

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്' എന്ന യഷ്- ഗീതു മോഹൻദാസ് ചിത്രം അടുത്തവർഷം മാർച്ച് 19-ന് തിയേറ്ററുകളിലേക്ക് എത്താനിരിക്കെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ ഐകോണിക് നടിമാരിലൊരാളായ നയൻതാര, ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെയാണ് 'ടോക്സിക്കി'ൽ അവതരിപ്പിക്കുന്നത്. ഗംഗയായി നയൻതാരയുടെ വേഷപ്പകർച്ച ദൃശ്യപരമായി അതീവ ആകർഷകമാണ്.
'ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും നയൻതാരയെ നമുക്കറിയാം. 20 വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാൽ, 'ടോക്‌സിക്കി'ൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന ഒരു പ്രതിഭയാണ് നയൻതാരയിൽനിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്. നയൻതാരയെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിങ് മുന്നോട്ടുപോയപ്പോൾ, നയൻതാരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണ് ചേർന്നിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല- അലൈൻമെന്റാണ്. നയൻതാര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാൻ കണ്ടെത്തി- അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും', സംവിധായിക ഗീതു മോഹൻദാസ് അഭിപ്രായപ്പെട്ടു.
യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച് മാർച്ച് 19-നാണ് 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പിആർഒ: പ്രതീഷ് ശേഖർ.