Opinion

നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയ ലീഗിന്റെ വഖഫ് കൊള്ളകള്‍ - Part 2

നിസാര്‍ കമ്മീഷനെ മുനമ്പം വിഷയത്തിലേക്ക് മാത്രം ചുരുക്കി തെറ്റിദ്ധാരണ പരത്തി പുകമറ സൃഷ്ഠിക്കുവാനാണ് ലീഗ് ശ്രമിക്കുന്നത്. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജിനെതിരെ നടപടി സ്വീകരിക്കണം എന്ന് ശുപാര്‍ശ ചെയ്ത നിസാര്‍ കമ്മീഷനെ ലീഗ് എന്തിനാണ് ഇത്ര ഭയപ്പെടുന്നത്? ഇതിനുള്ള ക്രിസ്റ്റല്‍ ക്ലിയര്‍ ഉത്തരങ്ങള്‍ നിസാര്‍ കമ്മീഷന്റെ മറ്റ് റിപ്പോര്‍ട്ടുകളിലൂടെ സഞ്ചരിച്ചാല്‍ ലഭിക്കും. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളുമൊക്കെ എന്തായിരുന്നു എന്നുള്ള അന്വേഷണം, ലേഖന പരമ്പരയുടെ രണ്ടാം ഭാഗം.

ഒരു പാര്‍ട്ടി പരിപാടിക്ക് വഖഫ് സ്വത്ത് വിനിയോഗിക്കുന്നതിനെ കുറിച്ച് ഏതെങ്കിലും വിശ്വാസികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയൊന്ന് നടന്നത് സംബന്ധിച്ച് നിസാര്‍ കമ്മീഷന്റെ കണ്ടെത്തലുകളിലുണ്ട്. വഖഫ് സ്വത്തായ തളിപ്പറമ്പ് ജുമാമസ്ജിദിന്റെ വരുമാനത്തില്‍ നിന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് 50,000 രൂപ നല്‍കിയത് സംബന്ധിച്ചുള്ള പരാതിയെ പറ്റി കമ്മീഷന്‍ നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ പതിനാറാമത്തെ റിപ്പോര്‍ട്ടിലാണ് വിശദമാക്കിയിട്ടുള്ളത്. 2006 ഫെബ്രുവരി മാസത്തില്‍ കണ്ണൂരിലെ മുസ്ലിം ലീഗ് ജില്ലാസമ്മേളന സുവനീറില്‍ വഖഫ് രജിസ്റ്റേര്‍ഡ് സ്ഥാപനമായ തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ പേരില്‍ അമ്പതിനായിരം രൂപയുടെ പരസ്യം നല്‍കിയെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു പരാതി. ഇതിലെ വസ്തുതകള്‍ സംബന്ധിച്ച് കമ്മീഷന്‍ വഖഫ് ബോര്‍ഡിനോട് ആരാഞ്ഞു. ഇത്തരം ഒരു പരാതി വഖഫ് ബോര്‍ഡിന് 2006ല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നായിരുന്നു വഖഫ് ബോര്‍ഡ് സെക്രട്ടറി കമ്മീഷന് നല്‍കിയ മറുപടി.

വഖഫ് ബോര്‍ഡിന്റെ മിനുട്‌സ് ബുക്കും മറ്റു രേഖകളും പരിശോധിച്ചതില്‍ കമ്മീഷന് മനസിലായത് 2006 ഏപ്രില്‍ 5ന് ലഭിച്ച ഈ പരാതിയില്‍ ഒരു പ്രാഥമിക ഹിയറിംഗ് നടത്തിയതല്ലാതെ ഒരു തുടര്‍നടപടിയും ബോര്‍ഡ് സ്വീകരിച്ചിട്ടില്ലെന്നാണ്. ഇതില്‍ അന്വേഷണം നടത്തേണ്ട വഖഫ് ബോര്‍ഡ് അംഗമായ തലശ്ശേരിക്കാരനായ സൈനുദ്ദീന്‍ മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രധാന ഭാരവാഹി കൂടി ആണെന്നും പരാതി നല്‍കിയവരേയും പണം നല്‍കിയവരെയും വിളിച്ച് ഒന്നോ രണ്ടോ സിറ്റിംഗില്‍ തീര്‍പ്പാക്കേണ്ട ഈ പരാതി അനിശ്ചിതമായി നീട്ടി നീട്ടിക്കൊണ്ടുപോകുകയാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ ഒരു ഹിയറിംഗ് 2006 മെയ് 6ന് നടത്തിയെങ്കിലും പരാതി തീര്‍പ്പാക്കുന്നത് 2008 മെയ് 21ലേക്കാണ് വെച്ചത്. അത് കഴിഞ്ഞും നടപടികള്‍ അനന്തമായി നീട്ടുന്ന രീതിയിലുള്ള ഗുരുതരമായ കൃത്യവിലോപം വഖഫ് ബോര്‍ഡ് അംഗമായ ലീഗ് നേതാവ് സൈനുദ്ദീന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്തും അത് സംബന്ധിച്ച ഒരു ഉത്തരവും ബോര്‍ഡ് പുറപ്പെടുവിച്ചിരുന്നില്ല. ഇതിനിടെ ഒരു പ്രാദേശിക പരിശോധനക്ക് ഒരു ബോര്‍ഡ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും അയാളുടെ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടും ചെയ്തിരുന്നു. പക്ഷെ, അതിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചില്ല.

വഖഫ് പള്ളിക്ക് പരസ്യത്തിന്റെ ആവശ്യമെന്താണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തിന് വഖഫ് സ്വത്തില്‍ നിന്നും നല്‍കിയ സംഭാവന മുസ്ലിം സമൂഹത്തിനോ അതിനെ പിന്‍പറ്റുന്നവരുടേയോ ഉന്നതിക്ക് വേണ്ടിയല്ല എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വഖഫ് സ്വത്ത് രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന ചെയ്യാന്‍ പാടില്ല എന്നും, ഇത്തരം സംഭാവന നല്‍കുമ്പോള്‍ ആവശ്യമായിരുന്ന വഖഫ് ബോര്‍ഡിന്റെ അനുമതി തളിപ്പറമ്പ് കമ്മറ്റി നേടിയിട്ടില്ല എന്നും കമ്മീഷന്‍ കണ്ടെത്തി. സൈനുദ്ദീനെ പേരെടുത്ത് രൂക്ഷമായി വിമര്‍ശിച്ച റിപ്പോര്‍ട്ടില്‍ വഖഫ് ബോര്‍ഡ് അംഗം എന്ന പദവി പൊതുസേവകന്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അഴിമതിനിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ നടപടികള്‍ ഈ വിഷയത്തില്‍ കൈക്കൊള്ളേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ പണം തിരിച്ച് പിടിക്കണം എന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം എന്നും കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. മുസ്ലിം വിശ്വാസികള്‍ പാവനമായി കരുതുന്ന ഒരു വഖഫ് സ്വത്തില്‍ നിന്നുള്ള വരുമാനം സ്വന്തം പാര്‍ട്ടി പരിപാടിക്ക് വാങ്ങി ഉപയോഗിക്കാന്‍ ലീഗിന് ഒരു മടിയും തോന്നിയിരുന്നില്ല എന്നതാണ് ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ മനസിലാക്കേണ്ടത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുന്നത് കൊണ്ടാണ് നിസാര്‍ കമ്മീഷനെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ലീഗിന് ഇത്ര അസഹിഷ്ണുത തോന്നുന്നത്.

ലീഗ് നേതൃത്വത്തിന് പ്രിയപ്പെട്ടവര്‍ കൊണ്ടുനടന്നിരുന്ന വഖഫ് ബോര്‍ഡിലെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിവരങ്ങള്‍ ഇനിയുമുണ്ട്. കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു വഖഫ് സ്വത്ത് കൈമാറ്റം ചെയ്തത് സംബന്ധിച്ചുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ നമുക്ക് നോക്കാം. വഖഫ് സ്ഥാപനമായ മുക്കം മുസ്ലിം അനാഥാലയത്തിന്റെ കൈവശമുണ്ടായിരുന്ന 118 ഏക്കര്‍ ഭൂമിയും മണ്ണാര്‍ക്കാട് പതിനേഴ് സെന്റില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവുമായി കൈമാറ്റം നടത്തിയതില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് കൊടുവള്ളിയിലെ പി.അബ്ദുറഹിമാന്‍ എന്ന ആള്‍ വഖഫ് ബോര്‍ഡിനെതിരേയും വഖഫ് ബോര്‍ഡ് സി.ഇ.ഒ ക്ക് എതിരേയും WEC 48/07 നമ്പര്‍ പരാതി നല്‍കിയിരുന്നു. ഇത് പരിശോധന നടത്തിയതില്‍ പരാതിയില്‍ ആരോപിക്കുന്നത് പോലെ വലിയ ക്രമക്കേട് നടത്തിയെന്നാണ് നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. കമ്മീഷന്റെ ഇരുപത്തിമൂന്നാമത്തെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ചുള്ള കണ്ടെത്തലുകള്‍ ഉള്ളത്.

മലബാറിലെ പ്രസിദ്ധമായ മുസ്ലിം അനാഥാലയങ്ങളില്‍ ഒന്നാണ് മുക്കം മുസ്ലിം ഓര്‍ഫനേജ്. 1956ല്‍ സ്ഥാപിതമായ പ്രസ്തുത അനാഥാലയത്തിന് കീഴില്‍ കോഴിക്കോട് കൂടരഞ്ഞി വില്ലേജിലെ 118 ഏക്കര്‍ വരുന്ന റബ്ബര്‍ എസ്റ്റേറ്റിനെ 'വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി' എന്ന് കാണിച്ച് ഡോ.ഇ.ജി മോഹന്‍കുമാറിന്റെ കൈവശമുള്ള പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടുള്ള 17 സെന്റില്‍ സ്ഥിതിചെയ്യുന്ന കെട്ടിടവുമായി കൈമാറ്റം ചെയ്യണം എന്ന ആവശ്യവുമായി വഖഫ് ബോര്‍ഡിനെ സമീപിച്ചു. ഈ കൈമാറ്റത്തിന് വഖഫ് ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ അനാഥാലയത്തിന് സാമ്പത്തികനഷ്ടം ഉണ്ടായി എന്നതാണ് കമ്മീഷന് ലഭിച്ച പരാതി. കൈമാറ്റം ചെയ്യപ്പെട്ട രണ്ട് വസ്തുക്കളുടെയും പരിശോധന കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ടാര്‍ ചെയ്ത റോഡ് ആക്‌സസുള്ള ഭൂമിയുള്‍പ്പെടെയുള്ളതായിരുന്നു മുക്കം അനാഥാലയത്തിന്റെ എസ്റ്റേറ്റെന്നും കൈമാറ്റം ചെയ്യപ്പെട്ട് മൂന്ന് മാസങ്ങള്‍ക്കകം മോഹന്‍കുമാര്‍ ഇത് വിവിധ പ്ലോട്ടുകളായി തിരിച്ച് അന്‍പതോളം പേര്‍ക്ക് വില്‍പന നടത്തിയിട്ടുണ്ട് എന്നും കമ്മീഷന്‍ സ്ഥലപരിശോധന ഉള്‍പ്പെടെ നടത്തി കണ്ടെത്തി. ഇതില്‍ ഭൂമാഫിയയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ ഇടപാടില്‍ സാമ്പത്തികനഷ്ടം ഉണ്ടായെന്ന് തന്നെയാണ് നിസാര്‍ കമ്മീഷന്റേയും കണ്ടെത്തല്‍. 2003ല്‍ മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തുക്കളാണ് അതിന്റെ പകുതി മൂല്യമുള്ള വസ്തുവുമായി കൈമാറ്റം ചെയ്തതെന്ന കണ്ടെത്തലാണ് കമ്മീഷന്‍ നടത്തിയിട്ടുള്ളത്. ഈ കൈമാറ്റത്തിന് വഖഫ് ബോര്‍ഡ് അംഗീകാരം നല്‍കുന്ന കാലയളവില്‍ മുക്കം അനാഥാലയത്തിന്റെ മുത്തവല്ലിയായ മോയി ഹാജി വഖഫ് ബോര്‍ഡിലെ അംഗമായിരുന്നു എന്നും കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്. വഖഫ് ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് ഈ കൈമാറ്റത്തിന് അനുമതി നല്‍കിയതെന്നും കമ്മീഷന്‍ കണ്ടെത്തി. വഖഫ് ബോര്‍ഡ് അംഗമാണ് എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ഈ കൈമാറ്റത്തിന് ബോര്‍ഡിന്റെ അനുമതി മോയി ഹാജി തരപ്പെടുത്തിയിട്ടുള്ളത് എന്ന സംശയവും കമ്മീഷന്‍ പ്രകടിപ്പിക്കുന്നു.

ഈ ഇടപാടിന് 2003ല്‍ അനുമതി നല്‍കിയ വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്തുകൊണ്ട് വസ്തുക്കളുടെ മൂല്യം താരതമ്യം ചെയ്തില്ല എന്നതിന് വിശദീകരണം തേടണമെന്നും സി.ഇ.ഒ യുടെ പേരില്‍ നടപടി എടുക്കണമെന്നും കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2003ല്‍ ഒന്നരക്കോടി രൂപക്ക് മേലെ വഖഫ് സ്വത്തിന് നഷ്ടം വരുത്തിയ ഈ ഭൂമിയിടപാടിന്റെ പിന്നില്‍ ആര്‍ക്കൊക്കെ പങ്ക് കാണും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുത്തവല്ലികളുടെ പ്രതിനിധിയായി വഖഫ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ വഴിവിട്ട ഇടപാടുകള്‍ നടന്നതെന്നതില്‍ നിന്ന് തന്നെ ഇതിലെ രാഷ്ട്രീയബന്ധം തേടി അധികം അലയേണ്ടതില്ല. വഖഫ് നിയമങ്ങളും ചട്ടങ്ങളും നോക്കുകുത്തിയാക്കി മുസ്ലിം ലീഗിലെ പ്രമാണികള്‍ നടത്തിയിട്ടുള്ള വഖഫ് സ്വത്ത് കൊള്ളകളുടെ ക്ലാസിക്കല്‍ എക്‌സാമ്പിളാണ് മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ ഭൂമിയില്‍ നടന്നിട്ടുള്ളത്.

എഴുതിയാല്‍ തീരാത്തത്ര ഞെട്ടിപ്പിക്കുന്ന വഖഫ് കൊള്ളകളുടേയും ക്രമക്കേടുകളുടേയും സാക്ഷ്യപത്രമാണ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. വഖഫ് സ്വത്തുകളുടെ ദുരുപയോഗം മാത്രമല്ല, വഖഫിന്റെ ഭാഗമാകേണ്ട കോടികളുടെ വരുമാനമുള്ള സ്വത്തുക്കള്‍ വരെ കുടുംബസ്വത്തായും മറ്റും ഇപ്പോഴും അനുഭവിച്ചു വരുന്ന സമാനതകളില്ലാത്ത കൊള്ളകളെ പറ്റിയും കമ്മീഷന്‍ കണ്ടെത്തലുകളുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT