Opinion

ജനാധിപത്യം അനാഥമായിരിക്കുന്നു, മതേതരത്വത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി : കെ സച്ചിദാനന്ദന്‍

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിയ്ക്കുന്ന അവസാന ആണിയായി വേണം കാണാനെന്ന് കവി കെ സച്ചിദാനന്ദന്‍ ദ ക്യുവിനോട്. അത്തരത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ദുര്‍ദിനമാവുകയാണ് ഓഗസ്റ്റ് 5. ജനാധിപത്യം അനാഥമായിരിക്കുന്നു. ആ അനാഥത്വത്തിന്റെ ഭീഷണമായ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നത്. മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ ഭരണഘടന സംരക്ഷിക്കേണ്ട പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത് എന്നതും ഈ ദിവസത്തെ ദുര്‍ദിനമാക്കുന്നു. വിഭജനം, അടിയന്തരാവസ്ഥ, സിക്ക് കൂട്ടക്കൊല, ബാബറി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് കേസിലെ വിധി എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളായിരുന്നു. ആ കലണ്ടറില്‍ ഒരു ദിവസം കൂടി ചേര്‍ക്കപ്പെടുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഒരു അമ്പലം കൂടി ഇന്ത്യയില്‍ വരുന്നതിന് ഞാന്‍ എതിരല്ല. സ്ഥലമെടുപ്പ് ശരിയായ രീതിയിലാണെങ്കില്‍ നിര്‍മ്മാണം നിയമപ്രകാരമാണെങ്കില്‍ ആര്‍ക്കും എവിടെയും അമ്പലവും പള്ളിയുമൊക്കെ പണിയാം. എന്നാല്‍ ബാബറി മസ്ജിദ് നിയമവിരുദ്ധമായി തകര്‍ക്കപ്പെട്ട സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. ബാബറി മസ്ജിദിന്റെ ധ്വംസനവും വിഗ്രഹം ഒളിച്ചുകടത്തലും നിയമവിരുദ്ധമായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതേ സ്ഥലത്ത് രാമ മന്ദിരം പണിയാം എന്ന് അതേ വിധിയില്‍ പറയുന്നതാണ് ഭീകരമായ വൈരുധ്യം. അതിന് പകരമായി വേറൊരിടത്ത്, തകര്‍ക്കപ്പെട്ട പള്ളിക്ക് സ്ഥലം കൊടുക്കാം എന്നുപറയുന്നു. ഭരണഘടനാനുസൃതവും, നീതിയെ സംബന്ധിച്ച സങ്കല്‍പ്പത്തിന് അനുകൂലവുമായ വിധിയല്ല അതെന്നും സച്ചിദാനന്ദന്‍ വിശദീകരിക്കുന്നു.

ഭരണഘടനയെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുത്ത് സ്ഥാനമേറ്റ പ്രധാനമന്ത്രി ആ തത്വങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ള നിയമത്തിന് സാധുത നല്‍കി, അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിടുകയാണ്. കൊവിഡ് മഹാമാരിയുടെ ഗുരുതര സാഹചര്യത്തെ അടിയന്തരാവസ്ഥ എന്ന നിലയിലാണ് മറ്റുചില ഭരണകൂടങ്ങളെ പോലെ കേന്ദ്രവും ഉപയോഗിക്കുന്നത്. പൗരാവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയാല്‍ രാജ്യത്തിന്റെയും ഭരണഘടനയുടെയും ശത്രുക്കളായി പ്രഖ്യാപിച്ച് ജയിലില്‍ അടയ്ക്കും.നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നിരവധി പേരെ തടവിലടച്ചത് കൊവിഡ് കാലത്താണ്. അത്തരത്തില്‍ അതിഭീകരമായ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കൊവിഡ്, മനുഷ്യരെ സാമ്പത്തികമായും സാമൂഹ്യമായും ശാരീരികമായും അപകടപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആളുകള്‍ തടിച്ചുകൂടുന്ന തറക്കല്ലിടല്‍ ചടങ്ങ്. അത്തരത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിയമങ്ങളെയും നിയന്ത്രണങ്ങളെയും കാറ്റില്‍പ്പറത്തിയാണ് മന്ദിര നിര്‍മ്മാണത്തിന് ആരംഭം കുറിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജുഡീഷ്യറിയുടെ അപചയത്തെ ഏറ്റവും ഭീകരമായി വിളിച്ചോതിയ വിധിയുടെ പേരിലാണ് ഈ മന്ദിരം ഉയര്‍ത്തുന്നത്. എന്നാല്‍ ഒരിക്കല്‍ പള്ളിയായിരുന്ന ഹാഗിയ സോഫിയായില്‍ ആരാധന പുനരാരംഭിച്ചത് തെറ്റാണെന്ന്‌ പറയുന്നവര്‍ തന്നെയാണ് പള്ളി തകര്‍ത്ത് അമ്പലം ആരംഭിക്കുന്നതിനെ പിന്‍തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ജുഡീഷ്യറിയുടെയും ജനാധിപത്യത്തിന്റെയും അപചയത്തിനെതിരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സമ്പൂര്‍ണ നിരാകരണത്തിനെതിരെയും ശബ്ദമുയര്‍ത്തേണ്ട പ്രതിപക്ഷം നിശ്ശബ്ദമാകുന്നുവെങ്കില്‍ അതിനര്‍ത്ഥം ഇന്ത്യയില്‍ ജനാധിപത്യം അനാഥമായിരിക്കുന്നുവെന്നാണ്. അതിന്റെ അര്‍ത്ഥവും പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. അതിനെ സംരക്ഷിക്കാന്‍ കുറച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ സ്‌നേഹികളുമല്ലാതെ ആരുമില്ലെന്നായിരിക്കുന്നു. നമ്മുടെ ജനാധിപത്യം അനാഥമാക്കപ്പെട്ടിരിക്കുന്നു. ആ അനാഥത്വത്തിന്റെ ഭീഷണമായ ആഘോഷമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നടക്കുന്നത്. തന്നെ പോലുള്ള നിരവധി ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്ന ഭീകരമായ കാര്യമാണതെന്നും സച്ചിദാനന്ദന്‍ ദ ക്യുവിനോട് വ്യക്തമാക്കി.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT