔദ്യോഗികമായുളള സമാപനചടങ്ങുകള്‍ക്ക് അവസാനമായി. എന്നാല്‍ കലാവിരുന്നുകള്‍ രാത്രി മുഴുവന്‍ തുടര്‍ന്നു.

ദുബായ് മില്ലേനിയം ആംഫി തിയറ്ററില്‍ നടന്ന ഗ്രാമി ജേതാവ് യൊയൊ മായുടേയും നോറാ ജോണ്‍സിന്റെയും ക്രിസ്റ്റീന ഒഗിലേറയുമുള്‍പ്പടെ പ്രകടനങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. എക്‌സ്‌പോ അവസാനിക്കാന്‍ ഒരാഴ്ച ബാക്കിയുളളപ്പോള്‍ തുടങ്ങിയ ജനത്തിരക്ക് അവസാന ദിനം പാരമ്യത്തിലെത്തി. വൈകീട്ട് മൂന്ന് മണിയോടെ തന്നെ സമാപനചടങ്ങ് നടക്കുന്ന അല്‍ വാസല്‍ ഡോമിനടുത്ത് ആളുകള്‍ എത്തി ചടങ്ങ് കാണുന്നതിന് പറ്റിയ ഇടത്ത് നിലയുറപ്പിച്ചിരുന്നു. എക്‌സ്‌പോ വേദിയിലേക്കുളള മെട്രോയിലും ബസിലുമെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം എക്‌സ്‌പോ വേദിയിലെ 20 ഇടങ്ങളില്‍ വലിയ സ്‌ക്രീനില്‍ ചടങ്ങുകള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തിരുന്നു. വിവിധ രാജ്യ പവലിയനുകളും നൃത്ത സംഗീത പരിപാടികള്‍ ഒരുക്കിയിരുന്നു. രാത്രി 11.55 നും പുലര്‍ച്ചെ 3 മണിക്കും വര്‍ണാഭമായ വെടിക്കെട്ട് നടന്നു. പുലര്‍ച്ചെ നടന്ന വെടിക്കെട്ടോടെ എക്‌സ്‌പോയിലെ ആറുമാസക്കാലത്തെ ആഘോഷങ്ങളുടെ ആ വലിയ വാതിലടഞ്ഞു, പുതിയ തുടക്കത്തിലേക്ക്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT