ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം
Published on

സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുകയാണ് ലോക: സിനിമയുടെ പോസ്റ്ററുകൾ. എസ്തെറ്റിക് കുഞ്ഞമ്മ എന്ന ഡിസൈനിങ് കമ്പനിയാണ് ഈ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നടനും ഡിസൈനറുമായ അരുൺ അജികുമാർ ആണ് എസ്തെറ്റിക് കുഞ്ഞമ്മക്ക് രൂപം നൽകിയത്. അരുൺ അജികുമാർ, ദീപക് ജ്യോതിബാസു, കിഷോർ ഗോപി, യദു മുരുകൻ, രാഹുൽ രാജ്, സതീഷ് ടി.പി, ടീന ടോമി എന്നിവരാണ് എസ്തെറ്റിക് കുഞ്ഞമ്മയിലെ അംഗങ്ങൾ. ലോകയുടെ പോസ്റ്റർ ഡിസൈനിംഗുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ക്യൂ സ്റ്റുഡിയോയോട് പങ്കുവെക്കുന്നു അരുൺ അജികുമാർ.

ലോകയുടെ പുതിയ രണ്ടു ക്യാരക്ടർ പോസ്റ്ററുകളിലും ഒരു ലൈറ്റ് എഫക്ട് കാണാൻ കഴിയുന്നുണ്ട്. ഇത് കഥാപാത്രങ്ങളുടെ അമാനുഷികത കാണിക്കുന്നതിനായി ചേർത്തതാണോ?

ഒരു പ്രത്യേക തരം സ്പാർക്കിളിങ് എഫക്ട് ആണ് അവിടെ നൽകിയത്. ടൊവിനോയുടെ കഥാപാത്രം ഒരു മജീഷ്യൻ ആണ്. അതുകൊണ്ട് ആ മാജിക്കിനെ പ്രതിപാദിക്കാൻ ഉള്ള ഘടകങ്ങൾ ആലോചിച്ചപ്പോഴാണ് വസ്ത്രത്തിൽ നിന്ന് ഒരു ഫ്ലോ കൊടുക്കാമെന്നു തോന്നിയത്. അതുപോലെ ടൊവിനോയുടെ കഥാപാത്രം ഒരു മജീഷ്യൻ ആണ് .അതുകൊണ്ട് തന്നെ ആ മാജിക്കിനെ പ്രതിപാദിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ ഉൾപ്പെടുത്തണമെന്ന് തോന്നി.അങ്ങനെയാണ് ടൊവിനോക്ക് ഒരു മോഷൻ കൊടുക്കാമെന്ന് വിചാരിക്കുന്നത്.

ദുൽഖറിന്റെ പോസ്റ്ററിലേക്ക് വരുകയാണെങ്കിൽ അതിൽ ഡാർക്‌നെസ്സ് ആണ് ഒരു പരിധി വരെ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലും ഇതേ ഡാർക്‌നെസ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദുൽഖർ അവതരിപ്പിക്കുന്നത് ഒടിയന്റെ കഥാപാത്രമാണല്ലോ. നമ്മൾ കേട്ട ഒടിയന്റെ കഥകളിലാണെങ്കിൽ പോലും ഇരുട്ടിനു ഒരു പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ പോസ്റ്ററിൽ ഒരു ലെൻസ് ഫ്ലെയർ ആണ് കൊടുത്തിട്ടുള്ളത്. ആ വാളിന്റെ മൂർച്ചയിൽ നിന്നും ഉള്ള തിളക്കമൊക്കെ ലെൻസ് ഫ്ലെയർ ആണ്. രണ്ടു പോസ്റ്ററിലും പൊതുവായി ഒരു മോഷൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് കഥാപാത്രങ്ങളുടെ അമാനുഷിക ശക്തി കാണിക്കാൻ വേണ്ടി തന്നെയാണ്. ഡെപ്തിനു വേണ്ടി മാത്രമാണ് ലൈറ്റ് ഉപയോഗിച്ചിട്ടുള്ളത്.

ലോകയുടെ പോസ്റ്റർ ഡിസൈനിങ് വർക്കുകൾ നിങ്ങളിലേക്ക് എത്തുന്നത്?

നിമിഷേട്ടൻ ഞങ്ങളുടെ ഒരു മെന്റർ ആണ്. ഞങ്ങളുടെ കരിയറിന്റെ തുടക്കം തൊട്ട് അദ്ദേഹം ഞങ്ങൾക്ക് ഒരുപാട് നിർദേശങ്ങൾ നൽകുമായിരുന്നു. അദ്ദേഹം നിരവധി സിനിമകളുടെ പോസ്റ്റർ വർക്ക് ഞങ്ങളിലേക്ക് എത്തിച്ചു തന്നിട്ടുപോലുമുണ്ട്. കുറുപ്പിന്റെ പോസ്റ്റർ ഡിസൈനിങ് വർക്ക് ഞങ്ങളിലേക്കെത്തുന്നതും അദ്ദേഹം വഴിയാണ്. കുറുപ്പ് തീർന്നപ്പോൾ തന്നെ പറയുമായിരുന്നു അഞ്ചോ ആറോ പാർട്ടുകൾ വരുന്ന ഒരു സിനിമയുണ്ട് എന്ന്. പിന്നെ ബസൂക്കയുടെ ഷൂട്ട് നടക്കുമ്പോൾ തന്നെ ലോകയുടെ സ്ക്രിപ്റ്റ് പുരോഗമിക്കുന്നതായി അറിയാമായിരുന്നു.

അങ്ങനെ ആ സമയം നിമിഷേട്ടനും ഡൊമിനിക് ഏട്ടനും വന്നു സിനിമയുടെ കഥയും പശ്ചാത്തലവും അതുപോലെ സിനിമയുടെ മൂഡും കളറും വിശദീകരിച്ചു തന്നു. ഈ വർക്ക് നിങ്ങൾക്കൊരു വെല്ലുവിളിയായിരിക്കുമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ ഞങ്ങൾക്ക് വലിയ ആവേശം തോന്നി. പ്രത്യേകിച്ച് ഒരു ഡിസൈനർ അല്ലെങ്കിൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് സൂപ്പർഹീറോ എലമെന്റ് ചെയ്യാൻ കഴിയുക എന്ന് പറയുന്നത് ഒരു വല്ലാത്ത സന്തോഷമാണ്.

അതിൽ വർക്ക് ചെയ്യുന്നതിന് ഒരുപാട് സാധ്യതകളുണ്ട്. അന്ന് മുതലേ ഞങ്ങൾ ലോകയെ കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു. അതിനു ശേഷം ഞങ്ങൾ നിമിഷേട്ടനെ കാണുമ്പോഴെല്ലാം സിനിമയെ എങ്ങനെയെല്ലാം മാർക്കറ്റ് ചെയ്യണമെന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെ കുറിച്ച് വരെ ചർച്ച ചെയ്യാറുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ വളരെയധികം എക്സസൈറ്റഡ് ആയിരുന്നു.

പിന്നീട് ഞങ്ങൾ ഒരു പത്തു പോസ്റ്ററിന്റെ ക്യാംപൈൻ ഐഡിയ ഉണ്ടാക്കി ഒരു ഫോട്ടോഷൂട്ട് പോകാമെന്നു കരുതി. ആ ഫോട്ടോഷൂട്ടിനു മുന്നേ ഒരു ട്രയൽ ഷൂട്ട് ലൈറ്റിംഗിനായി ചെയ്യേണ്ടി വന്നു. ആദ്യമായിട്ടായിരിക്കും ഇവിടെ അങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ അതേ ഫ്ലോറിൽ എല്ലാ ലൈറ്റ് എക്വിപ്മെന്റസും കൊണ്ടുവന്നു ലൈറ്റ് ചെയ്ത് പല പല രീതികളിൽ ചെയ്യാൻ ശ്രമിച്ചു. അങ്ങനെ എല്ലാവരും അംഗീകരിച്ച ശേഷമാണ് അടുത്ത ദിവസം അഭിനേതാക്കൾ വന്നു അതെ പോസിൽ റീഷൂട്ട് ചെയ്യുന്നത്. ശേഷം നല്ല ലൊക്കേഷൻ സ്റ്റില്ലുകളും ഉപയോഗിച്ചിരുന്നു. അങ്ങനെ ആദ്യത്തെ പോസ്റ്റർ ചെയ്യാൻ ഒന്നര മാസം സമയമെടുത്തു.

ആ പോസ്റ്ററിൽ ഒരുപാട് 3d എലെമെന്റുകൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പോസ്റ്ററുകൾക്കും അത്രയും സമയം വേണ്ടി വന്നിരുന്നില്ല. രണ്ടു മൂന്നു പോസ്റ്ററുകളിൽ വലിയ ഡീറ്റൈലിംഗ് ആവശ്യമുള്ളതിനാൽ ഒന്ന് രണ്ടു മാസത്തെ സമയം ആവശ്യമായി വന്നു.ലോക എന്ന് പറയുന്നത് അഞ്ച് പാട്ടുകൾ അടങ്ങുന്ന സിനിമയാണ്.അപ്പോൾ ഈ സിനിമയുടെ പോസ്റ്റർ ഡിസൈന്റെ ലാംഗ്വേജ്, കളേഴ്സ്, വിഷ്വൽ, ടൈപ്പോഗ്രഫി, പിന്നെ സിനിമയുടെ ലോഗോയ്ക്ക് ഉള്ളിലെ കത്തിയുൾപ്പടെ അടുത്ത അഞ്ചു പാർട്ടുകളുടെ ബ്രാൻഡിംഗ് മുൻകൂട്ടി കണ്ടു കൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കിയത്.

ലോകയുടെ ഓരോ പോസ്റ്ററിലും കല്യാണി പ്രിയദർശന്റെ ലുക്കിനും ഇമോഷനും ചേരുന്ന രീതിയിലാണ് ബാക്ഗ്രൗണ്ട് കളറും ബാക്കിയുള്ള വസ്തുക്കളും കൊടുത്തിട്ടുള്ളത്. ഇങ്ങനെ കൊടുക്കാമെന്നുള്ള ആശയം തോന്നിയതെങ്ങനെ?

സിനിമയുടെ ദൃശ്യ ഭാഷയെ കുറിച്ച് നിമിഷേട്ടന് നല്ല ധാരണയുണ്ടായിരുന്നു. അത് ഞങ്ങളിലേക്കെത്തിക്കാനാണ് നിമിഷേട്ടനും ഡൊമിനിക്ക് ഏട്ടനും ആദ്യമേ ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കളറുകൾ പരമാവധി പോസ്റ്ററുകളുമായി മാച്ച് ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചിരുന്നത്. അതിനോടൊപ്പം കഥാപാത്രങ്ങളുടെ ഇമോഷനുമായി ബ്ലെൻഡ് ആകുന്ന കളറുകൾ കൊണ്ട് വരാനുള്ള ചെറിയ ചില പരീക്ഷണങ്ങളും നടത്തുമെങ്കിലും സിനിമയുടെ കളറുകളാണ് അധികവും പോസ്റ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

100 കോടി, 200 കോടി കളക്ഷൻ പോസ്റ്ററുകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ പോസ്റ്ററുകൾക്ക് പിന്നിലെ ഐഡിയ?

ആ പോസ്റ്ററുകൾ ഇറക്കുന്നതിനെ മുന്നേ തന്നെ ലോക എന്ന സിനിമ ഒരു വലിയൊരു ബ്രാൻഡായി മാറിയിരുന്നു. അതുകൊണ്ട് ഒരുപാട് അഭിനേതാക്കളുടെ മുഖം കാണിക്കാതെ തന്നെ ആ സിനിമയുടെ ഒരു പവർ കാണിക്കാമെന്ന് തോന്നി. അതുകൊണ്ട് ഡിസൈനിലാണെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വന്നത്. വളരെ സാധരണമായ രീതിയിൽ അഭിനേതാക്കളുടെ മുഖം കാണിച്ചു കൊണ്ട് പോസ്റ്റർ ഇറക്കുന്ന ആ രീതി ഉപേക്ഷിക്കാമെന്ന് തോന്നി.

അതല്ലാതെ തന്നെ കഥാപാത്രങ്ങളുടെ പവർ മനസിലാക്കാൻ അവരുടെ ഡ്രസിങും ബാക്കിയുള്ള സെറ്റിങ്ങും എല്ലാം ധാരാളമാണ്. പിന്നെ സിനിമയിൽ ചന്ദ്രൻ ഒരു പ്രധാനപ്പെട്ട എലമെന്റ് ആയതു കൊണ്ട് തന്നെ പോസ്റ്ററിൽ അതുൾപ്പെടുത്തണമായിരുന്നു. 100 കോടി കളക്ഷൻ നേടിയപ്പോൾ തന്നെ അതിൽ ചന്ദ്രനെ എങ്ങനെയെങ്കിലും പ്ലേസ് ചെയ്യണമെന്നാലോചിച്ചിരുന്നു.

അപ്പോൾ നൂറിലെ പൂജ്യത്തിനു പകരം ചന്ദ്രനെ വക്കാം, പക്ഷെ അതിനു പിന്നാലെ ഒരു പൂജ്യം കൂടിയിട്ടാൽ അത് വൃത്തികേടാവുമെന്ന് കരുതി. ഒരു മൂണും കൂടെ വെക്കണോ എന്നെല്ലാം ആലോചിച്ചു. അങ്ങനെ ഒരു ഡിസ്കഷൻ കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു പൂജ്യം ഇടുന്നതിനു പകരം 101 കോടി ആകുന്നത് വരെ വെയിറ്റ് ചെയ്യാം എന്ന്. അങ്ങനെ അതിനു നടുവിൽ ഒരു മൂൺ ഉൾപ്പെടുത്തി കല്യാണിയുടെ പവർ കാണിക്കുന്ന രീതിയിൽ പോസ്റ്റർ ഡിസൈൺ ചെയ്യാമെന്ന് വിചാരിച്ചു. അപ്പോൾ 101 കഴിഞ്ഞാൽ പിന്നെ അടുത്ത പോസ്റ്ററിൽ 202 എന്നല്ലാതെ വേറെ സാധ്യത ഇല്ലായിരുന്നു. അതുകൊണ്ട് ആ ഒരു പാറ്റേൺ മെയിന്റൈൻ ചെയ്യുന്നതിനായി 202 ആയപ്പോൾ പോസ്റ്റർ പുറത്തുവിട്ടത്.

ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള ഒരു ഫ്രെയിം ആണ് മൂത്തോന്റെ പോസ്റ്റർ ആയി റിവീൽ ചെയ്തിരിക്കുന്നത്. അതിപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്. അതേക്കുറിച്ച് എന്താണ് പറയാൻ കഴിയുക?

മൂത്തോന്റെ പോസ്റ്ററിനെ പറ്റി ഞാൻ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അത് സ്പോയ്ലർ ആയേക്കാം. സിനിമയിൽ തന്നെ ഒരുപാട് ഈസ്റ്റർ എഗ്ഗുകൾ അതിന്റെ മേക്കേഴ്‌സ് ഇട്ടിട്ടുണ്ട്. അപ്പോൾ അതിൽ വരുന്ന ഒന്നാണ് സിനിമയിൽ മൂത്തോന്റെ ഫ്രെയിം അതിനാൽ അതുതന്നെ ഇടാമെന്ന പ്രൊഡക്ഷൻ ടീമിന്റെ തീരുമാനത്തിന്റെ പുറത്താണ് ആ ഫ്രെയിം തന്നെ പോസ്റ്റർ ആയി റിലീസ് ചെയ്തത്.

പ്രൊഡക്ഷൻ കമ്പനിക്ക് എസ്തെറ്റിക് കുഞ്ഞമ്മ എന്ന് പേര് നൽകിയതിന് കാരണമെന്ത്?

ഒരുപാട് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ് എസ്തെറ്റിക് കുഞ്ഞമ്മ ഇൻസ്റ്റാഗ്രാമിൽ ഒരു ഫിലിം പേജായിട്ടാണ് തുടങ്ങിയത്. ആ പേജിന്റെ ഐക്കൺ ആയി ഫിലോമിന മാമിന്റെ മുഖം വാക്കാമെന്നു തോന്നി. എസ്തെറ്റിക് എന്ന പേരിടാൻ താത്പര്യമില്ലെങ്കിൽ പോലും മനസ്സിൽ ആദ്യം വന്ന വാക്കതാണ്. പിന്നെ ഒരു വിചിത്രമായ പേരിടാമെന്നു വിചാരിച്ചു.

അടുത്ത പ്രൊജക്ടുകൾ?

ഇനി അടുത്തതായി ചെയ്യുന്നത് മഹേഷ് നാരായണൻ ചിത്രമാണ്. പിന്നെ ഡീയസ് ഇറൈ, സർവ്വംമായാ എന്നിവയാണ് മലയാളത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. പിന്നെ തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങൾ വരാനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in