2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍
Published on

2025ൽ മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായാതായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്ക്. കഴിഞ്ഞവർഷം മലയാളത്തിലിറങ്ങിയ 185-ൽ 150 ചിത്രങ്ങളും പരാജയമായിരുന്നു എന്നും ഫിലിം ചേംബറിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു. ഒൻപത് ചിത്രങ്ങൾ സൂപ്പർഹിറ്റും 16 ചിത്രങ്ങൾ ഹിറ്റുമായി. പത്തുചിത്രങ്ങൾ ഒടിടി വഴി കൂടി ലഭിച്ച വരുമാനത്തോടെ മുടക്കുമുതൽ തിരിച്ചുപിടിച്ചതായും ഫിലിം ചേംബർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫിലിം ചേംബർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം:

'2025, മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈവർഷം തിയേറ്ററിൽ റിലീസ് ചെയ്‌തത്‌. എന്നാൽ ഇതിൽ എത്ര ചിത്രങ്ങൾലാഭമുണ്ടാക്കി? എത്ര കോടി രൂപയാണ് ഇൻഡസ്ട്രിക്ക് നഷ്ടം സംഭവിച്ചത്? മലയാള സിനിമയുടെ 2025-ലെ ബോക്സ‌സ് ഓഫീസ് റിപ്പോർട്ടിലേക്ക് നമുക്കൊന്ന് തിരിഞ്ഞ് നോക്കാം.

185 സിനിമകൾ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവർഷത്തിൽ തീയറ്ററിൽ പ്രദർശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടി രൂപയോളം വരും. അതിൽ 9 ചിത്രങ്ങൾ സൂപ്പർ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങൾ ഹിറ്റ് എന്ന ഗണത്തിലും, തിയേറ്റർ വരുമാനംലഭിച്ച കണക്കുകൾപ്രകാരംവിലയിരുത്താം.കൂടാതെ തീയറ്റർ റിലീസ് ചെയ്‌ത്‌ ആവറേജ് കളക്ഷൻ ലഭിക്കുകയും OTT വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങൾ കൂടി മുടക്ക് മുതൽ തിരികെ ലഭിച്ചതായി കണക്കാക്കാം.

150 ഓളം ചിത്രങ്ങൾ തിയറ്ററിൽ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ച വർഷമാണ് 2025. 2025 ൽ റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങൾ റീ റീലീസ് ചെയ്‌തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചത്.

2025 നേ സംബന്ധിച്ച് ഇൻഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിൻ്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്‌തമായ പ്രമേയങ്ങളാണ് പ്രേക്ഷകർക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട് . 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in