അന്താരാഷ്ട്ര പാദരക്ഷാ തുകല്‍ ഉല്‍പന്ന പ്രദർശനമേളയ്ക്ക് (ഡിഫ്ലക്സ് 2024) ദുബായ് ഫെസ്റ്റിവല്‍ അരീനയില്‍ തുടക്കമായി. പാദരക്ഷാ തുകല്‍ ഉല്‍പന്ന മേഖലയില്‍ നിന്നുളള 50 ലധികം നിർമ്മാതാക്കള്‍ പങ്കെടുക്കുന്ന പ്രദർശനത്തില്‍ 250 ലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. പാദരക്ഷകളും, ബാഗുകളും ഉള്‍പ്പെട 10,000 ലധികം ഉല്‍പന്നങ്ങള്‍ പ്രദർശനത്തിലുണ്ട്. 300 ലധികം പ്രമുഖ ബയർമാരെത്തിയ പ്രദർശനത്തില്‍ 4000 ലധികം ട്രേഡ് സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
തുകല്‍ പാദരക്ഷാ വ്യവസായത്തിന് മധ്യപൂർവ്വദേശ-ആഫ്രിക്കന്‍ വിപണികള്‍ വലിയ സാധ്യതകളാണ് തുറന്നുതരുന്നതെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിലെ തുകല്‍ എക്സ്പോർട്ട് കൗൺസിൽ (എൽ. ഇ സി) എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.സെൽവം ഐ.എ.എസ് പറഞ്ഞു.ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിൽ ജി.സി.സി വിപണികൾ, പ്രത്യേകിച്ചും യുഎഇയും സൗദിയും മുഖ്യ പങ്കാളിത്തം വഹിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. 2024-25 വർഷത്തില്‍ തുകല്‍ പാദരക്ഷാ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.45 ബില്യൻ ഡോളറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യക്കും യുഎഇക്കുമിടക്കുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഉൾപ്പെടെയുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തുകല്‍ പാദരക്ഷാ ഉല്‍പന്നങ്ങളുടെ വിപണിശേഷി മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഡിഫ്ലക്സ് സംഘാടകരായ വെരിഫെയർ എം.ഡി ജോബി ജോഷ്വ വിലയിരുത്തി. ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സ്പെയിൻ, തായ്ലാൻ്റ്, പാക്കിസ്താൻ, യു.എ.ഇ, ജോർദാൻ, സിറിയ, തുർക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പാദരക്ഷാ, തുകൽ ഉൽപ്പന്ന മേഖലയിലുളളവർ പ്രദർശനത്തിന്‍റെ ഭാഗമാകുന്നുണ്ട്. 2030 ഓടെ തുകല്‍ ഉല്‍പന്ന കയറ്റുമതിയില്‍ 13.70 ബില്ല്യണ്‍ ഡോളർ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.