Blogs

പാരഡി ആവരുത് മലയാളം സബ്ടൈറ്റിൽ

അരുണ്‍ അശോക്

വിദേശ സിനിമകളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി കരുതാം ഉപശീര്‍ഷകം അഥവാ സബ്‌ടൈറ്റില്‍ രചനയെ. അങ്ങനെ നോക്കുമ്പോള്‍ മലയാളിയുടെ വിദേശ സിനിമസ്വാദനത്തില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് എം.സോണ്‍ പോലെയുള്ള ഉപശീര്‍ഷകരുടെ കൂട്ടായ്മകളുടെ വളര്‍ച്ചയും അതിലൂടെ മലയാളം സബ്‌ടൈറ്റിലുകള്‍ക്ക് ലഭിച്ച ജനപ്രീതിയും. നീണ്ട വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ജനകീയ പങ്കാളിത്തമുള്ള പ്രാദേശിക ചലച്ചിത്രോത്സവങ്ങളും, ഫിലിം സൊസൈറ്റി കൂട്ടായ്മകളും ഉള്‍പ്പെടെ മലയാളം സബ്‌ടൈറ്റിലിന് അകമഴിഞ്ഞ പ്രോത്സാഹനവും നല്‍കിവരുന്നുണ്ട്.

ഒരു കൂട്ടായ്മ എന്ന രീതിയിലുള്ള പ്രവര്‍ത്തനം വളരയധികം സിനിമകള്‍ക്ക് വളരെ ചുരുങ്ങിയ കാലയളവില്‍തന്നെ മലയാളത്തിലുള്ള സബ്‌ടൈറ്റിലുകള്‍ നിര്‍മിക്കപ്പെടാനും അതുവഴി കൂടുതല്‍ പ്രേക്ഷകരിലേക്കെത്താനും കാരണമായി .തീര്‍ത്തൂം പ്രതിഫലേഛയില്ലാതെയാണ് ഇത്തരത്തിലുള്ള സബ്‌ടൈറ്റില്‍ രചയിതാക്കളുടെ പ്രവര്‍ത്തനമെന്നതും എടുത്തു പറയണം. ഏത് സോഷ്യല്‍ മീഡിയ ഇനീഷ്യേറ്റീവുകളെയുംപോലെ കാലക്രമത്തില്‍ മലയാളം സബ്‌ടൈറ്റിലിങ്ങും വിവിധ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് .ഇവയില്‍ കൂടുതല്‍ മാറ്റങ്ങളും വിദേശ സിനിമയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്നതില്‍ തര്‍ക്കമില്ല .പക്ഷേ ചില സമീപകാല ട്രെന്റുകള്‍ സിനിമയുടെ മൗലികതയെ ചോര്‍ത്തി ജനകീയത മാത്രം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണോ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നിക്കും.

പറയാന്‍വരുന്നത് സബ്‌ടൈറ്റില്‍ നിര്‍മ്മാണത്തിലെ 'സര്‍ഗാത്മകത'യുടെ അതിപ്രസരത്തെക്കുറിച്ചാണ്. സിനിമ കൂടുതല്‍ ആസ്വാദ്യകരമാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകളില്‍ മലയാളീകരിച്ച പേരുകള്‍,മലയാളം സിനിമാ ഡയലോഗുകള്‍ ഒക്കെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ഇത്തരം 'മലയാളിയാക്കല്‍ ' കേട്ടാലറപ്പുതോന്നിക്കുന്ന തെറികളുടെ അരോചകമായ പ്രയോഗം വരെ എത്തിനില്‍ക്കുന്നു .എന്തായാലും സബ്‌ടൈറ്റിലിങ്ങിലെ 'സര്‍ഗാത്മകത'യുടെ അതിപ്രസരത്തോടുള്ള വിയോജിപ്പ് കേവലം അരോചകമായ പദപ്രയോഗങ്ങളില്‍നിന്നുണ്ടായതല്ല .അത് സിനിമാസ്വാദനവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ചില കാരണങ്ങള്‍ നിമിത്തമാണ്.

വൈദേശികമായ ഏതൊരു കലാരൂപവും പോലെ വിദേശ സിനിമകളുടെ ആസ്വാദനവും അത്ര സ്വാഭാവികമായ പ്രക്രിയയല്ല. നമുക്ക് പരിചിതമല്ലാത്ത സംസ്്കാരങ്ങളും, ജീവിതരീതികളും, സ്വാഭാവരീതികളുമൊക്കെയാണ് യൂണിവേഴ്‌സല്‍ ആയ ഒരു കഥക്കൊപ്പം ദൃശ്യ-ശബ്ദ സന്നിവേശത്തിലൂടെ അനാവൃതമാവുന്നത് .മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാഹിത്യത്തില്‍നിന്നും വിഭിന്നമായി ദൃശ്യങ്ങളിലൂടെയും സംഭാഷണ -ഇതര ശബ്ദങ്ങളിലൂടെയുമൊക്കെ സിനിമ പ്രേക്ഷകനുമായി സംവേദിക്കുന്നുണ്ട്. സബ്‌ടൈറ്റിലിലെ പ്രാദേശികവല്‍ക്കരണം പലപ്പോഴും ഈ ആശയവിനിമയത്തെയാണ് സാരമായി പരുക്കേല്‍പ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു കൊറിയന്‍ ചിത്രത്തിലെ സ്ഥലപ്പേരുകള്‍ക്ക് പകരം കേരളത്തിലെ സ്ഥലപ്പേരുകളാണ് സബ്‌ടൈറ്റിലില്‍ ഉള്ളതെന്ന് കരുതുക .ഒരിക്കലും ഇത് വായിക്കുന്ന പ്രേക്ഷകന് സിനിമയില്‍ കാണിക്കുന്ന സ്ഥലങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയില്ല എന്നുമാത്രമല്ല സിനിമയിലെ ദൃശ്യങ്ങളും സ്ഥലപ്പേരും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യും .ഇതേ പ്രശ്‌നമാണ് സിനിമയിലെ ഡയലോഗുകളുടെ അതേ അര്‍ഥത്തിലുള്ള വാചകം സൃഷ്ടിക്കുന്നതിന്പകരം മലയാള സിനിമാ ഡയലോഗുകളോ പ്രാദേശികമായ പ്രയോഗങ്ങളോ ഉപയോഗിക്കുന്നത്. ഓരോ കഥാപാത്രവും അയാള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെയും അതിന്റെ സംസ്‌കാരത്തെയുമൊക്കെ ചെറിയ രീതിയിലെങ്കിലും പ്രതിഫലിപ്പിക്കുന്നുണ്ട് .ഒരു ജാപ്പനീസ് ഗ്യാങ്ഗ്സ്റ്റര്‍ കഥാപാത്രം മലയാളം മാസ് സിനിമയിലെ ഡയലോഗ് പറയുമ്പോ ഒരുപക്ഷേ അതുവരെ ആ കഥാപാത്രത്തിന് ആ സിനിമയിലുണ്ടായ സ്വാഭാവികമായ വളര്‍ച്ചയെയും സ്വഭാവത്തെയുമോക്കേ ഒറ്റയടിക്ക് ഇല്ലാതാക്കും. തത്വത്തില്‍ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരുടെ വികാര വിചാരങ്ങളെയും സംസ്‌കാരത്തെയും കാഴ്ചപ്പാടുകളെയും പ്രതിനിധീകരിക്കുന്ന സിനിമയുടെ മൗലികതയില്ലാത്തൊരു മലയാളം പാരഡിക്ക് നമ്മുക്ക് കാഴ്ചക്കാരാകേണ്ടി വരുന്നു.

മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായോ, ട്രോളായോ, പോപ്പുലര്‍ ആയ രസകരവും പരിചിതവുമായ ഒരു മലയാളം ഡയലോഗ് വിദേശ സിനിമയില്‍, വിദേശിയായ കഥാപാത്രത്തിലൂടെ സങ്കല്‍പ്പിക്കുന്നതിലുളള താല്‍ക്കാലിക ആശ്ചര്യത്തിനപ്പുറം ഈ മലയാളീകരണം കൊണ്ട് പ്രയോജനവുമില്ല. നഷ്ടപ്പെടുന്നത് സ്വാഭാവികമായ ആസ്വാദനമാണ്.സബ്‌ടൈറ്റില്‍ ക്രിയേറ്റീവാക്കാമെന്ന നിഷ്‌കളങ്കബുദ്ധി സംവിധായകന്റെയും സൃഷ്ടിയുടെയും മൌലികതയെ ബാധിക്കുന്ന ഉദാഹരണനങ്ങളും കണ്ടിട്ടുണ്ട് .ലോക സിനിമയിലെ ഏറ്റവും മികച്ച സംഭാഷണ രചയിതാക്കളിലൊരാളായ ക്വന്റിന്‍ ടാറന്റ്‌റിനോയുടെ ഡയലോഗുകള്‍ക്ക് പകരം തമിഴ് ,മലയാളം മാസ് സിനിമാ ഡയലോഗുകള്‍ ഉപയോഗിച്ച മലയാളം സബ്‌ടൈറ്റില്‍ കണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ മേല്‍പ്പറഞ്ഞപോലെ പെട്ടന്ന് മലയാളം ഡയലോഗ് വരുമ്പോഴുള്ള distraction മാത്രമല്ല പ്രശ്‌നം .സംവിധായകന്‍ /എഴുത്തുകാരന്‍ ഉദേശിച്ച സംഭാഷണനിര്‍മിതിയില്‍നിന്നും അങ്ങേയറ്റം വേര്‍പെട്ട ഒരു ആശയവിനിമയമാണ് സബ്‌ടൈറ്റിലിലൂടെ സംഭവിക്കുന്നന്നത് .ടാറന്റിനോയെപ്പോലെയുള്ള ഒരു എഴുത്തുകാരന്റെ മികവ് തിരിച്ചറിയാനുള്ള സാധ്യതയാണ് ഇത്തരം അഡീഷണല്‍ 'ക്രിയേറ്റിവിറ്റി'യിലൂടെ ഇല്ലാതാവുന്നതെന്ന് സാരം.

ഇത്തരത്തില്‍ ഒരു പരിധിക്കപ്പുറം 'ക്രിയേറ്റിവിറ്റി 'കുത്തിനിറച്ച സബ്‌ടൈറ്റിലുകള്‍ വളരെ ജനപ്രീതി നേടുന്നുണ്ട് എന്നതാണു സങ്കടകരമായ വസ്തുത.സാധാരണ ഗതിയില്‍ ഒരു വിദേശ ചിത്രത്തിന് രണ്ടോ മൂന്നോ മലയാളം സബ്‌ടൈറ്റിലുകളാണ് ഉണ്ടാവാറുള്ളത് .അതായത് ഇത്തരം ക്രിയേറ്റീവ് അതിപ്രസരമില്ലാത്ത സബ്‌ടൈറ്റില്‍ വേണമെന്ന് ഒരാള്‍ ആഗ്രഹിച്ചാലും ലഭ്യത ഒരു പ്രശ്‌നമായി മാറും. മലയാളം സബ്‌ടൈറ്റില്‍ കൂട്ടായ്മ്കളില് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ ഗൗരവമുള്‍ക്കൊണ്ട് ചര്‍ച്ചകള്‍ നടന്നുവരുന്നത് കാണുന്നുണ്ട്. പ്രതിഫലേച്ഛയില്ലാതെ നല്ലൊരു സമയം മാറ്റിവച്ച് വിദേശ ക്ലാസിക്കുകള്‍ ഉള്‍പ്പെടെ സബ് ടൈറ്റില്‍ ചെയ്യുന്നവരുടെ പ്രയത്‌നവും ഉദ്ദേശശുദ്ധിയും കൂടെയാണ് മൗലികതയെ നഷ്ടപ്പെടുത്തിയുള്ള പാരഡി പരിഭാഷ നടത്തുന്നവര്‍ പരിഹസിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തിയറ്ററുകള്‍ക്ക് സമാന്തരമായി വലിയൊരു ആസ്വാദക സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന കാലത്ത്, സിനിമകളോളം സ്വീകാര്യതയിലേക്ക് വെബ് സീരീസുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്ത് തദ്ദേശീയതയും, മൗലികതയും നിലനിര്‍ത്തി തന്നെയാകണം പരിഭാഷപ്പെടുത്തേണ്ടത്. ലൂസിഫറിലെയും പേട്ടയിലെയും പഞ്ച് ഡയലോഗുകള്‍ ആ സിനിമകളുടേത് തന്നെയായി തുടരട്ടേ. സിനിമയുടെ മൗലികത പരിപാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കാതലായ മാറ്റങ്ങള്‍ സബ്‌ടൈറ്റില്‍ കൂട്ടായ്മകളിലെ ചര്‍ച്ചകളിലൂടെ ഉരുത്തിരിയുമെന്ന് പ്രത്യാശിക്കുന്നു

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

SCROLL FOR NEXT