Blogs

തെറ്റിപ്പാടാതിരിക്കാനായി തുടക്കം, പാട്ടിലെ കൂട്ടില്‍ നിന്ന് എംത്രീഡിബി മലയാള സിനിമയുടെ സമഗ്ര വിവരസഞ്ചയമായി വളര്‍ന്ന കഥ

മലയാള സിനിമയുടെ ചരിത്രം അന്വേഷിച്ച് വരുന്ന എതൊരാളുടെയും മുന്നില്‍ അറിവിന്റെ ഒരു സമ്പൂര്‍ണ്ണ ഖനിയാകാനുള്ള സഞ്ചാരമാണ് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന കൂട്ടായ്മയുടേത്. പത്ത് വര്‍ഷത്തിലെത്തി നില്‍ക്കുന്നു എംത്രീഡിബിയുടെ വിവരസമാഹരണ ദൗത്യം. എംത്രീഡിബിയുടെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുകയാണ് കൂട്ടായ്മയുടെ ഭാഗമായ മുകേഷ് കുമാര്‍.

2004-ല്‍ ഒരു കൂട്ടം സംഗീതാസ്വാദകര്‍ തങ്ങളുടെ ഒഴിവുസമയങ്ങളില്‍ പാടാനായി മലയാള സിനിമാ ഗാനങ്ങളുടെ വരികള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ ഒരു കൂട്ടായ്മ ആരംഭിച്ചു. ലോകത്തിന്റെ പല കോണുകളിലിരുന്ന് അവര്‍ ഗാനസാഹിത്യം ശേഖരിച്ച് ഇന്റര്‍നെറ്റ് വഴി പങ്ക് വച്ചു. അങ്ങനെ ആരംഭിച്ച ആ ഗാനശേഖരമാണ് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന വിവരസഞ്ചയമായി തലയുയര്‍ത്തി നില്‍ക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഈ സംഗീതാസ്വാദകര്‍ പഴയ പാട്ടുപുസ്തകങ്ങളില്‍ നിന്നും, പരിചയമുള്ള ഗാനശേഖകരുടെ പക്കല്‍ നിന്നും ഗാനങ്ങളുടെ വരികള്‍ ശേഖരിച്ചു. അതിന് പുറമേ തങ്ങളുടെ കൈവശമുള്ള സി ഡി, ഓഡിയോ കാസറ്റുകള്‍, എല്‍ പി ആര്‍ റെക്കോര്‍ഡുകള്‍ എന്നിവ അതീവ ശ്രദ്ധയോടെ കേട്ട് സങ്കീര്‍ണ്ണമായ സ്വരങ്ങള്‍ ഉള്‍പ്പടെ പാട്ടുകള്‍ പകര്‍ത്തിയും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. കിരണ്‍ എന്ന പേരിലറിയപ്പെടുന്ന അജു തോമസ് പാട്ടുകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈന്‍ സ്റ്റോറേജെന്ന നിലയില്‍ തുടങ്ങിയ യാഹൂ ഗ്രൂപ്പായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ വിവരങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്ന ആദ്യ വേദി. ശേഖരിച്ച പാട്ടുകളുടെ വരികള്‍ ലളിതമായി സേര്‍ച്ച് ചെയ്ത് കണ്ടെത്തുവാന്‍ മലയാളം സോങ് ലിറിക്‌സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.

മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റ് മലയാളവും മലയാളിയുടെ സാംസ്‌കാരിക പരിസരത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി തുടങ്ങിയ ഈ കാലഘട്ടത്തില്‍ മലയാളം യൂണിക്കോഡിലേക്ക് ആ ഗാനശേഖരം വളര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം കാണാതെ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഗാനങ്ങള്‍ തയ്യാറാക്കി അവ സംഗീതാസ്വാദകര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡിന് ലഭ്യമാക്കിയ സംരംഭമായ 'ഈണം', മലയാള ഇന്റര്‍നെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സിനിമാ-സംഗീത ക്വിസ് ആയ 'എം എസ് എല്‍ ക്വിസ്' തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആ കൂട്ടായ്മ ഗാനശേഖരം എന്ന പ്രാരംഭ ലക്ഷ്യത്തിനുമപ്പുറത്തേക്ക് വളര്‍ന്നു.

അതിന്റെ തുടര്‍ച്ചയായി മലയാള സിനിമയുടെയും അതിന്റെ മുന്നിലും പിന്നിലുമുള്ള നടീനടന്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, സംഗീതജ്ഞര്‍, രചയിതാക്കള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഒരു ഡാറ്റാബേസിലൂടെ ലഭ്യമാക്കുക എന്ന ആശയം ഉയര്‍ന്നു വന്നു. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള നൂറിലധികം മലയാളികളുടെ പരിശ്രമത്തോടെ മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസില്‍ ചേര്‍ക്കുക എന്ന ദൗത്യം മുന്നോട്ട് നീങ്ങി. 2010 ഡിസംബര്‍ 20-ന് സംഗീത സംവിധായകന്‍ ശ്രീ.ജോണ്‍സണും സംവിധായകന്‍ ശ്രീ.പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പാലക്കാട് വച്ച് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) എന്ന ചലച്ചിത്ര വിവര സഞ്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലും സിനിമാ സംഗീത മേഖലയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിതരേഖയും അവര്‍ ചെയ്തിട്ടുള്ള വര്‍ക്കുകളുടെ സമ്പൂര്‍ണ്ണ വിവരവും ഒരു ക്ലിക്കിലൂടെ ആര്‍ക്കും ലഭ്യമാകുന്ന സ്വതന്ത്ര ഡാറ്റാബേസാണ് ഇന്ന് m3db. ചലച്ചിത്രത്തെയും സംഗീതത്തെയും അക്കാദമിക് ആയി സമീപിക്കുന്ന വിദഗ്ദ്ധര്‍ അടങ്ങുന്ന ഒരു ടീം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പ് വരുത്തിയ ശേഷമാണ് ഡാറ്റാബേസില്‍ ചേര്‍ക്കുന്നത്. ചലച്ചിത്ര, സംഗീത ആസ്വാദകര്‍, സിനിമാ ഗവേഷകര്‍, ചരിത്രാന്വേഷികള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഈ ഡാറ്റാബേസില്‍ ഇരുപത്തൊന്നായിരം പാട്ടുകളുടെ വരികളും ആറായിരത്തിലധികം സിനിമകളുടെയും നാല്പതിനായിരത്തിലധികം സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങളും രണ്ടായിരത്തി അഞ്ഞൂറോളം ഗാനങ്ങളുടെ രാഗങ്ങളും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സിനിമാ, സംഗീത മേഖലകളുമായി ബന്ധപ്പെട്ട സമസ്ത തൊഴില്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അടയാളപ്പെടുത്തുക, അവരുടെ പ്രൊഫൈല്‍ പേജുകള്‍ പൂര്‍ണ്ണ വിവരങ്ങളോടെ തയ്യാറാക്കുക എന്നീ വിശാല ലക്ഷ്യങ്ങളാണ് M3DB-യ്ക്കുള്ളത്. ഇതിനായി ഒരു ഡാറ്റാ പ്രോജക്ട് ഗ്രൂപ്പ് സജ്ജമായി മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്.ഡിസംബര്‍ 20-ന് പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവരശേഖരണത്തിലും ഡോക്കുമെന്റേഷനിലും താല്പര്യമുള്ള കൂടുതല്‍ ചലച്ചിത്രപ്രേമികളെ ഈ പദ്ധതിയുടെ ഭാഗമാക്കി M3DB-യെ എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ ഡാറ്റാബേസാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ഇതിന്റെ അമരക്കാര്‍ ഉദ്ദേശിക്കുന്നത്.

സംഗീത സംവിധായകന്‍ ജോണ്‍സണും സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും (M3DB) ഉദ്ഘാടനം ചെയ്യുന്നു

ഇത് കൂടാതെ ഗാനങ്ങളിലെ രാഗങ്ങളെ തരം തിരിച്ച് രേഖപ്പെടുത്താനായി 'രാഗ' എന്ന പ്രോജക്റ്റും, കേരളത്തിലെ തിയേറ്ററുകളുടെയും ഷൂട്ടിംഗ് ലൊക്കേഷനുകളുടെയും ചരിത്ര വിവരശേഖരണത്തിനായി ലൊക്കേഷന്‍ / തിയേറ്റര്‍ ലൈബ്രറി എന്ന പ്രോജക്റ്റും, സിനിമയിലെ ശബ്ദ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അടയാളപ്പെടുത്തുന്ന 'വോയ്‌സ് ലൈബ്രറി' എന്ന പ്രോജക്റ്റും M3DB തുടങ്ങിക്കഴിഞ്ഞു. M3DB-യുടെ ഡാറ്റാബേസ് ടീമിനൊപ്പം സിനിമാ, സംഗീത മേഖലയിലെ കലാകാരന്‍മാരും സാങ്കേതിക വിദഗ്ദ്ധരും ഈ പ്രോജക്റ്റുകളില്‍ സജീവമായി പങ്കെടുക്കുന്നുമുണ്ട്.

സിനിമാ സംബന്ധിയായ ചര്‍ച്ചകള്‍ക്കും വിവര ശേഖരണത്തിനുമായി M3DB-യുടെ ഫേസ്ബുക്ക് ഗ്രൂപ്പും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ സിനിമാസ്വാദകന് പോലും തനിയ്ക്ക് അറിയാവുന്ന സിനിമാ വിവരങ്ങളും തന്റെ സിനിമാ സംബന്ധിയായ സംശയങ്ങളും ഇവിടെ പങ്കുവയ്ക്കാം എന്നതു കൊണ്ടു തന്നെ ഡാറ്റാബേസിന്റെ ഒരു പൊതുമുഖമായി മാറിയിട്ടുണ്ട് ഈ ഫേസ്ബുക്ക് ഗ്രൂപ്പ്. സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമാസ്വാദകര്‍ക്കും സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരു ഇടം ആയതു കൊണ്ടു തന്നെ പബ്ലിക് ഗ്രൂപ്പായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

സിനിമയുടെ തുടക്കത്തിലും അവസാനവും വരുന്ന ക്രെഡിറ്റ്‌സിലെ ഓരോ പേരും അവരുടെ പ്രവര്‍ത്തന മേഖലയെയും കൃത്യമായി അടയാളപ്പെടുത്തുക എന്നതാണ് എം3ഡിബിയുടെ ആത്യന്തികമായ ലക്ഷ്യം.

നാളെ മലയാള സിനിമയുടെ ചരിത്രം അന്വേഷിച്ച് വരുന്ന എതൊരാളുടെയും മുന്നില്‍ അറിവിന്റെ ഒരു സമ്പൂര്‍ണ്ണ ഖനി തുറന്ന് വയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇതിലെ അംഗങ്ങള്‍. പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ നിരവധി സിനിമാപ്രവര്‍ത്തകര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഈ ദൗത്യത്തിന് പിന്തുണ നല്‍കുകയാണ്. സിനിമയുടെ ചലനാത്മകമായ ഒരു എന്‍സൈക്ലോപീഡിയ ആയി മാറാനുള്ള പ്രയാണത്തില്‍ സിനിമാ പ്രവര്‍ത്തകരെയും സിനിമാസ്വാദകരെയും ഒപ്പം കൂട്ടിക്കൊണ്ട് മുന്നേറുകയാണ് എം3ഡിബി എന്ന മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്.

M3DB-യുടെ ഡീറ്റൈല്‍സ് ഇവിടെ ലഭ്യമാണ് https://m3db.com/history

10years of M3DB malayalam movie music database

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT